Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ: അന്യൂനമായ ഭാഷാവൈഭവം

മാനവ സംസ്കരണത്തിനായി അല്ലാഹു അയച്ച പ്രവാചകന്മാരിൽ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ). പ്രവാചക നിയോഗത്തോടൊപ്പം അവരുടെ സത്യാവസ്ഥ സാധൂകരിക്കാനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങൾ കൂടി അല്ലാഹു അവർക്ക് നൽകാറുണ്ട്. ഓരോ കാലത്തുമുള്ള ജനത ഏതൊരു വിഷയത്തിലാണോ ഏറ്റവും മുൻപന്തിയിലെത്തുകയും അതിൽ അഹങ്കരിക്കുകയും ചെയ്തിരുന്നത് അതിൽ തന്നെ അവരെ പരാജയപ്പെടുത്തുമ്പോഴാണല്ലോ പ്രവാചകന്മാരുടെ സത്യാവസ്ഥ കൂടുതൽ പ്രകടമാവുക. അതിനാൽ അതതുകാലത്തെ മികച്ചു നിന്ന കലകളെ വെല്ലുന്ന സിദ്ധികളുമായാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. റസൂലിന്റെ കാലത്ത് അറബി സാഹിത്യം അതിൻറെ ഉച്ചി പ്രാപിച്ചിരുന്നു. ഓരോ കുടുംബത്തിലും മികച്ച സാഹിത്യകാരന്മാരും കവികളുമുണ്ടായിരുന്നു. 

അറബി സാഹിത്യത്തിലുള്ള അവരുടെ നൈപുണ്യത്തിലും അഭിരുചിയിലും മാത്സര്യ മനോഭാവത്തിലും അവർ ആഹ്ളാദിക്കുകയും അഹങ്കരിക്കുകയും ചെയ്‌തിരുന്നു. ഇവരിലേക്കാണ് ഒരു വെല്ലുവിളിയായി അല്ലാഹു സാഹിത്യവും ഭാഷയും പോയിട്ട് എഴുത്തും വായനയും പോലും അറിയാത്ത നിരക്ഷരനായ മുഹമ്മദ് നബി (സ) ക്ക് പരിശുദ്ധ ഖുർആൻ അവതരിപ്പിച്ച് കൊടുക്കുന്നത്. ഇത്ര സാഹിത്യവമ്പന്മാരായിട്ടും പരിശുദ്ധ ഖുർആനിലെ സാഹിത്യ സമ്പുഷ്ടിയും ഘടനാ സൗന്ദര്യവും അമാനുഷികതയും അവർ മുട്ടുമടക്കി സമ്മതിക്കുകയാണുണ്ടായത്. ഖുർആനിലുള്ളത് പോലെ ഒരു വചനം പോലും കൊണ്ടുവരാൻ അവരെ കൊണ്ട് സാധിച്ചില്ല. അതിനവർക്ക് സാധിക്കുകയുമില്ല എന്ന് ഖുർആൻ തറപ്പിച്ചു പറയുന്നുണ്ട്. “മനുഷ്യരും ജിന്നും ഒത്തുചേർന്ന് പരസ്‌പരം സഹായിച്ചാലും ഖുർആനിനു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ അവർക്ക് സാധിക്കുകയില്ല” (سورة الإسراء :88).

ഖുർആനിലെ ഭാഷ, വിവരണം, സാഹിത്യം, നിയമവശങ്ങൾ, ശാസ്ത്രം തുടങ്ങി അതിൻറെ അമാനുഷികതയെ വിവിധങ്ങളായി തിരിക്കാം. വിശുദ്ധ ഖുർആൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്  അതിൻറെ സാഹിത്യ ഭംഗിയും ശൈലിയും ഭാഷാ വൈഭവവും തന്നെയാണ്. ഖുറൈശികളെ പിടിച്ചു കുലുക്കിയത് ഖുർആനിലെ ശാസ്ത്രീയാത്ഭുതങ്ങളോ സാമ്പത്തിക രാഷ്ട്ര നിയമാത്ഭുതങ്ങളോ ഒന്നുമല്ല. അവയൊക്കെ നുബുവ്വത്തിന്റെ പിന്നീടങ്ങോട്ടുള്ള കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. ആദ്യകാലത്ത് അവരെ അത്ഭുതപ്പെടുത്തിയത് ഖുർആനിന്റെ ഭാഷാവൈഭവമായിരുന്നു.

ഖുർആനിന്റെ ഭാഷ താളാത്മകമാണ്. ഒരു കവിതാത്മകത അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. ഉദാഹരണം സൂറത്തുൽ മുദ്ദസിർ വായിച്ചു നോക്കിയാൽ കാണാം:

{ یَـٰۤأَیُّهَا ٱلۡمُدَّثِّرُ (1) قُمۡ فَأَنذِرۡ (2) وَرَبَّكَ فَكَبِّرۡ (3) وَثِیَابَكَ فَطَهِّرۡ (4) وَٱلرُّجۡزَ فَٱهۡجُرۡ (5) وَلَا تَمۡنُن تَسۡتَكۡثِرُ (6) وَلِرَبِّكَ فَٱصۡبِرۡ (7) }

[سورة المدثر: 1-7]

ഇവ പാരായണം ചെയ്യുമ്പോൾ എത്ര ഒഴുക്കിലാണ് ആയത്തുകളുടെ ഘടന എന്ന് മനസ്സിലാക്കാം. പരിശുദ്ധ ഖുർആൻ്റെ ഭാഷയുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന്റെ പ്രത്യേകതകൾ ഒരുപാടുണ്ട്. അതിൽ പെട്ട ഒന്നാണ് ഖുർആൻ വിഷയാവതരണ ശൈലി. ഒരു വിഷയം പറഞ്ഞു തുടങ്ങുകയും തുടർന്ന് പല വിഷയങ്ങളിലേക്ക് കടക്കുകയും അവസാനം പറഞ്ഞ വിഷയത്തിന്റെ പൂർണ്ണത ലഭിക്കുകയും ചെയ്യും. ഒരുദാഹരണം പറഞ്ഞാൽ ഉറ്റ സുഹൃത്തുക്കൾ തമ്മിലുള്ള സംസാരം ശ്രദ്ധിച്ചാൽ ഇതുപോലെ പറയുന്ന കാര്യങ്ങൾക്കിടയിൽ മറ്റുപല കാര്യങ്ങൾ സംസാരിക്കുന്നത് കാണാം. ഇത്തരത്തിൽ ഹൃദ്യമായ ആശയവിനിമയ ശൈലിയാണ് ഖുർആനിന്റേത്. 

ഒരുപാട് സ്ഥലങ്ങളിൽ أولم يروا، أفلا ينظرون ،ألم تر എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. നിങ്ങൾ കാണുന്നില്ലേ നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ എന്നൊക്കെയാണ് അതിൻറെ അർത്ഥം. നമ്മുടെ ഹൃദയങ്ങളോടാണ് അത് സംവദിക്കുന്നത്. ഖുർആനിലെ ആവർത്തന ശൈലിയും ഇവിടെ എടുത്തു പറയേണ്ടതാണ്. ഇത് സംബന്ധിച്ച് പണ്ഡിതന്മാർക്ക് വ്യത്യസ്‌ത അഭിപ്രായങ്ങളാണ്. ചിലർ പറയുന്നത് അത്  تأكيد ന് (ഒന്നുകൂടി ഉറപ്പിച്ചു പറയുവാൻ) ആണെന്നാണ്. ഇത് സംബന്ധിച്ച് ഇമാം ഇബ്നു തൈമിയ്യ () പറയുന്നത് ഇപ്രകാരമാണ്. ഖുർആനിലെ ഒരു പദവും ഒരു പ്രയോഗവും ഇല്ലാതെ വന്നിട്ടില്ലെന്നാണ്. അവിടെ ആവർത്തനം അല്ല അതുകൊണ്ട് വേറെ പുതിയ ഉദ്ദേശമാണ് വരുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്,

{ أَوۡلَىٰ لَكَ فَأَوۡلَىٰ (34) ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰۤ (35) }

[سورة القيامة: 34-35]

ഇവിടെ ആദ്യത്തെ ആയത്ത് ദുആയെയും രണ്ടാമത്തെ ആയത്ത് മുന്നറിയിപ്പിനെയും സൂചിപ്പിക്കുന്നു.

{ لَّا یَعۡصُونَ ٱللَّهَ مَاۤ أَمَرَهُمۡ وَیَفۡعَلُونَ مَا یُؤۡمَرُونَ }

[Surah At-Tarīm: 6]

ഈ ആയത്തിൽ പ്രത്യക്ഷത്തിൽ രണ്ടു വാചകങ്ങളും സമാനാർഥങ്ങൾ ഉൾക്കൊള്ളുന്നതായി തോന്നുമെങ്കിലും വ്യത്യസ്‌തമാണ്. ഒന്നാമത്തേത്, അല്ലാഹു എന്താണോ കൽപ്പിക്കുന്നത് അത് മലക്കുകൾ ചെയ്യും അവർ അല്ലാഹുവിനെ ധിക്കരിക്കുകയില്ല എന്ന അർത്ഥത്തിലാണ്. തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു കൂട്ടിചേർക്കലുമില്ലാത്ത വിധം കൽപ്പിക്കപ്പെട്ടത് നിർവഹിക്കുന്നവർ എന്നാണ് രണ്ടാമത്തേതിന്റെ ഉദ്ദേശ്യം.

മനുഷ്യമനസ്സുകളിൽ ചിത്രീകരണം (تصوير) നടത്തുന്ന ഭാഷയാണ് ഖുർആനിൻ്റേത്. ഉദാ: (സ്വർഗ നരക വിവരണങ്ങൾ, ഗുഹാവാസികളുടെ കഥ, യൂസുഫ് നബിയുടെ കഥ). ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങളെ ഉൾക്കൊള്ളിക്കുക എന്നതും ഖുർആനിക ഭാഷയുടെ ഒരു പ്രത്യേകതയാണ്. ഹിഫ്ള് എന്ന പദം ഖുർആൻ മനഃപാഠമാക്കുക എന്ന പരിമിത അർഥത്തിലാണ് പ്രയോഗിക്കപ്പെടുന്നതെങ്കിലും മനസ്സിലാക്കുക (Understanding), പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക (Practice) എന്നിവ കൂടി ഉൾക്കൊള്ളുന്നുണ്ട്.

ഈ പദത്തിന്റെ യഥാർഥവും പൂർണവുമായ അർഥം വിവക്ഷിക്കുന്ന ഒരൊറ്റ വാക്ക് മറ്റു ഭാഷകളിൽ ഇല്ല. മനുഷ്യൻറെ കുടുംബ-രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മേഖലകളിൽ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സർവ്വ മണ്ഡലങ്ങളിലും മുറുകെ പിടിക്കേണ്ട നിയമനിർദേശങ്ങളും സാരോപദേശങ്ങളും 114 അധ്യായങ്ങളിലായി അവതരിപ്പിച്ച വിശുദ്ധ ഖുർആൻ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സൂറ ഖിയാമയിലെ (26-30) ആയത്തുകൾ മരണത്തെ സംബന്ധിച്ചാണ്  ചർച്ച ചെയ്യുന്നത്. تراقي، راق، فراق، ساق، مساق  എന്നിങ്ങനെയാണ് ആയത്തുകൾ അവസാനിക്കുന്നത്. എല്ലാ പദങ്ങളുടെയും അവസാനം ‘ق’ എന്ന അക്ഷരമാണ്. തൊണ്ടയുടെ അടിയിൽ നിന്നും ഉച്ചരിക്കേണ്ട ഭാരം കൂടി അക്ഷരമാണിത്. “كلا إذا بلغت التراقي” ജീവൻ തൊണ്ട കുഴിയിൽ എത്തിയാൽ എന്ന കാര്യം പറയുവാൻ തൊണ്ടയുടെ ഏറ്റവും അടുത്ത “غ” എന്ന അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. 

അതുപോലെ  വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതോടൊപ്പം പാരായണത്തിനിടക്ക് നിർത്തി ചിന്തിക്കുകയും മനസ്സിലാക്കുകയും വേണം എന്ന് ഉദ്ദേശത്തോടെ “ترتيل” എന്ന പദം ഉപയോഗിച്ചതായി കാണാം. { وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ } (കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍), ഇവിടെ التف എന്ന് ഉച്ചരിക്കുബോൾ തന്നെ ഒരു പിണച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഇത്തരത്തിൽ പറയുന്ന വിഷയത്തിലെ സ്വരങ്ങളും ശബ്ദങ്ങളും ധ്വനിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗങ്ങൾ കാണാം. 

ഏത് വിഷയം പറയുമ്പോഴും അതുമായി ബന്ധപ്പെട്ട സ്വരങ്ങളും ശബ്ദങ്ങളും വിഷ്വൽ രൂപങ്ങളും ഹൃദയത്തിനകത്ത് സൃഷ്ടിച്ചെടുക്കുന്ന അക്ഷരങ്ങളും വാക്കുകളും വാചക ഘടനയുമാണ് ഖുർആനിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതും അതിൻറെ അമാനുഷികതയെ കുറിക്കുന്നു. വിഷയത്തിന്റെ ഘടന അല്പം മാറുമ്പോഴേക്കും അവതരണ ശൈലിയുടെ ഘടനയും പ്രാസവും ഒക്കെ മാറുന്നു. ഖുർആനിൻ്റെ എതിരാളികൾ പറഞ്ഞത് ഉദ്ധരിക്കുമ്പോൾ വരെ ഖുർആൻ അതിൻറെ തനത് ഭംഗിയും ലാവണ്യവും പ്രാസവുമൊക്കെ നിലനിർത്തികൊണ്ടാണ് അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് മരണത്തെ സംബന്ധിച്ച് മുശ്‍രിക്കുകൾ ഇങ്ങനെ പറഞ്ഞതായി കാണാം: “إن هي إلا الأرحام تدفع وارض تبلغ” –“ ഗർഭപാത്രം പുറംതള്ളുന്നു, ഭൂമി വിഴുങ്ങുന്നു എന്ന് മാത്രം”. 

അതിനെ ഖുർആനിൽ ഇപ്രകാരം വിശദീകരിക്കുന്നുണ്ട് :

  [ الجاثية: 24]   (وَقَالُوا ما هي إلا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم بِذلِكَ مِنْ على إِنْ هُمْ إِلَّا يَظُنُّونَ )

(അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു). മനുഷ്യ ജീവിതത്തിന്റെ അസ്‌തിത്വം, പരലോകം,  മരണം, മരണാനന്തര ജീവിതം, തുരുമ്പിപ്പോയ മണ്ണിൽ നിന്നും വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത് തുങ്ങിയവയെ  കുറിച്ചുമൊക്കെ പറയുമ്പോഴും എന്തു ഭംഗിയാണ് അതിൻറെ അവതരണ ശൈലിക്ക്!! എന്തുമാത്രം മാസ്‌മരികതയാണ് അതിന്റെ ശൈലികൾക്കും ശബ്ദവിന്യാസത്തിനും!!!. 

ഇതുകൊണ്ടാണ് ഖുറൈശി സാഹിത്യ പ്രമുഖരായ ഉത്ബത്ത്, വലീദുബ്നു മുഗീറ തുടങ്ങിയവർ ഖുർആനിൻറെ ഭാഷാവൈഭവവും വശ്യ മനോഹാരിതയും കണ്ട് പറഞ്ഞു പോകുന്നത്.. അല്ലാഹുവാണ മുഹമ്മദിന്റെ വചനങ്ങൾക്ക് ആശ്ചര്യജനകമായ ഒരു മാധുര്യമുണ്ട്. പ്രത്യേകമായ ഒരു  ഭംഗിയും ലാവണ്യവും ഉണ്ട്. അതിൻറെ ശിഖിരങ്ങളും ചില്ലകളും ഫലങ്ങൾ നിറഞ്ഞതാണ്. അതിൻ്റെ മുരട് പശിമയാർന്ന മണ്ണിൽ ഊന്നി നിൽക്കുന്നതുമാണ്. തീർച്ചയായും അത് സർവ്വ വചനങ്ങളെക്കാളും ഉയർന്നതാണ്. അതിന്റെ കീഴിൽ അകപ്പെടുന്ന സകലതിനെയും അത് തകർത്തു കളയും തീർച്ച”. ഖുർആനിറെ മറ്റൊരു അത്ഭുതമാണ് ഒരേ ആശയം തോന്നുന്ന വാക്കുകൾ ഖുർആൻ പ്രയോഗിക്കുമ്പോൾ ഓരോ വാക്കിനും മറ്റേ വാക്കിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ആശയ അർത്ഥമുണ്ടാകും. ഉദാഹരണത്തിന് (مطر – عيث ،سنة – عام). ഇങ്ങനെ വിശുദ്ധ ഖുർആൻ വാക്കുകൾ കൊണ്ട് സൃഷ്ടിക്കുന്ന അവർണനീയമായ ലോകം അത്ഭുതകരമാണ്.

Related Articles