Current Date

Search
Close this search box.
Search
Close this search box.

സ്റ്റ്രാറ്റജിക് ഫിഖ്ഹിന് ഒരു വനിതാ റഫറൻസ് 

ധൈര്യം മാത്രമാണ് രണ്ടാമതും ശ്രമിക്കാനും പ്രതീക്ഷയുടെ ജനലും വാതിലുമെല്ലാം തുറക്കാനും നിങ്ങളെ സഹായിക്കുന്നത് (وحدها الجسارة هي التي تعينك أن تحاول مرة أخرى، تفتح النوافذ وتشرع الأبواب للجديد) എന്ന ഒരു വാചകമാണ് അത് പറഞ്ഞതാരാണെന്ന ആകാംക്ഷയിൽ ഈജിപ്റ്റിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ഡോ . ഹിബ റഊഫ് ഇസ്സതിനെ ഫോളോ ചെയ്യാൻ പ്രേരിപ്പിച്ചത്. കൈറോ ഹൗസ് ഓഫ് വിസ്ഡത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, ഈജിപ്ഷ്യൻ ചിന്തക, കെയ്‌റോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ, കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി, ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് എന്നിവയിലെ വിസിറ്റിംഗ് ലക്ചറർ, പ്രസിദ്ധ പാക്-ബ്രിട്ടീഷ് പണ്ഢിതനും ഗ്രന്ഥകാരനും സാംസ്കാരികവിമർശകനുമായ സിയാവുദ്ദീൻ സർദാരിന്റെ ദാർശനിക കൃതികളുടെ അറബി പരിഭാഷക എന്നിവയെക്കാൾ ‘സ്റ്റ്രാറ്റജിക് ഫിഖ്ഹ് ‘ എന്ന പേരിൽ അറിയപ്പെടുന്ന ആധുനിക രാഷ്ട്രീയ നയതന്ത്ര കർമശാസ്ത്രമെന്ന നൂതന കർമശാസ്ത്ര വിഷയത്തിൽ ആധികാരിക പഠനങ്ങൾ നടത്തിയ മഹിളാരത്നം എന്ന നിലയിലാണ് ഇവർ ലോക ഇസ്ലാമിസ്റ്റുകൾക്കിടയിൽ അറിയപ്പെടുന്നത്. സ്റ്റ്രാറ്റജികൽ കർമ്മശാസ്ത്രത്തെക്കുറിച്ചും നാഗരിക പരിഷ്കരണത്തേയും ദീനീ നവോഥാനത്തേയും ശരിയായരീതിയിൽ കൊണ്ടുപോവാനുള്ള ദീർഘകാല പദ്ധതികളെക്കുറിച്ചാണ് അവർക്ക് പറയാനുള്ളത്.

കൂടാതെ ആധുനിക – മതേതര രാഷ്ട്രസങ്കല്പങ്ങളെക്കുറിച്ചും ആധുനിക മതമീംമാസാ വ്യതിരക്തതകളെക്കുറിച്ചും സെകുലറിടങ്ങളിലെ രാഷ്ട്രീയ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും അത്യാകർഷകമായി സംവദിക്കുന്നുവെന്നതാണ് മുർസിയാനന്തര ഈജിപ്റ്റിൽ അവരെ വ്യത്യസ്തയാക്കുന്നത്.

2013 ജൂൺ 25 മുതൽ ഹിവാറു സ്സുലസാ ( ശഹീദ് ഹസനുൽ ബന്ന നടത്തിയിരുന്ന ഹദീസുസ്സുലസാ എന്ന പള്ളി ക്ലാസുകളുടെ പേരിനോട് സാമ്യം ) എന്ന പേരിൽ ഫേസ്ബുക്കിൽ നടത്തിയിരുന്ന ചൊവ്വാഴ്ച ക്ലാസുകളും സംഭാഷണവും അറബ്-ഇംഗ്ലീഷ് യുവതീ യുവാക്കളിൽ വളരെ സ്വാധീനം ചെലുത്തി. ഇബ്നു ഖൽദൂന്റെ മുഖദ്ദിമയും മറ്റും ആ ലെക്ചർ സീരീസിൽ പെട്ടതായിരുന്നു. പഠിതാക്കളുടെ താല്പര്യം മാനിച്ച് പ്രസ്തുത ക്ലാസുകൾ പിന്നീട് ശനിയാഴ്ചയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയായിരുന്നപ്പോൾ മുതൽ ഇഖ് വാന്റെ വനിതാ വിഭാഗമായ അഖവാതുമായി വൈജ്ഞാനിക മേഖലകളിൽ സഹകരിച്ചിരുന്നുവെങ്കിലും മുർസി സർക്കാറിനുണ്ടായ ചില ബാഹ്യ – ആഭ്യന്തര സമ്മർദ്ദങ്ങളിൽ മനം നൊന്ത് ബോധപൂർവ്വമായ അകൽച്ച പാലിച്ചു പോരുന്നു. തുടക്കത്തിൽ പ്രസിഡന്റ് മുർസിയുടെ ഭരണാഘടനാ റിവ്യൂ കമ്മിറ്റിയിലെ പത്തംഗങ്ങളിലെ വനിതാ പ്രതിനിധിയായിരുന്നു ഡോ. ഹിബ.എന്നാൽ അവരുടെ അകാദമിക – ധൈഷണിക ജീവിതത്തിന് അനുഗുണമായിട്ടുള്ളത് ഈ നിഷ്പക്ഷ നിലപാടാണെന്ന് അവരുടെ പല ക്യാമ്പുകളുടേയും സംഘാടകനായ ഡോ. ജാസിർ ഔദ അഭിപ്രായപ്പെടുന്നു.

അവരുടെ സെകുലർ ഇടപെടലുകൾ ജനകീയമാവാനും അത്തരമൊരു അകാദമിക സാഹചര്യമാണനുഗുണമെന്ന് തന്നെയാണ് നമ്മുടെയും വിശ്വാസം. ലോകാടിസ്ഥാനത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ശരീഅതിന്റെ വീക്ഷണത്തിൽ പഠിച്ച് അവയ്ക്ക് പറ്റിയ നിലപാടുകൾ രൂപീകരിക്കുക എന്നതാണ് സ്റ്റ്രാറ്റജിക് ഫിഖ്ഹ് . മഖാസ്വിദുശ്ശരീഅ: (ശരീഅതിന്റെ ഉന്നത ലക്ഷ്യങ്ങൾ ദീക്ഷിക്കൽ ), ഫിഖ്ഹുൽ മആലാത് ( പ്രതിഫലനങ്ങൾ പരിഗണിക്കുന്ന കർമശാസ്ത്രം), ഫിഖ്ഹുൽ മുവാസന ( താരതമ്യ ഫിഖ്ഹ്), ഫിഖ്ഹുൽ ഔലവിയ്യ( മുൻഗണനാ ക്രമത്തിന്റെ ഫിഖ്ഹ്), ഫിഖ്ഹു സ്സിയാസ(രാഷ്ട്രീയ കർമശാസ്ത്രം) എന്നിവയുടെ അടിസ്ഥാനത്തിൽ ഉരുവം കൊണ്ട ചില അതി സൂക്ഷ്മ കണ്ടെത്തലുകളാണ് ഇത്തരം ചർച്ചകളിൽ കടന്നു വരുന്നത്. ഡോ. മദ്ഹത് മാഹിറുല്ലൈസി, ഡോ. ഹജ്ജാജ് അബൂ ജബർ തുടങ്ങിയ വിരിലില്ലെണ്ണാവുന്ന റഫറൻസുകളിൽ ആർക്കും മുൻകൂട്ടി അപോയിന്റ്മെന്റ് കൂടാതെ സൗഹാർദപൂർവ്വമായി സംസാരിക്കാവുന്ന റഫറൻസാണ് ഡോ. ഹിബ.

സ്റ്റ്രാറ്റജിക് ഫിഖ്ഹ് സംബന്ധിയായ വളരെ പ്രധാനപ്പെട്ട മൂന്നു ഗ്രന്ഥങ്ങൾ അറബിയിൽ അവർ രചിച്ചിട്ടുണ്ട്. Dr.Heba Raouf Izzet എന്ന പേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും അവരെ ഫോളോ ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയും.

റഫറൻസ് : വിക്കിപീഡിയ, ട്വിറ്റർ , ഫേസ്ബുക്ക്

Related Articles