Current Date

Search
Close this search box.
Search
Close this search box.

ഇതും ഖുര്‍ആന്റെ അമാനുഷികത

Quran4v173.jpg

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിന്റെ പ്രാധാന്യം വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനമായ തൗഹീദിനെയും ശിര്‍കിനെയും കുറിച്ച പരാമര്‍ശത്തിന് ശേഷം തൊട്ടുടനെയാണ് പലയിടത്തും അത് പറയുന്നത്.
”അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം.” (അല്‍ബഖറ: 83)
”അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുവിന്‍.” (അന്നിസാഅ്: 36)
”പറയുക: ‘വരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം.ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക.മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.” (അല്‍അന്‍ആം: 151)
”പറയുക: ‘വരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം.ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക.മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.” (അല്‍ഇസ്‌റാഅ്: 23-24)
”ലുഖ്മാന്‍ സ്വപുത്രനെ ഉപദേശിച്ചുകൊണ്ട് പറഞ്ഞതോര്‍ക്കുക: ‘മകനേ, നീ ആരെയും അല്ലാഹുവിന്റെ പങ്കാളിയാക്കരുത്.അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നത് മഹാ ധിക്കാരമാകുന്നു.’ സ്വന്തം മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടുവര്‍ഷം അവന്ന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്.” (ലുഖ്മാന്‍: 13-14)

ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്നതിന് ഇവ തന്നെ മതിയായ തെളിവാണ്. ഖുര്‍ആന്‍ മുഹമ്മദ് നബി(സ)യുടെ നിര്‍മിതി ആണെന്നുള്ള പ്രചാരണങ്ങളെയെല്ലാം തകര്‍ത്തെറിയുകയാണത്. കാരണം മുഹമ്മദ് നബി(സ) അനാഥനായിട്ടാണ് ജീവിച്ചത്. പിതാവ് മണ്‍മറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജീവിതത്തെ കുറിച്ച് കാഴ്ച്ചപ്പാട് രൂപപ്പെടുന്നതിന് മുമ്പേ മാതാവ് ആമിന ബിന്‍ത് വഹബും പിതാവിനൊപ്പം ചേര്‍ന്നു. മാനസികവും സാമൂഹികവുമായി മാനദണ്ഡങ്ങള്‍ പ്രകാരം പിതൃത്വത്തോടും മാതൃത്വത്തോടുമുള്ള അദ്ദേഹത്തിലെ വികാരം നിര്‍ജീവമായിരിക്കാനാണ് സാധ്യത. ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടമായ ചിലരെങ്കിലും മാതാപിതാക്കള്‍ക്കെതിരായ വികാരം കൊണ്ടുനടക്കുന്നവരാവുന്നതും കാണാം.

ആവര്‍ത്തിച്ചുള്ള ഈ ഊന്നിപ്പറച്ചില്‍ മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കാനാണ്. അവരോടുള്ള പെരുമാറ്റം നൈര്‍മല്യത്തോടെയുള്ള സ്പര്‍ശനങ്ങളാക്കി മാറ്റാനാണത് ആവശ്യപ്പെടുന്നത്. അവര്‍ക്ക് നന്മ ചെയ്യണമെന്ന് വ്യക്തമായി ആഹ്വാനം ചെയ്യുന്നു. കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്കായി താഴ്ത്തിക്കൊടുക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. മക്കളെ പരിചരിക്കാന്‍ അവര്‍ ഉറക്കമിളച്ചതിന് പ്രതിഫലമായി അവരോട് കാരുണ്യം ചെയ്യാനാണ് ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള ആ പ്രാര്‍ഥന. അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ‘ഛെ’ എന്ന വാക്കുപോലും ഉണ്ടാവരുതെന്നും ഉപദേശിക്കുന്നു.

ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്ടമായ ഒരാള്‍ക്ക് ആ അനുഭവം പകര്‍ന്നു നല്‍കാന്‍ ഈ ലോകത്തെ ഒന്നിനും സാധ്യമല്ല. മാതാപിതാക്കളോടുള്ള പെരുമാറ്റത്തില്‍ പാലിക്കേണ്ട നൈര്‍മല്യത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും മൂര്‍ത്ത രൂപത്തെ കുറിക്കുന്ന വാക്കുകള്‍ അങ്ങനെയൊരാളില്‍ നിന്ന് പ്രതീക്ഷിക്കാമോ? കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ നിന്നാണല്ലോ ഓരോന്നിനെയും കുറിച്ചുള്ള വിലയിരുത്തല്‍ രൂപപ്പെടുന്നത്.

ഈ ദൈവിക ഗ്രന്ഥത്തിന്റെ അമാനുഷികതയുടെ കൂട്ടത്തിലാണ് അതിനെ എണ്ണേണ്ടത്. യാതൊരുവിധ അബദ്ധങ്ങള്‍ക്കും ഇടമില്ലാത്ത ഗ്രന്ഥമാണത്. കാരണം മനുഷ്യനെ സൃഷ്ടിച്ച, അവനായി കുടുംബഘടന ഒരുക്കിയവനാണവന്‍. മനുഷ്യന്റെ പ്രകൃത്വത്തെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അവനാണ്. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വികാരങ്ങളുടെ ആഴം സൂക്ഷ്മമായി അറിയുന്നവനാണവന്‍. അതിന് പ്രത്യുപകാരമായി മക്കള്‍ അവരോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നവന്‍ അവനാണ്.

മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലുള്ള ബന്ധത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച ഖുര്‍ആനിക മാതൃകയെ കുറിച്ച് ഓറിയന്റലിസ്റ്റുകള്‍ക്കും ഖുര്‍ആന്റെ അമാനുഷികതയില്‍ സംശയിക്കുന്നവര്‍ക്കും പറയാനുള്ളത്? അനാഥനായി ജനിച്ചു വളര്‍ന്ന മുഹമ്മദിന്റെ(സ) സൃഷ്ടിയാണ് അതെന്നാണോ അവര്‍ പറയുന്നത്?

സംഗ്രഹം: നസീഫ്‌

Related Articles