Current Date

Search
Close this search box.
Search
Close this search box.

യുദ്ധതടവുകാരോടുള്ള ഇസ്‌ലാമിന്റെ സമീപനം

ലോകത്തിന്റെ പലയിടത്തും നടക്കുന്ന പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയും ഫലമെന്നോണം ബന്ദികളെ കുറിച്ചുള്ള ചർച്ചകൾ അന്തരീഷത്തിൽ സജീവമായിരിക്കുകയാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും അഫ്ഗാൻ-ഇറാഖ് അധിനിവേശാനന്തരം ഗ്വാണ്ടനാമോ പോലുള്ള തടവറകളിൽ ആയിരക്കണക്കിന് മുസ്ലിം ബന്ദികൾ ഇന്നും പ്രതീക്ഷയറ്റ് കഴിയുകയാണ്. യുദ്ധങ്ങളുടെ ആധിക്യം ബന്ദികൾ വർദ്ധിക്കാൻ കാരണമാവുന്നതും അവർക്കെതിരിൽ കിരാതമായ പീഡനങ്ങൾ നടക്കുന്നതും ബന്ദികളെ കുറിച്ച ചർച്ചകൾ പ്രസക്തമാക്കുന്നുണ്ട്. നിരന്തരം ഭീകരവാദ ചാപ്പകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ദർശനം അതിന്റെ മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്നു എന്നതും ഈ ചർച്ചയുടെ ഉദ്ദേശ്യമാണ്.

ആരാണ് ബന്ദികൾ? പ്രമാണങ്ങൾ എന്ത് പറയുന്നു?

ബന്ധനസ്ഥൻ/ബന്ധനസ്ഥ എന്നർഥം വരുന്ന ‘അസീർ’ , ‘അസാറാ’ (ബഹുവചനം) എന്ന വാക്കാണ് ബന്ദി എന്നതിന് അറബിയിൽ പറയുക. മുസ്‌ലിംകൾ കാഫിറുകളെ അതിജയിക്കുകയും അവരിൽ നിന്ന് ജീവനോടെ പിടികൂടപ്പെടുകയും  ചെയ്യുന്ന ആളുകളെയാണ് ബന്ദികൾ എന്ന് പറയുകയെന്ന് ഇമാം മാവർദി (റ) അഭിപ്രായപ്പെട്ടതായി കാണാം. എന്നാൽ പിൽക്കാലത്ത് ‘ബന്ദി’ എന്നതിന് വിശാലമായ അർത്ഥതലം കൈവന്നു. കുഫ്ഫാറുകളുമായുള്ള യുദ്ധത്തിലൂടെ പിടികൂടപ്പെടുന്ന ആളുകൾ എന്നതിനേക്കാൾ ഏതൊരു യുദ്ധത്തിലൂടെയും പിടികൂടപ്പെടുന്ന ആളുകൾ എന്ന പരികല്പന ബന്ദി എന്ന പദത്തിന് ഉണ്ടായി.

യുദ്ധത്തിനിടെ ആളുകളെ ബന്ദിയാക്കൽ പ്രാമാണികമായി സാധുവാണ്. അല്ലാഹു പറയുന്നു: “ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക” (മുഹമ്മദ്:4). മറ്റൊരിടത്തു പറയുന്നു: ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല(അൽ അൻഫാൽ: 67) . എന്നെന്നേക്കുമായി ശത്രുക്കളെ ബന്ദിയാക്കുക എന്നതല്ല, ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുക്കളുമായി യുദ്ധം ചെയ്യുക , അവരെ പ്രതിരോധിക്കുക എന്നതൊക്കെയാണ് ഇത് അനുവദിച്ചതിന്റെ യുക്തി.

ബന്ദികളോടുള്ള ഇസ്‍ലാമിൻറെ സമീപനം

തടവുപുള്ളികളോട് അങ്ങേയറ്റം മാന്യമായി പെരുമാറണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ബദ്ർ യുദ്ധാനന്തരം പ്രവാചകൻ (സ)  ബന്ദികളെ ക്കുറിച്ച് സഹാബികളോട് പറഞ്ഞത്, ‘അവരോട് നല്ല നിലയിൽ പെരുമാറുക’ എന്നായിരുന്നു. യുദ്ധത്തടവുകാരോടുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന സമീപനം എന്തെന്ന് ഉപര്യുക്ത പ്രവാചക വചനത്തിൽ നിന്ന് വ്യക്തമാണ്.

ബന്ദികളായവർക്ക് ഭക്ഷണം നൽകുന്നത് പുണ്യവാന്മാരുടെ സ്വഭാവമാണെന്ന് ഖുർആൻ പറയുന്നു. ജീവിതത്തിൽ എത്രതന്നെ ഞെരുക്കമുണ്ടെങ്കിലും സഹജീവികളോടുള്ള അദമ്യമായ സ്നേഹവും കരുതലും പൂർവ സൂരികൾകക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. അവരതിൽ ഇസ്‌ലാമിന്റെ ശത്രു എന്നോ ബഹുദൈവ വിശ്വാസിയെന്നോ വേർതിരിവ് കാണിച്ചിരുന്നില്ല. അതിനു നിദാനമായി വർത്തിച്ചത് ഖുർആനിക വചനമത്രെ: “ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും” (ഇൻസാൻ :8). “ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം” എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.അവർ അതിലൂടെ പ്രതീക്ഷിക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടവും പ്രീതിയും മാത്രമാണ് ,”അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”(ഇൻസാൻ: 9) 

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ത്വബ്‌രി (റ) പറയുന്നു: “അവരുടേത് വെറും വർത്തമാനം മാത്രമായിരുന്നില്ല; പുണ്യവാന്മാരുടെ ഉദ്ദേശ്യത്തെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്.ആ പ്രവൃത്തിയുടെ പേരിൽ അവർ പ്രതിഫലാർഹരായിത്തീരുകയും ചെയ്യും.” ഇമാം ജസ്വാസ് (റ) പറയുന്നു: “തടവുകാരന് ഭക്ഷണം കൊടുക്കുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പ്രവൃത്തിയാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.ഭക്ഷണം മാത്രമല്ല മറ്റു ദാനധർമ്മങ്ങളും തടവുകാരന് കൊടുക്കാവുന്നതാണ്”.

ബന്ദികളായവർക്ക് വസ്ത്രം നൽകേണ്ടത് നിർബന്ധ ബാധ്യതയായിട്ടാണ് ശരീഅത്ത് കാണുന്നത്. “യുദ്ധത്തടവുകാർക്കുള്ള വസ്ത്രം” എന്നപേരിൽ ഒരു അധ്യായം തന്നെ ഇമാം ബുഖാരി (റ) തൻറെ സ്വഹീഹിൽ  ഉൾപ്പെടുത്തിയതായി കാണാം. ഉയയ്ന ബ്നു അംറിൽ നിന്ന് നിവേദനം: ജാബിർ(റ) പറയുന്നതായി അദ്ദേഹം കേട്ടു: ബദ്ർ യുദ്ധ വേളയിൽ ബന്ദികളായി പിടിക്കപ്പെട്ടവരിൽ അബ്ബാസ് എന്ന ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് വസ്ത്രമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് പറ്റിയ വസ്ത്രം നബി (സ) അന്വേഷിച്ചു. അങ്ങനെ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ ഖമീസ് അബ്ബാസിന് നൽകി.അത് പാകമാവാത്തതിനാൽ ആ വസ്ത്രം പ്രവാചകൻ ധരിക്കുകയും പ്രവാചകന്റെ വസ്ത്രം അബ്ബാസിന് നൽകുകയും ചെയ്തു”. എന്തെങ്കിലും വസ്ത്രം കൊടുക്കുക എന്നതല്ല,ധരിക്കാൻ പാകമായത് തന്നെ കൊടുക്കണം എന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്.

യുദ്ധത്തടവുകാർക്ക് സാധാരണക്കാരുടേത് പോലുള്ള മാന്യമായ പാർപ്പിടം ഒരുക്കി കൊടുക്കണമെന്ന് ശരീഅത്ത് കൽപ്പിക്കുന്നു. ബന്ദികളായ ചിലരെ സ്വഹാബികളുടെ വീട്ടിൽ നബി (സ) പാർപ്പിച്ചതായി ഹദീസുകളിൽ കാണാം.

ബന്ദികളെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ പാടുള്ളതല്ല. അവർക്ക് ഭക്ഷണം നൽകുന്നതും പാർപ്പിടവും വസ്ത്രവും ഒരുക്കി കൊടുക്കുന്നതും വലിയ പുണ്യകർമ്മമായി മനസ്സിലാക്കുന്ന ഒരു ദർശനത്തിന് അവരെ ഉപദ്രവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നതാണ് വാസ്തവം. പണ്ടുകാലങ്ങളിൽ യുദ്ധത്തിൽ പരാജയപ്പെടുന്നവരുടെ മൃതദേഹങ്ങൾ വികലമാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇസ്‌ലാം അത് പൂർണമായും നിരോധിച്ചു എന്ന് മാത്രമല്ല, യുദ്ധ തടവുകാരോട് അങ്ങേയറ്റം മാന്യമായി പെരുമാറണമെന്നും അത് പഠിപ്പിച്ചു. 

മുസ്‌ലിംകൾക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്ക് തത്തുല്യമായ അളവിൽ പ്രതികരിക്കാമെന്നും ദീൻ വ്യക്തമാക്കുന്നു.”നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്‌) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക.(അന്നഹ്ൽ : 126)” മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക “(അൽബഖറ: 194). ശത്രുക്കളെ കുറിച്ചുള്ള വിവരം അറിയാൻ വേണ്ടിയാണെങ്കിൽ പോലും യുദ്ധ തടവുകാരനെ ഉപദ്രവിക്കുന്നതും ശിക്ഷിക്കുന്നതും ഒരു അർത്ഥത്തിലും ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. ഇമാം മാലിക് (റ) നോട് ചോദിക്കപ്പെട്ടു: ശത്രുക്കളുടെ ഉള്ളുകളികൾ അറിയുന്നതിന് വേണ്ടി ബന്ദികളെ ശിക്ഷിക്കുന്നത് അനുവദനീയമാണോ? അദ്ദേഹം പറഞ്ഞു: ” അങ്ങനെ ഒരു വിവരം ഞാൻ കേട്ടിട്ടില്ല”.

തടവുകാരോട് അവരുടെ തടവുകാലയളവിൽ കുശലാന്വേഷണം നടത്തുന്നതും മാന്യമായി സംസാരിക്കുന്നതുമെല്ലാം ശരീഅത്ത് അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുവഴി ദീൻ വിലക്കിയിട്ടുള്ള അഭിമാനക്ഷതം, ആളുകളെ അവഗണിക്കുക എന്നിവയിൽ നിന്ന് ബന്ദികൾക്ക് ഒരു പരിധിവരെ രക്ഷപ്പെടാനും കഴിയും. ഇങ്ങനെ തടവുപുള്ളികളോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറുന്നതിലൂടെ ഒരുപക്ഷേ അവർ ഇസ്‌ലാം സ്വീകരിക്കാൻ വരെ കാരണമായേക്കും. 

ഥുമാമത്ത് ബ്നു ഉഥാൽ എന്ന വ്യക്തി പ്രവാചകൻ (സ) യുടെ അടുക്കൽ ബന്ദിയായ സന്ദർഭം ഹദീസുകളിൽ കാണാവുന്നതാണ്. പള്ളിയുടെ ചുമരിൽ ബന്ധനസ്ഥനാക്കപ്പെട്ട ഥുമാമയോട് പ്രവാചകൻ(സ) ചോദിച്ചു: “ഞാൻ നിന്നെ എന്ത് ചെയ്യുമെന്നാണ് നീ കരുതുന്നത്” ? ഥുമാമ: “അങ്ങ് ജനങ്ങളോട് ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണ്. താങ്കൾ എന്നെ വധിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഞാൻ അതിന് അർഹനാണ്. താങ്കൾ എന്നെ മോചിപ്പിക്കുന്നുവെങ്കിൽ ഞാനെന്നും അങ്ങയോട് കടപ്പെട്ടിരിക്കും, താങ്കൾക്ക് പണമാണ് വേണ്ടതെങ്കിൽ എന്നോട് എത്രയും ആവശ്യപ്പെടാവുന്നതാണ്”, ഇത് കേട്ട് പ്രവാചകൻ തിരിച്ചുപോയി. പിറ്റേന്ന് ഇതേ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു. ഥുമാമ തലേന്ന് പറഞ്ഞ അതേ ഉത്തരങ്ങൾ പറയുകയും ചെയ്തു, മൂന്നാം ദിവസം പ്രവാചകൻ ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുകയും ഥുമാമ മറുപടി നൽകുകയും ചെയ്തു.അപ്പോൾ പ്രവാചകൻ പറഞ്ഞു: ” ഥുമാമയെ മോചിപ്പിക്കുക ” . 

മോചിപ്പിക്കപ്പെട്ടതിനുശേഷം ഥുമാമ ശുദ്ധിയായി പള്ളിയിൽ കയറി ശഹാദത്ത് ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. എന്നിട്ട് പ്രവാചകൻ (സ) യോട് പറഞ്ഞു: “ഇതുവരെ ഭൂമിയിൽ ഏറ്റവും വെറുപ്പുള്ളത് അങ്ങയോടായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഖം താങ്കളുടേതാണ്. എന്നെ ഏറ്റവും കോപാകുലനാക്കിയ മതം താങ്കളുടേതായിരുന്നു. ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയങ്കരം താങ്കളുടെ ദീനാണ്. എനിക്ക് ഇവിടം ഒട്ടും ഇഷ്ടമല്ലായിരുന്നു. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് താങ്കളുടെ ഈ നാടാണ്.” തടവുകാരിൽ ചിലരെ പ്രവാചകൻ വിട്ടയക്കുകയും ചിലരോട് മോചനദ്രവ്യം വാങ്ങുകയും എന്നാൽ ചിലരെ വധിച്ചു കളയുകയും ചെയ്തിരുന്നു. ഇതൊക്കെയും സാഹചര്യത്തിന്റെയും സന്ദർഭത്തിന്റെയും തേട്ടമനുസരിച്ചാണ് പ്രവാചകൻ ചെയ്തിരുന്നത് എന്ന് ഇമാം ഇബ്നുൽ ഖയ്യിം(റ) നിരീക്ഷിക്കുന്നു. 

യുദ്ധത്തടവുകാരെ സ്വയം നിലയ്ക്ക് വധിച്ചു കളയാൻ ആർക്കും അവകാശമില്ല. ഭരണാധികാരിക്ക് മുന്നിൽ ഹാജരാക്കുകയും ബന്ദിയുടെ ഉപദ്രവം ഭയന്ന് ഭരണാധികാരിയുടെ കൽപ്പനയോടു കൂടി മാത്രമേ അയാൾ വധിക്കപ്പെടുകയുള്ളൂ. ഒരിക്കൽ ഖാലിദ്ബ്നുൽ വലീദ് കുറേ ആളുകളെ ബന്ദികളായി പിടികൂടി വധിച്ചപ്പോൾ പ്രവാചകൻ അദ്ദേഹത്തെ ശാസിക്കുകയും ഖാലിദും സംഘവും ചെയ്തതിനോട് എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന് പറയുകയും ചെയ്തത് ചരിത്രത്തിൽ കാണാവുന്നതാണ്. 

സാലിം (റ) അദ്ദേഹത്തിൻ്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ബനു ജുസൈമ ഗോത്രത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടി ഖാലിദ് (റ) നെയും സംഘത്തെയും പ്രവാചകൻ (സ) പറഞ്ഞയച്ചു. ഇസ്‌ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബനൂ ജുസൈമ ഗോത്രം വിസമ്മതിച്ചു. അപ്പോൾ ഖാലിദ് ബിനു വലീദ് (റ) അവരിൽ ചിലരെ കൊന്നുകളയുകയും ബാക്കിയുള്ളവരെ ബന്ദികളായി പിടികൂടുകയും ചെയ്തു.  ബന്ദികളായവരെ കൊന്നുകളയാൻ കൂടെയുള്ളവരോട് ഖാലിദ് (റ) കൽപ്പിച്ചപ്പോൾ അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: ” അല്ലാഹുവാണ എൻ്റെ ബന്ദിയെ ഞാൻ കൊല്ലുകയില്ല.നിങ്ങൾ ആരും തന്റെ തടവുകാരനെ കൊല്ലുകയും അരുത്.” അങ്ങനെ ഞങ്ങൾ പ്രവാചകന്റെ അടുക്കൽ എത്തുകയും കാര്യങ്ങളെല്ലാം അറിയിക്കുകയും ചെയ്തപ്പോൾ പ്രവാചകൻ (സ) കൈകൾ ഉയർത്തി ഇപ്രകാരം പറഞ്ഞു : ” അല്ലാഹുവേ, ഖാലിദ്  ചെയ്തതിനോട് എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല”. 

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടത് മുതൽ അവർ തങ്ങളുടെ കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ വസ്ത്രം, ഭക്ഷണം ,പാർപ്പിടം, മാന്യമായ പെരുമാറ്റം തുടങ്ങിയവ ഉൾപ്പെടെ അവരുടെ പൂർണ്ണമായ ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു.

ഇമാം ത്വബ്‌രി ഉദ്ധരിക്കുന്ന ഒരു ചരിത്രത്തിൽ അദിയ്യ് ബ്നു ഹാതിമിൻറെ മകൾ ത്വയ്യ് ഗോത്രക്കാരുടെ തടവുകാരിയാവുന്ന സന്ദർഭം വിശദീകരിക്കുന്നുണ്ട്.  അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ച് കൊണ്ടുപോവാൻ ആരുമില്ലാതായപ്പോൾ, അവർ സുരക്ഷിതയായി നാട്ടിലെത്തുന്നതിനാവശ്യമായ മുഴുവൻസൌകര്യങ്ങളും പ്രവാചകൻ (സ) ഒരുക്കി കൊടുത്തു എന്നാണ് അതിൻറെ സാരം. മോചനദ്രവ്യം വാങ്ങിയതിനു ശേഷം തടവുകാരനെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പ്രവാചകന്റെ ഈ നടപടിയിൽ നിന്നും മനസ്സിലാക്കാം. അയാൾ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത് വരെയുള്ള ആവശ്യമുള്ള പണം, വസ്ത്രം, തുടങ്ങിയ വിഭവങ്ങളുടെ ലഭ്യത കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്

യുദ്ധ തടവുകാരോടുള്ള ഇസ്‌ലാമിന്റെ സമീപനം എങ്ങനെയെന്ന് ഇതിനോടകം വ്യക്തമാണ്. ഇനി വായനക്കാരന് പരിശോധിച്ചു നോക്കാവുന്നതാണ്; ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും തടവുകാർക്ക് സംഭവിച്ചതിനെ കുറിച്ച്, ഫലസ്ത്വീൻ പോരാളികൾക്ക് സയണിസ്റ്റ് അഗ്രഹാരങ്ങളിൽ സംഭവിക്കുന്നതിനെ കുറിച്ച്, ചെച്നിയനൻ പോരാളികൾ റഷ്യൻ തടങ്കൽപാളയങ്ങളിൽ നേരിടുന്നതിനെ കുറിച്ച്, മറ്റനേകം ആലംബഹീനരായ ബന്ദികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതയെ കുറിച്ച് . അല്ലാഹു പറഞ്ഞത് എത്ര സത്യം! “തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ” (കഹ്ഫ്: 20).

വിവ: മുഖ്‍താർ നജീബ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles