അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ സൂറ അന്നിസാഇലെ 3 സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ സംക്ഷിപ്തമായി പഠിപ്പിച്ചു. നബി തിരുമേനി (സ) അദ്ദേഹത്തിന്‍റെ മുന്നില്‍ വന്ന അനന്തരാവകാശ പ്രശ്നങ്ങള്‍ ഈ ഖുര്‍ആനിക സൂക്തങ്ങള്‍ വെച്ചുകൊണ്ട് വിശദീകരിച്ചു തന്നു. പിന്നീട് കാലാനുസൃതമായി മുന്നില്‍ വരുന്ന വിഷയങ്ങള്‍ക്ക് – മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ – ഖുര്‍ആനും ഹദീസും മുന്നില്‍ വെച്ച് ഇസ് ലാമിക പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് ഏകോപിച്ച് പ്രായോഗിക രൂപങ്ങള്‍ കണ്ടെത്തുന്നു. “ഇജ്മാ”എന്നാണ് ഇതിന് പറയുക. ഖുര്‍ആനും നബിചര്യയും പോലെ ഇജ്മാഉം ഇസ്ലാമിലെ നിയമനിര്‍മ്മാണ അടിസ്ഥാങ്ങളില്‍ ഒന്നാണ്.
അനന്തരാവകാശികള്‍ ആരൊക്കെയെന്നും, ഓരോരുത്തരുടെയും ഓഹരി എത്രയെന്നും ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില കേസുകളില്‍ അവകാശികള്‍ക്ക് എല്ലാവര്‍ക്കും അവരുടെ നിര്‍ണിത ഓഹരി കൊടുത്തുകഴിഞ്ഞാലും സ്വത്ത് ബാക്കിയാവുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. മറ്റ് ചില കേസുകളിലാവട്ടെ, അവകാശികള്‍ കൂടുതലും സ്വത്ത് എല്ലാവര്‍ക്കും തികയാതെയും വന്നേക്കാം. അങ്ങിനെയുള്ള കേസുകളിലെ പ്രായോഗിക രൂപമാണ് ഔലും റദ്ദും.
റദ്ദ്
നിര്‍ണിതഓഹരി അവകാശികള്‍ ഉണ്ടാവുകയും, ശിഷ്ട ഓഹരിക്കാര്‍ (നിര്‍ണിത ഓഹരിക്കാര്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന സ്വത്ത് ലഭിക്കുന്നവര്‍ – അസ്വബ എന്നാണ് അനന്തരാവകാശ ഭാഷ) ഇല്ലാതിരിക്കുകയും ചെയ്യുന്ന കേസുകളില്‍ അവരുടെ ഓഹരി കൊടുത്തുകഴിഞ്ഞാലും സ്വത്ത് ബാക്കിയുണ്ടാവും. അപ്പോള്‍ ബാക്കിയാവുന്ന സ്വത്തും നിശ്ചിത ഓഹരിക്കാര്‍ക്ക് അവരുടെ ഓഹരി അനുസരിച്ച് വീതിച്ചു നല്‍കുകയാണ് ചെയ്യുക. ഇതാണ് റദ്ദ് എന്ന്‍ അറിയപ്പെടുന്നത്.
ലളിതമായ ഉദാഹരണത്തില്‍ പറഞ്ഞാല്‍: പരേതന് 2 പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍, മൂന്നില്‍ രണ്ട് ഭാഗമാണല്ലോ (ഓരോ മകള്‍ക്കും മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്ന് വീതം) ഓഹരി എന്ന നിലക്ക് അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ശിഷ്ടാവകാശികള്‍ ആരുമില്ല എങ്കില്‍, ബാക്കിയുള്ള മൂന്നിലൊന്ന് കൂടി അവര്‍ക്ക് തന്നെ നല്കും. അപ്പോള്‍ മൊത്തം സ്വത്തിനെ രണ്ടാക്കി ഓരോരുത്തര്‍ക്കും ഓരോ ഓഹരി നല്കും. ഓരോരുത്തര്‍ക്കും മൊത്തം സ്വത്തിന്‍റെ പകുതി വീതം ലഭിക്കും.
ഔല്‍
ഇസ്ലാമിലെ നിയമങ്ങള്‍ക്ക് അടിസ്ഥാനം ഖുര്‍ആന്‍, നബിചര്യ, ഇജ്മാഅ’ (പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായം), ഖിയാസ് (നിലവിലുള്ള ഒരു നിയമം തത്തുല്യമായ മറ്റ് വിഷയങ്ങളിലും ബാധകമാക്കല്‍) എന്നിവയാണ് എന്ന കാര്യം സര്‍വ്വാംഗീകൃതമാണ് മുകളില്‍ പറഞ്ഞു.
ഇസ്ലാമിലെ അനന്തരാവകാശ ഓഹരികളെ നമുക്ക് മൂന്നായി തിരിക്കാം.
ഒന്ന്: عادة ആദ: (സര്‍വ്വസാധാരണം): അവകാശികള്‍ക്ക് അവരുടെ നിര്‍ണിതഓഹരി നല്കിയാല്‍ ബാക്കിയാവാത്ത സാധാരണ അവസ്ഥ.
രണ്ട്: قاصرة ഖാസിറ: (ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നത്): അവകാശികള്‍ക്ക് അവരുടെ നിര്‍ണിത ഓഹരി നല്‍കിക്കഴിഞ്ഞാലും സ്വത്ത് ബാക്കിയുണ്ടാവുന്ന അവസ്ഥ. (ഇത്തരം കേസുകളില്‍ “റദ്ദ്” എന്ന രീതിയാണ് സ്വീകരിക്കുക. അതിനെ സംബന്ധിച്ച് മുകളില്‍ പറഞ്ഞു.)
മൂന്ന്: عائلة ആഇല: (ഓഹരി കൊടുക്കാന്‍ തികയാതെ വരുന്നത്): ഓഹരിയേക്കാള്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടാവുന്ന അവസ്ഥ. ഇതില്‍ നിന്നാണ് “ഔല്‍” ഉണ്ടാവുന്നത്.
ഇജ്മാഅ’ പ്രകാരം സ്ഥാപിതമായ, അനന്തരാവകാശ നിയമത്തിലെ ഒരു പ്രത്യേക പ്രായോഗിക നിയമമാണ് ഔല്‍.
ഖുര്‍ആനില്‍ അനന്തരാവകാശ നിയമങ്ങള്‍ അടിസ്ഥാനങ്ങള്‍ വിവരിച്ചു. നബി തിരുമേനി (സ) അവിടത്തെ ജീവിതകാലത്ത് തന്‍റെ മുന്നില്‍ വന്ന വിഷയങ്ങള്‍ പ്രായോഗികമായി കാണിച്ചുതന്നു. നബി തിരുമേനിയുടെ കാലത്തും, ശേഷം ആദ്യഖലീഫ അബൂബക്കര്‍ (റ) വിന്‍റെ കാലത്തും വന്നിട്ടില്ലാത്ത ഒരു വിഷയമാണ് ഖലീഫ ഉമര്‍ (റ) വിന്‍റെ കാലത്ത് വന്ന അനന്തരാവകാശ വിഷയം. ഭര്‍ത്താവും 2 സഹോദരികളുമുള്ള ഒരു സ്ത്രീയുടെ അനന്തരാവകാശ പ്രശ്നം വന്നു. (ഭര്‍ത്താവും, ഉമ്മയും,സഹോദരിയും എന്നും പറയപ്പെടുന്നു).
ഖുര്‍ആനിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ഈ കേസില്‍,പരേതയ്ക്ക് മക്കള്‍ ഇല്ലാത്തതിനാല്‍ അവരുടെ സ്വത്തിന്‍റെ പകുതി ഭര്‍ത്താവിനും, സഹോദരികള്‍ 2 പേര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗവും കിട്ടണം. ഈ കേസിനെ വീതിക്കുന്നത്, മൊത്തം സ്വത്തിനെ 12 ഭാഗമാക്കി ഭര്‍ത്താവിന് 6 ഓഹരികളും, ഓരോ സഹോദരിക്കും 4 ഓഹരികള്‍ വീതവും നല്കണം. അങ്ങിനെ വരുമ്പോള്‍ 6+4+4=14 ഓഹരികള്‍ ആയി വരും. മൊത്തം സ്വത്താവട്ടെ 12 ഓഹരികളും.
ഉമര്‍ (റ) വിഷയം അന്ന് ജീവിച്ചിരുന്ന പ്രമുഖ സ്വഹാബികളുമായി ചര്‍ച്ച ചെയ്യുകയും അവര്‍ ഏകോപിച്ച് എത്തിയ അഭിപ്രായമായിരുന്നു,അവകാശികള്‍ക്കിടയില്‍ ആനുപാതികമായി കുറവ് അംഗീകരിക്കുക എന്നാണ്. അതായത് മുകളില്‍ പറഞ്ഞ കേസില്‍, ഭര്‍ത്താവ് 6/12 കിട്ടേണ്ട സ്ഥാനത്ത് 6/14 കൊണ്ട് തൃപ്തിപ്പെടുക. സഹോദരികള്‍ ഓരോരുത്തരും 4/12 നു പകരം 4/14 കൊണ്ടും തൃപ്തിപ്പെടുക. എല്ലാ അവകാശികളും ആനുപാതികമായി നഷ്ടത്തില്‍ പങ്കാളിയാവുക എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അനന്തരാവകാശ നിയമത്തില്‍ 2, 3, 4, 6, 8, 12, 24 എന്നീ സംഖ്യകളാണ് പൊതുഛേദമായി വരുക. ഇവയില്‍ 6,12, 24 എന്നീ സംഖ്യകള്‍ മാത്രമാണു ഔല്‍ ആയി വരാറുള്ളത്. മറ്റുള്ളവ ഔല്‍ ആവുകയില്ല.
· 6 എന്ന സംഖ്യ 7, 8, 9, 10 എന്നീ സംഖ്യകളിലേക്ക് ഔല്‍ ആകും.
· 12 എന്ന സംഖ്യ 13, 14, 15 എന്നീ സംഖ്യകളിലേക്ക് ഔല്‍ ആകും.
· 24 എന്ന സംഖ്യ 27 എന്ന സംഖ്യയിലേക്ക് മാത്രമേ ഔല്‍ ആകൂ.
എന്തുകൊണ്ട് ഔല്‍?
ശിഷ്ടാവകാശികള്‍ ഇല്ലാതെ അംശാവകാശികള്‍ മാത്രം ഉണ്ടാവുകയും,അംശാവകാശികളും ഓഹരിയും തമ്മില്‍ അന്തരം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. അപ്പോള്‍ ഏതെങ്കിലും അവകാശിയെ ഓഹരി നല്‍കാതെ ഒഴിവാക്കുന്നതിന് പകരം, എല്ലാവര്‍ക്കും ആനുപാതികമായി ഓഹരിയില്‍ കുറവ് വരുത്തുക എന്നതാണ് അതിനുള്ള പരിഹാരം. അതാണ് ഔല്‍.
ഒരാള്‍ കടബാധിതനാവുകയും അയാളുടെ സ്വത്തും കടവും തമ്മില്‍ അന്തരം ഉണ്ടാവുമ്പോള്‍, ഉള്ള സ്വത്ത് കടം നല്‍കിയവര്‍ക്കിടയില്‍ ആനുപാതികമായി വീതിക്കുകയും ബാക്കിയുള്ളത് അവര്‍ വിട്ടുവീഴ്ച ചെയ്യുകയുമാണല്ലോ ചെയ്യുക. അതേ രീതിയാണ് ഇവിടെയും സ്വീകരിക്കുക. ഔല്‍ വഴി ഓരോ അവകാശിയും അവരുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും, എല്ലാവര്‍ക്കും ഓഹരി ലഭിക്കുകയും, ആരും ഓഹരി ലഭിക്കാതെ പുറത്താകാത്തിരിക്കുകയും ചെയ്യുന്നു. പ്രായോഗികമായ ഒരു ഉദാഹരണം മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1