Current Date

Search
Close this search box.
Search
Close this search box.

മൂസാ-ഖദിര്‍ സംഭവം നല്‍കുന്ന പാഠങ്ങള്‍

khadir.jpg

ഉല്‍ബോധനങ്ങള്‍ക്കായി ഖുര്‍ആന്‍ ഉപയോഗിച്ച മനോഹരമായ ശൈലിയാണ് കഥാഖ്യാനം എന്നത്. വിവിധ ധര്‍മങ്ങള്‍ക്ക് വേണ്ടി വിവിധ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഈ രീതി ഉപയോഗിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. മുന്‍കഴിഞ്ഞ സമുദായങ്ങളുടെയും പ്രവാചകന്മാരുടെയും ചരിത്രം ഖുര്‍ആന്‍ ഇങ്ങനെ അതവതരിപ്പിക്കുന്നത് കാണാം. അതിന്റെ ഉദ്ദേശ്യങ്ങള്‍ പലതാണ്. അത് ഗുണപാഠമാകാം, ചിലപ്പോള്‍ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയും നിഷേധികള്‍ക്ക് മുന്നറിയിപ്പുമാകാം. ഖുര്‍ആന്‍ പറയുന്ന ഓരോ കഥക്കു പിന്നിലും ഒരു ഗുണപാഠമുണ്ട്. പൊടിപ്പും തൊങ്ങലും വെച്ച വിവരണങ്ങളോ അതിശയോക്തിയോ ഖുര്‍ആന്റെ രീതിയല്ല. അല്ലാഹു പറയുന്നു:
”അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.” (യൂസുഫ്: 111)

ഖുര്‍ആന്‍ പറഞ്ഞ കഥകളില്‍ മൂസാ നബിയുടെയും ഖദിറിന്റെയും സംഭവം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അബുല്‍ അഅ്‌ലാ മൗദൂദി തന്റെ ‘തഫ്ഹീമുല്‍ ഖുര്‍ആനില്‍’ പറയുന്നു: ”അല്ലാഹു തന്റെ പ്രപഞ്ച സംവിധാനത്തിന്റെ യവനിക അല്പമൊന്നു നീക്കി, അതിന്റെ ഒരു മിന്നലാട്ടം മൂസാ(അ)ക്ക് കാണിച്ചുകൊടുത്തു; ഇവിടെ രാപ്പകല്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തുദ്ദേശ്യാര്‍ത്ഥം, എങ്ങനെ നടക്കുന്നു, സംഭവങ്ങളുടെ ബാഹ്യാന്തര വശങ്ങള്‍ തമ്മിലുള്ള അന്തരങ്ങളെന്ത് എന്നെല്ലാം തദ്വാരാ മൂസാ നബിയെ അറിയിക്കാന്‍വേണ്ടി”. അതൊടൊപ്പം ജനങ്ങള്‍ക്ക് ഈ കഥയിലുള്ള മഹത്തായ പാഠമെന്നത്, ശരിയായ ദിശാബോധത്തോടെയും അര്‍പണബോധത്തോടെയും ലക്ഷ്യത്തിലേക്ക് കുതിക്കണം എന്നതാണ്. ഈ സൂക്തത്തില്‍ വെളിവാകുന്നതും അതാണ്:
”മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: ”രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തും വരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.” (അല്‍-കഹ്ഫ്: 60)

തന്റെ ലക്ഷ്യം കൃത്യമായി നിര്‍ണയിച്ച് അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്ന് മൂസാ നബി പ്രഖ്യാപിക്കുന്നതാണ് ഈ സൂക്തത്തില്‍ കാണുന്നത്. തന്റെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായ് യുഗങ്ങള്‍ സഞ്ചരിക്കേണ്ടി വന്നാലും താന്‍ അത് നേടുമെന്ന് മൂസാ(അ) ദൃഢനിശ്ചയം ചെയ്യുന്നു. ഒരു ലക്ഷ്യം നേടിയെടുക്കാനായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്ന പാഠവും ഈ കഥ നമുക്ക് നല്‍കുന്നു. തന്നോടൊപ്പം ഒരു ഭൃത്യനെ കൂട്ടിയതും ഭക്ഷിക്കാനായി മത്സ്യം കരുതിയതുമെല്ലാം അതിന്റെ ഭാഗമാണ്. ആഗ്രഹങ്ങള്‍ ഉണ്ടായതു കൊണ്ടു മാത്രം ആരും വിജയം കാണില്ല. മറിച്ച് ആഗ്രഹത്തിനൊത്ത പ്രവര്‍ത്തനവും മുന്നൊരുക്കവും നടത്തിയാല്‍ മാത്രമേ വിജയവഴിയില്‍ നമുക്ക് സ്ഥാനമുണ്ടാവുകയുള്ളൂ. അതെത്ര നിസ്സാര ലക്ഷ്യമായാലും.

പ്രയാസങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോകാന്‍ നാം ശീലിക്കണം. സൂറ അല്‍-കഹ്ഫില്‍ അല്ലാഹു പറയുന്നു:
”അങ്ങനെയവര്‍ അവിടംവിട്ട് മുന്നോട്ട് പോയി. അപ്പോള്‍ മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: ”നമ്മുടെ പ്രാതല്‍ കൊണ്ടുവരൂ! ഈ യാത്ര കാരണം നാം നന്നെ ക്ഷീണിച്ചിരിക്കുന്നു.” അയാള്‍ പറഞ്ഞു: ”അങ്ങ് കണ്ടോ? നാം ആ പാറക്കല്ലില്‍ അഭയം തേടിയ നേരത്ത് ഞാന്‍ ആ മത്സ്യത്തെ പറ്റെയങ്ങ് മറന്നുപോയി. അക്കാര്യം പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതാരുമല്ല. മത്സ്യം കടലില്‍ അദ്ഭുതകരമാം വിധം അതിന്റെ വഴി തേടുകയും ചെയ്തു.” മൂസ പറഞ്ഞു: ”അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്.” അങ്ങനെ അവരിരുവരും തങ്ങളുടെ കാലടിപ്പാടുകള്‍ നോക്കി തിരിച്ചുനടന്നു.” (അല്‍-കഹ്ഫ്: 62-64)

ജീവിതം എന്നും കയ്‌പേറിയതാണ്. എന്നാല്‍ സദാ സമയം ഉദ്വേഗം ജനിപ്പിക്കുന്നതുമായിരിക്കും. ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്ത് മുന്നേറാന്‍ അസാമാന്യമായ ക്ഷമയും വിവേകവും ആവശ്യമാണ്. എന്നാല്‍ ഈ യാത്രക്കിടയിലും സ്രഷ്ടാവായ അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങളിലൂടെ നാം കടന്നുപോകും. ഈ അനുഗ്രഹങ്ങളിലൂടെയാണ് അല്ലാഹു നമ്മോട് സംസാരിക്കുന്നത്. അവന്റെ ദൃഷ്ടാന്തങ്ങളിലൂടെ അവന്റെ സന്ദേശങ്ങള്‍ ഗ്രഹിക്കാന്‍ നമുക്കായാല്‍ അല്ലാഹു ഒരിക്കലും നമ്മെ കൈവിടില്ല. മുസ്‌ലം യുവതക്ക് ഇതില്‍ മഹത്തായ പാഠങ്ങളുണ്ട്. സ്വന്തം ജീവിത സഞ്ചാരങ്ങള്‍ക്കിടയില്‍ സ്രഷ്ടാവിനെയും അവന്റെ കല്‍പനകളെയും മറക്കാതിരിക്കണം. പ്രവാചക അധ്യാപനങ്ങളെ മനസ്സില്‍ പ്രതിഷ്ഠിക്കണം.
”അല്ലയോ യുവാവേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിന്നെ സദാ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിനക്ക് സദാ അഭയമേകും.” (തിര്‍മിദി)

അതുപോലെ തനിക്ക് വഴിതെറ്റി എന്ന് മനസ്സിലാക്കിയ മൂസാ നബി ഉടന്‍ തിരിച്ചു നടക്കാനാണ് തുനിഞ്ഞത്. വിശപ്പിനെയോ ക്ഷീണത്തെയോ വക വെക്കാതെ നഷ്ടപ്പെട്ടുപോയ മത്സ്യത്തെ പോലും മറന്നു കൊണ്ട് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കാണ് നീങ്ങിയത്. നമ്മുടെ പദ്ധതികളിലും ആസൂത്രണങ്ങളിലും എന്തെങ്കിലും പിഴവ് പറ്റിയാല്‍ അത് പിന്നെ പരിഹരിക്കാം എന്ന നിലപാടല്ല നാം സ്വീകരിക്കേണ്ടത്. ഓരോ പിഴവും പരിഹരിച്ചുകൊണ്ടാണ് മുന്നോട്ടു പോകേണ്ടത്. സഞ്ചാരപഥങ്ങളില്‍ നാം വെച്ചുപുലര്‍ത്തുന്ന തികവ് തീര്‍ച്ചയായും നമ്മുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കും. മൂസാ(അ)യുടേതായി ഖുര്‍ആന്‍ ഉദ്ധരിച്ച വാക്കുകള്‍ ഒരിക്കല്‍ കൂടി സൂചിപ്പിക്കട്ടെ:
”രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തും വരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.” (അല്‍-കഹ്ഫ്: 60)

വിവ: അനസ് പടന്ന

Related Articles