Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതന്മാര്‍ കാലത്തോട് സംവദിക്കേണ്ടതിന്റെ പ്രസക്തി

scholars.jpg

ആധുനിക പണ്ഡിതന്മാര്‍ മുറുകെ പിടിക്കേണ്ട അടിസ്ഥാനങ്ങളില്‍ പ്രഥമമാണ് ജനങ്ങളെ അവര്‍ക്കറിയാവുന്ന ഭാഷയില്‍ അഭിസംബോധന ചെയ്യുകയെന്നത്. അപൂര്‍വമായ പദപ്രയോഗങ്ങളും, ബുദ്ധീജീവി സാങ്കേതികത്വങ്ങളും പരമാവധി ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇമാം അലി(റ)യില്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു ‘ജനങ്ങള്‍ക്ക് മനസ്സിലാവുന്ന വിധ്തതില്‍ നിങ്ങളവരോട് സംസാരിക്കുക. അവര്‍ക്കറിയാത്തത് ഉപേക്ഷിക്കുക. അല്ലാഹുവും അവന്റെ പ്രവാചകനും കളവാക്കപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?’

അല്ലാഹു പറയുന്നു ‘തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം ഒരു പ്രവാചകനെയും നിയോഗിച്ചിട്ടില്ല. അദ്ദേഹം അവര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടിയാണത്.’ എല്ലാ കാലത്തിനും അതിന്റെതായ ഭാഷയും, ശൈലിയുമുണ്ട്. അതിനാല്‍ ഇക്കാലത്ത് ജനങ്ങളെ അഭിസംബോധന ചെയ്യാനാഗ്രഹിക്കുന്നവര്‍ ഈ കാലഘട്ടത്തിന്റെ ഭാഷയില്‍ അത് നിര്‍വഹിച്ച് കൊള്ളട്ടെ.

ഇവിടെ ഭാഷ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് സംസാരത്തില്‍ ഉപയോഗിക്കുന്നക കേവലം ചില പദങ്ങള്‍ മാത്രമല്ല. മറിച്ച് അതിനേക്കാള്‍ വിശാലമായ അര്‍ത്ഥത്തിലാണ്. മനുഷ്യന്റെ ചിന്താരീതി, മനസ്സിലാക്കാനുള്ള സാധ്യത തുടങ്ങിയവയെല്ലാം അവ ഉള്‍ക്കൊള്ളുന്നു.

നമ്മുടെ കാലഘട്ടത്തിന്റെ ഭാഷയില്‍ പല ഘടകങ്ങളും ഇഴചേര്‍ന്നിരിക്കുന്നു. പണ്ഡിതന്മാരും ഫത്‌വ നല്‍കുന്നവരും അവ പരിഗണിക്കേണ്ടതുണ്ട്.

1. ബുദ്ധിപൂര്‍വം ജനങ്ങളെ അഭിംസബോധന ചെയ്യുക. കേവലം ആശ്ചര്യമുളവാക്കുന്നതോ, വൈകാരികമായി ഇളക്കിവിടുന്നതോ ആയ പ്രയോഗങ്ങളല്ല നടത്തേണ്ടത്. ഇസ്‌ലാമിന്റെ ഏറ്റവും വലിയ മുഅ്ജിസത്ത് ബുദ്ധിപരമാണ്. അഥവാ ഖുര്‍ആനാണത്. ബുദ്ധിയെയും, വിജ്ഞാനത്തെയും ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തത് പോലെ മാനവകുലത്തില്‍ മറ്റൊരു മതവും ദര്‍ശനവും ചെയ്തിട്ടില്ല.
2. പദങ്ങളും ശൈലികളും സ്വീകരിക്കുന്നതില്‍ കൃത്രിമത്വമോ, സങ്കീര്‍ണതയോ ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഞാന്‍ സാധാരണയായി വളരെ ലളിതവും, പരിചിതവും, സുഗ്രാഹ്യവുമായ പദങ്ങളാണ് ഉപയോഗിക്കാറുള്ളത്. വളരെ അപൂര്‍വമായി മാത്രമാണ് ഗ്രാമീണ ഭാഷ പ്രയോഗിക്കാറുള്ളത്. അതും ചില ചൊല്ലുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ മാത്രം. നമ്മുടെ ശ്രോതാക്കള്‍ വ്യത്യസ്തമാണ്. പണ്ഡിതന്മാരം, സാധാരണക്കാരും, വിദ്യാര്‍ത്ഥികളും, കച്ചവടക്കാരും, തൊഴിലാളികളും അവരിലുണ്ട്. അവരെയെല്ലാം പരിഗണിക്കുന്ന പൊതുവായ ശൈലികളും പ്രയോഗങ്ങളുമാണ് നാം ഉപയോഗിക്കേണ്ടത്.
3. വിധി പറയുന്നതിന്റെ കൂടെ അതിന്റെ കാരണവും, പിന്നിലുള്ള യുക്തിയും വിശദീകരിക്കേണ്ടതുണ്ട്. അതിന് രണ്ട് ന്യായങ്ങളുണ്ട്. പ്രഥമമായി ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും രീതി അപ്രകാരമാണ്. ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളെ സമീപിക്കരുതെന്ന കല്‍പനയുടെ കൂടെ തന്നെ അത് മാലിന്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഉദാഹരണം. രണ്ടാമതായി നമ്മുടെ കാലത്ത് സംശയാലുക്കളും, സംശയം ജനിപ്പിക്കുന്നവരും ധാരാളമായുണ്ട്. അതിനാല്‍ തന്നെ കാരണവും, യുക്തിയും മനസ്സിലാക്കാതെ വിധി സ്വീകരിക്കാന്‍ അവര്‍ തയ്യാറായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ആരാധനകളല്ലാത്ത വിഷയങ്ങളില്‍.

നമ്മുടെ കാലത്തിന്റെയും, അതിലെ ജനങ്ങളുടെയും പ്രകൃതം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ വിധിക്ക് പിന്നിലുള്ള യുക്തി ബോധ്യപ്പെടുന്നത് അവരുടെ മനപ്രയാസം നീങ്ങാന്‍ കാരണമാവുന്നതാണ്. സംശയാലുക്കളുടെ സന്ദേഹങ്ങള്‍ ദുരീകരിക്കാനും, സംതൃപ്തിയോടെ അനുസരിക്കാനും അത് വഴിവെക്കുന്നു.

അതിനോടൊപ്പം തന്നെ, അല്ലാഹു നമ്മുടെ യജമാനനാണെന്നും അവനിഛിക്കുന്നത് അടിമയുടെ മേല്‍ നടപ്പിലാക്കാന്‍ അവന് അവകാശമുണ്ടെന്നും നാം ജനങ്ങള്‍ക്ക് വിശദീകരിക്കേണ്ടിയിരിക്കുന്നു. അത് അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് അടിമകളുടെ ബാധ്യതയുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles