Current Date

Search
Close this search box.
Search
Close this search box.

ഖംറും മൈസിറും

( നബിയേ, ) നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങൾക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാൾ വലുത്‌.. 2:219

ഖുർആൻ ഖണ്ഡിതമായി നിരോധിച്ച രണ്ട് തിന്മകളാണ് ഖംറും മൈസിറും . ഖംറിന്റെ ഭാഷാർഥമായ ബുദ്ധിയെ മറക്കുന്നത് എന്ന് വ്യാഖ്യാനിച്ച് ബുദ്ധിയെ മറക്കുന്ന കഞ്ചാവും ബ്രൗൺ ഷുഗറും ചരസ്സും ഹാൻസും ബീഡിയും സിഗരറ്റും വരെ അതിനോട് ഖിയാസ് ( സമീകരണം) ചെയ്യുന്ന പണ്ഡിതർ പക്ഷേ മൈസിർ എന്നതിന് അതി പുരാതനമായ ചൂത് എന്ന സമുദായത്തിലെ പ്രത്യേകിച്ച് ആരേയും വേദനിപ്പിക്കാത്ത വിശദീകരണമാണ് പറഞ്ഞ് കേൾക്കാറ്.

2:219, 5:90-91 രണ്ടും ചേർത്തും 47:15, 12:36 / 41 സൂക്തങ്ങളിൽ ഖംറു മാത്രമായും പറയുന്നുണ്ട്.
യുസ്ർ എന്ന പദത്തിന് എളുപ്പമെന്നാണർഥമെങ്കിൽ സൗഗമ്യത്തിൽ ലഭ്യമാവുന്ന ഏതു ഈസി മണിയും മൈസിറാവണം.
ജാഹിലിയ്യാകാലത്ത് നിലനിന്നിരുന്ന മൈസിറി(ചൂതാട്ടം)നെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കാണുക:”ഒരു ഒട്ടകത്തെ അറുത്ത് ഇരുപത്തിയെട്ട് ഓഹരിയാക്കി വീതിക്കുന്നു. ശേഷം ശകുനം നോക്കുന്ന പത്ത് അമ്പുകളെടുത്ത് അതിലെ മൂന്നെണ്ണത്തിന് പൂജ്യം എന്നിടുന്നു. ബാക്കി എണ്ണത്തിന് ഏഴ് വരെ നമ്പറിടുന്നു. ഈ അമ്പുകൾ ഏജന്റിനെ ഏൽപ്പിക്കുന്നു. അയാൾ ഓരോരുത്തരുടെ പേര് പറഞ്ഞ് ഓരോ അമ്പും എടുക്കുന്നു. ആ അമ്പിലുള്ള നമ്പറനുസരിച്ച് അവന് മാംസം ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവർക്ക് ഒന്നും ലഭിക്കില്ല. അവർ ആ ഒട്ടകത്തിന്റെ മുഴുവൻ പണവും എടുക്കണം.”

ഈ ചൂതാട്ടത്തെ ഖുർആൻ ശക്തമായ രീതിയിൽ നിഷേധിച്ചു. സർക്കാറുകളും വ്യക്തികളും പലപേരിൽ നടത്തുന്ന ലോട്ടറികളും ഇതുപോലെയുള്ള ഒരു ചൂതാട്ടമാണ്. ചൂതാട്ടത്തിന്(ഖിമാർ)മഹാന്മാർ നൽകുന്ന വിശദീകരണം കാണുക: “ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളിയും ചൂതാട്ടമാണ്”. ഇവിടെ ലോട്ടറിയിൽ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷിക്കുന്നു. മാത്രമല്ല, സമ്മാനം ലഭിക്കാത്തവന് അവന്റെ ടിക്കറ്റിന്റെ പണം നഷ്ടമാവുകയും ചെയ്യുന്നു.

“ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയിൽ രണ്ടുപേരും പണം ചെലവാക്കുന്നതും ചൂതാട്ടം തന്നെയാണ്”. ഖുർആൻ പറയുന്നത് കാണുക:

“സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്ണാസ്ത്രങ്ങളുമെല്ലാം പൈശാചികമായ മ്ലേച്ചവൃത്തികളിൽ പെട്ടതാകുന്നു. അതിനാൽ അവയൊക്കെയും പാടെ നിങ്ങൾ വർജ്ജിക്കുക”. 5:90

ഇങ്ങനെ ലഭിക്കുന്ന എല്ലാ ഈസി മണിയും മൈസിറാണെങ്കിൽ സ്ത്രീധനത്തിന്റേയും MLM ന്റേയും പിരമിഡ് മാർക്കറ്റിങിന്റേയും വിധികൾക്ക് പ്രത്യേകം പ്രത്യേകം ഫത് വയും ഫത്‌വാ ബോർഡും വേണ്ടി വരില്ല. പെട്ടെന്ന് സമ്പന്നനാവുന്ന ഏതൊരുത്തന്റേയും പിന്നാമ്പുറം ചികഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള മൈസിറിന്റെ ലാഞ്ചന കാണാൻ കഴിയും. ആട്, തേക്ക് , മാഞ്ചിയം,ആർ.എം.പി, ആംവേ, ബിസേർ, ടൈക്കൂൺ, നാനോ , ബിറ്റ്കോയിൻ തുടങ്ങി വിവിധ രീതിയിൽ പ്രവർത്തിക്കുന്ന മറ്റു എം.എൽ. എം ചതിക്കുഴികൾ കേരളത്തിൽ 80കൾ മുതൽ ഉടലെടുത്തത് അറിയാവുന്ന മാപ്പിളമാർ തന്നെ അതിൽ ചെന്ന് ചാടുകയും ഏജന്റുമാരായി മാറുന്നതും ചൂത് എന്ന വാക്കിനോട് എല്ലാ ഈസിമണി സ്രോതസ്സുകളേയും ഉൾപ്പെടുത്തിയ സമഗ്രമായ ഒരു സമീകരണ വായന നടക്കാത്തതാണ് . വിയർക്കാതെ, ക്ഷീണിക്കാതെ പൈസയുണ്ടാക്കാൻ അന്നത്തെ അറബി-അനറബി സമൂഹങ്ങൾ കണ്ടെത്തിയ മൈസിറായിരുന്നു ചൂതെങ്കിൽ വൈറ്റ് കോളർ മനസ്സുള്ള ഇന്നത്തെ ലോകത്തിന്റെ സൃഷ്ടിയാണ് ഇത്തരത്തിലുള്ള ഈസി മണി സംവിധാനങ്ങളെന്ന ബോധവത്കരണം ബോധപൂർവ്വം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Related Articles