Current Date

Search
Close this search box.
Search
Close this search box.

ഗര്‍ഭസ്ഥശിശുവിന്റെ അനന്തരാവകാശം

baby.jpg

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തികഞ്ഞ അരാജകത്വമായിരുന്നു ഇസ്‌ലാമിന് മുമ്പ് നടമാടിയിരുന്നത്. അതില്‍ ഒന്നായിരുന്നു പലര്‍ക്കും വിലക്കപ്പെട്ടിരുന്ന അനന്തരാവകാശം. കുടുംബത്തിന്റെ സംരക്ഷകരായിട്ടുള്ളവര്‍ക്ക് മാത്രം നീക്കിവെക്കപ്പെട്ട ഒന്നായിരുന്നു അത്. ദുര്‍ബലര്‍ക്കും കുട്ടികള്‍ക്കും അതില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല.

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ അല്ലാഹുവിന്റെ കാരുണ്യത്തിന് മുഴുവന്‍ ജനങ്ങളും അര്‍ഹരായി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാതാവിന്റെ ഗര്‍ഭാശയത്തില്‍ കിടക്കുന്ന ശിശുവിന് പോലും ആ കാരുണ്യവും പരിഗണനയും ലഭിച്ചു. ഗര്‍ഭസ്ഥശിശുവിനും അനന്തരാവകാശത്തില്‍ ഓഹരി നിശ്ചയിക്കപ്പെട്ടു. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായ സമ്പത്തിന്റെ സംരക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനാണത്. ഗര്‍ഭസ്ഥശിശുവിന്റെ അവകാശം നഷ്ടപെടാതിരിക്കാന്‍ അനന്തരമെടുക്കപ്പെടുന്നയാളുടെ മരണത്തോടെ സ്വത്ത് മറ്റ് അവകാശികള്‍ക്കിടയില്‍ വീതിക്കുകയില്ല. പ്രാഥമികമായി ഒരു വീതം അല്ലെങ്കില്‍ വെക്കല്‍ നടത്തുകയും പിന്നീട് ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ പ്രസവത്തിന് ശേഷം അന്തിമമായി ഓഹരികള്‍ നിര്‍ണയിച്ച് വീതം വെക്കുകയും ചെയ്യുന്നു. മാതാവിന്റെ ഗര്‍ഭാശയത്തിലാണെങ്കിലും കുട്ടിയുടെ അവകാശം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണത്. ശിശുവിനെ കുറിച്ച് കൃത്യമായ ഒരു ധാരണ ലഭിക്കാത്ത സന്ദര്‍ഭമാണത്. ജീവനോടെയാണോ പുറത്ത് വരിക, അതല്ല ജീവനില്ലാതെയായിരിക്കുമോ? ആണായിരിക്കുമോ? പെണ്ണായിരിക്കുമോ? ഒന്നില്‍ കൂടുതലുണ്ടാകുമോ എന്നൊന്നും അറിയാത്ത അവസ്ഥയാണത്. നിര്‍ണിതമായ ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിനെ ചുറ്റിപറ്റിയുള്ള കര്‍മശാത്ര വിധികളുണ്ട്.

ഗര്‍ഭസ്ഥശിശുവിന്റെ അനന്തരാവകാശം ; നിബന്ധനകള്‍
1. അനന്തരമെടുക്കപ്പെടുന്ന വ്യക്തി മരിക്കുന്ന സമയത്ത് മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഉണ്ടാവുക.
2. മാതാവിന്റെ ഉദരത്തില്‍ നിന്ന് ജീവനോടെ പുറത്ത് വരിക.

അവകാശികളില്‍ ഒരാള്‍ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗര്‍ഭത്തിലായിരിക്കുന്ന അവസ്ഥയില്‍ തന്നെ ഓഹരി വെക്കണമെന്നതാണ് അതില്‍ ഒന്നാമത്തെ പക്ഷം. പ്രസവിക്കുന്നത് വരെ ഓഹരി വെക്കുന്നത് താമസിപ്പിക്കണമെന്നതാണ് രണ്ടാമത്തെ വീക്ഷണം. അനന്തര സ്വത്ത് ഓഹരി വെക്കുന്നതിന് ഗര്‍ഭത്തിലുള്ള കുട്ടി ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് മാലികി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം. ശാഫിഈ മദ്ഹബിനും ഇതേ അഭിപ്രായമാണുള്ളത്. ഹനഫി, ഹമ്പലി മദ്ഹബുകളിലും മാലികി മദ്ഹബിലെ ചിലരും അഭിപ്രായപ്പെട്ടിരിക്കുന്നത് പ്രസവിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്നാണ്. എന്നാല്‍ നിര്‍ണിതമായ ഓഹരി അവശേഷിപ്പിച്ചു കൊണ്ടായിരിക്കണമിത്.

ഗര്‍ഭസ്ഥ ശിശുവിനായി മാറ്റി വെക്കേണ്ടത് എത്രയാണെന്നതിലും ഫുഖഹാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്.
1. നാല് ആണ്‍കുട്ടികളുടെ ഓഹരി അല്ലെങ്കില്‍ നാല് പെണ്‍കുട്ടികളുടെ ഓഹരി ഏതാണോ കൂടുതല്‍ അത് മാറ്റി വെക്കണം.
2. രണ്ടു പേരുടെ ഓഹരി മാറ്റി വെക്കണം, പുരുഷന്റെ ഓഹരിയാണ് കൂടുതലെങ്കില്‍ അതാണ് പരിഗണിക്കേണ്ടത്. സ്ത്രീകളുടെ ഓഹരിയാണ കൂടുതലെങ്കില്‍ മാറ്റി വെക്കേണ്ടത് അതാണ്.
3. ഒരു ആണ്‍കുട്ടിക്കുള്ള ഓഹരി മാറ്റി വെക്കുകയും കൂടുതല്‍ കുട്ടികളുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി കരുതലായി സമാനമായ ഓഹരി അനന്തര സ്വത്തില്‍ നിന്ന് വേറെയും എടുത്ത് വെക്കണം.

അനന്തരസ്വത്തിന്റെ വിഭജനത്തിന് ഗര്‍ഭസ്ഥശിശു പ്രസവിച്ച് അതിന്റെ അവസ്ഥയും വിശേഷണവും വ്യക്തമാകുന്നത് വരെ കാത്തിരിക്കണമെന്ന് അഭിപ്രായത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കാരണം അത് ചിലപ്പോള്‍ ഒന്നാകാം ഒന്നില്‍ കൂടുതലാകാം. ആണാവാം പെണ്ണാവാം, ജീവനോടെ ജനിക്കാം അല്ലെങ്കില്‍ ജീവനില്ലാതെയും ജനിക്കാം. ഓഹരിവെക്കാന്‍ ധൃതി വെക്കുന്നത് പലപ്പോഴും ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ഓഹരി നഷ്ടപ്പെടുന്നതിന് കാരണമായേക്കാം. നിലവിലുള്ളവരിലേക്ക് അതിന്റെ ഓഹരി മടങ്ങുകയും തിരിച്ച് കിട്ടാത്ത അവസ്ഥ വരികയും ചെയ്യാം. മാത്രമല്ല ഓഹരി വെക്കുന്നതില്‍ അവ്യക്തത്വകള്‍ നിലനില്‍ക്കുന്നതിനും അത് കാരണമായി മാറും.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles