Current Date

Search
Close this search box.
Search
Close this search box.

പ്രവർത്തനങ്ങൾ വ്യക്തിനിഷ്ഠം

: كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ (المدثر ٣٨)

ഓരോ വ്യക്തിയും താൻ സമ്പാദിച്ചതിന് പണയക്കാരനാണ് എന്നത് ഖുർആന്റെ വളരെ വ്യക്തമായ അധ്യാപനമാണ്.

وَمَن بَطَّأَ به عَمَلُهُ، لَمْ يُسْرِعْ به نَسَبُهُ എന്നത് ആ പറഞ്ഞ സൂക്തത്തിന്റെ പ്രവാചക വിശദീകരണമാണ്.ആരുടെയെങ്കിലും കർമ്മങ്ങൾ പതുക്കെയാണെങ്കിൽ അവന്റെ വംശമോ കുടുംബ പാരമ്പര്യമോ അവനെ വേഗത്തിലാക്കില്ലെന്ന് സാരം .
അഥവാ നാം വ്യക്തിപരമായി ചെയ്യുന്ന സംഗതികളേ പരലോകത്ത് നമ്മുടെ രക്ഷക്കെത്തുകയുള്ളൂ.

ഏതാനും ആയത്തുകൾ വായിക്കുക :

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന് തന്നെയാണ്‌. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല. (അൻആം 104)

ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു അതിന്റെ ഗുണം. ആരെങ്കിലും തിൻമചെയ്താലും തന്റെ മേൽതന്നെ അതിന്റെ ദോഷവും . നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ല തന്നെ. (ഫുസ്സ്വിലത് 46 )

ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്. (നംൽ 40 )

ആരെങ്കിലും സമരം ചെയ്യുന്നതായാല്‍, അവനു വേണ്ടിത്തന്നെയാണവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും, അല്ലാഹു ലോകരില്‍ നിന്നും അനാശ്രയനാകുന്നു. (അങ്കബൂത് 6)

ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല.ഒരു റസൂലിനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നവരായിരിക്കില്ലതാനും ( ഇസ്രാഅ് 15 )

ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ ധന്യനാകുന്നു; നിങ്ങളോ ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്(മുഹമ്മദ് 38 )

നിശ്ചയമായും, നിന്നോടു പ്രതിജ്ഞ ചെയ്യുന്നവര്‍, അല്ലാഹുവിനോടുതന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍, ആരെങ്കിലും പ്രതിജ്ഞ ലംഘിച്ചാല്‍ അവന്‍, തനിക്കെതിരായിത്തന്നെയാണത് ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവനു മഹത്തായ പ്രതിഫലം അവന്‍ കൊടുത്തേക്കുന്നതാണ്.(ഫത്ഹ് 10)

വല്ലവനും പാപം സമ്പാദിച്ച്‌ വെക്കുന്ന പക്ഷം അവൻറെ തന്നെ ദോഷത്തിനായിട്ടാണ്‌ അവനത്‌ സമ്പാദിച്ച്‌ വെക്കുന്നത്‌. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.(നിസാഅ് 111)

നമ്മുടെ സ്വർഗവും നരകവുമെല്ലാം വ്യക്തിഗതമാണെന്നർഥം; കർമ ഫലങ്ങൾ തീർത്തും വ്യക്തിനിഷ്ഠവും. ഇതാണ് ഖുർആൻ നമ്മുടെ മുമ്പിലവതരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തിഗത പദ്ധതി.

Related Articles