Current Date

Search
Close this search box.
Search
Close this search box.

ചെവി, കണ്ണ്, ഹൃദയം

الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الإِنسَانِ مِنْ طِينٍ (7)
ثُمَّ جَعَلَ نَسْلَهُ مِنْ سُلالَةٍ مِنْ مَاءٍ مَهِينٍ (8)
ثُمَّ سَوَّاهُ وَنَفَخَ فِيهِ مِنْ رُوحِهِ وَجَعَلَ لَكُمْ السَّمْعَ وَالأَبْصَارَ وَالأَفْئِدَةَ قَلِيلاً مَا تَشْكُرُونَ (9)

താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യൻറെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു.
പിന്നെ അവൻറെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിൻറെ സത്തിൽ നിന്ന് അവൻ ഉണ്ടാക്കി.
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തൻറെ വകയായുള്ള ആത്മാവ് അവനിൽ ഊതുകയും ചെയ്തു. നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ. ( സജദ: 7-9 )

ഇഹ്‌സാൻ കർമ്മങ്ങളിലെ പൂർണ്ണതയാണ് (താൻ സൃഷ്ടിച്ചതെല്ലാം വിശിഷ്ടമാക്കിയത്) എന്നാൽ എല്ലാം പൂർണ്ണതയോടെ സംവിധാനിച്ചു എന്നാണ് സാരം .
ഹദീസിൽ കാണാം: “നിങ്ങളിലൊരാൾ ഒരു ജോലി ചെയ്താൽ അവൻ അത് പൂർണ്ണതയോടെ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” കൊലയിൽ പോലും കലയുണ്ടെന്ന് പറയുന്നത് അത് കൊണ്ടാണ്. ലോകത്ത് ഏറ്റവും ക്രൂരമായി നടക്കുന്ന അറവ് നിർവ്വഹണത്തിൽ പോലും പൂർണ്ണത വേണമെന്നാണ് പ്രവാചകാധ്യാപനമെന്നർഥം.

(മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്നാണ് ആരംഭിച്ചത്) അപ്പോൾ പിന്നെ എന്തിനാണ് മണ്ണായ മനുഷ്യാ, നിന്റെ അഹങ്കാരം? കളിമണ്ണ് കളിമണ്ണാണെന്ന് മറന്നുകൊണ്ട് നീചമായ പലതും ചെയ്തു കൂട്ടി എന്ന് അറബിക്കവി പാടിയത് ആ അഹങ്കാരത്തെ കുറിച്ചാണ് .

അലസമായ സംസാരത്തിൽ നിന്ന് പിന്തിരിഞ്ഞു കൊണ്ടാണ് കേൾവിക്ക് നാം നന്ദി പറയേണ്ടത് .. നോക്കാൻ പാടില്ലാത്തത് നോക്കാതെയാണ് കാഴ്ചക്കുള്ള കൃതജ്ഞത പ്രകടിപ്പിക്കേണ്ടത്.  ഉദ്ദേശശുദ്ധിയോടെ മാത്രം മഹാസംഗതികൾ നെഞ്ചിലേറ്റിയാണ് ഹൃദത്തിലെ ഉപകാരസ്മരണ നിലനിർത്തേണ്ടത് …

ഈ മഹത്തായ അനുഗ്രഹങ്ങൾ: ചെവി, കണ്ണ്, ഹൃദയം എന്നിവ നന്ദിയുടെ നിമിത്തങ്ങളാണെന്ന് തിരിച്ചറിയുന്നവർ തുലോം കുറവാണ് ;
കാരണം പെട്ടെന്നൊന്നും നഷ്ടപ്പെടാൻ സാധ്യതയില്ലാത്ത സ്ഥിരമായ അനുഗ്രഹങ്ങളാണവ . അവ നഷ്ടമാവുമ്പോഴോ പണിമുടക്കുമ്പോഴോ ആണ് നാം അവയുടെ വിലയറിയൂ.  ഈ മൂന്ന് അവയവങ്ങളെ അവയുടെ വ്യതിരിക്തതകൾ കാരണം ഖുർആൻ പലപ്പോഴും പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് .ഉദാ:

“നിശ്ചയമായും, കേൾവിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. 17:36 ”

അവ എല്ലാ കർമ്മങ്ങടെയും താക്കോലാണ് . കണ്ണ്, ചെവി, ഹൃദയം എന്നീ വാതിലുകളിലൂടെയാണ് മുഖ്യമായും നമുക്ക് അറിവ് ലഭ്യമാവുന്നത്.  കാഴ്ച എന്ന അനുഭവം സാധ്യമാക്കുക എന്നതാണ്‌ കണ്ണിന്റെ ധർമ്മം. പ്രകാശത്തെ സ്വീകരിച്ച് വിവരങ്ങൾ നാഡികൾ വഴി തലച്ചോറിലേക്കയക്കുകയും ചെയ്യുന്നത് കണ്ണാണ്. കേൾവി ശക്തി സാധ്യമാക്കുക എന്നതാണ് ചെവിയുടെ പ്രധാന ധർമം . ശബ്ദതരംഗങ്ങളെ സ്വീകരിച്ച് വിവരങ്ങൾ തലച്ചോറിലെത്തിച്ച് ശ്രവണം(HEARING) എന്ന അനുഭത്തിന്‌ ഇത് സഹായിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും സ്വാധീനമുള്ളതു ഇവ രണ്ടും തന്നെ.

“ഹൃദ്” എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ് അതിന്റെയർഥം. മനുഷ്യശരീരത്തിലെ ആന്തരികാവയവമായ ഹൃദയമാണ് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് എത്തിക്കുന്നതും പഞ്ചേന്ദ്രിയങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രസരണം ചെയ്യുന്നതും. അക്കാരണത്താലാണ് നന്ദിക്കുള്ള നിമിത്തങ്ങളായി ഇവ മൂന്നിനെയും പ്രത്യേകമായി എടുത്തു പറഞ്ഞത്.
അക്കാരണത്താൽ തന്നെയാണ് അവ പ്രത്യേകമായി ചോദ്യം ചെയ്യപ്പെടുന്നതും.  الله أعلم بالصواب

Related Articles