Current Date

Search
Close this search box.
Search
Close this search box.

ഖുത്വുബും സ്വലാഹ് ഖാലിദിയും

26 ജുമാദൽ ഉഖ്റാ ’43 /28 ജനുവരി ‘ 22 വെള്ളിയാഴ്ച അന്തരിച്ച ഡോ. സ്വലാഹ് അബ്ദുൽ ഫതാഹ് ഖാലിദിയുടെ മിക്കവാറും
പഠനങ്ങളുടെ മുഖ്യാവലംബം ശഹീദ് സയ്യിദ് ഖുത്വുബിന്റെ ഫീ ദിലാലിൽ ഖുർആനായിരുന്നു.

അൽമദ്ഖലു ഇലാ ദിലാലിൽ ഖുർആൻ, അത്തഫ്സീറുൽ ഹറകീ ഫീ ദിലാലിൽ ഖുർആൻ, ഫീ ദീലാലിൽ ഖുർആൻ ഫിൽ മീസാൻ എന്നീ ഗ്രന്ഥത്രയങ്ങളാണ് അദ്ദേഹത്തിന്റെ ഡോക്ടറൽ തിസീസ്. അവക്ക് മൂന്നിന്നും കൂടെയുള്ള പേരാണ് ഫീ ദിലാലിൽ ഖുർആൻ : ദിറാസത്തുൻ വ തഖ്വീം എന്നത്. അത്തഫ്സീറുൽ ഹറകീ അഥവാ പ്രാസ്ഥാനിക വീക്ഷണത്തിലുള്ള ആദ്യത്തെ തഫ്സീർ സയ്യിദിന്റെ ഫീ ദിലാലിൽ ഖുർആനാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഖുർആനിക വിഷയങ്ങളിലും ബൈബിൾ – തോറാ – ഖുർആൻ പഠനങ്ങളിലും ശിആ നിരൂപണ താരതമ്യ വായനകളുമടക്കം അറുപതിൽപരം കൃതികളുടെ കർത്താവാണ് ഖാലിദി . കോവിഡ് ബാധിതനായി മരിച്ച വെള്ളിയാഴ്ച വൈകിട്ട് പോലും അദ്ദേഹം നാല് പേജ് എഴുതിയിരുന്നുവെന്ന് മകൻ ഹുദൈഫ ഖാലിദി സാക്ഷ്യപ്പെടുത്തുന്നു. ജൂത കുതന്ത്രങ്ങളെ ഖുർആൻ കൈകാര്യം ചെയ്യുന്ന വിഷയമാണ് അദ്ദേഹം അവസാനം എഴുതിക്കൊണ്ടിരുന്നത് الكواشف القرآنية في الزيوف اليهودية (ജൂത തന്ത്രങ്ങളെ കുറിച്ച ഖുർആനിക വെളിപ്പെടുത്തലുകൾ ) . കുവൈതിലെ അൽ മുജ്തമഅ് മാഗസിൻ നടത്തിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ അന്തിമ നിമിഷങ്ങളുടെ ഈമാനിക ശക്തി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറും ജീവനക്കാരും കൂടെയുണ്ടായിരുന്ന മകന്റേയും വെളിപ്പെടുത്തലുകളിലുണ്ട്. വുദൂവോട് കൂടിയാണ് ആ പേജുകൾ അദ്ദേഹം എഴുതാനിരുന്നത് . ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലിയാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്ര പോയത് എന്നിവ മുജ്തമഅ് പുറത്തു വിട്ട ഏറ്റവും പുതിയ വീഡിയോ പറയുന്നു.

1367 AH മുഹർറം 18-ന് /1947 CE ഡിസംബർ 1-ന് ജോർദാനിലെ ജനീൻ നഗരത്തിലാണ് ഖാലിദി ജനിച്ചത്. 1965-ൽ സ്കോളർഷിപ്പോടെ അസ്ഹർ സർവകലാശാലക്ക് കീഴിലെ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. തുടർന്ന് അദ്ദേഹം അസ്ഹറിലെ തന്നെ ശരീഅ: കോളേജിൽ ചേരുകയും 1970 ൽ ഡിഗ്രി പഠനം പൂർത്തിയാക്കി , 1977ൽ റിയാദിലെ ഇമാം മുഹമ്മദ് ഇബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. അതേ കലാശാലയിൽ പി.ജി പഠനത്തിന്റെ ഭാഗമായി അദ്ദേഹം സമർപ്പിച്ച തിസീസിന്റെ വിഷയം ഇന്ന് സഊദിയിൽ വില്പനപോലും വിലക്കപ്പെട്ട സയ്യിദ് ഖുത്വുബ് ഗ്രന്ഥങ്ങളിൽ മുൻപന്തിയിലുള്ള അത്ത സ്വീറുൽ ഫന്നി ഫിൽ ഖുർആനായിരുന്നു. ഖുർആനിലെ കലാപരമായ ചിത്രീകരണമാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

1980 ൽ അതിന്റെ വൈവ നടന്നപ്പോൾ പ്രൊഫ. ഡോ. അഹമ്മദ് ഹസൻ ഫർഹാത് സൂപ്പർവൈസറും സയ്യിദ് ഖുത്വുബിന്റെ സഹോദരൻ ഡോ. മുഹമ്മദ് ഖുതുബ് , ശൈഖ് മുഹമ്മദ് റാവി എന്നിവരടങ്ങുന്ന വൈവ ബോർഡുമായിരുന്നു നിയോഗിതരായിരുന്നത്. തുടർന്ന് 1984-ൽ ഇതേ സർവകലാശാലയിൽ നിന്ന് തഫ്സീർ , ഉലൂമുൽ ഖുർആൻ എന്നിവയിൽ പി.എച്ച്.ഡി നേടുമ്പോഴും ഉപരിസൂചിത പ്രൊഫ. ഡോ. അഹമ്മദ് ഹസൻ ഫർഹാത് തന്നെയായിരുന്നു സൂപ്പർവൈസർ . ഉലൂമുൽ ഖുർആന്റെ ആധികാരിക റഫറൻസുകളായ ശൈഖ് മന്നാഉൽ ഖത്വാൻ, പ്രൊഫ. ഡോ. അദ്നാൻ സർസൂർ എന്നിവരായിരുന്നു എക്സാമിനർമാർ .

ഫലസ്തീനിലെ പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് മൂസാ അസ്സയ്യിദ്, ശൈഖ് മുഹമ്മദ് അൽ ഗസാലി, ശൈഖ് അബ്ദുൽ ഹലീം മഹ്മൂദ് എന്നിവരെല്ലാം ഖാലിദിയുടെ ഏറ്റവും പ്രമുഖരായ അധ്യാപകരാണ്. സയ്യിദ് ഖുതുബ് ചെറുപ്പം മുതലേ ഖാലിദിയെ വളരെയധികം സ്വാധീനിച്ചു എന്നു പറയാം. ഖുത്വുബുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സ്നേഹത്തിന്റെയും ആത്മീയ ശിക്ഷണത്തിന്റെയും ചിന്താ ഐക്യത്തിന്റേയും കൂടിയായിരുന്നു. ജോർദാനിലെ ഇസ്ലാമിക പ്രബോധനത്തിനും ഇഖ്വാനും ഖാലിദിയുടെ സേവനങ്ങൾ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ..
ആമുഖത്തിൽ സൂചിപ്പിച്ചതല്ലാതെ താഴെ പറയുന്ന ഗ്രന്ഥങ്ങളും ഖാലിദിയുടേതായി ഇസ്ലാമിക ലോകത്ത് പ്രസിദ്ധങ്ങളാണ് :-

1-സയ്യിദ് ഖുത്വുബ് : അശ്ശഹീദുൽ ഹയ്യ് (ജീവിച്ചിരിക്കുന്ന രക്തസാക്ഷി
2 – അംരീകാ മിനദ്ദാഖിൽ ( അമേരിക്കയെ കുറിച്ച ഖുത്വുബിന്റെ നിരീക്ഷണങ്ങൾ)
3 – തസ്വീബാത് ഫീ ഫഹ്മി ബഅദിൽ ആയാത് (ചില ഖുർആനിക സൂക്തങ്ങളുടെ ശരിയായ വായനകൾ)
4- ഥവാബിത് ലിൽ മുസ്ലിമിൽ മുആസ്വിർ ( ആധുനിക മുസ്ലിമിന്റെ ഉറച്ച നിലപാടുകൾ)
5 – അർറസൂൽ മുബല്ലിഗ് (പ്രവാചക പ്രബോധന ചരിത്രം)
6-അശ്ശഖ്സ്വിയ്യ അൽ യഹൂദിയ്യ ( ഖുർആനിൽ പരാമർശിക്കുന്ന ജൂത വ്യക്തിത്വം )
7- ലത്വാഇഫ് ഖുർആനിയ്യ : (ഖുർആനിക നർമങ്ങൾ)
എന്നിവ അടക്കം അറുപതിൽപരം ഗ്രന്ഥങ്ങളാണ് ഖാലിദി ഇസ്ലാമിക ലോകത്തിന് മുന്നിൽ സമർപ്പിച്ചവ .

അല്ലാഹു അദ്ദേഹത്തെ സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തി സ്വീകരിക്കുമാറാകട്ടെ. ജീവിതം അവന്റെ കലാമിന്റെ പഠനങ്ങൾക്കും ചിന്തകൾക്കുമായി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നതസ്ഥാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Related Articles