Current Date

Search
Close this search box.
Search
Close this search box.

ഖുർആനും റമദാനും ശഫാഅത്ത് ചെയ്യുമ്പോൾ

عن عبدالله بن عمرو، رضى الله عنه، أن رسول الله صلى الله عليه وسلم قال: الصيام والقرآن يشفعان للعبد يوم القيامة، يقول الصيام: أى رب، منعته الطعام والشهوات بالنهار، فشفعنى فيه، ويقول القرآن: منعته النوم بالليل، فشفعنى فيه، فيشفعان )رواه أحمد(.

അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: നോമ്പും ഖുർആനും മനുഷ്യനുവേണ്ടി ശിപാർശചെയ്യും. നോമ്പ് പറയും: നാഥാ, ഭക്ഷണം, ലൈംഗികതൃഷ്ണ എന്നിവയിൽനിന്ന് പകൽമുഴുവൻ ഞാനവനെ തടഞ്ഞു. അതുകൊണ്ട് അവനുവേണ്ടി എൻറെ ശുപാർശ നീ സ്വീകരിക്കണേ. ഖുർആൻ പറയും: അവൻ രാത്രി ഉറങ്ങുന്നത് ഞാൻ തടഞ്ഞു. അതുകൊണ്ട് അവനുവേണ്ടി എൻറെ ശുപാർശ നീ സ്വീകരിക്കണേ. അപ്പോൾ ആ രണ്ടു ശുപാർശകളും സ്വീകരിക്കപ്പെടും. (അഹ്‌മദ്‌)

മാധ്യസ്ഥ്യം, ഇടനില, മധ്യവർത്തിത്വം, മധ്യസ്ഥത വഹിക്കൽ, ശുപാർശ എന്നൊക്കെ മലയാളത്തിൽ അർഥം പറയുന്ന വാക്കാണ് ശഫാഅത്ത്. വിശ്വാസികൾക്ക് ഏറെ സുപരിചിതമായ പദം. എന്താണ് ശഫാഅത്ത് ?

വിചാരണ നാളിൽ മറ്റുള്ളവരുടെ പ്രയാസങ്ങളെ പ്രതിരോധിക്കാനും പ്രയോജനങ്ങൾ നേടിക്കൊടുക്കാനും മധ്യവർത്തിയായി നിലകൊള്ളലാണ് ശഫാഅത്ത്. ആ നാളിൻറെ ഉടമസ്ഥൻ അല്ലാഹുവാണ്. ആകാശഭൂമികളിലുള്ള സകലത്തിൻറെയും ഉടമയും അവൻ തന്നെ. എല്ലാ ശുപാർശയുടെയും അധികാരം അവനാണ്. മൂന്ന് ഉപാധികളാണ് അതിനുള്ളത്.

ഒന്ന്, ശിപാർശകൻ അല്ലാഹുവിൻറെ പ്രീതി നേടിയവനാകണം. വാനലോകത്ത് എത്രയെത്ര മലക്കുകളാണുള്ളത്. അവരുടെ ശിപാർശകൾ അൽപവും പ്രയോജനപ്പെടുകയില്ല- അല്ലാഹു ശിപാർശ കേൾക്കാനുദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തവർക്ക് അവൻ അനുമതി നൽകിയ ശേഷമല്ലാതെ” (അന്നജ്മ്)

രണ്ട്, ആർക്കുവേണ്ടിയാണോ ശഫാഅത്ത് നൽകപ്പെടുന്നത് അവനും അല്ലാഹുവിൻറെ പ്രീതി നേടിയവനാകണം. അൽ അമ്പിയാ അധ്യായത്തിൽ ഇരുപത്തിയെട്ടാം സൂക്തത്തിൽ അല്ലാഹു പറഞ്ഞു: ”അവൻ തൃപ്തിപ്പെട്ടവർക്കുവേണ്ടിയല്ലാതെ അവർ ശിപാർശ ചെയ്യുകയില്ല. അവർ അവനോടുള്ള ഭയത്താൽ സംഭീതരാകുന്നു.”
“അന്ന് ആർക്കും ആരുടേയും ശിപാർശ ഫലിക്കുകയില്ല. ആർക്കുവേണ്ടി കരുണാമയൻ അനുമതി നൽകുകയും ആർക്കുവേണ്ടി സംസാരിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നുവോ അവർക്കൊഴിച്ച്.” (ത്വാഹ :109)

മൂന്ന്, ശുപാർശകന് അല്ലാഹുവിൻറെ അനുമതി ലഭിക്കണം. . ” അവൻറെ അനുമതി കൂടാതെ അവൻറെയടുക്കൽ ശിപാർശ നടത്താൻ ആരുണ്ട്?” എന്ന് ആയതുൽ കുർസിയ്യിൽ അല്ലാഹു ചോദിക്കുന്നുണ്ട്.

ശഫാഅത്ത് പലവിധമുണ്ട്. ഒന്ന് മുഹമ്മദ് നബിക്ക് പ്രത്യേകമായ മഹത്തായ ശഫാഅത്താണ്. സ്വർഗക്കാർക്ക് സ്വർഗപ്രവേശം സാധിക്കുന്നതിനുള്ള, തൻറെ സമുദായത്തിന് വിചാരണ കൂടാതെ സ്വർഗത്തിൽ കടക്കുന്നതിനുള്ള റസൂലിൻറെ ശഫാഅത്ത് ആണത്. രണ്ടാമത്തേത്, റസൂലിനും മറ്റ് മുസ്‌ലിംകൾക്കും പൊതുവായുള്ളതാണ്. നരകത്തിൽ പ്രവേശിച്ച ജനങ്ങൾക്ക് അതിൽനിന്ന് പുറത്ത് കടക്കാനുള്ള, നരകാർഹരായ ജനങ്ങൾ അഗ്നികുണ്ഡത്തിൽ പ്രവേശിക്കാതിരിക്കുന്നതിനുള്ള ശഫാഅത്താണ്. ഒടുവിലത്തേത്, സ്വർഗാർഹരായ വിശ്വാസികൾക്ക് പറുദീസയിൽ ഉയർന്ന സ്ഥാനങ്ങളും പദവികളും നേടുന്നതിനുള്ളതാണ്.

അന്ത്യനാളിൽ മഹ്ശറിൽ ഒരുമിച്ച് കൂട്ടപ്പെടുന്ന മനുഷ്യർ അവിടുത്തെ ഭീകരാന്തരീക്ഷത്തിൽ നിന്ന് മോചനം കൊതിക്കുന്നു. വിചാരണ വേഗമായിക്കിട്ടാൻ അല്ലാഹുവിനോട് ആരെങ്കിലും അഭ്യർഥിക്കണം. അതിനായ് ജനം പ്രവാചകന്മാരോടൊക്കെ ആവശ്യപ്പെടുന്നു. ആരും ആ ദൗത്യം ഏറ്റെടുക്കാൻ കൂട്ടാക്കാതിരിക്കുമ്പോൾ മുഹമ്മദ് നബി(സ) മുന്നോട്ടുവരുന്നു. ശഫാഅത്തിനുള്ള അവസരത്തിനായ് കാത്തിരുന്ന് അവസരം നേടി വിധികൽപിക്കാൻ അല്ലാഹുവിനോട് ശുപാർശ നടത്തുന്നു.

മനുഷ്യർക്കിടയിൽ നടക്കുന്നപോലെയല്ല ദൈവസന്നിധിയിലെ ശിപാർശ. ശിപാർശക്ക് അവസരം ലഭിക്കുക എന്നത് അപൂർവ സൗഭാഗ്യമാണ്. അനുമതിയില്ലാതെ ആർക്കുമത് സാധ്യമല്ല ശിപാർശ ചെയ്യുന്നവൻ മാത്രം യോഗ്യത നേടിയാൽ പോരാ ആർക്കുവേണ്ടിയാണോ ശിപാർശ നടത്തപ്പെടുന്നത് അവരും ദൈവപ്രീതി ആർജിച്ചവരായിരിക്കണം.

സർവലോകങ്ങളുടെയും ഉടമസ്ഥനും പരിപാലകനും പരമാധികാരിയുമായ അല്ലാഹുവിൻറെ തന്നെ ആധിപത്യത്തിൽ പെട്ടതാണ് ശഫാഅത്തും. ” പറയുക: ‘ശിപാർശകളൊക്കെയും അല്ലാഹുവിന്റെ അധികാരത്തിൽ മാത്രമാകുന്നു. അവൻ മാത്രമാകുന്നു ആകാശഭൂമികളുടെ ആധിപത്യത്തിനുടയവൻ.”( അസ്സുമർ 44 )

ശഫാഅത്തുമായി ബന്ധപ്പെട്ട ധാരാളം മിഥ്യാധാരണകൾ സമൂഹം വെച്ചുപുലർത്തുന്നുണ്ട്. ശിപാർശ സ്വീകരിക്കുന്നത് പോയിട്ട് ശിപാർശയുമായി അല്ലാഹുവിൻറെ അടുത്തേക്ക് ചെല്ലാൻ കരുത്തുള്ളവരായി ആരുമില്ല. ശിപാർശക്ക് അനുമതി നൽകലും നിഷേധിക്കലും ആർക്കുവേണ്ടിയുള്ള ശിപാർശ സ്വീകരിക്കണം നിരാകരിക്കണം എന്നതെല്ലാം അവൻറെ മാത്രം അധികാരത്തിൽ പെട്ടതാണ്.

അല്ലാഹു വെച്ച ഉപാധികൾക്ക് വിരുദ്ധമായി ആരിൽനിന്നും ഒരു ശിപാർശയും അവൻ സ്വീകരിക്കുകയില്ല. പിതാവ് ആസറിനുവേണ്ടി അല്ലാഹുവിൻറെ ആത്മമിത്രം ഇബ്‌റാഹീം നബി അന്ത്യനാളിൽ പിതാവിനെ നരകത്തിലിടുന്നതിനേക്കാൾ വലിയ അപമാനമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ആസറിനെ നരകത്തിലേക്ക് വലിച്ചെറിഞ്ഞാണ് അല്ലാഹുവിൻറെ മറുപടിയെന്ന് കാണാം. പ്രവാചകത്വത്തിന് ശേഷവും പ്രവാചകനെ ഏറെ പിന്തുണച്ച അബൂത്വാലിബിനുപോലും രക്ഷയില്ലെന്ന് ഖുർആൻ അടിവരയിടുന്നുണ്ട്. “ബഹുദൈവവിശ്വാസികൾക്ക് പാപമോചനത്തിനുവേണ്ടി പ്രാർഥിക്കുക പ്രവാചകന്നും സത്യവിശ്വാസികളായ ആളുകൾക്കും ഭൂഷണമല്ലതന്നെ. അവർ എത്ര ഉറ്റ ബന്ധുക്കളായിരുന്നാലും ശരി; അവർ നരകാവകാശികളാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞാൽ.”(അത്തൗബ: 113)

സിറാത്ത് കടക്കുമ്പോൾ നരകത്തിലകപ്പെട്ടുപോയവർക്ക് വേണ്ടി സ്വർഗാവകാശികൾ അല്ലാഹുവിനോട് അഭ്യർഥിക്കുന്നതാണെന്ന് മുസ്‌ലിം ഉദ്ധരിച്ച ഹദീസിൽ കാണാം.
“…എൻറെ ആത്മാവ് ആരുടെ കയ്യിലാണോ കാര്യം നേടാൻ നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നതിനേക്കാൾ എത്രയോ ശക്തിയേറിയ വിധത്തിലായിരിക്കും അന്ന് ഖിയാമത്ത് നാളിൽ വിശ്വാസികൾ നരകത്തിൽ വീണുപോയ തങ്ങളുടെ സഹോദരങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനോട് ചോദിക്കുന്നത് : നാഥാ, അവർ ഞങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുകയും നമസ്കരിക്കുകയും ഹജ്ജ് നിർവഹിക്കുകയും ചെയ്തവരാണ്…”(മുസ്‌ലിം)

നോമ്പും ഖുർആനും സ്വയം തന്നെ അവയെ ശെരിയാം വിധം ഉപയോഗപ്പെടുത്തിയവർക്ക് വേണ്ടി അല്ലാഹുവിനോട് സംസാരിക്കുമെന്നാണ് മേൽ ഹദീസ് പറഞ്ഞുവെക്കുന്നത്. ‘അന്ത്യനാളിൽ സത്യവിശ്വാസികൾക്കുവേണ്ടി മുഹമ്മദ് നബി ശുപാർശ ചെയ്യുന്നതായിരിക്കും. ഒരാളുടെ സൽക്കർമങ്ങൾ, അയാൾ ഇന്ന സൽകർമങ്ങൾ ചെയ്താണ് വന്നത്, അതുകൊണ്ട് അയാൾക്ക് മാപ്പ് ചെയ്യണം എന്ന് അല്ലാഹുവിൻറെ മുമ്പിൽ ശുപാർശ ചെയ്യും. ആ ശുപാർശ അല്ലാഹു സ്വീകരിക്കുമെന്ന് നബി പറഞ്ഞിരിക്കുന്നു’.

നോമ്പുകാരനുവേണ്ടി ശിപാർശ ചെയ്യുന്ന നോമ്പിൽ തെറ്റായ വാക്കോ കർമമോ ശത്രുതയോ അക്രമമോ ഒന്നും ആരോടും ചെയ്തിരുന്നില്ല. തിന്മകൾകൊണ്ട് നശിക്കാത്ത, പ്രതിഫലം പാഴാകാത്ത, നാവും കണ്ണുകളും കൈകാലുകളും സകലം വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്നെല്ലാം സുരക്ഷിതമായിരുന്നു. റമദാൻ മാസത്തിൽ നോമ്പും ഖുർആനും ചേർന്നത് വളരെ അളവിൽ ദൈവ സാമീപ്യത്തിന് വിശ്വാസിയെ സഹായിക്കുന്നു. ഖുർആനും നോമ്പും തമ്മിലെ ബന്ധം വ്യക്തമാണ്. റമദാനിലെ പകൽ സമയത്തെ നോമ്പ് അതിൽ പ്രധാനമാണ്. നോമ്പിലൂടെ ഉണ്ടാവുന്ന ക്ലേശങ്ങളിൽ ക്ഷമിച്ചും അകത്തും പുറത്തും തെറ്റുകളില്ലാതാക്കുന്ന ഖുർആൻ പാരായണത്തിലൂടെയും ധാരാളം നന്മകൾ നേടാൻ സാധിക്കുന്നു. രാത്രി നമസ്കാരത്തിലൂടെ ഖുർആനിലൂടെ ചിന്തിക്കാൻ ഹൃദയത്തെ സജ്ജമാക്കുന്നു. വ്രതത്തിലൂടെ, രാത്രി നമസ്കാരത്തിലൂടെ ഭൗതികവും ആത്മീയവുമായ ഹൃദയവിശുദ്ധി കൈവരിക്കാനാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട് .

വിശുദ്ധ ഖുർആനിൻറെ പാരായണത്തിലൂടെയും പഠനത്തിലൂടെയും വിശ്വാസിക്ക് ഏറെ പുണ്യവും പ്രതിഫലവും ലഭിക്കാനുണ്ട്. ക്ലേശിച്ച് വായിക്കുന്നവന്ന് ഇരട്ട പ്രതിഫലം നേടാൻ കഴിയും. ഓരോ അക്ഷരങ്ങൾക്കും പത്ത് കൂലി വേറെയുമുണ്ട്. അത്തരം നേട്ടങ്ങളിലൊന്നാണ്, അന്ത്യനാളിൽ ഖുർആൻ അതിനെ യഥാവിധം ഉപയോഗപ്പെടുത്തിയവർക്ക് ശഫാഅത്ത് നല്കുമെന്നത്. ആബൂ ഉമാമയിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ) പറയുന്നതായി ഞാൻ കേട്ടു.”നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചായം അന്ത്യനാളിൽ അത് തൻറെ അനുയായികൾക്കായി ശുപാർശകനെ കൊണ്ടുവരുന്നതാണ്.” ബുഖാരി

Related Articles