Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ 16 ജീവിതപാഠങ്ങള്‍

q1.jpg

1. എല്ലാ മനുഷ്യരോടും ആദരവും കാരുണ്യവും കാണിക്കുക. ജാതി-മത, വര്‍ണ്ണ, ഭാഷ, ദേശ, തൊഴില്‍ വിവേചനങ്ങളില്ലാതെ അവരെ പരിഗണിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു” (അല്‍-ഇസ്‌റാഅ്:70)

2. മാന്യമായും നല്ല വാക്കുകള്‍ ഉപയോഗിച്ചും സംസാരിക്കുക. ശബ്ദം താഴ്ത്തി സംസാരിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”ഓര്‍ക്കുക: ഇസ്രാഈല്‍ മക്കളില്‍നിന്നു നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു; അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം, ജനങ്ങളോട് നല്ലതു പറയണം, നമസ്‌കാരം നിലനിര്‍ത്തണം, സകാത്തു നല്‍കണം എന്നെല്ലാം” (അല്‍-ബഖറ:83)
”നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.” (അല്‍-ലുഖ്മാന്‍:19)

3. സത്യം മാത്രം പറയുക. ഹൃദയത്തിലുള്ളത് മാത്രം നാവു കൊണ്ടു പറയുക
ഖുര്‍ആന്‍ പറയുന്നു: ”സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്.” (അല്‍-ബഖറ: 42)
”അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.” (ആലുഇംറാന്‍: 167)

4. മാതാപിതാക്കളോടും ബന്ധുക്കളോടും അയല്‍വാസികളോടും അനാഥകളോടും നന്നായി വര്‍ത്തിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.” (അന്നിസാഅ്:36)

5. സ്വന്തത്തേയും കുടുംബത്തേയും നേര്‍വഴിയില്‍ നയിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്‌നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്.” (അത്തഹ്‌രീം:6)

6. മ്ലേഛമായ കാഴ്ചകളില്‍ നിന്നും അന്യസ്ത്രീകളില്‍ നിന്നും ദൃഷ്ടികള്‍ താഴ്ത്തുക. രഹസ്യവിശുദ്ധി കാത്തുസൂക്ഷിക്കുക
ഖുര്‍ആന്‍ പറയുന്നു: ”അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.” (അന്നൂര്‍: 30)

7. വ്യക്തമായ ജ്ഞാനമില്ലാത്ത കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുക. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം അവ സംസാരിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.” (അന്നൂര്‍:15)
”വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.” (അല്‍-ഹുജറാത്ത്:6)

8. അന്യോന്യം പരിഹസിക്കുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്യരുത്. ഊഹങ്ങള്‍ വെടിയുക.
ഖുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് എത്ര നീചം! ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.” (അല്‍-ഹുജറാത്ത്:11,12)

9. പരസ്പരം കണ്ടുമുട്ടുമ്പോള്‍ മാന്യമായി അഭിവാദനം ചെയ്യുക. സ്വന്തം വീട്ടിലോ അന്യ വീടുകളിലോ പ്രവേശിക്കുമ്പോഴും സലാം പറയുക.
ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.” (അന്നിസാഅ്:86)
”നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.” (അന്നൂര്‍:61)

10. യുക്തിയോടെയും സഹിഷ്ണുതയോടെയും ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുക.
ഖുര്‍ആന്‍ പറയുന്നു: ”യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍.” (അന്നഹ്‌ല്:125)

11. അസൂയ പുലര്‍ത്താതിരിക്കുക.
‘അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ?” (അന്നിസാഅ്:54)

12. ഭക്ഷണപാനീയങ്ങളില്‍ മിതത്വം പാലിക്കുക.
”തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അല്‍-അഅ്‌റാഫ്:31)

13. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കുക.
‘തുടക്കം മുതല്‍ക്കുതന്നെ ദൈവഭക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു നമസ്‌കരിക്കാന്‍ ഏറ്റം അര്‍ഹം. ശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് അവിടെയാണ്. അല്ലാഹു ശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”

14. മാന്യമായി വസ്ത്രം ധരിക്കുക.
”ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.” (അല്‍-അഅ്‌റാഫ്:26)

15. ധൂര്‍ത്തും പിശുക്കും ഒഴിവാക്കുക, ധനത്തില്‍ നിന്ന് ദരിദ്രര്‍ക്കും അഗതികള്‍ക്കും നല്‍കുക, അനാഥയുടെ ധനം അന്യായമായി ഭുജിക്കാതിരിക്കുക.
”നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ ആക്ഷേപിക്കപ്പെട്ടവനും നഷ്ടപ്പെട്ടവനുമായിത്തീരും.” (ഇസ്‌റാഅ്:29)
”അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും.” (അന്നിസാഅ്:10)

16. കരാറുകളും വാഗ്ദാനങ്ങളും പാലിക്കുക. വഞ്ചന കാണിക്കാതിരിക്കുക.
”നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച.” (അല്‍-ഇസ്‌റാഅ്:34).
”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്.” (അല്‍-അന്‍ഫാല്‍:27)

അവലംബം: habibihalaqas.org

വിവ: അനസ് പടന്ന

Related Articles