Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സൂക്തങ്ങള്‍ : ശ്ലഥ ചിന്തകള്‍

taha.jpg

1. സൂറത്ത് ത്വാഹ സൂക്തം:18 ‘ഞാന്‍ ഈ വടി കൊണ്ട് എന്റെ ആടുകള്‍ക്ക് ഇല വീഴ്ത്തിക്കൊടുക്കുന്നു.’

മൂസാ നബി(സ) ആടിനെ മേച്ചിരുന്നതായി ഇതില്‍ നിന്ന് മനസ്സിലാക്കാം. എല്ലാ പ്രവാചകന്മാരും ആടിനെ മേച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ആടുകളെ മേയ്ക്കുന്നതില്‍ നിന്നും ക്രമാതീതമായി പ്രജകളെ മേയ്ക്കുന്നതിലേക്ക് വളരുക എന്നതാണ് ഇതിലെ രഹസ്യം. മെലിഞ്ഞത്, ശക്തിയുള്ളത്, അനുയോജ്യമായത്, കുനിഷ്ഠ് കാണിക്കുന്നവ, ധൃതിയുള്ളവ, അവധാനതയുള്ളവ എന്നിവയെല്ലാം ആടുകളില്‍ കാണാവുന്നതാണ്. അതിനെ മേയ്ക്കുന്ന വ്യകതിക്ക് ക്ഷമ, അനുകമ്പ, വിശാലത, പരിഗണന തുടങ്ങിയ വിശേഷണങ്ങള്‍ വളരെ അനിവാര്യമാണ്.

അപ്രകാരം മനുഷ്യരില്‍ ധൃതി, അവധാനത, പരുഷത, ദേഷ്യം, വിവേകം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവ പ്രകൃതിയുള്ള ആളുകളെ കാണാം. ആടുകളെ വളര്‍ത്തുന്നതില്‍ നല്ല ശ്രദ്ധയും പരിഗണനയും നല്‍കിയവര്‍ക്ക് ജനങ്ങളെ ഭരിക്കുന്നതില്‍ ഈ ഗുണവിശേഷങ്ങള്‍ പ്രയോജനം പ്രദമാകും.
2. സൂറത്ത് ത്വാഹ സൂക്തം: 25 ‘മൂസാ പറഞ്ഞു: ‘എന്റെ നാഥാ! എനിക്കു നീ ഹൃദയവിശാലത നല്‍കേണമേ.
‘എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ!
‘എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!
‘എന്റെ സംസാരം ജനം മനസ്സിലാക്കാനാവും വിധമാക്കേണമേ!
സകരിയ്യ നബിയുടെ പ്രാര്‍ത്ഥനയും ഇപ്രകാരമായിരുന്നു. നിന്നില്‍ നിന്നുള്ള ഒരു സഹായിയെ എനിക്ക് അനന്തരമായി നല്‍കേണമേ…
ഇത് പ്രാര്‍ത്ഥനയുടെ മര്യാദയാണ്.

3. സൂറത്ത് ആലു ഇംറാന്‍ സൂക്തം: 159 :അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. കൂട്ടുകാരനും കാരുണ്യവാനും നൈര്‍മല്ല്യനും ആയ വ്യക്തികള്‍ക്കേ മറ്റുള്ളവരുടെ ഹൃദയങ്ങള്‍ കീഴ്‌പെടുത്താന്‍ സാധിക്കുകയില്ല. പരുഷ ഹൃദയമുള്ള വ്യക്തിക്ക് എത്ര വിഞ്ജാനമുണ്ടെങ്കിലും ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുകയില്ല.

4. സൂറത്ത് സ്വാദ് സൂക്തം 35: അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ‘നാഥാ, എനിക്കു നീ പൊറുത്തുതരേണമേ! എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ.’ പ്രാര്‍ത്ഥനയില്‍ ഉന്നതമായ സ്വപ്‌നം, മനക്കരുത്ത്, അതിയായ ആഗ്രഹം എന്നിവ ഉള്‍പ്പെടുത്താന്‍ നാം ശ്രദ്ദിക്കേണ്ടതുണ്ട്. സുലൈമാന്‍(അ) പാപമോചനത്തിന് വേണ്ടി അര്‍ത്ഥിക്കുക മാത്രമല്ല ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ വലിയ മനസ്സ്, ഉന്നതമായ മനോധൈര്യം, അല്ലാഹുവിന്റെ ഔദാര്യത്തെക്കുറിച്ച വിശാലമായ കാഴ്ചപ്പാട് എന്നിവ ഉള്ളതിനാലാണ് മറ്റാരും ആവശ്യപ്പെടാത്ത അധികാരം അദ്ദേഹം ആവശ്യപ്പെടാന്‍ കാരണം. അതിന്റെ പ്രത്യുത്തരമായി കാറ്റിനെയും പിശാചിനെയും അല്ലാഹു അധീനപ്പെടുത്തിക്കൊടുക്കുകയുണ്ടായി. പരലോകത്ത് അല്ലാഹുവിന്റെ സാമീപ്യവും നല്ല പര്യവസാനവുമുണ്ടായിരിക്കും.
5. സൂറത്ത് ഹശ്ര്‍ സൂക്തം:10 ‘ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ.’ പ്രബോധകന്‍ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വന്തത്തെക്കൊണ്ട് തുടങ്ങണം എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
6. സൂറത്ത് ഖസസ് സൂക്തം: 24 ‘എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍.’
പ്രാര്‍ത്ഥനക്ക് പ്രത്യുത്തരം ലഭിക്കാനുള്ള കാരണങ്ങളില്‍ പെട്ടതാണ് അല്ലാഹുവിലേക്ക് ആവശ്യമുള്ളവനാണെന്ന ബോധ്യപ്പെടുത്തിക്കൊണ്ട് ആവശ്യം ഉന്നയിക്കല്‍.
7. സൂറത്ത് അമ്പിയാഅ് സുക്തം:10 ‘അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: ‘നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.’
കുറ്റസമ്മതവും കഴിവില്ലായ്മ പ്രകടിപ്പിക്കലും പ്രാര്‍ത്ഥനക്ക് പ്രത്യുത്തരം ലഭിക്കാനുള്ള വഴികളില്‍ പെട്ടതാണ്. ഈ അര്‍ത്ഥ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് യൂനുസ് നബിയുടെ ഈ പ്രാര്‍ത്ഥന പാപമോചനപ്രാര്‍ത്ഥനകളുടെ നേതാവ് എന്നറിയപ്പെടാന്‍ കാരണം.
8. സൂറത്ത് യൂസുഫ് സൂക്തം: 25 ‘അവരിരുവരും വാതില്‍ക്കലേക്കോടി’.
ബുദ്ധിപരവും വൈജ്ഞാനികവും മതപരവുമായ എത്ര നിലവാരത്തിലെത്തിയാലും ഫിത്‌നയില്‍ അകന്നു നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്.
9. സൂറത്ത് അന്നിസാഅ് സൂക്തം 28: ‘ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.’
മനുഷ്യനെ ദുര്‍ബലനായി സൃഷ്ടിച്ചത് സ്വയം വഞ്ചിതനാവാതിരിക്കാന്‍ വേണ്ടിയാണ്. ദീനിലുള്ള അവഗാഹമുണ്ടെന്നത് ഫിത്‌നയെക്കുറിച്ച ജാഗ്രത കുറക്കരുത്.
10. സൂറത്ത് ത്വാഹ സൂക്തം:25 ‘എന്റെ നാഥാ! എനിക്കു നീ ഹൃദയവിശാലത നല്‍കേണമേ.
പ്രബോധകന് ഹൃദയവിശാലതയുണ്ടാകുക എന്നത് അനിവാര്യമായും ഉണ്ടാകേണ്ട വിശേഷണമാണ്. തന്റെ അഭിസംബോധിതരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും സൗഭാഗ്യം ലഭിക്കുക എന്ന പ്രബോധനത്തിന്റെ ലക്ഷ്യസാധൂകരണത്തിന് ഇത് വളരെ അനിവാര്യമാണ്. ഹൃദയത്തിന് സങ്കുചിതത്വം ബാധിച്ചവന് വലിയ ഉത്തരവാദിത്തങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ കഴിയുകയില്ല.
11. സൂറത്ത് ത്വാഹ സൂക്തം:132 ‘നിന്റെ കുടുംബത്തോടു നീ നമസ്‌കരിക്കാന്‍ കല്‍പിക്കുക. നീയതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിതവിഭവം നല്‍കുന്നത് നാമാണ്.’ സ്വന്തക്കാരെ നമസ്‌കാരം കൊണ്ട് കല്‍പിക്കലും പ്രഭാത നമസ്‌കാരത്തിലേക്ക് ഉണര്‍ത്തിക്കൊണ്ടു വരുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസമുണ്ട്. ഈ ആയത്തിന്റെ അവസാനം ജീവിതവിഭവം വാഗ്ദാനം നല്‍കുകയും ചെയ്യുന്നതിലൂടെ സഹനത്തിനും വിശ്വാസദാര്‍ഢ്യത്തിനുമുള്ള പ്രേരണ നല്‍കുന്നുണ്ട്.
12. സൂറത്ത് അല്‍ഹുജുറാത്ത് സുക്തം:12 ‘വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്.’ മനോ നിലകളിലെ ഭാവനകളനുസരിച്ചും ഊഹങ്ങള്‍ക്കനുസരിച്ചും കാര്യങ്ങള്‍ വിവരിക്കരുതെന്ന് ഉല്‍ബോധിപ്പിക്കുന്നു. കാരണം മിക്ക ഊഹങ്ങളും വ്യാജമാണ്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles