Current Date

Search
Close this search box.
Search
Close this search box.

ഈമാന്‍ ശക്തിപ്പെടുത്തുന്ന ഒന്‍പത് കാര്യങ്ങള്‍

ഇസ്ലാമിന്‍റെ ശത്രുക്കളുടെ മുഖ്യ അജണ്ട മുസ്ലിംങ്ങളെ ഇസ്ലാമില്‍ നിന്നും അതിന്‍റെ സാംസ്കാരിക പരിസരത്ത് നിന്നും പിന്തിരിപ്പിക്കുക എന്നതാണ്. അതിന് വേണ്ടി അവര്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച ലോകത്തുടനീളം കണ്ടുകൊണ്ടിരിക്കുന്നു. നമ്മുടെ ധന്യമായ പല സംസ്കാരങ്ങളെ നശിപ്പിക്കുകയും ആചാരങ്ങളെ പിച്ചിചീന്തുകയും ചെയ്തു. ഇസ്ലാമിക നിയമങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വിശ്വാസം മറ്റുള്ളവരെ ഏതെങ്കിലും നിലക്ക് ബാധിക്കുന്നത് കൊണ്ടല്ല ഇതൊക്കെ സംഭവിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ഈമാന്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ബോധവന്മാരാകേണ്ടതുണ്ട്. അതിലൂടെ മാത്രമേ നമ്മുടെ സ്വര്‍ഗ്ഗലബ്ദി ഉറപ്പു വരുത്താനും ഈ ലോകത്ത് നമ്മുടെ അസ്തിത്വം നിലനിര്‍ത്താനും സാധിക്കുകയുള്ളൂ. ആറു കാര്യങ്ങളിലുള്ള ദൃഡമായ വിശ്വാസമാണ് (ഈമാന്‍) ഇസ്ലാമിന്‍റെ അടിസ്ഥാന തത്വം. അതിനെ നിരന്തരമായി ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഈമാന്‍ അചിരേണ ദുര്‍ബലമാകും. നബി (സ) പറഞ്ഞു: “ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍, ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍, ശരീരം മുഴുവന്‍ ദുഷിച്ചു. അതത്രെ ഹൃദയം.” വിശ്വാസം നന്നാവുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുകയാണ് ഈ നബി വചനം.

ഒരിക്കല്‍ സഹാബികള്‍ നബി (സ) യോട് ചോദിച്ചു: അങ്ങിലും അങ്ങ് കൊണ്ട് വന്നതിലും വിശ്വസിച്ചവരാണ് ഞങ്ങള്‍. അങ്ങേക്ക് ഞങ്ങളെ കുറിച്ച് ഭയമുണ്ടോ? നബി (സ) പറഞ്ഞു: ഉണ്ട്. മനസ്സുകള്‍ അത്യുന്നതനായ അല്ലാഹുവിന്‍റെ വിരലുകള്‍ക്കിടയിലാണ്. (നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്) അവന്‍ അതിനെ മറിച്ചുകൊണ്ടിരിക്കും. അത്കൊണ്ട് ഈമാനിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സത്യവിശ്വാസം സ്വീകരിക്കുന്നതിലൂടെ സ്വര്‍ഗം ലഭിക്കുമ്പോള്‍, അത് മലിനമായാല്‍ അയാള്‍ അധ:പതിക്കുകയും അല്ലാഹുവിന്‍റെ കോപത്തിനിരയാവുകയും ചെയ്യുന്നു. മലിനമായ ഈമാനോടെ മരിക്കുന്നത് എത്ര ദൗര്‍ഭാഗ്യകരം!

പതിനേഴ് വയസ്സ് മാത്രം പ്രായമായ സഅദ് ഇബുനു അബീവഖാസ് (റ) ഇസ്ലാം സ്വീകരിച്ച സംഭവവും അദ്ദേഹത്തിന്‍റെ ഈമാനിന്‍റെ കരുത്തും വിശ്രുതമാണ്. മകന്‍റെ ഇസ്ലാം ആശ്ലേഷണം അദ്ദേഹത്തിന്‍റെ ഉമ്മക്ക് ഇഷ്ടപ്പെട്ടില്ല. മകന്‍ കുഫ്റിലേക്ക് തിരിച്ചുവരാതെ, മരിക്കുന്നത് വരെ താന്‍ ഭക്ഷണം കഴിക്കുകയില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. ഉമ്മയാണോ പ്രധാനം അല്ല അല്ലാഹുവുമായുള്ള തന്‍റെ ബന്ധമോ? രണ്ടാമത്തേതിന് പ്രധാന്യം കൊടുത്ത സഅദ്, ഉമ്മയോട് പറഞ്ഞത് ഇങ്ങനെ: ഉമ്മക്ക് വേണമെങ്കില്‍ തിന്നാം. തിന്നാതിരിക്കാം. നിങ്ങള്‍ നൂറ് പ്രാവിശ്യം മരിച്ചാലും ഞാന്‍ സത്യദീന്‍ ഉപേക്ഷിക്കുന്ന പ്രശ്നമില്ല. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ ഇത്പോലുള്ള ഈമാനിക കരുത്ത് അനിവാര്യമാണ്. അതിന് സഹായിക്കുന്ന ഏതാനും കാര്യങ്ങള്‍ ചുവടെ:

1. അല്ലാഹുവിന്‍റെ നാമങ്ങള്‍ മനസ്സിലാക്കുകയാണ് അതില്‍ ഒന്ന്. പ്രവാചകന്‍ അരുളി: “അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് പേരുകളുണ്ട്. അഥവാ ഒന്നൊഴികെ നൂറ്. അവ മനഃപ്പാഠമാക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്‍റെ നാമങ്ങള്‍ മന:പ്പാഠമാക്കുകയും അതിന്‍റെ ആശയം ഗ്രഹിക്കുകയും അതില്‍ വിശ്വസിക്കുകയും അവന് ഇബാദത്ത് അനുഷ്ടിക്കുകയും ചെയ്യുന്നതിലൂടെ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് സാരം. അല്ലാഹുവിന്‍റെ നാമങ്ങള്‍ ഗ്രഹിച്ചാല്‍, അവന്‍റെ മഹത്വം ബോധ്യമാവും.

2. ഖുര്‍ആനിലെ ആയത്തുകളെ കുറിച്ച് ചിന്തിക്കുന്നത് ഈമാന്‍ ശക്തിപ്പെടുത്തും. ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവിനെ കുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ച് കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ ” ( 8:2) . അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആനുമായുള്ള ബന്ധം ഈമാന്‍ വര്‍ധിപ്പിക്കും.

3. ശാസ്ത്ര വിജ്ഞാനം മനുഷ്യനെ നിരീശ്വരത്വത്തിലേക്കൊ മതനിരാസത്തിലേക്കൊ അല്ല നയിക്കേണ്ടതെന്നും അത് പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കണമെന്നുമാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. അതിലൂടെ നമ്മുടെ ഈമാന്‍ ശക്തിപ്പെടുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.” ( 51:20 ) ഇവിടെയുള്ള ഓരോ വസ്തുവും അല്ലാഹുവന്‍റെ അസ്തിത്വത്തെ ഊട്ടിയുറപ്പിക്കുന്നു.

4. നബി (സ)യുടെ തിരുചര്യ അറിയുന്നത് ഈമാന്‍ കരുത്ത് പ്രാപിക്കാന്‍ സഹായിക്കും. ശരിയായ അറിവിലൂടെ പ്രവാചകനെ മനസ്സിലാക്കുന്നവര്‍ അദ്ദേഹത്തിന്‍റെ സത്യസന്ധതയിലും അദ്ദേഹത്തിന് അവതരിച്ച വേദഗ്രന്ഥത്തിലും ഉറച്ച് വിശ്വസിക്കുന്നവരാണ്. പ്രവാചകന്‍ കാണിച്ചുതന്ന പാത പിന്‍പറ്റുന്നതിലൂടെ ഈമാന്‍ വര്‍ധിക്കുമെന്നതില്‍ സംശയമില്ല. മാതൃകാപരമായ ജീവിതമായിരുന്നു അവിടുന്ന് നയിച്ചിരുന്നത്.

5. പ്രപഞ്ചത്തേയും സ്വന്തത്തേയും കുറിച്ച് ചിന്തിക്കുന്നത് ഈമാന്‍ ശക്തിപ്പെടാന്‍ കാരണമാവും. ആകാശഭൂമികളെയും അവയിലെ വിവിധ ജീവജാലങ്ങളെയും കുറിച്ചുള്ള വിചിന്തനം, മനുഷ്യനേയും അവന്‍റെ ഗുണങ്ങളേയും കുറിച്ച് മനസ്സിലാക്കല്‍ തുടങ്ങിയവ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. കാരണം സൃഷ്ടിയുടെ മഹത്വം സ്രഷ്ടാവിന്‍റെ മഹത്വത്തിലേക്കുള്ള സൂചനയാണ്.

6. ഇസ്ലാമിലെ ആരാധനകളുടെ ആത്മാവ് കണ്ടത്തെുന്നതും അല്ലാഹുവിനെ കുറിച്ച സ്മരണയും അവനോടുളള പ്രാര്‍ത്ഥനയും ഈമാന്‍ ശക്തിപ്പെടുത്തും. വിശ്വാസം കരുത്ത്പ്രാപിക്കാന്‍ എപ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നത് നല്ലതാണ്. ഒരു വ്യക്തിയില്‍ ദൈവസ്മരണ എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം അവന്‍റെ വിശ്വാസവും ശക്തമാവുന്നു.

7. ഇസ്ലാമിന്‍റെ ഗുണമേന്മകള്‍ അറിയല്‍ ഈമാനിനെ ശക്തിപ്പെടുത്താനുള്ള മറ്റൊരു വഴിയാണ്. ഇസ്ലാമിന്‍റെ മഹത്വവും ഗുണമേന്മകളും മനസ്സിലാക്കുന്നത് അതിനോടുള്ള ആദരവ് വര്‍ധിക്കാനും ഈമാന്‍ ശക്തിപ്പെടാനും കാരണമാവും. ഇസ്ലാമിലേക്ക് പുതുതായി ബുദ്ധിജീവികള്‍ ഉള്‍പ്പടെയുളളവര്‍ കടന്നു വരാനുള്ള കാരണവും മറ്റൊന്നല്ല.

8. ഈമാന്‍ ദുര്‍ബലമാവുന്ന ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. അത്തരം സാഹചര്യത്തില്‍ മനസ്സുകള്‍ എപ്പോഴും ആടിയുലഞ്ഞുപോവും. അതില്‍ നിന്ന് രക്ഷപ്പെടാന്‍ നിബി (സ) ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു: എന്‍റെ മനസ്സിനെ നിന്‍റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!

9. മരണാനന്തരം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും ഖുര്‍ആനും പ്രവാചകനും അതിനെ കുറിച്ച് പറഞ്ഞതില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ജീവിച്ചാല്‍ ഈമാന്‍ കരുത്താര്‍ജ്ജിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രയും സുവ്യക്തമായിട്ടാണ് ഖുര്‍ആന്‍ നമ്മുടെ മനസ്സില്‍ ആ രംഗങ്ങള്‍ കോറിയിടുന്നത്.

Related Articles