Current Date

Search
Close this search box.
Search
Close this search box.

ഖുർആനിലെ പലതരം ഹൃദയങ്ങൾ

വിശുദ്ധ ഖുർആനിൽ പലയിടത്തായി ഇരുപത് തരം ഹൃദയങ്ങളെക്കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. ഏതു നിമിഷവും അങ്ങോട്ടോ ഇങ്ങോട്ടോ ചായാനും ചെരിയാനും സാധ്യതയുള്ളതു കൊണ്ടാണല്ലോ ഹൃദയത്തെ ഖൽബ് എന്ന വാക്ക് കൊണ്ട് ഖുർആൻ വിളിക്കുന്നത്. എട്ടിടങ്ങളിൽ നിയതമായും ഒരു ഡസൻ സ്ഥലങ്ങളിൽ നിഷേധാത്മമായും ഖൽബെന്ന പ്രയോഗം ഖുർആനിൽ കാണാം :

1-വിനയാന്വിതനായ ഹൃദയം (മുഖ്ബിത് )
അല്ലാഹുവിൽ ലയിച്ച് കീഴടങ്ങുന്ന വിനയമുള്ള ഹൃദയമാണത്
{ فتُخْبِتَ لَهُ قُلُوبُهُمْ }. {അങ്ങനെ അവരുടെ ഹൃദയങ്ങൾ അവനുവേണ്ടി വിനയപ്പെടും.} 22:54

2 – ആരോഗ്യമുള്ള ഹൃദയം (സലീം)
സർവ്വശക്തനായ റബ്ബിനോട് വിശ്വസ്തനും കാപട്യത്തിൽ നിന്നും അധർമ്മത്തിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും മുക്തവുമായ ഹൃദയം
{ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ }. { ആരോഗ്യമുള്ള ഹൃദയത്തോടെ അല്ലാഹുവിലേക്കു വരുന്നവർ ഒഴികെ}.26:89

3- പശ്ചാത്തപിക്കുന്ന ഹൃദയം (മുനീബ് )
അവൻ എല്ലായ്‌പ്പോഴും സർവ്വശക്തനിലേക്ക് മടങ്ങുകയും അനുതപിക്കുകയും സദാ അനുസരിക്കാൻ തയ്യാറായ ഹൃദയം .
.{مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ }. {അദൃശ്യനായി പരമകാരുണികനെ ഭയപ്പെടുകയും പശ്ചാത്തപിക്കുന്ന ഹൃദയത്തോടെ വരികയും ചെയ്യുന്നു}. 50:33

4-പേടിയുള്ള ഹൃദയം (വജിൽ )
തന്റെ പ്രവൃത്തി തന്നിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ലെന്ന ആശങ്കയിൽ തൻറെ രക്ഷിതാവിൻറെ ശിക്ഷയിൽ നിന്ന് രക്ഷിക്കപ്പെടണമെന്നാഗ്രഹിച്ചും ഭീതിയോടെ മുന്നോട്ട് പോകുന്ന ഹൃദയം { وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ }.
{തങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുമെന്ന പേടിയോടെ അവർക്ക് ലഭ്യമായത് കൊടുക്കുന്നവർ}. 23:60

5 – ഭക്തിയുള്ള ഹൃദയം (തഖി)
ശക്തവും ഉദാത്തവുമായ അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുന്ന ഹൃദയം
{ ذَلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ }. {അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നത് ഭക്തിയുള്ള ഹൃദയത്തിന്റെ ഭാഗമാണ്}. 22:32

6 – സന്മാർഗം സിദ്ധിച്ച ഹൃദയം (മഹ്ദി )
അല്ലാഹുവിന്റെ ന്യായവിധിയിലും അവന്റെ നീതിയിലും സംതൃപ്തമായി മാർഗദർശനം സിദ്ധിച്ച ഹൃദയം ..
{ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ }. { അല്ലാഹുവിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തെ അവൻ സന്മാർഗത്തിലേക്ക് നയിക്കുന്നു.} 64:11

7 -ആശ്വാസം കൊള്ളുന്ന ഹൃദയം ( മുത്വ്മഇൻ)
സർവ്വശക്തനായ റബ്ബിന്റെ സ്മരണയിൽ സമാധാനത്തോടെ ജീവിക്കുന്ന ഹൃദയം .. { وتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّه }. {അവരുടെ ഹൃദയങ്ങൾ ദൈവസ്മരണയിൽ ആശ്വാസം കൊള്ളുന്നു}. 13:28

8 – ജീവനുള്ള ഹൃദയം ( ഹയ്യ്)
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ ഹൃദയസാന്നിധ്യത്തോടെ പഠിക്കാൻ തയ്യാറുള്ള ഹൃദയം
{إِنَّ فِي ذَلِكَ لَذِكْرَى لِمَن كَانَ لَهُ قَلْبٌ} {തീർച്ചയായും അതിൽ ജീവനുള്ള ഹൃദയമുള്ളവർക്ക് ഓർമിക്കാനുള്ളവയുണ്ട്} 50:37

ഈ പറഞ്ഞവ നാം ബോധപൂർവ്വം പ്രാർത്ഥിച്ചും പ്രവർത്തിച്ചും നേടിയെടുക്കേണ്ടതാണെങ്കിൽ ഇനി പറയാൻ പോകുന്നത് വളരെ ശ്രദ്ധയോടെ റബ്ബിനോട് രക്ഷ തേടേണ്ടവയാണ്.

1-രോഗമുള്ള ഹൃദയം (മരീദ്)
സംശയം, കാപട്യം മുതലായ രോഗങ്ങൾ നിറഞ്ഞ ഹൃദയം { فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ }. { ഹൃദയത്തിൽ രോഗമുള്ളവൻ ആഗ്രഹിക്കുന്നു.} 33:32

2 -അന്ധ ഹൃദയം (അഅ്മാ)
സത്യവും നീതിയും കാണാത്ത, അവയെ കണ്ടാലും തിരിച്ചറിയാത്ത ഹൃദയം { وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ }. {പക്ഷെ നെഞ്ചകങ്ങളിലെ ഹൃദയങ്ങൾ അന്ധമാണ്.} 22:46

3 – വിനോദം നിറഞ്ഞ ഹൃദയം (ലാഹി)
ഖുർആനിനെയും അല്ലാഹുവിന്റെ സ്മരണയെയും അവഗണിച്ച് ലോകത്തിന്റെ അസത്യങ്ങളിലും ഭൗതിക ആഗ്രഹങ്ങളിലും മാത്രം വ്യാപൃതനായ ഹൃദയം { لاهِيَةً قُلُوبُهُمْ }. {അവരുടെ ഹൃദയങ്ങൾ വിനോദം നിറഞ്ഞവയാണ് } 21:3

4- പാപിയായ ഹൃദയം (ആസിം)
സത്യസാക്ഷ്യം മറച്ചുവെച്ച് തിന്മകളിൽ മാത്രം വിഹരിക്കുന്ന ഹൃദയം { وَلاَ تكتموا الشَّهَادَةَ وَمَن يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ } { നിങ്ങൾ സാക്ഷ്യം മറച്ചുവെക്കരുത്, അത് മറച്ചുവെക്കുന്നവന്റെ ഹൃദയം പാപപങ്കിലമാണ്.} 2:283

5 – അഹങ്കാരമുള്ള ഹൃദയം (മുതകബ്ബിർ )
സർവ്വശക്തന്റെ അധികാരങ്ങൾ വകവെച്ചു കൊടുക്കാൻ അഹങ്കാരം കാരണത്താൽ കഴിയാത്ത ഹൃദയം { قلْبِ مُتَكَبِّرٍ جَبَّارٍ }. {അഹങ്കാരിയുടെയും ധിക്കാരിയുടെയും ഹൃദയം}. 40:35

6- പരുക്കൻ ( ഗലീള് )
കാരുണ്യവും സ്നേഹവും ഇല്ലാതായ , പരുക്കൻ സ്വഭാവമുള്ള ഹൃദയം . { وَلَوْ كُنتَ فَظّاً غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ }.
{ കർക്കശക്കാരനും കഠിനഹൃദയനുമായിരുന്നു താങ്കളെങ്കിൽ, അവർ താങ്കളുടെ സമക്ഷത്തു നിന്നും ചിതറി ഓടുമായിരുന്നു}. 6:159

7 -മുദ്രയിട്ട ഹൃദയം (മഖ്തൂം)
സന്മാർഗം കേൾക്കുയോ, മനസ്സിലാക്കുകയോ ചെയ്യാത്ത വിധം കേൾവിക്കും ഹൃദയത്തിനും മുദ്ര വെക്കപ്പെടുന്ന അവസ്ഥ
{ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ }. {ചെവിയിലും ഹൃദയത്തിൽ മുദ്രണം ചെയ്തു} 45:23

8 – കഠിന ഹൃദയം ( ഖാസീ )
വിശ്വാസത്താൽ മയപ്പെടാത്ത, റബ്ബിന്റെ സ്മരണയിൽ നിന്ന് പിന്തിരിഞ്ഞു കളയുന്ന ഹൃദയം . { وَجَعَلْنَا قُلُوبَهُمْ قَاسِيَةً }. {അവരുടെ ഹൃദയങ്ങളെ നാം കഠിനമാക്കിയിരിക്കുന്നു.} 5:13

9 – അശ്രദ്ധ ഹൃദയം (ഗാഫിൽ )
നാഥനെ മറക്കുകയും അനുസരിക്കാതിരിക്കുകയും ഭൗതിക ജീവിതത്തിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന
ഹൃദയം . { وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا }. {ആരുടെ ഹൃദയത്തെ നമ്മുടെ സ്മരണയിൽ നിന്ന് നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നിങ്ങൾ അനുസരിക്കരുത്.} 18:28

10- മൂടിയുള്ള ഹൃദയം (അഗ് ലഫ്)
സത്യത്തിന്റെ ആത്മാവ് എത്താത്ത രീതിയിൽ പൊതിഞ്ഞ ഹൃദയമാണത്. ഖുർആനിന്റെയും റസൂൽ (സ) ന്റെ യോ വാക്കുകൾ എത്താതിരിക്കാൻ പറ്റാത്തവിധം മൂടിക്കളഞ്ഞ ഹൃദയം . { وَقَالُواْ قُلُوبُنَا غُلْفٌ }. {ഞങ്ങളുടെ ഹൃദയങ്ങൾക്ക് മൂടിയുണ്ടെന്ന് നിഷേധികൾ പറഞ്ഞു }2:88

11-വ്യതിചലിച്ച ഹൃദയം (സാഇഗ്)
സത്യം സത്യമായി സ്വീകരിക്കാതിരിക്കാൻ പറ്റാതാവുമാറ്സ്ഥാ നം തെറ്റിയ ഹൃദയം { فأَمَّا الَّذِينَ في قُلُوبِهِمْ زَيْغٌ }. {ആരുടെ ഹൃദയങ്ങളിലാണോ വ്യതിചലനമുള്ളത്.} 3:7

12-സംശയാസ്പദമായ ഹൃദയം (മുരീബ് )
എന്തിലും സംശയമുള്ള , തൃപ്തിവരാ മനസ്സിന്റെ വാഹകനായ ഹൃദയം { إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ }.
{അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവർ മാത്രമാണ് നിന്നോട് അനുവാദം തേടുന്നത്, അവരുടെ ഹൃദയങ്ങൾ സംശയത്തിലാണ്, കാരണം അവർ ഭയത്തിലാണ്.} 9:45

ഈ പറഞ്ഞവയിൽ ഏതാണ് നമ്മുടെ ഹൃദയമെന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിച്ചു നോക്കാം .എന്നിട്ട് പ്രാർത്ഥിക്കാം

(يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ويا مُصَرِّفَ القُلُوبِ صَرِّفْ قَلْبِي
عَلَى طَاعَتِكَ) ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചു നിർത്തണമേ ; ഹൃദയങ്ങളെ മാറ്റുന്നവനേ, എന്റെ ഹൃദയത്തെ നിന്നോടുള്ള അനുസരണത്തിലാക്കി മാറ്റണമേ.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles