Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണത്തിന്‍റെ ലക്ഷ്യങ്ങള്‍

ഏതൊരു കൃതി/ഗ്രന്ഥം രചിക്കുമ്പോഴും അതിന്‍റെ പിന്നില്‍ മഹത്തായ ലക്ഷ്യങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ആ ലക്ഷ്യ സാക്ഷാല്‍കാരത്തിനനുസരിച്ചാണ് ഒരു കൃതി വിജയമാണൊ പരാജയമാണൊ എന്ന് വിലയിരുത്തപ്പെടുന്നത്. ആ കൃതിയുടെ ലക്ഷ്യം നിര്‍ണ്ണയിക്കേണ്ടതും അത് ആരെയാണ് അഭിസംബോധന ചെയ്യേണ്ടതെന്നും തീരുമാനിമാക്കേണ്ടത് അതിന്‍റെ ഗ്രന്ഥകര്‍ത്താവ് തന്നെയാണ്.

വായനക്കാരനും ഇക്കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഒരു കൃതി വായിക്കുന്നതിന് മുമ്പ് ആ കൃതി ആരാണ് രചിച്ചതെന്നും എന്താണത് ലക്ഷ്യംവെക്കുന്നതെന്നും ആരെയാണ് അത് അഭിസംബോധന ചെയ്യുന്നതെന്നും അറിയുന്നത് വായന കൂടുതല്‍ പ്രയോജനകരമാവാന്‍ സഹായിക്കും. മുന്‍ധാരണകളും അബദ്ധജഡിലവുമായ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് ഏത് കൃതി വായിച്ചാലും അത് ഉദ്ഘോഷിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയില്ലെന്ന് മാത്രമല്ല ആ കൃതിയുടെ ബദ്ധവൈരിയുമായേക്കാം.

ഖുര്‍ആന്‍ പഠനത്തിന് സംഭവിച്ചിട്ടുള്ള അപചയത്തിന്‍റെ യഥാര്‍ത്ഥ കാരണം ലക്ഷ്യമറിയാതെയുള്ള പരായണമാണ്. ഖുര്‍ആന്‍ പരായണത്തിന് അല്ലാഹുവില്‍ നിന്ന് കണക്കറ്റ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തോടൊപ്പം, അതിന്‍റെ ലക്ഷ്യങ്ങള്‍ കൂടി ഗ്രഹിക്കേണ്ടതുണ്ട്. കാരണം ഉദ്ദേശ്യം അറിയുമ്പോഴാണ് ഏതൊരു കാര്യത്തോടും കൂടുതല്‍ ആഭിമുഖ്യമുണ്ടാവുക. ആ ഉദ്ദേശ്യമാകട്ടെ ജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടിട്ടുളളതാണെങ്കില്‍, അതിനോടുള്ള താല്‍പര്യം വീണ്ടും വര്‍ധിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. അതിലെ ഓരോ അധ്യായത്തിനും ഓരോ സൂക്തത്തിനും പ്രത്യേകമായ ഉദ്ദേശ്യമുണ്ട്. ഈ ഉദ്ദേശ്യമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ലക്ഷ്യമില്ലാത്ത സഞ്ചാരം പോലെയാണ്.

മാര്‍ഗ്ഗദര്‍ശനം മുഖ്യ അജണ്ട
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്‍റെ അനേകം ലക്ഷ്യങ്ങള്‍ പല അധ്യായങ്ങളിലായി വിവരിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെറ എല്ലാ മേഖലകളിലേക്കും ആവശ്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയാണ് അതിന്‍റെ മുഖ്യ ലക്ഷ്യം. ഖുര്‍ആന്‍ പറയുന്നു: “ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.17:9

ഏകദൈവ വിശ്വാസം,പരലോക ജീവിതം,പ്രവാചകത്വം, ആരാധനകള്‍,പ്രാര്‍ത്ഥനകള്‍,സ്വഭാവം,ഇടപാടുകള്‍,കുടുംബം, സമൂഹം, രാഷ്ട്രീയ കാര്യങ്ങളിലെല്ലാം കൃത്യമായ മര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു ഖുര്‍ആന്‍. അധ്യായം 2:185 ഇങ്ങനെ കാണാം: ‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്.’ അപ്പോള്‍ നേര്‍വഴി ലഭിക്കുക എന്ന ലക്ഷ്യം മുന്നില്‍വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്.

ചിന്തിക്കാന്‍ ആഹ്വാനം
ഖുര്‍ആന്‍ പാരായണത്തിന്‍റെ മറ്റൊരു ലക്ഷ്യം മനുഷ്യനെ പഠനത്തിനും ചിന്തക്കും പ്രേരിപ്പക്കുക എന്നതാണ്. ഖുര്‍ആന്‍റെ പ്രഥമ കല്‍പന ‘നീ വായിക്കുക’ എന്ന ആഹ്വാനമാണ്. അതിന് ശേഷം ഇറങ്ങിയ അനേകം സൂക്തങ്ങള്‍ പഠനത്തിനും ചിന്തക്കും വലിയ പ്രേരണയാണ് നല്‍കുന്നത്. കാരണം അത് മനുഷ്യനില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കുന്നതോടൊപ്പം പുരോഗതിക്ക് നിദാനമായിത്തീരുന്നു. ചിന്തക്ക് പ്രേരണ നല്‍കുന്ന ഏതാനും സൂക്തങ്ങള്‍:

1. ‘ഇതൊരനുഗൃഹീതമായ മഹല്‍ വേദമാകുന്നു. (പ്രവാചകാ) നാം ഇത് നിനക്ക് ഇറക്കിത്തന്നു- ഈ ജനം ഇതിലെ പ്രമാണങ്ങളില്‍ ചിന്തിക്കേണ്ടതിനും ബുദ്ധിയും വിവേകവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കോള്ളണ്ടേതിനും.’ 38:29

2. ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടമായ ജന്തുവര്‍ഗം 8:22

3. ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ചു ചിന്തിക്കുന്നില്ലേ; അതോ, അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകളിട്ടിട്ടുണ്ടോ? 47:24

ചിന്തിക്കുവാന്‍ ഇത്രയധികം പ്രേരണ നല്‍കുന്നതിന്‍റെ കാരണമെന്താണ്? വിശ്വാസം ദൃഡമാവാനും ജീവിതം പരിവര്‍ത്തിപ്പിക്കാനും വൈജ്ഞാനിക പുരോഗതി കൈവരിക്കാനുമാണ് ഖുര്‍ആന്‍ ചിന്തക്കും മനനത്തിനും പ്രധാന്യം നല്‍കിയതെന്നാണ് മനസ്സിലാവുന്നത്.

സദ്ഗുണ സമ്പന്നരാവാന്‍
ഉത്തമ സ്വഭാവമുള്ളവരായിത്തീരുകയാണ് ഖുര്‍ആന്‍ പാരായണത്തിലൂടെ ലക്ഷ്യം വെക്കേണ്ട മറ്റൊരു കാര്യം. അതിന് ആവശ്യമായ നിരവധി പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം. അനേകം ദൂ:സ്വഭാവങ്ങള്‍ക്ക് അടിമപ്പെട്ടിരുന്ന അറബികളെ ചുരുങ്ങിയ കാലംകൊണ്ട് ഉത്തമ സ്വഭാവത്തിന്‍റെ ഉടമകളാക്കി വളര്‍ത്തി എടുത്തു. കാരണം ഖുര്‍ആന്‍ പാരായണം അവരുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു. പ്രവാചകന്‍റെ നേരിട്ടുള്ള ശിക്ഷണരീതിയും അതിന് സഹായകമായി.

അദ്ദേഹത്തിന്‍റെ സ്വഭാവത്തെ കുറിച്ച് പ്രിയ പത്നി ആയിശ (റ) യോട് ചോദിച്ചപ്പോള്‍ ഖുര്‍ആനായിരുന്നു അവിടത്തെ സ്വഭാവം എന്ന് അരുളുകയുണ്ടായി. ഖുര്‍ആന്‍ കല്‍പിച്ച സദ്സ്വഭാവം സ്വീകരിച്ചും ദു:സ്വഭാവം ഉപേക്ഷിച്ചും നബി തിരുമേനി (സ) സ്വയം മാതൃക സൃഷ്ടിച്ചത്, ജീവിതം പരിവര്‍ത്തിപ്പിക്കാന്‍ അനുചരന്മാര്‍ക്ക് കൂടുതല്‍ എളുപ്പമായി.

വിധിവിലക്കുകള്‍ നല്‍കുന്ന ഗ്രന്ഥം
ഇസ്ലാമിക നിയമ നിര്‍മാണത്തിനന്‍റെ പ്രഥമ ശ്രോതസ്സാണ് ഖുര്‍ആന്‍. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശന്ങ്ങള്‍ക്ക് വിധികള്‍ നല്‍കുന്ന ഗ്രന്ഥമാണത്. ഖുര്‍ആനിന്‍റെ വിധികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന ജനതക്ക് ഈ ലോകത്ത് മാത്രമല്ല പരലോകത്തും മഹത്തായ വിജയവും പുരോഗതിയും ലഭിക്കുന്നതാണ്. സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പടെ മനുഷ്യന്‍റെ വൈയക്തികവും സാമൂഹ്യവുമായ എല്ലാ വിഷയങ്ങളിലും ഖുര്‍ആന്‍റെ വിധിവിലക്കുകള്‍ മനസ്സിലാക്കാന്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ കൈവരിക്കേണ്ട മറ്റൊരു ലക്ഷ്യം.
ഖുര്‍ആന്‍ പറയുന്നു: “നാം നിനക്ക് സത്യസന്ദശേവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്.” 4:105

ഉദ്ബോധനവും പാഠവും നല്‍കാന്‍
പൂര്‍വ്വ സമുദായങ്ങളില്‍ നിന്നും പാഠമുള്‍കൊള്ളുകയാണ് ഖുര്‍ആന്‍ പാരായണത്തിന്‍റെ മറ്റൊരു ലക്ഷ്യം. അതിന് വേണ്ടി നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.ഖുര്‍ആന്‍ പറയുന്നു: “ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്ര കഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.” 12:3 സദുപദേശം നല്‍കുക, സ്വര്‍ഗ്ഗത്തെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുകയും നരഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവയും തുടങ്ങിയവയും ഖുര്‍ആന്‍ പാരായണത്തിന്‍റെ ലക്ഷ്യങ്ങളായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്.

രോഗശമനത്തിന്
മനുഷ്യന്‍ നേരിടുന്ന എല്ലാവിധ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്കുള്ള ഔഷധമാണ് ഖുര്‍ആന്‍. അതില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ച് പരായണം ചെയ്യുന്നതും അത് ശ്രവിക്കുന്നതുമെല്ലാം രോഗികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഖുര്‍ആനിന്‍റെ ആശയം മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് പോലും ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: “അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്കു റബ്ബിങ്കല്‍നിന്നുളള ഉപദേശം ലഭിച്ചുകഴിഞ്ഞു. അത് മനസ്സിലുളള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക്, സന്മാര്‍ഗദര്‍ശകവും അനുഗ്രഹവുമാകുന്നു”. 10:57

പ്രചോദന ഗ്രന്ഥം
ഒരു കിലോഗ്രാം ഇരുമ്പിനെ കാന്തമാക്കി പരിവര്‍ത്തിപ്പിച്ചാല്‍ അതിന് പന്ത്രണ്ട് കിലോഗ്രാം ഭാരം വഹിക്കാനുള്ള ത്രാണി ഉണ്ടാവും എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. മനുഷ്യ മനസ്സിനെ പ്രചോദിപ്പിച്ചാല്‍ അവരില്‍ നിന്നുണ്ടാവുന്ന കര്‍മ്മ ചൈതന്യത്തെ ഒരു മാപിനികൊണ്ടും അളക്കുക സാധ്യമല്ല. മനസ്സിനെ മാറ്റാനുള്ള ഏറ്റവും നല്ല വഴി പ്രചോദനമാണ്. മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള വഴി ശിക്ഷയൊ ഭീഷണിയൊ നിര്‍ബന്ധമൊ ഒന്നുമല്ല. പ്രചോദനമെന്ന മാന്ത്രികശക്തിയാണത്. പ്രചോദിപ്പിക്കുന്ന ഗ്രന്ധമെന്ന നിലയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യൂ. ഖുര്‍ആന്‍ പറയുന്നു: “ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്‍റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്‍റെ മാര്‍ഗത്തിലേക്ക്.”14:1

ദുര്‍ബല വിഭാഗത്തിന്‍റെ വിമോചന പോരാട്ടത്തിന് പ്രചോദിപ്പിക്കുന്ന ഒരു സൂക്തം ഇങ്ങനെ: ” നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ”ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്‍റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്‍റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” 4: 75

ഇത്രയും മഹത്തായ ലക്ഷ്യങ്ങള്‍ക്കായി പാരായണം ചെയ്യെണ്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് ഒരു മൂളക്കം മാത്രമാവരുത്. പാരായണത്തിന്‍റെ ലക്ഷ്യം മനസ്സിലാക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. ലക്ഷ്യം ഗ്രഹിക്കുമ്പോള്‍ പാരയണത്തിന്‍റെ രീതിയില്‍ മാറ്റം വരികയും അത് ജീവിത പരിവര്‍ത്തനത്തെ സ്വാധീനിക്കുകയും ചെയ്യും. ഖുര്‍ആന്‍ മാനവരാശിയോട് ആവശ്യപ്പെടുന്നതും അതാണ്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles