Current Date

Search
Close this search box.
Search
Close this search box.

നോമ്പുകാരന്‍ സിനിമ, നാടകം തുടങ്ങിയ കലാപരിപാടികള്‍ കണ്ടാസ്വദിക്കുന്നതിന് വിരോധമുണ്ടോ?

ചോദ്യം: നോമ്പുകാരന്‍ സിനിമ, നാടകം തുടങ്ങിയ കലാപരിപാടികള്‍ കണ്ടാസ്വദിക്കുന്നതിലും ക്യാരംസ് മുതലായ കളികളിലേർപ്പെടുന്നതിലും വിരോധമുണ്ടോ?

ഉത്തരം: ഇസ്‌ലാമില്‍ വ്രതാനുഷ്ഠാനമെന്നാല്‍ ഭക്ഷണമുപേക്ഷിക്കല്‍ മാത്രമല്ല. അല്ലാഹുവിനോടുള്ള ഭക്തിയും ആത്മശുദ്ധീകരണത്തിനുള്ള അഭിവാഞ്ഛയുമാണ് വ്രതത്തിന്റെ കാതല്‍. അന്നപാനീയങ്ങളുപേക്ഷിക്കുക വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യരൂപം മാത്രമേ ആകുന്നുള്ളൂ. ഭക്തിയില്‍ നിന്നും ആരാധനയില്‍ നിന്നും മുക്തമായ നോമ്പ് ഉള്‍ക്കാമ്പില്ലാത്ത പുറംതോട് മാത്രമാണ്.

അതിനാല്‍ യഥാര്‍ത്ഥ നോമ്പ്കാരന്‍ ചെയ്യേണ്ടത് വ്രതവേള എങ്ങനെയെങ്കിലും തള്ളിനീക്കുകയല്ല, പ്രത്യുത, ഭക്തിയോടെ ആരാധനാ കര്‍മ്മങ്ങളിലേര്‍പ്പെടുകയാണ്. വിശുദ്ധ ഖുര്‍ആനും സുന്നത്തും മറ്റു സാഹിത്യങ്ങളും പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുക, ദിക്‌റുകളും തസ്ബീഹുകളും ചൊല്ലിക്കൊണ്ടിരിക്കുക, ആത്മപരിശോധന നടത്തി മുമ്പ് ചെയ്തുപോയ തെറ്റുകളില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുക, നിശാവേളകളില്‍ ദീര്‍ഘനേരം നമസ്‌കരിക്കുക എന്നിവയിലൊക്കെയാണ് നോമ്പുകാരന്‍ ഏര്‍പ്പെടേണ്ടത്.

നിരര്‍ത്ഥകമായ വിനോദങ്ങളും വൃഥാവേലകളും നോമ്പിന്റെ ആത്മസത്തയോട് പൊരുത്തപ്പെടുന്നതല്ല. നോമ്പുകാരന്‍ ഏര്‍പ്പെടുന്ന വിനോദങ്ങളും തമാശകളും അനഭിലഷണീയങ്ങള്‍ കൂടിയാണെങ്കില്‍ അയാളുടെ നോമ്പ് തികച്ചും പാഴ് വേലയായിത്തീരുന്നു. നബി (സ) പറയുന്നു ‘വ്രതം ഒരു പരിചയാകുന്നു. നിങ്ങളിലൊരുവന് നോമ്പുനാളായാല്‍ അവന്‍ അസഭ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യാതിരിക്കട്ടെ. അവനോട് ആരെങ്കിലും ശകാരിക്കുകയോ ശണ്ഠ കൂടുകയോ ചെയ്താല്‍ തന്നെ അവന്‍ പറയട്ടെ: ഞാന്‍ നോമ്പുകാരനാണ്.’

‘ഒരുവന്‍ വ്യാജഭാഷണവും കര്‍മവും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ അന്നവും വെള്ളവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്‍പര്യവുമില്ല.’

നോമ്പുകാരനെ സംബന്ധിച്ചിടത്തോളം സിനിമ, നാടകം, ക്യാരംസ് എന്നിവക്ക് പ്രത്യേകം വിധിയില്ല. നേരത്തെ സൂചിപ്പിച്ച നോമ്പിന്റെ അന്തരസത്തയോട് പൊരുത്തപ്പെടാത്തതെന്തും നോമ്പുകാരന് വര്‍ജ്ജ്യമാണ്. സിനിമയും നാടകവും നോമ്പുകാരനില്‍ ഭക്തിയും അറിവും ആത്മവിശുദ്ധിയും വര്‍ദ്ധിപ്പിക്കാനുതകുന്നതാണെങ്കില്‍ അഭിലഷണീയവും അല്ലെങ്കില്‍ വര്‍ജ്ജ്യവുമാകുന്നു.

എന്നാല്‍ ഒരാള്‍ അഭിലഷണീയമല്ലാത്ത കര്‍മങ്ങളിലോ കളിതമാശകളിലോ ഏര്‍പ്പെട്ടതുകൊണ്ട്, കര്‍മശാസ്ത്രപരമായി അയാളുടെ നോമ്പ് അസാധുവാകുന്നില്ല. അതായത് നിയമത്തിന്റെ ദൃഷ്ടിയില്‍ അയാള്‍ നോമ്പുകാരന്‍ തന്നെ ആയിരിക്കും. ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും പാരത്രിക പ്രതിഫലത്തെയുമാണ് അത് ബാധിക്കുക. നോമ്പുപേക്ഷിച്ചതിനുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്നെങ്കിലും അത്തരം നോമ്പുകാര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

 

കടപ്പാട്: പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍ -ടി.കെ ഉബൈദ്

Related Articles