shariahTharbiyya

വിഭവങ്ങള്‍ നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നവര്‍

നാട്ടിലെ വലിയ മുതലാളിയുടെ വീട്ടിലേക്കാണ് പിരിവു സംഘം ചെന്നത്. പ്രളയം തന്നെയായിരുന്നു വിഷയം. വിശദീകരണം കേട്ട ശേഷം മുതലാളി തന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു തുടങ്ങി. പ്രളയം ഒരു പ്രാപഞ്ചിക പ്രതിഭാസമാണ്. അതിനു പരിഹാരം അതിന്റെ ഇരകളെ നമ്മുടെ കഴിവിന്റെ പരവധി സഹായിക്കലാണ്. പക്ഷെ നല്‍കാതിരിക്കാന്‍ അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. വലിയ വിശാലമായ വീടും വിലകൂടിയ ഉപകരണങ്ങളും മനോഹരമായ പൂന്തോട്ടവും വെച്ച് നോക്കിയാല്‍ അദ്ദേഹം ഒരു പിശുക്കനാണ് എന്ന് പറയാന്‍ കഴിയില്ല.

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ ആദ്യ കാലങ്ങളില്‍ അവതീര്‍ണമായ ഖുര്‍ആനിക അധ്യായങ്ങളില്‍ ഒന്നാണ് സൂറ അല്ലൈല്‍. മനുഷ്യരുടെ രണ്ടു രീതിയിലുള്ള സ്വഭാവത്തെ ആ അദ്ധ്യായം എടുത്തു പറയുന്നു. ഒന്ന് ദൈവത്തെ സൂക്ഷിച്ചു കൊണ്ട് നന്മയെ സത്യപ്പെടുത്താന്‍ തന്റെ വിഭവങ്ങള്‍ നല്‍കുന്നവന്‍. മറ്റൊരാള്‍ സത്യത്തെ കളവാക്കുകയും നന്മയുടെ മാര്‍ഗത്തില്‍ തന്റെ വിഭവങ്ങള്‍ നല്‍കുന്നതില്‍ പിശുക്കു കാണിക്കുകയും ചെയ്തവന്‍. ശേഷം രണ്ടു പേരുടെയും പരിണിതിയും കൂടി ഖുര്‍ആന്‍ പറയുന്നുണ്ട്. ഒന്നാമത്തെ രീതി സ്വീകരിച്ചവര്‍ക്കുള്ള ഈ ലോകത്തെ പ്രതിഫലം ജീവിതം കൂടുതല്‍ അനായാസമാകും എന്നതാണ്. അതെ സമയം രണ്ടാമത്തെ രീതി കൈകൊണ്ടവര്‍ക്കു ജീവിതം കൂടുതല്‍ പ്രയാസത്തിലേക്കു വഴിമാറ്റി കൊടുക്കും. മനുഷ്യന് ഈ രീതിയില്‍ ഏതു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. കാരണം ഓരോരുത്തരുടെ വിധി നിര്‍ണയിക്കാനുള്ള അധികാരം അവര്‍ക്കു തന്നെയാണ്. മനുഷ്യരുടെ ശകുനവും ദുശ്ശകുനവും അവരുടെ പിരടിയില്‍ തന്നെ കെട്ടിവെച്ചിരിക്കുന്നു എന്നാണു പ്രമാണം.

നന്മയിലും പുണ്യത്തിലുമുള്ള സഹകരണമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അതെ സമയം തിന്മയിലും ശത്രുതയിലും ഒരിക്കലും പരസ്പര സഹകരണം പാടില്ലെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. പുണ്യം പറഞ്ഞിടത്തൊക്കെ ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒന്നാണ് അല്ലാഹുവിന്റെ അനുഗ്രഹം മാത്രം പ്രതീക്ഷിച്ചു ധനം ചിലവഴിക്കുക എന്നത്. സത്യവിശ്വാസിയുടെ ജീവിത ലക്ഷ്യം സത്യത്തെ പരമാവധി സത്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്. അതിന് ഗുണകരമാകുന്ന കാര്യങ്ങള്‍ അവര്‍ ഇപ്പോഴും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതെ സമയം പിശുക്കന്‍ എപ്പോഴും ചിന്തിക്കുക സമ്പത്തിനെ കുറിച്ചാകും. മറ്റൊരാളോട് ബന്ധം വെക്കുന്നത് പോലും അതിന്റെ പേരിലാകും. സമ്പത്ത് കൂട്ടിവെച്ച് തീരെ ചിലവഴിക്കാത്തവന്‍ എന്നതാണ് സാധാരണ പിശുക്കിന്റെ നിര്‍വചനം. അതെ സമയം ഇസ്ലാമിലെ പിശുക്കന്‍ അയാളല്ല. സ്വന്തത്തിനും കുടുംബത്തിനും അദ്ദേഹം വാരിക്കോരി ചിലവഴിക്കും. അതെസമയം സത്യത്തിന്റെ സംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ അദ്ദേഹം എന്നും പിറകിലാവും. ദൈവിക മാര്‍ഗത്തില്‍ ചിലവഴിക്കുക എന്നതിന്റെ ഉദ്ദേശം ദൈവത്തിന്റെ അനുഗ്രഹം പ്രതീക്ഷിച്ച് തന്റെ സമ്പത്ത് സഹജീവികള്‍ക്ക് നല്‍കുക എന്നതാണ്. അത് നല്‍കാതിരിക്കാന്‍ മുട്ടുന്യായങ്ങളും വളഞ്ഞ വഴികളും തേടുക എന്നതാണ് ഇസ്ലാമിലെ പിശുക്കന്റെ സ്വഭാവം.

വിശുദ്ധ ഖുര്‍ആനും പ്രവാചകനും ശക്തമായി മുന്നറിയിപ്പ് നല്‍കിയ രോഗമാണ് പിശുക്ക്. ഒരാളുടെ പിശുക്ക് അയാളെ മാത്രമല്ല സമൂഹത്തെ കൂടി ബാധിക്കുന്നു. ‘ഏതൊരാള്‍ തന്റെ മനസ്സിനെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നും വിജയം പ്രാപിച്ചവര്‍’ എന്നത് ഖുര്‍ആനിന്റെ ശക്തമായ താക്കീതാണ്.

‘അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്” എന്നും ഖുര്‍ആന്‍ പറയുന്നു. മറ്റൊരിടത്തു ഇങ്ങിനെ പറയുന്നു ”പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്” ചുരുക്കത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും ദൂരെ പോകുന്നു എന്നതാണ് പിശുക്കന്റെ അന്തിമ ഫലം. അനുഗ്രഹം എന്നത് കൊണ്ട് വിവക്ഷ കേവലം സാമ്പത്തിക ഉന്നതി മാത്രമല്ല. അത് മനസ്സുമായി ബന്ധപ്പെട്ടതാണ്. ആ അഭിവൃദ്ധി പിശുക്കന് ഒരിക്കലും ലഭ്യമാകില്ല.

അക്രമത്തെയും പിശുക്കിനെയും ചേര്‍ത്ത് പറഞ്ഞ പ്രവാചക വചനം കാണാം. പിശുക്കന്റെ സാക്ഷ്യം പോലും സ്വീകാര്യമല്ലെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. എല്ലാ തിന്മയുടെയും സംഗമ ഭൂമിയാണ് പിശുക്ക് എന്ന് അലി (റ)ല്‍ നിന്നും രേഖപ്പെടുത്തിയതായി കാണാം. ഇമാം അബൂഹനീഫ പറയുന്നു: ”പിശുക്കനെ ഞാനൊരിക്കലും നീതിമാനായി കാണുന്നില്ല. കാരണം പിശുക്കന്‍ എല്ലാം പൂര്‍ണമായി എടുക്കും. അതിനാല്‍ മറ്റുള്ളവന്റെ അവകാശവും എടുക്കാന്‍ സാധ്യതയുണ്ട്. അവന്‍ വഞ്ചിച്ചേക്കാം. ഇങ്ങനെയുള്ള ഒരാള്‍ വിശ്വസ്തനാവുകയില്ല’.

അതിലുപരിയായി മനസ്സിന്റെ വിശാലത നഷ്ടമാകുന്നു എന്നതാണ് പിശുക്കന്റെ വലിയ ദുരന്തം. ജീവിതത്തില്‍ ഒരിക്കലും അയാള്‍ സന്തോഷവാനാകില്ല. എന്നും പരാതിയുടെ കാലമാണ്. ഉള്ളത് കൊണ്ട് തൃപ്തി നേടുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷണം. അതെസമയം പിശുക്കിന്റെ ലക്ഷണം ഒന്ന് കൊണ്ടും തൃപ്തി നേടാതിരിക്കുക എന്നത് കൂടിയാണ്. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകളില്‍ ഒന്നിങ്ങനെയാണ്: ”അല്ലാഹുവേ, പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പ്രായാധിക്യത്തില്‍ നിന്നും നിന്നോട് ഞാന്‍ ശരണം തേടുന്നു’. അതെ മനുഷ്യന്‍ അല്ലാഹുവില്‍ ശരണം തേടേണ്ട ഒന്ന് തന്നെയാണ് യഥാര്‍ത്ഥത്തില്‍ പിശുക്ക്.

Author
as
Facebook Comments
Show More
Close
Close