Current Date

Search
Close this search box.
Search
Close this search box.

ഫർദ് കിഫായ:‌ ഇസ്ലാമിലെ സാമൂഹിക ഉത്തരവാദിത്തം

വ്യക്തിവാദവും സാമൂഹിക ഒറ്റപ്പെടലും (social isolation) കൂടുതൽ സ്വീകര്യമായിക്കൊണ്ടിരിക്കുന്ന സംസ്കാരങ്ങൾക്ക് ആധിപത്യമുള്ള ഒരു ലോകത്ത് മുസ്‌ലിം സമുദായത്തിന്റെ ഔന്നത്യത്തിന് അവശ്യമായ ഘടകങ്ങളെ കുറിച്ച് പുനരാലോചിക്കേണ്ടതുണ്ട്. സംഘടിത നമസ്‍കാരം, മരണനാന്തര ചടങ്ങുകൾ തുടങ്ങിയ ആരാധന കർമങ്ങൾ കൂടാതെ സാമൂഹികവും സാമ്പത്തികവുമായ നിരവധി സേവനങ്ങളും മുസ്‌ലിം സമൂഹത്തിൻറെ ബാധ്യതയാണ്. സമുദായാംഗങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തെ കുറിച്ചും നമുക്ക് ഉത്തരവാദിത്തമുണ്ട്. 

അല്ലാഹുവിന്റെ ദൂതർ പറയുന്നു: “സത്യാവിശ്വാസികൾ ഒരു കെട്ടിടത്തിലെ ഇഷ്ടികകൾ പോലെയാണ്, പരസ്പരം ശക്തിപ്പെടുത്തും”, രണ്ടു കൈകളിലെയും വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് പ്രവാചകൻ ഈ ബന്ധത്തെ അനുയായികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു1. ചില കൂട്ടുത്തരവാദിത്തങ്ങളുടെ കാര്യത്തിലുള്ള കൃത്യവിലോപവും കർത്തവ്യങ്ങൾക്ക് മുൻഗണനകൾ നിർണയിക്കുന്നതിലെ വീഴ്ച്ചകളും സമുദായത്തിന്റെ ഭാവിയെ അപകടത്തിലാക്കിയേക്കാവുന്ന കാര്യങ്ങളാണ്. 

ഇസ്‌ലാമിക ലക്ഷ്യങ്ങളും നിയമങ്ങളും സ്ഥാപിക്കുന്നതിലും നില നിർത്തുന്നതിലും സമുദായത്തിനുള്ള പങ്കിനെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. സാമൂഹിക ബാധ്യതകൾ (ഫർദ് കിഫായ) എന്ന സങ്കല്പത്തിലൂടെയാണ് സമുദായത്തിനുള്ള പങ്കിനെ കുറിച്ച ആലോചനകൾ നടത്തുന്നത്. അമുസ്‌ലിം സമൂഹത്തിൽ ജീവിക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകൾ എന്ന സവിശേഷ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് ഈ ആലോചനകൾ നടത്തുന്നത്. പാശ്ചാത്യ അകാദമിക രചനകളിൽ ഫർദ് കിഫായയെ കുറിച്ചും അതിന്റെ ദൈവശാസ്ത്രപരവും നിയമപരവുമായ വശങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ തുലോം തുച്ഛമാണ്2

ഇഗ്ലീഷ് ഭാഷയിലുള്ള മിക്ക പ്രധാനപ്പെട്ട ഇസ്‌ലാമിക എൻസൈക്ലോപീഡിയകളിലും ഫർദ് കിഫായ എന്ന ഒരു തലക്കെട്ട് കാണാൻ സാധിക്കുകയില്ല. മറിച്ച് നിയമ സംബന്ധമായ മറ്റ് വിഷയങ്ങളുടെ കൂടെ പ്രദിപാദിപ്പിക്കുകയാണ് ചെയ്തത്3. ഫർദ് കിഫായ എന്ന സങ്കൽപ്പത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ഇസ്‌ലാമിക തത്വങ്ങളുടെ സംസ്ഥാപനത്തിൽ ഈ സങ്കല്പത്തിനുള്ള പങ്കിനെ കുറിച്ചും ലേഖനം ചർച്ച ചെയ്യുന്നു. 

ഫർദ് കിഫായക്ക് നിദാന ശാസ്ത്രത്തിൽ (ഉസൂലുൽ ഫിഖ്ഹ്) നൽകപ്പെട്ടിട്ടുള്ള നിർവചനം, കർമശാസ്ത്രത്തിൽ (ഫിഖ്ഹ്) പ്രയോഗിക്കപ്പെട്ടിട്ടുള്ള രീതികൾ, മുൻഗണന ക്രമം എന്നിവയാണ് ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ ചർച്ച ചെയ്യപ്പെടുന്നത്. രണ്ടാം ഭാഗത്ത്‌ ‘സമുദായം’ എന്ന സാങ്കേതിക പദത്തിന്റെ സാധ്യതകൾ പരിശോധിക്കപ്പെടുന്നു. പദത്തിന്റെ പാശ്ചാത്യ സങ്കൽപ്പത്തോട് താരതമ്യപ്പെടുത്തികൊണ്ടാണ് ഈ പരിശോധന. പാരമ്പര്യ സാമൂഹിക ബാധ്യതകൾ എന്ന സങ്കല്പത്തിന്റെ പ്രസക്തിയെ കുറിച്ചും ഈ ഭാഗത്ത്‌ ചർച്ച ചെയ്യപ്പെടുന്നു. 

സാമൂഹിക ബാധ്യത; നിർവചനം

ശരീഅഃത്തിൽ (ഇസ്‌ലാമിക നിയമം) നിർബന്ധിത ബാധ്യതകൾ (വാജിബ്) പല തരത്തിലുണ്ട്. നിർവഹിക്കുന്ന വ്യക്തിയെയോ നിർവഹിക്കപ്പെടുന്ന സമയത്തെയോ പരിഗണിക്കാത്ത വർഗീകരണമാണ് ഒന്ന്. ഇത് പ്രകാരം രണ്ട് തരം ബാധ്യതകളുണ്ട്; 1, ദിനേനയുള്ള അഞ്ചു നമസ്കാരത്തിന്റെ വിധി പോലെ എല്ലാവർക്കും ബാധകമായത് (മുഅയ്യൻ). 2, ബാധ്യതകളുടെ നിർണിത സാധ്യതകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കാൻ അവസരമുള്ളത് (മുഖയ്യർ). ഉദാഹരണം, നേർച്ച തെറ്റിച്ചാലുള്ള മൂന്ന് പ്രതിവിധികളിൽ നിന്ന് ഒന്ന് തെരെഞ്ഞെടുക്കുക എന്ന വിധി4. നിർവഹിക്കപ്പെടുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു വർഗീകരണം. ഇത് പ്രകാരം ചില ബാധ്യതകൾ സമയ ബന്ധിതമാണ് (മുഅഖ്ഖത്ത്). ഇവ വീണ്ടും മുവസ്സ, മുതയ്യഖ് എന്നിങ്ങനെ രണ്ടായി തരം തിരിയുന്നു. ഒരു ബാധ്യത നിർവഹിക്കാൻ ആവശ്യമായതിലധികം സമയം ലഭിക്കുന്ന അവസ്ഥയാണ് മുവസ്സ. ദൈനംദിന നമസ്ക്കാരങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സമയം മുവസ്സ ആയ ബാധ്യതകൾക്ക് ഉദാഹരണമാണ്. നിർണയിക്കപ്പെട്ട കൃത്യ സമയത്തു തന്നെ  നിർവഹിക്കേണ്ട ബാധ്യതയാണ് മുഖയ്യദ്. നോമ്പ് മുറിക്കാനുള്ള ചുരുങ്ങിയ സമയം ഇതിന് ഉദാഹരണമാണ്. 

നിർവഹിക്കുന്ന വ്യക്തിയെ പരിഗണിച്ചു കൊണ്ടുള്ള വർഗീകരണമാണ് വൈയക്തിക ബാധ്യതയും (ഫർദ് അയ്ൻ) സാമൂഹിക ബാധ്യതയും (ഫർദ് കിഫായ). 5ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം പരിഗണിച്ചു കൊണ്ട് ‘വാജിബ്’, ‘ഫർദ്’ എന്നീ പദാവലികളെ പര്യായമായാണ് ഇവിടെ ഉപയോഗിക്കുന്നത്6. ഫർദ്, വാജിബ് എന്നീ സാങ്കേതിക പദാവലികളുടെ സൂക്ഷ്മ വിത്യസങ്ങൾ ഈ ലേഖനത്തിന്റെ പ്രമേയമല്ല. മറിച്ച് ഫർദ് കിഫായയുടെ നിർവചനവും ചില പരമ്പരാഗത ഉദാഹരണങ്ങളും അന്വേഷിക്കുന്നതോടൊപ്പം സമുദായ പ്രവർത്തനത്തിലും ആവശ്യങ്ങളിലുമുള്ള പ്രായോഗിക പ്രസക്തിയെ കുറിച്ചുമാണ് ഈ ലേഖനം. 

ഫർദ് കിഫായ എന്ന സങ്കല്പത്തിന്റെ മതപരമായ സാധുതയെ കുറിക്കുന്ന നിരവധി തെളിവുകൾ പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. മൗലികമായ ഉത്തരവാദിത്തങ്ങൾ സമുദായ അംഗങ്ങൾക്കിടയിൽ വീതം വെക്കുന്നതിനെ കുറിച്ചും ‌നന്മ പ്രോത്സാഹിപ്പിക്കാനും തിന്മ തടയാനുമുള്ള സാമൂഹിക ബാധ്യതയെ കുറിച്ചുമുള്ള താഴെ പറയുന്ന ഖുർആൻ വചനങ്ങൾ അത്തരം ചില തെളിവുകളാണ്.

“സത്യാവിശ്വാസികൾ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടേണ്ടിയിരുന്നില്ല.  അവരിൽ ഓരോ വിഭാഗത്തിൽ നിന്നും ഒരു സംഘം ദീനിൽ പാണ്ഡിത്യം നേടാൻ പോകാത്തത് എന്ത് കൊണ്ട്? സ്വന്തം സമൂഹത്തിലേക്ക് തിരിച്ചു വന്നാൽ അവർക്ക് ഉദ്ബോധനം നൽകുവാനും അതുവഴി അവർ കരുതലുള്ളവരാകുവാനും“‘7. ”നന്മയിലേക്ക് ക്ഷണിക്കുകയും ധർമം കൽപ്പിക്കുകയും ആധാർമം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. അവർ തന്നെയാണ് വിജയികൾ“8

ആലു ഇംറാനിലെ ഈ ആയത്തിൽ നിന്നും സാമൂഹിക ബാധ്യതകൾ എന്ന സങ്കല്പത്തിന്റെ ഇസ്‌ലാമിക ചട്ടക്കൂട് ലഭിക്കുന്നുണ്ട്. ഈ ആയത്തിലെ ‘നിങ്ങളിൽ നിന്നും’ എന്ന പ്രയോഗം അഭിസംബോധന ചെയ്യുന്നത് മുഴുവൻ മുസ്‌ലിം സമുദായത്തെയുമാണ് എന്നും, അതല്ല ഭാഗികമായ അഭിസംബോധനയാണ് എന്നും മനസ്സിലാക്കാവുന്നതാണ്. എന്ത് തന്നെയായാലും വൈയക്തിക ഉത്തരവാദിത്തങ്ങൾക്കും സാമൂഹിക ഉത്തരവാദിത്തങ്ങൾക്കും ഇടയിലെ കൂടിച്ചേരലുകളിലേക്ക് ഈ ആയത്ത് സൂചന നൽകുന്നുണ്ട്. ഫർദ് കിഫായയുടെ നിയമ സാധുത തെളിയിക്കാനും സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാനും പണ്ഡിതന്മാർ ഹദീസുകളും ബുദ്ധിപരമായ വാദങ്ങളും കൂടെ ഉദ്ധരിക്കുന്നുണ്ട്. 

മുസ്‌ലിം നിയമ പണ്ഡിതന്മാർ വിത്യസ്ത രീതിയിൽ സാമൂഹിക ബാധ്യതയെ നിർവചിക്കുന്നുണ്ട്. ഇമാം താജുദ്ദീൻ സുബുകിയുടെ നിർവചനം ഇങ്ങനെയാണ്: “നിർവഹിക്കപ്പെടണമെന്ന് നിയമദാതാവ് ആവശ്യപെട്ടിട്ടുള്ള മതപരമോ ലൗകികമോ ആയ ഒരു സുപ്രധാന സംഗതി. ആര് നിർവഹിക്കണം എന്ന് നിർദേശിക്കാതെ,  അതിനെ ഒരു ബാധ്യതയായി നിശ്ചയിച്ചു കൊണ്ടാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കർമം സംഭവിക്കാൻ കർത്താവ് അനിവാര്യമാണമല്ലോ“9.

നിർദേശിക്കപ്പെട്ടിട്ടുള്ള കർമങ്ങളുടെ ആവശ്യകതയെയും അവ നിർവഹിക്കപ്പെടാൻ വേണ്ട പ്രചോദനത്തെയുമാണ് നിർവചനത്തിലെ ‘സുപ്രധാനം’(മുഹിമ്മുൻ) എന്ന വാക്ക് കുറിക്കുന്നത്10. ഇമാം സുബുകിക്ക് മുന്നെ, ഇമാം ഇബ്നു ദഖീഖ് അൽ ഈദ് ഫർദ് കിഫായയെ കർമമായി വിശേഷിപ്പിക്കുന്നുണ്ട്. “പ്രയോജനം ലഭിക്കുക അല്ലെങ്കിൽ ദോഷം തടയുക” എന്ന ഉദ്ദേശത്തോടെയുള്ള കർമമാണത്. “വ്യക്തികളോട് സവിശേഷമായി ആവശ്യപ്പെടാതെയാണ് “ ഈ ഉദ്ദേശം സഫലമാവേണ്ടത്. എന്നാൽ, ”ഇത് വ്യക്തികൾക്കുള്ള പരീക്ഷണവുമല്ല“11.

ഫർദ് കിഫായ സമുദായ അംഗങ്ങൾക്കിടയിൽ കൂട്ടുത്തരവാദിത്തം എന്ന മൂല്യത്തെ പരിപോഷിപ്പിക്കുന്നു. കർമം നിർവഹിക്കുന്നത് ആരാണ് എന്ന് നോക്കാതെ മതപരമോ ലൗകികമോ ആയ പൊതു നന്മകൾക്ക് വേണ്ടി എല്ലാവരും നില കൊള്ളുക എന്നതാണ് ആ മൂല്യം. എല്ലാ മുസ്‌ലിംകൾക്കും അറിയാവുന്നത് പോലെ, കൂട്ടായ ഉത്തരവാദിത്തം നിർവഹിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.  എന്നാൽ നിർവഹിച്ചവരുടെ (മുക്കല്ലഫീൻ) എണ്ണം എത്രയാണെങ്കിലും കർമം  നിർവഹിക്കപ്പെടുന്നതോടെ മറ്റുള്ളവരും ആ മതപരമായ ബാധ്യതയിൽ നിന്ന് മുക്തരാവുന്നു. ആ ബാധ്യത ആരാലും നിർവഹിക്കപ്പെടാതെ പോവുകയാണെങ്കിൽ സമുദായത്തിലെ എല്ലാവരും കുറ്റക്കാരാവുന്നതുമാണ്12.

ഫർദ് കിഫായയുടെ വിത്യസ്ത സന്ദർഭങ്ങളെ അവയുടെ സ്വഭാവവും ആവർത്തനവും അടിസ്ഥാനമാക്കി പണ്ഡിതന്മാർ വർഗീകരണം നടത്തുന്നുണ്ട്. സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അൽ ഗസ്സാലിയുടെ വർഗീകരണം ഒരുദാഹരണമാണ്. ഫർദ് കിഫായയെ തികഞ്ഞ മതപരം, ലൗകികം, രണ്ടും കൂടിയത് എന്നിങ്ങനെ മൂന്ന് തരമായാണ് അദ്ദേഹം തരം തിരിച്ചിട്ടുള്ളത്13. അൽ ഖറാഫി, അൽ സുബുകി, അൽ സർകശി14  എന്നിവർ രണ്ട് തരമായി ഫർദ് കിഫായയെ വേർതിരിക്കുന്നു. (1) ഒരിക്കൽ മാത്രം നിർവഹിക്കേണ്ടവ (ഉദാ: വെള്ളത്തിൽ മുങ്ങുന്നയാളെ രക്ഷിക്കുക). (2) ആവശ്യമുള്ളപ്പോൾ എല്ലാം നിർവഹിക്കേണ്ടവ (ഉദാ: മയ്യത്ത് സംസ്കരണം, ഇസ്‌ലാമിക വിദ്യാഭ്യാസ സേവനങ്ങൾ)15

ഇവിടെ വല്ലപ്പോഴും നിർവഹിക്കേണ്ടവ, തുടർച്ചയായി നിർവഹിക്കേണ്ടവ എന്നിങ്ങനെ രണ്ടു തരം സാമൂഹിക ഉത്തരവാദിത്തങ്ങളാണ് ഉള്ളത്. ഓരോ ഫർദ് കിഫായയുടെയും പ്രാധാന്യം മനസിലാക്കാൻ ഈ വർഗീകരണങ്ങൾ സഹായകമാണ്. ഒരു മുസ്‌ലിമിന്റെ അഭിവാദ്യത്തോട് പ്രതികരിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും മറ്റൊരാളുടെ ജീവനുമായോ അതിജീവനവുമായോ ബന്ധമുള്ള ഉത്തരവാദിത്തവും തുല്യമല്ല എന്നത് അവിതർക്കിതമാണ്. 

ഫർദ് കിഫായ എന്ന സങ്കൽപ്പത്തിന്റെ സാധ്യത വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നിടത്ത് ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ചുള്ള ഈ ചർച്ച പ്രസക്തമാണ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്നതും മനുഷ്യ ജീവൻ സംരക്ഷിക്കുക എന്ന ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നിനു ഭീഷണിയുമായ മഹാമാരിയെ വൈദ്യശാസ്ത്രപരമായോ അല്ലാതെയോ എതിരിടാൻ മുസ്‌ലിംകൾക്ക് ഉത്തരവാദിത്തമുണ്ട് എന്നത് ഫർദ് കിഫായ വിശാലമാവുന്ന സന്ദർഭത്തിന്റെ  ഉദാഹരണമായി എടുക്കാവുന്നതാണ്. 

മഹാമാരിയുടെ കാലത്ത് കൂടുതൽ സജീവമായിരുന്ന സമൂഹത്തിൻറെ വെർച്വൽ സ്വഭാവം (മനുഷ്യരുടെ പരസ്പര ഇടപാടുകൾ കാര്യമായും ഓണ്‍ലൈൻ സംവിധാനങ്ങളിലൂടെ ആയിരുന്ന കാലം) ഫർദ് കിഫായ ബാധ്യതകൾ ബാധകമാവുന്നവരുടെ മാനദണ്ഠങ്ങളിൽ മാറ്റം വരുത്തുന്നത് ഫർദ് കിഫായ ചുരുങ്ങുന്ന സന്ദർഭത്തിന്റെ ഉദാഹരണമായി പറയാവുന്നതാണ്. ഇവയോരോന്നും മറ്റേതിൻറ ഉദാഹരണമായും മനസ്സിലാക്കാൻ കഴിയും. അടുത്ത് ജീവിക്കുന്ന പ്രാദേശിക സമൂഹങ്ങൾക്ക് അത് ചുരുങ്ങുമ്പോൾ ദൂരെ കഴിയുന്ന സമൂഹങ്ങൾക്ക് അതിൽ വിശാലത ഉണ്ടാവുന്നു. 

സാമൂഹിക ഉത്തരവാദിത്തം എന്ന സങ്കല്പത്തിൽ നിർബന്ധിത കർമങ്ങളും (ഫർദ് കിഫായ) ഐച്ചിക കർമങ്ങളും (സുന്നത് കിഫായ) ഉൾക്കൊള്ളുമെന്നു പറഞ്ഞ പണ്ഡിതന്മാരുണ്ട്.  ഇമാം അൽ ഖറാഫിയുടെ വിശിഷ്ട രചനയായ അൽ ഫുറൂഖ് ഇത് ചർച്ച ചെയ്യുന്നുണ്ട്16. തുമ്മിയവന് വേണ്ടി പ്രാർഥിക്കുക, കൂട്ടമായി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ‘ബിസ്മില്ലാഹ്’ പറയൽ, മൊത്തം വീട്ടുകാർക്ക് വേണ്ടി ഉദ്ഹിയത് നിർവഹിക്കുക തുടങ്ങിയവ ശാഫിഈ പണ്ഡിതന്മാർ മുന്നോട്ട് വെച്ച ഈ ഗണത്തിൽ പെടുന്ന ഉദാഹരണങ്ങളാണ്17

സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഉദാഹരണങ്ങൾ

ഫിഖ്ഹ് സംബന്ധിയായ പുസ്തകങ്ങളിലും അൽ സുയൂതിയുടെ ‘അൽ അശ്ബാഹ് വ നളാഇർ’ പോലുള്ള നിയമ തത്വങ്ങൾ (ഖവാഇദ് അൽ ഫിഖ്ഹിയ്യ) സംബന്ധിയായ രചനകളിലും ഫർദ് കിഫായയുടെ വിത്യസ്ത സന്ദർഭങ്ങൾ കാണാൻ കഴിയും18. വിത്യസ്ത മദ്ഹബുകളിൽ നിന്നും ശേഖരിച്ച ചില ഉദാഹരണങ്ങൾ ഇവിടെ കൊണ്ടുവരികയാണ്. നിർവഹിക്കപ്പെടുന്നതിലൂടെ കൈവരിക്കപ്പെടേണ്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദാഹരണങ്ങളെ വർഗീകരിച്ചിട്ടുള്ളത്.

മതാനുഷ്ഠാനങ്ങൾ: മയ്യത്ത് സംസ്കരണം (കുളിപ്പിക്കൽ, കഫൻ ചെയ്യൽ, നമസ്ക്കാരം, മറമാടൽ), എല്ലാ പ്രദേശങ്ങളിലും സംഘടിത നമസ്ക്കാരത്തിന് സൗകര്യമൊരുക്കുക (അഞ്ചു നേരത്തെ നമസ്ക്കാരം, വെള്ളിയാഴ്ച നമസ്കാരം, തറാവീഹ് നമസ്കാരം, ഗ്രഹണ നമസ്കാരം)19, ഒരു പ്രദേശത്തെ ബാങ്ക് വിളിയുടെ ക്രമീകരണം20, ഖിബ്‍‍ലയുടെ ദിശ അറിയാൻ പഠിക്കുക, എല്ലാ വർഷവും ഹജ്ജ് നടത്തുക തുടങ്ങിയവ. 

ആവശ്യമനുസരിച്ചു പള്ളി നിർമിക്കുകയും പരിപാലിക്കുകയും ചെയ്യൽ ഫർദ് കിഫായയാണ് (ഇമറാത്തുൽ മസ്ജിദ് എന്ന ഖുർആനിക ആശയം)21. പള്ളി നിർമിക്കുകയും ആവശ്യമുള്ള സാമഗ്രികൾ സജീകരിക്കുകയും ചെയ്യുക, അവയിൽ വ്യവസ്ഥാപിതമായി ആരാധന കർമങ്ങൾ ക്രമീകരിക്കുക, മറ്റ് അനഭിമത സംഗതികളിൽ നിന്നും പള്ളിയെ സംരക്ഷിക്കുക തുടങ്ങിയവയെ ഫർദ് കിഫായയുടെ ഉദാഹരണങ്ങളായി ഇമാം അൽ ബൈദാവി എണ്ണുന്നുണ്ട്22. മത കാര്യങ്ങളിൽ നല്ല അറിവുള്ളവർ നിർവഹിക്കുമ്പോഴാണ് ഈ ഉത്തരവാദിത്തങ്ങൾ ഏറ്റവും നല്ല രീതിയിൽ പൂർത്തിയാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു23

സാമൂഹിക സേവനങ്ങളും ക്ഷേമവും: അനാഥ കുട്ടികളുടെ സംരക്ഷണം, ദരിദ്രർക്ക് വസ്ത്രവും ഭക്ഷണവും നൽകുക, കഷ്ട്ത അനുഭവിക്കുന്നവർക്ക് താങ്ങാവുക, അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട നിപുണത ലഭ്യമാക്കി കൊടുക്കുക (ബിസിനസ്, കൃഷി, കെട്ടിട നിർമാണം, തയ്യൽ), വിവാഹങ്ങൾ നടത്തി കൊടുക്കുക അല്ലെങ്കിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക, അടിസ്ഥാന ചികിത്സ ലഭിക്കാനുള്ള സൗകര്യം ഒരുക്കുക, രോഗ ശ്രുശ്രൂഷ (രോഗികളെ സന്ദർശിക്കലും)24, ബാലസംരക്ഷണം.

വന്നു ഭവിച്ച വിപത്തുകൾ നീക്കം ചെയ്തു കൊണ്ട് മർദിതരെ സഹായിക്കുന്നതും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതും ഫർദ്  കിഫായയാണ്. ഇമാം ബുഖാരിയുടെ ‘മർദിതരെ സഹായിക്കുക’ എന്ന തലക്കെട്ടിനെ കുറിച്ചു ഇമാം ഇബ്നു ഹജർ പറയുന്നു: “ഫർദ് കിഫായ എല്ലാവർക്കും (മുകല്ലഫീൻ) ബാധകമാണെന്നതിനാൽ, ഇത് എല്ലാ മർദിതരെയും അവരെ സഹായിക്കുന്നവരെയും കുറിച്ചുള്ള ഫർദ് കിഫായയാണ്”25

നന്മ കൽപ്പിക്കലും തിന്മ തടയലും: ഇസ്‌ലാമിക പാരമ്പര്യത്തിലെ എല്ലാ വിജ്ഞാനശാഖകളുടെയും കേന്ദ്ര ബിന്ദുവായി കാണാൻ കഴിയുന്ന സമുദായത്തിന്റെ പ്രധാന ഉത്തരവാദിത്തം26. വിശ്വാസ പ്രമാണം അനുസരിച്ചു അല്ലാഹുവിന്റെ കല്പനകൾ സമൂഹത്തിൽ നടപ്പിൽ വരുത്തുന്നതിനു വേണ്ടി വ്യക്തികൾ നിർവഹിക്കേണ്ട ബാധ്യതയാണത്. ആത്മ പരിശോധനയും സുതാര്യതയും വിശ്വസ്തതയും നില നിൽക്കാനുള്ള ഒരു കൂട്ടായ ശ്രമമായാണ് ആത്മീയത ഇതിനെ കാണുന്നത്. ഫിഖ്ഹ് പ്രകാരം നന്മ കൽപ്പിക്കലും തിന്മ തടയലും ഒരു അധികാരമല്ല, മറിച്ച് നിർവഹിക്കപ്പെടേണ്ട ഒരു അനുഷ്ഠാനമാണ്27.

തിന്മക്കെതിരെയുള്ള കേവല സംസാരത്തിനപ്പുറം തിന്മ ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയലും അവരോട് നന്മ ചെയ്യാൻ ആവശ്യപ്പെടലും ഈ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. ഖുർആൻ വചനം ആവശ്യപ്പെടുന്നത് പോലെ വ്യക്തിപരവും സാമൂഹ്യപരവുമായ പക്ഷപാതം ഉണ്ടാവാൻ പാടുള്ളതല്ല. “അല്ലയോ സത്യാവിശ്വാസികളെ, നീതിക്ക് വേണ്ടി സദാ നിലകൊള്ളുന്നവരും അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിൻ, നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ നിങ്ങളുടെ ബന്ധുമിത്രാദികൾക്കോ എതിരായിരുന്നാൽ പോലും”28. ഈ സുപ്രധാന ഉത്തരവാദിത്തത്തെ വെച്ചാണ് അൽ ജുവൈനി ഇസ്‌ലാമിനെ വിശദീകരിക്കുന്നത്. ഇസ്‌ലാം ആദ്യാവസാനം നന്മ കൽപ്പിക്കുന്നതിനെയും തിന്മ തടയുന്നതിനെയും കുറിച്ചുള്ളതാണ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു29.

വിദ്യാഭ്യാസവും ദഅ്‍വയും: മത വിജ്ഞാനം സംരക്ഷിക്കാൻ വേണ്ടി വിവിധ വിജ്ഞാനശാഖകളിലെ അറിവുകൾ ആർജിക്കുക, അറബി ഭാഷയുടെ സംരക്ഷണത്തിനും ഖുർആനും ഹദീസും നല്ലവണ്ണം മനസ്സിലാക്കുന്നതിനും വേണ്ടി ആദ്യകാല അറബി കവിതകൾ പഠിക്കുക30, ഖുർആൻ മനപാഠമാക്കുക (തജ്‌വീദിന്റെയും31, വിത്യസ്ത ഖിറാഅത്തുകളുടെയും32 പഠനം എന്നിവ ഉൾപ്പെടെ), ഹദീസ് മനപാഠമാക്കുക33, നിയമ സിദ്ധാന്തങ്ങളും തത്വങ്ങളും പഠിക്കുകയും അവ പുതിയ സാഹചര്യത്തിൽ ഉപയോഗിക്കുകയും ചെയ്യുക, വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ദിശബോധം നൽകുകയും ചെയ്യുക34, യോഗ്യരായ മുഫ്തിമാരെയും ഖാദിമാരെയും സൃഷ്ടിക്കുക35, പ്രസക്തമായ മത വിഞാനങ്ങൾ പ്രസിദ്ധീകരിക്കുക36, മതത്തെ കുറിച്ച തെറ്റിദ്ധാരണകളും സംശയങ്ങളും ദുരീകരിക്കുന്ന യുക്തിപരമായ വ്യവഹാരങ്ങൾ വികസിപ്പിക്കുക37

ഗണിത ശാസ്ത്രവും രാഷ്ട്രമീമാംസയും ഫർദ് കിഫായയാണ് (ഐഹിക ലോകത്ത് മനുഷ്യ ക്ഷേമം നിലനിർത്തലും പരലോകത്ത് സന്തോഷം സാധ്യമാക്കലുമാണ് ‘സിയാസ‘). എല്ലാ കാലത്തും പര്യാപ്തമായ എണ്ണം മുജ്തഹിദുകൾ ഉണ്ടാവണമെന്നതിനാൽ ഇജ്ദിഹാദ് ഒരു സാമൂഹിക ബാധ്യത ആണ് എന്ന് അൽ ശഹ്റസ്താനിയെ പോലുള്ള ചില പണ്ഡിതന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്38

രസകരമായൊരു സംഗതി എന്തെന്നാൽ, സ്വേച്ഛയെ നിയന്ത്രിക്കുന്നത് (ജിഹാദുന്നഫ്‌സ്) വഴി ഉയർന്ന പദവിയിലെത്താൻ വേണ്ടി ഓരോ പ്രദേശത്തും ആത്മീയ ഗുരുക്കൾ ഉണ്ടാവുന്നതും സാമുദായിക ബാധ്യതയാണെന്ന് ഇമാം അൽ ബാജിയുടെ നിരീക്ഷണമുണ്ട്39. സ്വേച്ഛയുടെ നിയന്ത്രണവും ആത്മീയ വളർച്ചയും ഓരോ മുസ്‌ലിമിന്റെയും വൈയക്തിക ഉത്തരവാദിത്തമാണെന്ന വസ്തുതയെ റദ്ദ് ചെയ്യുകയല്ല ഇവിടെ40

ഫർദ് കിഫായ ഫലപ്രദമായി നിർവഹിക്കപ്പെടുന്നതിൽ ആത്മീയതക്ക് നിർണായക സ്വാധീനമുണ്ട്. ഇമാം മാവർദിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ജ്ഞാനം തേടുക എന്ന ഫർദ് കിഫായ അധർമികളെയും (ഫാസിഖ്) അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും അവരുടെ സംഭാവനകൾ കാരണം ആ ഉത്തരവാദിത്തത്തിൽ നിന്ന് സമുദായം ഒഴിവാക്കപ്പെടുകയില്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അവരുടെ ഫത്‍‍വകൾ അസ്വീകാര്യമാണ് എന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന ന്യായം41. പിന്നെ എന്തു കൊണ്ടാണ് അവരും അഭിസംബോധന ചെയ്യപ്പെട്ടത് എന്ന ചോദ്യം പ്രസക്തമാണ്. പാപങ്ങൾ വെടിഞ്ഞു ഭക്തിയുള്ളവരാകുവാൻ അവർ എപ്പോഴും ബാധ്യസ്ഥരാണ് എന്നതാണ് ഉത്തരം42

മതപരമായ അറിവുകൾ പ്രചരിപ്പിക്കലും പഠിപ്പിച്ചു കൊടുക്കലും ഫർദ് കിഫായയാണ്. അറിവിനെ മറച്ചു വെക്കരുതെന്ന ഖുർആനിക കല്പനയാണ് അതിന്റെ അടിസ്ഥാനം43. അങ്ങനെയാണ് പണ്ഡിതന്മാർ ഓരോ പ്രദേശത്തും ഇഫ്താഅ് (മത വിധികൾ അറിയാനുള്ള അവസരം) സംഘടിപ്പിക്കുന്നത്44. “എന്നിൽ നിന്നും ഒരു ഖുർആനിക വാക്യമെങ്കിലും അറിയിക്കുക45 എന്ന പ്രവാചക കല്പന മുസ്ലിംകളും അമുസ്ലിംകളുമായ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന കൂട്ടുത്തരവാദിത്തത്തെയാണ് കുറിക്കുന്നത്. അത് കൊണ്ട് തന്നെ ഒറ്റക്കും സംഘടിതമായും, മൾട്ടിമീഡിയ വഴിയും, പ്രസിദ്ധീകരണങ്ങളും മറ്റ് സാമഗ്രികളും ഉപയോഗപ്പെടുത്തിയും, ഖുർആനിന്റെയും ഹദീസിന്റെയും പരിഭാഷ നിർവഹിച്ചും ഒക്കെ നടത്തുന്ന എല്ലാ തരം ദഅ്‍വ പ്രവർത്തനങ്ങളും ഫർദ് കിഫായയിൽ വരുന്നു46

മതപരമായ അറിവുകളും വിദ്യാഭ്യാസവും മാത്രമല്ല ഫർദ് കിഫായ. ശരീഅത്തിന്റെ ലക്ഷ്യങ്ങൾ (മഖാസിദ്)47 നിറവേറ്റുന്നതിനും  മുകളിൽ സൂചിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ എല്ലാ ശാസ്ത്രങ്ങളും വിജ്ഞാന ശാഖകളും പഠിക്കലും പ്രയോഗത്തിൽ വരുത്തലും ഫർദ് കിഫായയാണ്. വിദ്യാഭ്യാസത്തെ കുറിച്ചും വിത്യസ്ത ശാസ്ത്രങ്ങളെ കുറിച്ചുമുള്ള വിപുലമായ ചർച്ചകൾ അൽ ഗസ്സാലിയുടെ പ്രസിദ്ധമായ ഇഹ്‌യാ ഉലൂമുദ്ദീനിലും48 പാഠ്യപദ്ധതിയും അദ്ധ്യാപനശാസ്ത്രവും ചർച്ച ചെയ്യുന്ന മറ്റു ഗ്രന്ഥങ്ങളിലും കാണാൻ കഴിയുന്നതാണ്.

പൗര ചുമതലകൾ: ചില തരത്തിലുള്ള ശാരീരിക ജിഹാദ്49 (സൈന്യവും ആയുധങ്ങളും സജ്ജീകരിക്കലും അതിർത്തി സംരക്ഷണവും വരെ), ബന്ധികളുടെ മോചനം, യഥാർത്ഥ ഇസ്‌ലാമിക രാജ്യത്തിന്റെ സംസ്ഥാപനം, കോടതിയിൽ സാക്ഷി പറയുക, ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയെ സഹായിക്കുക, ന്യായാധിപ ചുമതലകളും രാഷ്ട്രീയ നേതൃത്വവും, മുസ്‌ലിംകളിൽ നിന്നും ന്യായാധിപനെ ചുമതലപ്പെടുത്തലും മർദ്ദകരിൽ നിന്നുള്ള മർദ്ദിതരുടെ വിമോചനവും, കോടതിയിലെ കേസുകൾ തീർപ്പാക്കലുമാണ് ഇമാം ജുവൈനിയുടെ പക്ഷം സാമൂഹിക ഉത്തരവാദിത്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്50.

മുസ്‌ലിമേതര നിയമ വ്യവസ്ഥക്കകത്ത് ജീവിക്കുന്ന മുസ്‌ലിംകൾ സാമൂഹിക ഉത്തരവാദിത്തമെന്ന ഇസ്‌ലാമിക ചട്ടക്കൂടിനാൽ നയിക്കപ്പെടുന്നുണ്ട്. ശരീഅ ജഡ്ജിമാർ നിയമിക്കപ്പെടാത്ത സ്ഥലങ്ങളിലെ സമുദായ നേതൃത്വത്തോട്51 യോഗ്യരായ ജഡ്ജിമാരെ നിയമിക്കാൻ ശരീഅത്ത് നിഷ്കർഷിക്കുന്നുണ്ട്. വ്യക്തി നിയമങ്ങൾ ഇസ്‌ലാമികമല്ലാത്തതിനാൽ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിൽ ഫർദ് കിഫായക്ക് ശ്രദ്ധേയ പങ്കുണ്ട്. 

മുസ്‌ലിമേതര അധികാരം കടന്നു വന്ന പതിനഞ്ചാം നൂറ്റാണ്ടിലെ കൊർദോവയിലെയും വലൻസിയയിലെയും ചില എത്യോപ്യൻ ഭാഗങ്ങളിലെയും മുസ്‌ലിംകളോട് സ്വന്തമായി ജഡ്ജിനെ നിയമിക്കാൻ ആവശ്യപ്പെടുന്ന അൽ കമാൽ ഇബ്നു അൽ ഹുമാം ഒരു ഉദാഹരണമാണ്52.

സമുദായം നിയമിച്ച ജഡ്ജിമാരെ കുറിച്ചു പതിനാറാം നൂറ്റാണ്ടിലെ അൽ വൻശരീസിയും പ്രതിപാദിക്കുന്നുണ്ട്.  മുസ്‌ലിം നീതിന്യായ വ്യവസ്ഥ ഇല്ലാത്തപ്പോൾ ന്യുനപക്ഷമായ മുസ്‌ലിംകൾക്ക് എങ്ങനെ സ്വാതന്ത്രമായി നില നിൽക്കാം എന്നതിനെ കുറിച്ച മാലികി നിയമജ്ഞരുടെ നിരവധി അഭിപ്രായങ്ങൾ അദ്ദേഹം തന്റെ 12 വാള്യങ്ങളുള്ള പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്53

ന്യുനപക്ഷ മുസ്‌ലിംകളെ കുറിച്ചുള്ള ആദ്യ പ്രസ്താവനകളിലൊന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇബ്നു ആബിദീനിന്റേതാണ്.  അദ്ദേഹം പറയുന്നു: “മുസ്‌ലിമേതര ഭരണം നിലവിലുള്ള നാട്ടിലെ മുസ്‌ലിംകൾക്ക് സംഘടിത നമസ്ക്കാരവും പെരുന്നാൾ നമസ്ക്കാരവും അനുവദനീയമാണ്… സമുദായം അംഗീകരിക്കുന്ന ജഡ്ജി നിയമനത്തിന് നിയമസാധുതയുമുണ്ട്” 54. ഈ കാര്യങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കാൻ അധികാരികളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഈ ഫത്‍വകൾ നിലവിലുള്ള നിയമവ്യവസ്ഥയെ മാറ്റിസ്ഥാപിക്കാനോ സമാന്തരമായ ഒരു നിയമം സൃഷ്ടിക്കാനോ ലക്ഷ്യമിടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തങ്ങൾ പൗരന്മാരായ രാജ്യത്തിന്റെ നിയമവുമായി ഏറ്റുമുട്ടാതെ വ്യക്തിപരമായ കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാൻ വേണ്ടി അർദ്ധ ജുഡീഷ്യൽ വേദികൾ വികസിപ്പിക്കുന്നതിനെ കുറിച്ചാണ്‌ ഈ ചർച്ചകൾ. ശരീഅ നിയമങ്ങളിൽ സമുദായം എന്ന അസ്‌തിത്വം സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്നുവെന്ന കാര്യത്തെ ഈ നിയമപരമായ പ്രവണതകൾ ശരി വെക്കുന്നു. നാട്ടാചാരങ്ങൾ (ഉർഫ്), പൊതു നന്മ (മസ്‌ലഹ) തുടങ്ങിയ തത്വങ്ങൾ വികസിച്ചു വന്നത് സൈദ്ധാന്തിക ഇടപെടലിന്റെ ഉദാഹരണമാണ്. ഔദ്യോഗിക അധികാരികൾ ഇല്ലാതിരിക്കുമ്പോഴും അവർ അക്രമം പ്രവർത്തിക്കുമ്പോഴും ആ സ്ഥാനത്തേക്ക് കയറി നിൽക്കുന്ന സമുദായം പ്രായോഗിക ഇടപെടലിന്റെ ഉദാഹരണമാണ്.

വിവ: ഇർശാദ് പേരാമ്പ്ര

References:

1 Ṣaḥīḥ al-Bukhārī, bk. 8, hadith 128.

2 Adnan Ahmad Zulfiqar, “Collective Duties (Fard Kifayah) in Islamic Law: The Moral Community, State Authority, and Ethical Speculation in the Premodern Period” (PhD diss., University of Pennsylvania, 2018), 20–21.

3 Oxford Encyclopedia of the Islamic World contains a very brief entry for the term. See A. Kevin Reinhart, “Farḍ al-Kifāyah,” Oxford Encyclopedia of the Islamic World, ed. John L. Esposito (Oxford: Oxford University Press, 2009).

4 The expiation for breaking one’s oath is mentioned in the Qur’an 5:89.

5 Wājib can be further categorized from other perspectives, such as being strictly or relatively measured in the case of some financial obligations.  

6 The Ḥanafī school of law differentiates between farḍ and wājib, as the first is based on a textual definitive evidence while the latter is based on implicit orders, making it speculative (ẓannī).

7 Qur’an 9:122.

8 Qur’an 3:104.

9 Tāj al-Dīn al-Subkī, al-Ashābh wa-al-naẓāʾir (Beirut: Dār al-Kutub al-ʿIlmīyah, 1991), 2:89.

10 Ḥasan al-ʿAṭṭār, Ḥāshiyah ʿalá jamʿ al-jawāmiʿ (Cairo: Dār al-Baṣāʾir, 2009), 1:236.

11 Ibn Daqīq al-ʿĪd, Sharḥ al-ilmām bi-aḥādīth al-aḥkām (Damascus: Dār al-Nawādir, 2009), 2:45–46.

12 Muḥammad ibn Idrīs al-Shāfiʿī, al-Risālah (Cairo: Muṣṭafá al-Ḥalabī, 1940), 364–69.

13 Abū Ḥāmid Al-Ghazālī, al-Wasīṭ fī al-madhhab (Cairo: Dār al-Salām, 1997), 7:6–7.        

14 Al-Subkī, al-Ashbāh wa-al-naẓāʾir, 90; Shihāb al-Dīn al-Qarāfī, Anwār al-burūq fī anwāʿ al-furūq (Cairo: Dār al-Salām, 2001), 1:234. 

15 Al-Subkī, al-Ashbāh wa-al-naẓāʾir, 90.

16 Al-Qarāfī, al-Furūq, 1:234.

17 Jalāl al-Dīn al-Suyūṭī, al-Ashbāh wa-al-naẓāʾir, 7th ed. (Cairo: Dār al-Salām, 2018), 728–29.

18 Al-Suyūṭī, 718–24.

19 Providing congregational prayers is essential to communal religious integrity. Living as minorities during the pandemic highlighted the difficulties of handling the closure of public prayers, where Islamic institutions took different approaches to accommodate the situation.

20 This farḍ kifāyah is obligatory upon men.

21 Qur’an 9:18.

22 Al-Bayḍāwī, Anwār al-tanzīl wa-asrār al-taʾwīl (Beirut: Dār Iḥyāʾ al-Turāth al-ʿArabī, 2003), 3:75.

23 Al-Bayḍāwī, 3:75.

24 Nursing, like taking care of the sick, is initially the responsibility of the patient’s close relatives, close friends, neighbors, and then the rest of the community. Some Ḥanbalī scholars considered visiting the sick a farḍ kifāyah.

25 Ibn Ḥajar al-ʿAsqalānī, Fatḥ al-Bārī fī sharḥ Ṣaḥīḥ al-Bukhārī (Damascus: al-Risālah al-ʿAlamīyah, 1884), 8:12.

26 See Michael Cook, Commanding Right and Forbidding Wrong in Islamic Thought (Cambridge: Cambridge University Press, 2000).

27  For a full discussion about the concept of enjoining good and forbidding evil, see Abū Ḥāmid Al-Ghazāli, Iḥyāʾ ʿulūm al-dīn (Jeddah: Dār al-Minhāj, 2011), 4:535–663.

28 Qur’an 4:135.

29 ʿAbd al-Malik al-Juwaynī, al-Ghiyāthī, ed. ʿAbd al-Aẓīm al-Dīb (Jeddah: Dar al-Minhaj, 2011), 365.

30 Muḥammad Amīn ibn ʿUmar Ibn ʿĀbidīn, Radd al-muḥtār ʿalá al-durr al-mukhtār sharḥ Tanwīr al-Abṣār (Beirut: Dār al-Kutub al-ʿIlmīyah, 2011), 1:136.

31 Tajwīd of Surah al-Fātiha, to the acceptable level of articulation of Qur’anic words, is farḍ ‘ayn. 

32 Al-Suyūṭī mentioned in al-Ḥāwī that reading the Qur’an in its different qirāʾāt is a matter of consensus (ijmaʿ). Al-Suyūṭī, al-Ḥāwī lil-fatāwá (Beirut: Dār al-Kutub al-ʿIlmīyah, 2000), 2:103.

33 Al-Suyūṭī cited a scholarly discussion on memorizing Qur’an and Hadith, to a disputable extent, to be a communal obligation.

34 Al-Nawawī, al-Tibyān fī а̄dāb ḥamalat al-Qurʾān, 4th ed. (Beirut: Dār Ibn Ḥazm, 1996).

35 Although both address legal issues, a muftī issues a nonbinding juristic opinion (fatwá), while a judge issues an enforceable judgement (ḥukm).

36 Al-Zarkashī, al-Manthūr fī al-qawāʾid, 1st ed. (Beirut: Dār al-Kutub al-ʿIlmīyah, 2000), 2:164.

37 Al-Khaṭīb al-Shirbīnī, Mughnī al-muḥtāj ilà maʿrifat maʿānī alfāẓ al-minhāj, 1st ed. (Beirut: Dār al-Maʿrifah, 1997), 4:277.

38 Muḥammad ʿAbd al-Karīm al-Shahrastānī, al-Millah wa-al-niḥal (Cairo: Muʾassasat al-Ḥalabī, 1968), 2:10.

39 Al-Suyūṭī, al-Ashbāh wa-al-naẓāʾir, 724–25.

40 Al-Suyūṭī, 724–25.

41 Abu al- Ḥasan al-Māwardī, al-Ḥawī al-kabīr (Beirut: Dar al-Kutub al-Ilmiyyah 1994), 14:150–51.

42 Al-Māwardī, 14:150–51.

43 This references verse 2:159.

44 Al-Suyūṭī mentioned that, in some situations, one mufti is not enough for one locality. This provides ample opportunity for reflection in our time given the state of our imams and Islamic institutions, in terms of educational eligibility and institutional credibility.

45 Ṣaḥīḥ al-Bukhārī, bk. 60, hadith 128.

46 Muḥammad Abū Zahrah, Zahrat al-tafāsīr (Cairo: Dār al-Fikr al-ʿArabī, 2016), 2463.

47 Muslim legal theorists extrapolated these five basic values, which any rule of law has to be in accordance with, provided that it does not violate or contradict an existing definitive rule (i.e., derived from the Qur’an or the Sunnah). The objectives function in the framework of bringing good and preventing harms. See Ibrahim al-Laqqānī, ʿUmdat al-murīd sharḥ Jawharat al-Tawḥīd, 1st ed. (Amman: Dār al-Nūr al-Mubīn, 2016), 4:2002.

48 Al-Ghazāli, Iḥyāʾ, 4:62–109.

49 The topic of jihad is commonly misunderstood and is further elucidated in the following articles: Surkheel Sharif,

“Is Islam a Conquest Ideology? On Jihad, War, and Peace,” Yaqeen, April 16, 2018, https://yaqeeninstitute.org/surkheel-sharif/is-islam-a-conquest-ideology-on-jihad-war-peace; Justin Parrott, “Jihad in Islam: Just-War Theory in the Quran and Sunnah,” Yaqeen, May15, 2020, https://yaqeeninstitute.org/justin-parrott/jihad-in-islam-just-war-theory-in-the-quran-and-sunnah

50 ʿAbd al-Malik al-Juwaynī, Nihāyat al-maṭlab fī dirāyat al-madhhab, ed. ʿAbd al-Aẓīm al-Dīb (Beirut: Dār al-Minhāj, 2007), 18:458.

51 In Islamic political theory, they are called “ahl al-ḥall wa-al-ʿaqd”: the people with discretionary political and social power to enact or dissolve a pact. See Ibn al-Naqīb al-Maṣrī, The Reliance of the Traveler, trans. Nuh Keller (Maryland: Amana Publications, 2008), 629–30.

52 Al-Kamāl ibn al-Humām, Sharḥ Fatḥ al-Qadīr (Beirut: Dār al-Kutub al-ʿIlmīyah, 2003), 7:246.

53 The full title is al-Miʿyār al-muʿrib wa-al-jamiʿ al-mughrib ʿan fatāwá ʿulamāʾ Ifrīqiyah wa-al-Andalus wa-al-Maghrib (The clear standard and the encyclopedic collection of  the legal opinions of the scholars of Tunisia, al-Andalus, and Morocco).

54 Ibn ʿĀbidīn, Radd al-muḥtār, 8:43.

Related Articles