Current Date

Search
Close this search box.
Search
Close this search box.

ഇൻഫാഖിൻ്റെ സ്ഥൂല- സൂക്ഷ്മ തലങ്ങൾ

لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّهُ ۚ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا (7)

നിവൃത്തിയുള്ളവന്‍ തന്റെ നിവൃത്തിയില്‍നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതോരുവന്റെമേല്‍ അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍, തനിക്കു അല്ലാഹു നല്‍കിയതില്‍നിന്നും ചിലവഴിച്ചുകൊള്ളട്ടെ. ഒരാളോടും അല്ലാഹു അതിനു നല്‍കിയതല്ലാതെ ചിലവാക്കുവാന്‍ അവന്‍ ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്‍പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്..65:7

എത്ര മനോഹരമാണ് ഈ ആയത്തിൻ്റെ അർത്ഥതലങ്ങളെന്ന് നോക്കൂ.

പണമുള്ളവൻ തൻ്റെ പണം ചെലവഴിക്കട്ടെ എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക !
നിങ്ങളുടെ സമൃദ്ധി നല്ല വാക്കുകളിലാണെങ്കിൽ, അതിൽ നിന്ന് ചെലവഴിക്കുക..
പ്രബോധിതനോട് നിങ്ങൾക്ക് ശുദ്ധമായ പുഞ്ചിരിയേ നൽകാൻ കഴിയൂവെങ്കിൽ, അതിൽ നിന്ന് നല്കുക..
നിങ്ങൾക്ക് സമൂഹത്തിലെ മറ്റുള്ളവരെ ശാരീരികമായി സഹായിക്കാൻ കഴിയുമെങ്കിൽ, അതിന് വേണ്ടത് ചെയ്യുക.. നാവുകൊണ്ട് വ്യത്യസ്ത ചിന്തകളെ അനുരഞ്ജിപ്പിക്കാനാണ് നിങ്ങളുടെ കഴിവെങ്കിൽ, അതിനധ്വാനിക്കുക..
നിങ്ങളുടെ കഴിവ് ഖുർആൻ പഠിപ്പിക്കാനും ഇസ്‌ലാമിക വിജ്ഞാനം പ്രസരിപ്പിക്കാനും നന്മ പ്രചരിപ്പിക്കാനുമാണെങ്കിൽ അതിന് തയ്യാറാവുക..
ഇസ്‌ലാമിക പ്രബോധന മാർഗത്തിൽ വരാൻ സാധ്യതയുള്ള പ്രതിസന്ധികളെ തരണം ചെയ്യാനും ബുദ്ധിപൂർവ്വം അക്രമികളെ അവഗണിക്കാനും ഭംഗിയായി ക്ഷമിക്കാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, അതിന് വേണ്ടി ശ്രമിക്കുക.. ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനു വേണ്ടിയും രാത്രിയുടെ യാമങ്ങളിൽ രഹസ്യമായി നിന്ന് പ്രാർഥിക്കാൻ നിങ്ങൾക്കാവുമെങ്കിൽ അതിന് സന്നദ്ധനാവുക.. മൂല്യബോധമുള്ള സമൂഹത്തിന് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്ര നല്ല പ്രവർത്തികൾ ചെയ്യാനാവുമെങ്കിൽ അതിന് ശ്രമിക്കുക..

ഇൻഫാഖ് എന്നത് “ചെലവ്, വിതരണം” എന്നർത്ഥമുള്ള ഒരു ഖുർആനിക പദമാണ്. റബ്ബിൻ്റെ തൃപ്തി മാത്രമാഗ്രഹിച്ച് തിരിച്ചിങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന ഏതു നന്മയുമാണ്. തൃപ്തിയും ഇൻഫാഖും 73 തവണ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് എന്നത് ആകസ്മികതയാവാം. (നോക്കുക ഖുർആൻ 8:3, 14:31 ; 22:35 ; 28:54 ; 32:16 . )

നിർബന്ധമായ സകാത് അല്ലെങ്കിൽ സ്വദഖയിൽ നിന്ന് വ്യത്യസ്തമാണ് ഇൻഫാഖ് , ചില പ്രതികൂല സംഭവങ്ങളിൽ ഫണ്ട് റൈസിംഗിൻ്റെ മതകീയ മാനമായും ഇൻഫാഖ് ഉപയോഗപ്പെടുത്താവുന്നതാണ്.

മതപരവും ധാർമ്മികവുമായ തത്വങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായി കണക്കാക്കപ്പെടുന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിൻ്റെ അടിസ്ഥാന അടിത്തറകളിൽ പലതിലൊന്നാണ് ഇൻഫാഖ് . ഇൻഫാഖ് എന്നത് പണമുള്ളവൻ അത് ചെലവഴിക്കൽ മാത്രമല്ല എന്ന് സാരം..കയ്യിലുള്ളത് സമൂഹത്തിനായി ചെലവ് ചെയ്യാൻ നാഥൻ തുണക്കട്ടെ.

Related Articles