Current Date

Search
Close this search box.
Search
Close this search box.

പൊതുജീവിതത്തില്‍ ശ്രദ്ധയും ബോധ്യവുമുള്ള വനിതാ പ്രബോധക സംഘത്തെയാണ് നമുക്കാവശ്യം

ഒരു ജോലിക്കാരിയായ സ്ത്രീയെ സംബന്ധിച്ച് വീടിന്റെ ഉത്തരവാദിത്വവും, സന്താന പരിപാലനവും, നിത്യ ദാമ്പത്യ പ്രശ്നങ്ങളുമെല്ലാം കഴിച്ച് തന്റെ ജോലിയുടെ സമ്മർദ്ദങ്ങൾക്ക് പുറമേ തന്റെ ഉള്ളിൽ തന്നെ രൂപപ്പെട്ട സ്റ്റീരിയോടൈപ്പിനെ കൂടി നേരിടേണ്ടി വരുമ്പോൾ അവൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സമൂഹത്തിനുള്ളിലും മറ്റു പൊതുവിടങ്ങളിലും ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് എന്നതിൽ തർക്കമില്ല.

തെറ്റിദ്ധാരണയും നിസ്സംഗതയും

ഇസ്ലാമിക രാജ്യങ്ങൾക്കകത്ത് വിഷിശ്യാ അറബ് രാജ്യങ്ങളിൽ ഒരു പ്രബോധക ഒരു തെറ്റും സംഭവിക്കാൻ പാടില്ലാത്ത മാതൃക വനിതയുടെ ഫ്രെയിമിലാണ് കുടിയിരുത്തപ്പെടുന്നത്. സർവ്വ സമയവും മൈക്രോസ്കോപ്പിന് മുമ്പിലെ നിരീക്ഷണ വസ്തുവായി അവൾ മാറുന്നു. സദാസമയവും പുഞ്ചിരിച്ചു ഉന്മേഷവതിയായി മറ്റുള്ളവർക്ക് ആവശ്യമില്ലെങ്കിലും അവരെ സേവിച്ചും സ്വാധീനിച്ചും കഴിയേണ്ടവൾ എന്നതാണ് വെപ്പ്.

ചുറ്റുപാടിൽ നിന്നും ചിലരുടെ ദുഷിച്ച സ്വഭാവങ്ങൾ പുറത്ത് ചാടുന്നത് മറ്റു രൂപത്തിലാണ്. ചുറ്റുമുള്ളവരെ എല്ലാം തെറ്റുകാരായി കാണാൻ സ്വയം വിശുദ്ധനാവുന്ന ചിലർ. മറ്റു ചിലർ സിനിമകളും നാടകങ്ങളും അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രായോഗിക ജീവിതത്തിലേക്ക് പകർത്തി വെക്കാൻ മെനക്കെടുന്നു. ഈ സമീപനത്തിന്റെ ഭാഗമായി, വനിതാ പ്രബോധകരുടെ കുട്ടികളെയും ആളുകൾ നിരീക്ഷിക്കുന്നു; മക്കളിൽ കാണുന്ന പിഴവുകളെ അവരുടെ ഉമ്മയിലേക്ക് ചേർത്തു കെട്ടി അവളുടെ സത്യസന്ധതയെ അളന്നു മുറിക്കുന്ന മറ്റൊരു കൂട്ടം!

അപരന്റെ സ്വകാര്യതയെ മാനിക്കാത്ത പൊതുബോധമാണ് ഇത്തരം സ്റ്റീരിയോടൈപ്പുകളുടെ ഏറ്റവും മോശമായ വശം. നന്മയെ പ്രോത്സാഹിപ്പിക്കുവാനും തിന്മയെ തടയാനും എന്ന ലേബലിൽ നടക്കുന്ന മതേതര-ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നാക്രമണമായിത്തീരുന്നുണ്ട്. ഹിജാബ് ധരിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെ ചൊല്ലിയുള്ള അന്യായമായ ചർച്ചകൾ ഒരുദാഹരണം മാത്രം.

പ്രബോധകയും ഇസ്ലാമോഫോബിയയും

മുസ്ലിം പ്രബോധകരായ സ്ത്രീകൾ പടിഞ്ഞാറിലും മറ്റും പ്രധാനമായും നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഇസ്ലാമോഫോബിയ. ഹിജാബ് ധാരിയായ പ്രാസംഗികയെ കാണുമ്പോൾ ഐസിസ് പോലുള്ള ലേബലുകളിലേക്ക് അവരെ കൂട്ടിച്ചേർക്കാൻ പൊതുബോധം തയ്യാറാകുന്നു. അവളുടെ വസ്ത്രധാരണം കാരണം അവൾ സ്വയം പീഡിപ്പിക്കപ്പെടുന്നു എന്ന പൊതു ധാരണ പലയിടത്തും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഒരു യൂറോപ്പ്യൻ രാജ്യത്ത് സമാനമായ സംഭവം ഒരു യുവതി പങ്കുവെച്ചതിങ്ങനെ: ‘ ഞങ്ങൾ ഹിജാബ്കാരികളായ നാലുപേർ എയർപോർട്ടിൽ കാത്തിരിക്കുകയാണ്. നീണ്ട കാത്തിരിപ്പ് സ്വാഭാവികമായും ഞങ്ങളെ മുഷിപ്പിച്ചിരുന്നു. പക്ഷേ ചുറ്റുമുള്ളവർക്കായിരുന്നു ഞങ്ങളെക്കാൾ അസഹിഷ്ണുത. അവരുടെ കണ്ണുകളിൽ ദേഷ്യവും വെറുപ്പും കലർന്നിരുന്നു.’

പ്രാസംഗികരായ സ്ത്രീകളെയും പൊതുവിൽ മുസ്ലിം സഹോദരികളെയും ഇസ്ലാമോഫോബിയ പലവിധത്തിൽ വംശീയമായി അരികുവൽകരിക്കുന്നുണ്ട്. അതുവഴി പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിം സഹോദരികൾ പാരമ്പര്യേതര രീതികളിൽ ആകൃഷ്ടരായി വിദ്യാർത്ഥി യൂണിയനുകളിലും മറ്റും ചേർന്നും രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തുവരുന്നു. മുസ്ലിം സ്ത്രീയുടെ സ്റ്റീരിയോട്ടൈപ്പുകളെ മറികടക്കാനുള്ള ഒരു ആയുധമായിരുന്നു ഇത്. പക്ഷേ ക്രമേണ അത് മുസ്ലിം പാരമ്പര്യ രീതികൾക്ക് വലിയ പരിക്കു നൽകി എന്ന് പറയാതെ വയ്യ.

ബ്രിട്ടനിൽ ഹിജാബ് ധാരികളായ സ്ത്രീകൾ അതിഭീകരമായ മാറ്റിനിർത്തലിന് സാക്ഷിയായിട്ടുണ്ട്. അവരുടെ ശിരോവസ്ത്രം പൊതുയിടങ്ങളിൽ ചൂഷണം ചെയ്യപ്പെടാനും മറ്റും കാരണമായി. ലണ്ടനിലെ ഒരു മുൻസിപ്പാലിറ്റിയുടെ തലവൻ ആയിരുന്നു ഹിജാബ് ധാരിയായ റാഖിയ ഇസ്മായിൽ. പ്രത്യക്ഷമായി തന്നെ ഇസ്ലാമോഫോബിയക്കെതിരെ അനവധി പോരാട്ടങ്ങൾക്ക് അവർ നേതൃത്വം നൽകിയിരുന്നു. അത് കാരണമായി കേവലം ന്യൂനപക്ഷങ്ങളോട് ഏറ്റവും സഹിഷ്ണുതയുള്ള ലേബർ പാർട്ടി സമ്മേളനത്തിൽ നിന്നു പോലും അവർ തഴയപ്പെട്ടു. പിന്നീട് കടുത്ത വേദനയോടെയാണ് തന്റെ പാർട്ടിയിൽ നിന്നും അവർ രാജിവെച്ചു പോന്നത്.

പ്രബോധക സംഘം

ഈയൊരു ചർച്ചയിൽ നാണയത്തിന്റെ മറുവശം അവഗണിച്ചു കൂടാ. സമൂഹത്തിലെ മുസ്ലിം സ്ത്രീയുമായി ചുറ്റിപ്പറ്റിയുള്ള തെറ്റായ സ്റ്റീരിയോ ടൈപ്പുകളെ മറികടക്കാൻ പ്രബോധകരായ യുവതികൾ ആദ്യം ഒരു ആത്മവിമർശനത്തിന് തയ്യാറാവേണ്ടതുണ്ട്. പരമ്പരാഗത രീതികളോട് ചേർന്ന് കണിശമായി തന്റെ പ്രേക്ഷകരെ സമീപിക്കുന്നവരും അതേസമയം പുതിയ സർക്കിളുകൾ തിരയുകയും ആളുകളുടെ ആശങ്കകൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവരും പ്രബോധക സംഘങ്ങളിലുണ്ട്. അത്തരത്തിൽ കൂടുതൽ ചലനാത്മകവും സംവേദനാത്മകവുമായ പ്രബോധകരുടെ അടിയന്തര ആവശ്യകത ഈ സമുദായത്തിനുണ്ട് .

ജോലിസ്ഥലത്ത്, പാർട്ടിയിൽ, യൂണിയനിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്നിങ്ങനെ തുടങ്ങി പൊതുജീവിതത്തിന്റെ എല്ലായിടത്തും ശ്രദ്ധയും ഉത്തമ ബോധ്യവുമുള്ള വനിതാ പ്രബോധക സംഘത്തെയാണ് നമുക്കാവശ്യം.

 

വിവ: ഫഹ് മിദ സഹ്റാവിയ്യ

Related Articles