Current Date

Search
Close this search box.
Search
Close this search box.

പഠനം പ്രയോഗവത്കരണത്തിലൂടെ

ഈ പഠനമാർഗങ്ങളെല്ലാം അവലംബിച്ചാലും, ഖുർആൻ വന്നത് എന്തിനുവേണ്ടിയാണോ ആ പ്രവർത്തനം സ്വയം നടത്താതിരിക്കുന്നിടത്തോളം ഖുർആനിന്റെ ചൈതന്യം പൂർണമായി ഉൾക്കൊള്ളാനാവുകയില്ല. ഈസീചെയറിലിരുന്നു വായിച്ചു ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ള, കേവലമായ ആദർശ-സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല ഖുർആൻ. നേരത്തേ സൂചിപ്പിച്ചതുപോലെ, പൊതുവെ ലോകത്തറിയപ്പെടുന്ന മതസങ്കൽപങ്ങൾക്കനുസൃതമായ തനി മതഗ്രന്ഥവുമല്ല. അതിനാൽ, പള്ളികളിലും പള്ളിക്കൂടങ്ങളിലും വെച്ച് അതിലെ യുക്തി- ജ്ഞാന- രഹസ്യങ്ങളെല്ലാം ചുരുളഴിച്ചുകളയാമെന്ന് കരുതുന്നതും ശരിയല്ല. ഖുർആൻ പ്രബോധനഗ്രന്ഥമാണ്. പ്രസ്ഥാനത്തിന്റെ മാർഗദർശക ഗ്രന്ഥമാണ്. അത് വന്നപാടേ, നിശ്ശബ്ദ പ്രകൃതനായ ഒരു നല്ല മനുഷ്യനെ ഏകാന്തതയിൽനിന്നു പുറത്തുകൊണ്ടുവന്നു. ദൈവധിക്കാരിയായ ലോകത്തിനഭിമുഖമായി നിർത്തി. അസത്യത്തിനെതിരിൽ ശക്തിയായി ശബ്ദമുയർത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കി.

അവിശ്വാസത്തിന്റെയും അധർമത്തിന്റെയും ധ്വജവാഹകർക്കെതിരെ അദ്ദേഹത്തെ സമരരംഗത്തിറക്കി. ഓരോ വീട്ടിൽനിന്നും ശുദ്ധപ്രകൃതരും നിസ്വാർഥരുമായ നല്ല മനുഷ്യരെ ആ ഗ്രന്ഥം ആകർഷിക്കുകയും അവരെയെല്ലാം പ്രവാചകന്റെ കൊടിക്കൂറക്കുകീഴിൽ ഏകീകരിക്കുകയും ചെയ്തു. നാട്ടിന്റെ എല്ലാ മുക്കുമൂലകളിലും കലഹകുതുകികളായ തിന്മയുടെ ശക്തികളെ അത് ഇളക്കിവിട്ടു. സത്യസേവകർക്കെതിരെ അവരെ യുദ്ധത്തിനിറക്കി. ഒരു വ്യക്തിയുടെ ആഹ്വാനത്തിൽനിന്ന് പ്രവർത്തനമാരംഭിച്ച ഈ ഗ്രന്ഥം, നീണ്ട ഇരുപത്തിമൂന്നു വർഷം, ദൈവികരാഷ്ട്രത്തിന്റെ സംസ്ഥാപനം വരെ, ആ മഹൽപ്രസ്ഥാനത്തിന് മാർഗനിർദേശം നൽകിക്കൊണ്ടിരുന്നു. സത്യവും അസത്യവുമായി നെടുനാളത്തെ ഘോര സമരങ്ങളുടെ ഓരോ ഘട്ടത്തിലും നിർണായകമായ ഓരോ വഴിത്തിരിവിലും അത് സംഹാര-നിർമാണങ്ങളുടെ രൂപരേഖ വരച്ചുകാട്ടി. നാമാകട്ടെ, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘട്ടനത്തിൽ, ഇസ്‌ലാമിന്റെയും ജാഹിലിയ്യതിന്റെയും രണാങ്കണത്തിൽ കാലെടുത്തുവെക്കുകപോലും ചെയ്യുന്നില്ല.

പ്രസ്തുത സമരത്തിന്റെ ഒരു ഘട്ടത്തിലൂടെയും കടന്നുപോകാൻ നമുക്ക് സന്ദർഭമുണ്ടാകുന്നില്ല എന്നിരിക്കെ, ഖുർആന്റെ പദങ്ങൾ വായിച്ചതുകൊണ്ടു മാത്രം ആ ജീവൽ ഗ്രന്ഥത്തിലെ യാഥാർഥ്യങ്ങളെല്ലാം നമുക്കെങ്ങനെ അനാവരണം ചെയ്യപ്പെടും? ഖുർആൻ പൂർണമായി മനസ്സിലാക്കാൻ, അതും കൈയിലേന്തി കർമരംഗത്തിറങ്ങുകയും സത്യപ്രബോധനദൗത്യം നിർവഹിച്ചുതുടങ്ങുകയും നാനാ ജീവിതമേഖലകളിൽ ഖുർആനിക മാർഗനിർദേശങ്ങൾക്കനുസൃതമായി മുന്നോട്ടുനീങ്ങുകയും വേണ്ടതാകുന്നു. അപ്പോൾ ഖുർആന്റെ അവതരണഘട്ടത്തിൽ നേരിട്ട എല്ലാ അനുഭവങ്ങളും പരീക്ഷണങ്ങളും നമുക്കും നേരിടേണ്ടിവരുന്നതാണ്. മക്കയുടെ, അബിസീനിയയുടെ, ത്വാഇഫിന്റെ രംഗങ്ങൾ നമുക്ക് ദൃശ്യമാകും.

ബദ്‌റും ഉഹുദും മുതൽ ഹുനൈനും തബൂകും വരെ എല്ലാ ഘട്ടങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകും. വഴിമധ്യേ അബൂജഹ്‌ലിനെയും അബൂലഹബിനെയും നാം കണ്ടുമുട്ടും. കപടവിശ്വാസികളും യഹൂദന്മാരും നമ്മോടെതിരിടും. പ്രഥമവിശ്വാസികൾ മുതൽ അമുസ്‌ലിം അനുഭാവികൾ വരെ, പല മാതൃകയിലുള്ള മനുഷ്യരുമായി നമുക്കിടപെടേണ്ടതായിവരും. തീർച്ചയായും ഇതൊരു പ്രത്യേകതരം ‘ജ്ഞാനമാർഗം’തന്നെയാണ്. ഖുർആനിക മാർഗമെന്ന് ഞാനതിനെ വിശേഷിപ്പിക്കട്ടെ. ഈ ജ്ഞാനമാർഗത്തിൽ ഏത് ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോഴും ഖുർആനിലെ ചില സൂക്തങ്ങളും അധ്യായങ്ങളും മുന്നോട്ടുവന്ന്, അവ ആ ഘട്ടത്തിൽ അവതരിച്ചതാണെന്നും ഇന്നയിന്ന മാർഗനിർദേശങ്ങളുമായി അവതരിച്ചതാണെന്നും നമ്മോട് പറയുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയത്രെ. ഇവിടെ ഭാഷയും വ്യാകരണവുമായും സാഹിത്യാംശങ്ങളുമായും ബന്ധപ്പെട്ട എന്തെങ്കിലും സൂചനകൾ അനുവാചക ദൃഷ്ടിയിൽ പക്ഷേ, പെട്ടില്ലെന്ന് വരാമെങ്കിലും ഖുർആൻ അതിന്റെ അന്തഃസത്ത ആ ജ്ഞാനപഥികനു പകർന്നുകൊടുക്കുന്നതിൽ ഒട്ടുംതന്നെ പിശുക്കു കാട്ടുകയില്ലെന്ന് തീർച്ച.

ഈ പൊതുതത്ത്വമനുസരിച്ച്, ഖുർആന്റെ നിയമവിധികളും ധാർമിക- സദാചാര ശിക്ഷണങ്ങളും സാമ്പത്തിക-സാമൂഹികാധ്യാപനങ്ങളും നാനാ ജീവിതമേഖലകളെ സ്പർശിക്കുന്ന മൗലികസിദ്ധാന്തങ്ങളും, അവയെല്ലാം അതത് വേദികളിൽ പ്രാവർത്തികമാക്കുമ്പോഴല്ലാതെ യഥായോഗ്യം മനസ്സിലാവുകയില്ല. സ്വകാര്യജീവിതത്തിൽ ഖുർആനെ പിന്തുടരാത്ത ഒരു വ്യക്തിക്കും, തങ്ങളുടെ സാമൂഹികസ്ഥാപനങ്ങളെല്ലാം ഖുർആനിക നയത്തിനു വിപരീതമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തിനും ഈ ഗ്രന്ഥം ഗ്രഹിക്കുക സാധ്യമല്ല; അവർ മാറ്റത്തിനു തയ്യാറല്ലെങ്കിൽ!( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles