Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ അനാഥക്ക് നല്‍കുന്ന ഇടം

yatheem.jpg

ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനില്‍ നിന്ന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് പരിഹാരം അതിലുണ്ട്. അതിന്റെ ആഴങ്ങളിലേക്കിറങ്ങുന്നതിനനുസരിച്ച് അത്ഭുതപ്പെടുത്തുന്ന ഫലങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഖുര്‍ആന്റെ അമാനുഷികതയുടെ ഭാഗമാണത്. ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന ശാസ്ത്ര രഹസ്യങ്ങളുണ്ട്. അവകാശങ്ങളും ബാധ്യതകളും ആരാധനാ കര്‍മങ്ങളും ഇടപാടുകളും അതിന്റെ താളുകള്‍ ഉള്‍കൊണ്ടിട്ടുണ്ട്. കഥകളും ചരിത്രവും വിവരിക്കുന്ന അത് ഒട്ടേറെ ഗുണപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര  സംഘടനകളുണ്ടെങ്കിലും അവയിലൊന്നും അനാഥരായ കുട്ടികള്‍ക്ക് മതിയായ ഇടം ലഭിച്ചിട്ടില്ലെന്ന് കാണാം. അനാഥകള്‍ക്ക് അഭയം നല്‍കണമെന്നും സംരക്ഷിക്കണമെന്നും പറയുന്ന ജനീവ പ്രഖ്യാപനത്തിന്റെ രണ്ടാം ആര്‍ട്ടിക്കിള്‍ മാത്രമാണ് ഇതിന് അപവാദം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന പ്രഖ്യാപനങ്ങളില്‍ പോലും അനാഥ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണനയുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും അനാഥയെ സംബന്ധിച്ച നിരവധി പ്രഖ്യാപനങ്ങള്‍ കാണാം. അവരുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ട ശ്രദ്ധയെക്കുറിച്ചും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനില്‍  അനാഥയെ കുറിച്ച് 23 പരാമര്‍ശങ്ങളുണ്ട്. പ്രവാചക വചനങ്ങളിലുള്ള നിരവധി വചനങ്ങള്‍ക്ക് പുറമയാണിത്.

ഒരു മുസ്‌ലിം അനാഥക്ക് സംരക്ഷണം നല്‍കുമ്പോള്‍ തന്റെ മാതൃകാ പുരുഷനായ പ്രവാചകന്‍(സ) ഇത്തരത്തിലുള്ള അനാഥത്വം രുചിച്ച ആളായിരുന്നുവെന്ന് ഓര്‍ക്കുകയാണ്. അനാഥയോട് പരുഷമായി പെരുമാറരുതെന്ന ഖുര്‍ആനിക കല്‍പനയും അപ്പോഴവന്റെ ഉള്ളിലുണ്ട്. ഖുര്‍ആന്‍ പറയുന്നു : ‘ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ; അപ്പോള്‍ നിനക്കഭയമേകിയില്ലയോ?’, ‘ആകയാല്‍ നീ അനാഥരെ ഞെരുക്കരുത്.’ അനാഥകള്‍ക്ക് സ്വാന്തനവും അനാഥ സംരക്ഷിക്കുന്നതിനുള്ള പ്രേരണയുമാണിത്. പ്രവാചകന്‍(സ)യെ പോലെ കുട്ടിക്കാലത്ത് അനാഥത്വം അനുഭവിക്കുന്നവരാണ് അവര്‍, അവരെ പീഡിപ്പിക്കുകയോ അവര്‍ക്ക് ഞെരുക്കമുണ്ടാക്കുയോ ചെയ്യരുത്.

അനാഥയെ പ്രയാസപ്പെടുത്തുന്നത് വിശ്വാസിയുടെ ഗുണമല്ല, അത് ദീനിനെ കളവാക്കുന്നവരുടെ ഗുണമാണെന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘ദീനിനെ കളവാക്കുന്നവനെ നീ കണ്ടില്ലേ, അനാഥയെ ആട്ടിയകറ്റുന്നവനാണവന്‍.’ (107 : 1-2) അനാഥയെ ആട്ടിയകറ്റുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സൂക്തം. സംരക്ഷകരില്ലാത്ത അനാഥക്ക് വേണ്ടി അല്ലാഹു തന്നെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

അനാഥയെ അടിച്ചമര്‍ത്തരുതെന്നും പീഡിപ്പിക്കരുതെന്നും പറഞ്ഞു കൊണ്ട്  ഖുര്‍ആന്‍ അവസാനിപ്പിക്കുകയല്ല ചെയ്തത്. മറിച്ച് നല്ല വാക്കുകളും പെരുമാറ്റവും കൊണ്ട് അവരെ ആദരിക്കണമെന്നും ആവശ്യപ്പെട്ടു. അത് നിര്‍വഹിക്കാത്തവരെ വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിക്കുന്നു. ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങള്‍ അനാഥനെ ആദരിക്കുന്നില്ല.’ (89 : 17)

അനാഥയുടെ സ്വത്ത് ഭുജിക്കുന്നത് സാര്‍വത്രികമാണ്. തന്റെ സ്വത്ത് സംരക്ഷിക്കാനോ അതിന് വേണ്ടി ശബ്ദിക്കാനോ കുട്ടികള്‍ക്ക് കഴിയാത്തതായിരിക്കും അതിന്റെ പ്രധാനകാരണം. തന്റെ സമ്പത്ത് കയ്യേറ്റം നടത്തുന്നവരെ തടയാനുള്ള ശേഷിയും അവനില്ല. അതുകൊണ്ട് തന്നെ അനാഥയുടെ സമ്പത്തിന്റെ കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ശക്തമായ ഭാഷയിലാണ് ഖുര്‍ആന്‍ അനാഥയുടെ സ്വത്ത് ഭുജിക്കുന്നതിനെ വിലക്കിയിരിക്കുന്നത്. അനാഥയുടെ സ്വത്ത്് ഭക്ഷിക്കരുത് എന്ന് പറഞ്ഞ് മതിയാക്കാതെ ഖുര്‍ആന്‍  അതിനോട് അടുക്കുക പോലും അരുതെന്ന രൂക്ഷമായി വിലക്കുന്നു. ഖുര്‍ആനിന്റെ പ്രയോഗം നോക്കൂ. ‘നിങ്ങള്‍ അനാഥയുടെ മുതലിനോട് അടുത്തു പോകയുമരുത്, നല്ല രീതിയിലല്ലാതെ, അവന്‍ കരുത്തുപ്രാപിക്കുന്നതുവരെ.’ (6 : 152) സൂറത്തുല്‍ അന്‍ആമിലും, അന്നിസാഇലും ഒരു കൂട്ടം കല്‍പനകള്‍ക്കും വിരോധങ്ങള്‍ക്കും ഒപ്പമാണ് ഇത് വന്നിരിക്കുന്നത്. അനാഥയുടെ ഗുണത്തിന് വേണ്ടിയല്ലാതെ ആ മുതലില്‍ നിന്ന് എടുക്കുകയോ, കടമെടുക്കുകയോ, ഇടപാടുകള്‍ നടത്തുകയോ ചെയ്യരുത് എന്നാണ് ഇതിന്റെ ഉദ്ദേശ്യം. അനാഥക്ക് യാതൊരു ദോഷവും വരുത്താത്ത കാര്യങ്ങള്‍ക്ക് മാത്രമേ അനാഥയുടെ സമ്പത്ത് ഉപയോഗിക്കാന്‍ അനുവാദമുള്ളു. ഇതുപ്രകാരം ലാഭം നേടിത്തരുന്ന കച്ചവടത്തിന് വേണ്ടി അതില്‍ നിന്നെടുക്കാവുന്നതാണ്. അനാഥക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാത്ത കാര്യമാണെങ്കില്‍ പോലും അത് അവന്റെ പക്കല്‍ തന്നെ സംരക്ഷിക്കുയാണ് വേണ്ടതെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

അനാഥയുടെ സമ്പത്തിനോട് അടുക്കരുതെന്ന്  പറഞ്ഞത് കൊണ്ടും തീര്‍ന്നില്ല ഖുര്‍ആനിന്റെ താക്കീത്. അതിനുള്ള ശിക്ഷയെ കുറിച്ച് ഉണര്‍ത്തി കൊണ്ട് ഖുര്‍ആന്‍ പറയുന്നു. ‘അനാഥരുടെ മുതല്‍ അന്യായമായി തിന്നുന്നവര്‍ തങ്ങളുടെ വയറുകളില്‍ നിറയ്ക്കുന്നത് യഥാര്‍ഥത്തില്‍ തീ മാത്രമാകുന്നു. ആളിക്കത്തുന്ന നരകത്തില്‍ അവര്‍ വേവുകതന്നെ ചെയ്യും.’ (4 : 10) അനാഥയുടെ മുതല്‍ ഭക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഈ സൂക്തം തന്നെ ധാരാളമാണ്. ഈ ആയത്ത് ഇറങ്ങിയതിന് ശേഷം അനാഥയുടെ കാര്യത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും വല്ല വീഴ്ച്ചയും അറിയാതെ വന്നു പോകുമോ എന്ന് സഹാബികള്‍ അസ്വസ്ഥപ്പെട്ടിരുന്നു. ശക്തമായ ഈ താക്കീതിനെ കുറിച്ച് അവര്‍ നബി(സ)യുടെ അടുക്കല്‍ വന്ന് അന്വേഷിച്ചു. അവരുടെ ചോദ്യവും അതിനുള്ള മറുപടിയും ഏറെ പ്രസക്തമായതു കൊണ്ടാണ് അന്ത്യദിനം വരെ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥത്തില്‍ ആ ചോദ്യത്തിനും ഇടം നല്‍ികിയിരിക്കുന്നത്. അനാഥയുടെ അവകാശങ്ങള്‍ക്കുള്ള പ്രാധാന്യവും അത് എടുത്തു കാണിക്കുന്നു. എക്കാലത്തും അനാഥയുടെ സംരക്ഷകും കൈകാര്യ കര്‍ത്താക്കളും പാലിക്കേണ്ട കാര്യമായതു കൊണ്ടാണ് ഖുര്‍ആന്‍ തന്നെ അത് പറഞ്ഞിരിക്കുന്നത്. ‘അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നിന്നോടവര്‍ ചോദിക്കുന്നു. പറയുക: `എങ്ങനെ വര്‍ത്തിക്കുന്നതാണോ അവര്‍ക്ക് ഗുണകരം, അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉല്‍കൃഷ്ടമായിട്ടുള്ളത്. നിങ്ങള്‍ ചെലവും താമസവും അവരുടേതിനോടു കൂട്ടിച്ചേര്‍ത്താലും അഹിതമില്ല. അവര്‍ നിങ്ങളുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ.’ (2 : 220)

അനാഥയുടെ മുതല്‍ ഭുജിക്കുന്നതിനെ കുറിച്ച് ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് അത് വലിയ പ്രയാസം ഉണ്ടാക്കി എന്ന് ഹദീസുകള്‍ പറയുന്നുണ്ട്. അനാഥയുടെ ഭക്ഷണം അവരുടേതില്‍ നിന്നവര്‍ മാറ്റി വെച്ചു. തങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് കഴിച്ചു പോകുമോ എന്ന ഭയമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. ഒരുമിച്ച് എല്ലാവരും കഴിക്കുക എന്നതായിരുന്നു അവരുടെ സാധാരണ രീതി. അതുകൊണ്ടാണ് അവര്‍ അതിനെ കുറിച്ച് പ്രവാചകന്‍(സ)യോട് ചോദിച്ചത്. അനാഥയുടെ മുതലിന്റെ ക്ഷേമം മാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് അല്ലാഹു അതിന് മറുപടി നല്‍കുന്നു. അനാഥക്ക് ദോഷകരമാവുന്നില്ലെങ്കില്‍ അവന്റെ ഭക്ഷണവുമായി കൂട്ടികലര്‍ത്തുന്നതില്‍ വിരോധമൊന്നുമില്ലെന്ന് ആശ്വസിപ്പിക്കുന്നു. കാരണം അവര്‍ നിങ്ങളുടെ സഹോദരഹന്‍മാരാണെന്നും ഒരു സഹോദരന്‍ മറ്റൊരു സഹോദരന്റെ ആഹാരവുമായി കൂട്ടികലര്‍ത്തുന്നത് പോലെ അതിനെ കണ്ടാല്‍ മതിയെന്നും അവരോട് പറയുന്നു. അവിടെയെല്ലാം നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് അല്ലാഹു പരിഗണിക്കുക. ഒരാള്‍ അനാഥയുടെ മുതലില്‍ കണ്ണു വെക്കാതെ അവന്റെ ഗുണം മാത്രമാണോ ഉദ്ദേശിക്കുന്നതെന്ന് അല്ലാഹുവിന് വളരെ നന്നായിട്ടറിയാം. അവന്‍ അറിയാതെ വല്ലതും അതില്‍ ഉള്‍പ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമാക്കേണ്ടതില്ല.

വളരെയധികം വിധികളും വിലക്കുകളും പരാമര്‍ശിച്ചിട്ടുള്ള സൂറത്താണ് അന്നിസാഅ്. അതില്‍ ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നത് അനാഥയുടെ അവകാശമാണെന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു . ‘അനാഥരുടെ മുതല്‍ നിങ്ങള്‍ അവര്‍ക്കു തിരിച്ചുകൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങള്‍ അവരുടെ മുതല്‍ സ്വന്തം മുതലിനോട് ചേര്‍ത്ത് ഭുജിക്കാവതല്ല. അതു മഹാപാപമാകുന്നു.’ (4 : 2) അനാഥയുടെ ധനം അപഹരിക്കുന്നതിനെ നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റുക എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ഹലാലായ മുതലിനെ ഹറാമാക്കി മാറ്റുന്നു എന്നാണ് ഉദ്ദേശ്യം. അത് വലിയ പാതകമാണെന്നും ഖുര്‍ആന്‍ പറയുന്നു

അനാഥ പെണ്‍കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവന്‍ അവളുടെ സമ്പത്തും സൗന്ദര്യവും കണ്ട്  അവളില്‍ ആകൃഷ്ടനായി അവളെ വിവാഹം ചെയ്യുകയാണെങ്കില്‍ അവളുടെ മഹ്‌റില്‍ ഒരു കുറവും വരുത്തരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. അവളുടെ ചുമതല ഏല്‍പിക്കപ്പെട്ടിരിക്കുന്നതും അവളുമായുള്ള അടുപ്പവും അവളുടെ അവകാശം കുറക്കുന്നതിന്  ഇടയാവരുതെന്ന് ഖുര്‍ആനിന്റെ കല്‍പനയുടെ ഉദ്ദേശ്യം. അവളെ പോലെ സൗന്ദര്യവും സമ്പത്തുമുള്ള സ്ത്രീകള്‍ക്ക് നാട്ടില്‍ കൊടുക്കുന്ന മഹ്ര്‍ അവര്‍ക്കും നല്‍കണമെന്നാണ് ഖുര്‍ആനിന്റെ കല്‍പന. ഇത്തരത്തില്‍ അനാഥയുടെ അവകാശം നല്‍കാന്‍ സാധിക്കാത്തവര്‍ മറ്റേതെങ്കിലും സ്്ത്രീകളെ വിവാഹം ചെയ്യട്ടെ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘അനാഥകളോട് നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നപക്ഷം, നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് ഈരണ്ടോ മുമ്മൂന്നോ നന്നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക.’ (4 : 3) യാതൊരു വിധ ചേര്‍ച്ചയും ഇല്ലാതെയും മാന്യമായ മഹ്ര്‍ നല്‍കാതെയും അവരുടെ അവകാശങ്ങളില്‍ കുറവു വരുത്തിയിട്ട് എത്രയോ അനാഥ പെണ്‍കുട്ടികളെ അവരുടെ കൈകാര്യകര്‍ത്താക്കള്‍ തന്നെ വിവാഹം ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വിവാഹം ചെയ്തു കൊടുക്കുന്നു. അനാഥയുടെ ദൗര്‍ബല്യം ചൂഷണം ചെയ്യുന്ന കൈകാര്യ കര്‍ത്താക്കള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സൂക്തം.

അനാഥന് സമ്പത്ത് കൈകാര്യം ചെയ്യാന്‍ കഴിവില്ലെങ്കില്‍ അവന്റെ അവകാശം അവനെ ഏല്‍പിക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. വലുതായിട്ടും സമ്പത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി അവനില്ലെങ്കില്‍ ഉത്തവാദിത്വം ഏല്‍പ്പിക്കപ്പെട്ടവര്‍ തന്നെ അവന് വേണ്ടി അത് കൈകാര്യം ചെയ്യണം. അവന് പ്രായപൂര്‍ത്തിയുടം പക്വതയും എത്തുന്നത് വരെ അവനത് വിട്ടു കൊടുത്ത് അത് നശിപ്പിക്കുന്നതിന് കാരണമാവരുതെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. ‘അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്‍മാരെ ഏല്‍പിക്കാതിരിക്കുക. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും നല്‍കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.’ (4 : 5) അവരുടെ സമ്പത്ത് നശിച്ചു പോവാതെ സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അങ്ങനെ അവന് പ്രായപൂര്‍ത്തിയെത്തിയാല്‍ സമ്പത്തിന്റെ ഒരു ഭാഗം നല്‍കി അവനെ പരീക്ഷിക്കണമെന്നും അല്ലാഹു പഠിപ്പിക്കുന്നു. ‘വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം. അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു.’ (4 : 6)

അനാഥയുടെ ചുമതലേല്‍പ്പിക്കപ്പെട്ടവര്‍ സമ്പന്നരാണെങ്കില്‍ അവരുടെ സ്വത്തില്‍ നിന്ന് ഒന്നും അവരുടെ പരിപാലനത്തിന്റെ പേരില്‍ എടുക്കരുതെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ‘അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ.’ (4 : 6) ‘അനാഥരോട് നീതിപൂര്‍വം വര്‍ത്തിക്കണമെന്ന് അല്ലാഹു നിങ്ങളോട് നിര്‍ദേശിക്കുന്നു.’ (4 : 127) എന്നത് അല്ലാഹുവിന്റെ ഫത്‌വയായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അവരുടെ മതപരവും ഭൗതികവുമായ എല്ലാ ഗുണങ്ങളിലും നിങ്ങള്‍ നീതിയോടെ നിലകൊള്ളണം എന്നാണതിന്റെ താല്‍പര്യം.

അപ്രകാരം അനാഥക്ക് ആഹാരം നല്‍കുന്നതിനും പ്രത്യേക പ്രധാന്യം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്വയം സമ്പാദിച്ച് ആഹരിക്കാന്‍ പ്രായമായിട്ടില്ലെന്നതും അവരെ ആഹരിപ്പിക്കാന്‍ രക്ഷിതാക്കളില്ലെന്നതുമാണ് അതിന്റെ കാരണം. അനാഥയെ ഊട്ടുന്നത് വിജയിക്കാനുള്ള കാരണമെന്നായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ വശംകെട്ട അഗതിക്കോ അന്നം കൊടുക്കുക.’ (90 : 14) അതുപോലെ വിശ്വാസികളുടെ ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ അവയുടെ കൂട്ടത്തില്‍ വലിയ പ്രാധാന്യത്തോടെ എടുത്തു പറയുന്ന ഒന്നാണ് അനാഥക്ക് ആഹാരം നല്‍കല്‍. ‘ഇവര്‍ ദൈവസ്‌നേഹത്താല്‍, അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു.’ (76 : 8)

യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പോലും യുദ്ധമുതലില്‍ (ഗനീമത്ത്, ഫൈഅ്) അവര്‍ക്ക് ഇസ്‌ലാം ഓഹരി നിര്‍ണയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു : ‘അറിഞ്ഞിരിക്കുവിന്‍: എന്തെന്നാല്‍, നിങ്ങള്‍ കരസ്ഥമാക്കിയ യുദ്ധമുതല്‍ എന്താവട്ടെ, അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ദൈവദൂതന്നും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും അഭയാര്‍ഥികള്‍ക്കും ഉള്ളതാകുന്നു.’ മറ്റൊരിടത്ത് പറയുന്നു : ‘പട്ടണവാസികളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് തിരിച്ചുകൊടുത്തിട്ടുള്ളതൊക്കെയും അല്ലാഹുവിനും ദൂതന്നും ബന്ധുജനങ്ങള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും സഞ്ചാരികള്‍ക്കും ഉള്ളതാകുന്നു അത് നിങ്ങളിലുള്ള സമ്പന്നന്മാരില്‍ മാത്രം കറങ്ങാതിരിക്കേണ്ടതിന്.’ (59 : 7)

അനാഥയുടെ അവകാശങ്ങളും കടമങ്ങളും പൂര്‍ത്തീകരിക്കണമെന്ന് നാം മനസ്സിലാക്കി. അവരോട് നന്മ ചെയ്യുന്നതോടൊപ്പം തന്നെ അതിന് മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യണം. സത്യം കൊണ്ടും ക്ഷമ കൊണ്ടുമുള്ള ഉപദേശത്തിന്റെ ഭാഗമാണതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടുവാന്‍ തയാറായില്ല. ദുര്‍ഘടമായ മാര്‍ഗമെന്തെന്ന് നിനക്കെന്തറിയാം? ഒരു കഴുത്തിനെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ വശംകെട്ട അഗതിക്കോ അന്നം കൊടുക്കുക. പിന്നെ (അതോടൊപ്പം) അവന്‍, വിശ്വാസം കൈക്കൊണ്ടവരും, ക്ഷമയും (ദൈവത്തിന്റെ സൃഷ്ടികളോടുള്ള) കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ ജനത്തില്‍ ഉള്‍പ്പെടുക. ഇവരത്രെ വലതുപക്ഷം.’ (90 : 12-18)

അനാഥകളോട് നന്മയില്‍ വര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന വേറെയും സൂക്തങ്ങളുണ്ട്. അവയില്‍ ചിലതാണ് ഇവ.
‘മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍.’ (4 : 36)
‘നിങ്ങള്‍ പടിഞ്ഞാട്ടോ കിഴക്കോട്ടോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പിന്നെയോ, മനുഷ്യന്‍ അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം.’ (2 : 177)

അനാഥകളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ബനൂഇസ്രയേലില്‍ നിന്ന് കരാര്‍ വാങ്ങിയിരുന്നു എന്നത്  അതിന്റെ പ്രധാന്യം വ്യക്തമാക്കുന്നുണ്ട്. ‘ഓര്‍ക്കുക: ഇസ്രാഈല്‍ മക്കളില്‍നിന്നു നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു; അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം.’ (2 : 83) അനാഥയുടെ ധനം അന്യാധീനപ്പെട്ടു പോകുന്നത് തടയാന്‍ ഒരു മതില്‍ പുനര്‍ നിര്‍മിക്കാന്‍ അല്ലാഹു ഒരു അടിമയെ നിയോഗിച്ചത് അല്ലാഹു എത്രത്തോളം അനാഥയെ പരിഗണിച്ചിട്ടുണ്ടെന്നതാണ് കാണിക്കുന്നത്.  ‘ഇനി ആ മതിലിന്റെ സംഗതിയെന്തെന്നാല്‍, അത്, ആ പട്ടണത്തില്‍ വസിക്കുന്ന രണ്ടു അനാഥബാലന്മാരുടേതാകുന്നു. ആ മതിലിനു ചുവട്ടില്‍ ഈ കുട്ടികള്‍ക്കുള്ള ഒരു നിധി കിടപ്പുണ്ട്. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍, ആ ബാലന്മാര്‍ പ്രായപൂര്‍ത്തിയെത്തി അവരുടെ നിധി കണ്ടെടുക്കേണമെന്ന് നിങ്ങളുടെ റബ്ബ് തീരുമാനിച്ചു. ഇതെല്ലാം നിങ്ങളുടെ റബ്ബിന്റെ കാരുണ്യം മാത്രം.’ (18 : 82) അനാഥക്ക് എത്രത്തോളം പരിഗണന ഇസ്‌ലാം നല്‍കിയിട്ടുണ്ടെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

വിവ : അഹ്മദ് നസീഫ്

Related Articles