Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സ്ത്രീയും യുക്തിവാദികളും

ഇസ്ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും നിരന്തരമായി മുസ്ലിം സ്ത്രീകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ധാരാളമായി കേട്ടിട്ടുള്ളവരാണ് നമ്മള്‍. ജെന്‍ഡര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത്, ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും ജെന്‍ഡര്‍ ജസ്റ്റിസിനെ കുറിച്ചും പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്നവരാണ് മുസ്ലിം സ്ത്രീകള്‍. ഇസ്ലാമില്‍ സ്ത്രീക്ക് ഒരു അവകാശവും കൊടുത്തിട്ടില്ല, പുരുഷാധിപത്യത്തിന്റെ മതമാണ് ഇസ്ലാം, ഇസ്ലാമിലെ സ്ത്രീ എന്ന് പറയുന്നത് എന്നും അടിച്ചമര്‍ത്തപ്പെട്ടവളാണ് തുടങ്ങിയ ആരോപണങ്ങളാണ് നമ്മള്‍ കേള്‍ക്കാറ്. നബി(സ)യെ കുറിച്ച്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്, ഇസ്ലാമിലെ ലിംഗനീതിയും ലിംഗസമത്വവും കുറിച്ച് ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നബിയുടെ വിവാഹവും പ്രവാചകന്റെ സ്ത്രീകളോടുള്ള സമീപനങ്ങളും പെണ്ണിനോടുള്ള ഇസ്ലാമിന്റെ സദാചാര കല്‍പനകളും അവളുടെ ആര്‍ത്തവം, സാക്ഷ്യം ഇങ്ങനെ നീളുന്നതാണ് വിമര്‍ശനങ്ങള്‍. നബിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഏറെ വിമര്‍ശനങ്ങള്‍ കാണുക. 11 വിവാഹം കഴിച്ച ആളാണ് പ്രവാചകന്‍, സ്ത്രീലമ്പടനായ പ്രവാചകന്‍ എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന രൂക്ഷമായ വിമര്‍ശനം. ആദ്യം പ്രവാചകന്‍ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ 25ാമത്തെ വയസ്സില്‍ ഖദീജ ബീവിയെ ആണെന്ന് നമുക്കറിയാം. അപ്പോള്‍ ഖദീജയുടെ പ്രായം 40 വയസ്സാണ്. സ്ത്രീലമ്പടനായ മുഹമ്മദ് എന്തേ 40 വയസ്സുകാരിയായ ഖദീജയെ വിവാഹം ചെയ്തു? ഈ ദാമ്പത്യജീവിതം 28 വര്‍ഷത്തോളം ഒരാളെ മാത്രം പത്‌നിയായി കൊണ്ടാണ് നബി(സ)യുടെ ജീവിതം ഉണ്ടായിരുന്നത്. ഒരു പക്ഷെ അന്നത്തെ അറേബ്യന്‍ സമൂഹത്തില്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഒരാള്‍ ഒരു പത്‌നിയെ മാത്രം സ്വീകരിക്കുക എന്നത്. 28 വര്‍ഷക്കാലം നബി(സ) തന്റെ പത്‌നിയായി കൂടെ കൊണ്ടുനടന്ന ഖദീജ ബീവി, അവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഇണയും തുണയുമായിയി സ്‌നേഹവും സന്തോഷവും പകര്‍ന്നതിനെക്കുറിച്ച് ധാരാളം സംഭവങ്ങള്‍ പ്രവാചകന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

‘സമ്മിലൂനി യാ ഖദീജ’ (എന്നെ പുതപ്പിട്ടു മൂടൂ പ്രിയപ്പെട്ടവളേ) എന്ന് പറഞ്ഞ് പ്രവാചകത്വം ലഭിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ ഓടിവരുന്നത് തന്റെ ഇണയായ ഖദീജയുടെ അടുക്കലേക്ക് ആണ്. ഖദീജ ബീവി പ്രവാചകനോട് പറയുന്നുണ്ട് ‘പ്രവാചകരെ താങ്കള്‍ വേദനിക്കണ്ടതില്ല പ്രയാസപ്പെടേണ്ടതില്ല’. ഇങ്ങനെ തുടങ്ങി മധുരമായ ദാമ്പത്യജീവിതത്തെ നമുക്ക് പരിചയപ്പെടുത്തി തരുന്നു പ്രവാചകനും ഖദീജയും. അതുകൊണ്ടാണ് ഖദീജ മരിച്ച വര്‍ഷത്തെ ആമുല്‍ ഹുസ്‌ന് അഥവാ ദുഃഖവര്‍ഷം എന്ന് വിശേഷിപ്പിച്ചത്. അതില്‍ ഏറെ ദുഃഖിക്കുന്ന ഓര്‍മ്മയ്ക്ക് വേണ്ടി ഖദീജയുടെ കൂട്ടുകാര്‍ക്ക് വേണ്ടി പിന്നീട് മാംസം വിതരണം ചെയ്യുന്ന, സമ്മാനങ്ങള്‍ കൊടുക്കുന്ന പ്രവാചകനെ നമുക്ക് കാണാന്‍ സാധിക്കും. അതിനുശേഷം പ്രവാചകന്റെ 50ആമത്തെ വയസ്സിലാണ് സൗദയെ വിവാഹം ചെയ്യുന്നത്.സൗദാ ബീവിയെ കുറിച്ച് നമ്മള്‍ പഠിക്കുകയാണെങ്കില്‍ വൃദ്ധയും ദുര്‍ബലയുമായ ഒരു സ്ത്രീയായിരുന്നു അവര്‍ എന്ന് കാണാന്‍ കഴിയും. പ്രവാചകനേക്കാള്‍ പ്രായം കൂടിയ സ്ത്രീയായിരുന്നു അവര്‍. എന്തിനായിരിക്കും അതിനുശേഷം സ്ത്രീലമ്പടന്‍ എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന മുഹമ്മദ് സൗദയെ വിവാഹം ചെയ്തത്? നബിയുടെ ഓരോ വിവാഹത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തിയാല്‍ നമുക്ക് വ്യത്യസ്ത കാലിക സാഹചര്യങ്ങളെ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒരുപാട് കാര്യകാരണങ്ങളെ കണ്ടെത്താന്‍ സാധിക്കും. സൗദയുമായിട്ടുള്ള വിവാഹബന്ധം ഏത് കാരണത്താലായിരുന്നു എന്നും അവര്‍ക്ക് സംരക്ഷണവും കരുതലും നല്‍കിയാണ് പ്രവാചകന്‍ സൗദയെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും നമുക്ക് കാണാന്‍ സാധിക്കും. ജുവൈരിയയുടെ ചരിത്രവും നമുക്കറിയാം. യുദ്ധത്തില്‍ തടവുകാരിയായ ജുവൈരിയയെ ഏറ്റെടുക്കുന്ന സമയത്ത് അവരെ ഏറ്റെടുത്ത സ്വഹാബി അവര്‍ക്ക് വലിയ മൂല്യം നല്‍കിയാലേ അവര്‍ക്ക് അടിമത്തമോചനം നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ നബിയുടെ അടുക്കലേക്ക് അവര്‍ പരാതിയുമായി വരുന്നുണ്ട്. അപ്പോഴാണ് പ്രവാചകന്‍ അവര്‍ക്ക് ഉന്നത പദവി നല്‍കി മോചനത്തിനുള്ള പണം നല്‍കി വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. സഫിയയുമായുള്ള വിവാഹമാണ് മറ്റൊന്ന്. യുദ്ധത്തടവുകാരിയായി സഫിയയോട് പ്രവാചകന്‍ പറയുകയുന്നു രണ്ടാലൊന്ന് തെരഞ്ഞെടുക്കുക ഒന്നുകില്‍ തിരിച്ചു പോവുക, അല്ലെങ്കില്‍ എന്റെ പത്‌നിയായി ഇവിടെ തുടര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുക. സഫിയയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തോടു കൂടിയാണ് അവര്‍ ഈ വാഗ്ദാനത്തെ സ്വീകരിക്കുന്നത്. അവര്‍ തിരിച്ചു പോകാതെ പ്രവാചകന്റെ കൂടെ പോകുന്നതാണ് ചരിത്രം. സഫിയയെ വേദനിപ്പിച്ച് ഭര്‍ത്താവിനെയും ഉപ്പയെയും കൊല ചെയ്തിട്ട് ഒടുവില്‍ മുഹമ്മദ് എന്ന സ്ത്രീലമ്പടന്‍ സഫിയയെ കരസ്ഥമാക്കി എന്ന് പറയുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചെറിയ അനിഷ്ടം പോലും കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് സഫിയയുടെ കുടുംബക്കാര്‍ക്ക് എഴുതിയ കത്തുകള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ പ്രവാചകന്റെ സ്വഭാവത്തെ ക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചും അവിടെ താന്‍ അനുഭവിക്കുന്ന സുഖത്തെ കുറിച്ചും പരിഗണനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനോഹരമായ കത്തുകള്‍ തന്റെ ജൂതസമൂഹത്തില്‍പെട്ട ആളുകള്‍ക്ക് സഫിയ അയക്കുന്നുണ്ട്. മൈമൂനയുമായിട്ടുള്ള വിവാഹത്തെയും ചരിത്രം വിശദീകരിക്കുന്നുണ്ട്. ഖാലിദുബ്‌നു വലീദിനെ പോലെയുള്ള പ്രമുഖരായ സഹാബികള്‍ ഇസ്ലാമിലേക്ക് കടന്നു വരാന്‍ കാരണമായത് മൈമൂനയുമായുള്ള വിവാഹം ആണെന്ന് ചരിത്രം പറയുന്നുണ്ട്.

യുദ്ധത്തടവുകാരെ പിടിക്കുന്ന സമയത്ത് ആ ഗോത്രത്തലവന്‍മാരുടെ മകളെ വിവാഹം ചെയ്ത് കൂടെ കൂട്ടുന്ന പ്രവാചകന്‍ ആ ഗോത്രവും ആയിട്ടുള്ള തന്റെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ ചെയ്യുന്നത്. തങ്ങളുടെ ഗോത്ര തലവന്റെ മകളെ അവര്‍ സ്വീകരിക്കുക നീചമായ രീതിയില്‍ അല്ലല്ലോ, അവര്‍ അവളെ അപമാനിക്കുമോ എന്ന ഭയത്തെ തീരെ ഇല്ലാതാക്കുകയും പ്രവാചകന്‍ എന്ന നേതാവിന്റെ ഭാര്യയായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ ആദരവ് നല്‍കി അവര്‍ തമ്മിലുള്ള ഗോത്ര ബന്ധം ഊഷ്മളമാവുന്നു എന്ന രാഷ്ട്രീയ ഡിപ്ലോമസിയെ നമുക്കിവിടെ കാണാന്‍ കഴിയും.
സൈദും സൈനബും തമ്മിലുള്ള ദാമ്പത്യജീവിതവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് മറ്റൊന്ന്. വളര്‍ത്തു പുത്രനായ സൈദിന്റെ ഭാര്യയായ സൈനബിനെ പ്രവാചകന്‍ വിവാഹം ചെയ്യുന്നതും വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും ഓറിയന്റലിസ്റ്റുകള്‍ ധാരാളമായി പറയുന്ന ഒന്നാണ്. ആ കാലഘട്ടത്തില്‍ ഒരു മനുഷ്യന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാന്‍ പറ്റുന്ന ഒരു സാമൂഹ്യ സാഹചര്യമാണല്ലോ ഉണ്ടായിരുന്നത്. സൈദിനോട് പ്രവാചകന് ഉണ്ടായിരുന്ന അങ്ങേയറ്റത്തെ ഇഷ്ടവും മതിപ്പും ചരിത്രത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദത്തുപുത്രന്് ഏറ്റവും കുലീനയായ ഒരു പെണ്ണിനെ വിവാഹം കഴിപ്പിക്കണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് സൈനബുമായിട്ടുള്ള വിവാഹം ആലോചിക്കുന്നത്.

കാലങ്ങള്‍ ആയിട്ട് സമൂഹത്തില്‍ വേരുറച്ചുപോയ ചില നിലപാടുകളെ പൊളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്… അടിമയായ ഒരുത്തന്‍ വിവാഹമോചനം ചെയ്ത ഒരു കുലീന സ്ത്രീയെ ഒരിക്കലും ആ കാലഘട്ടത്തില്‍ അവള്‍ എത്ര സൗന്ദര്യവതി ആണെങ്കിലും വേറൊരാളും വിവാഹം കഴിക്കില്ല. ഇതിനെയാണ് പ്രവാചകന്‍ തിരുത്തുന്നത്. രണ്ടാമത് ദത്തുപുത്രന്‍ ഒരിക്കലും പുത്രന്‍ ആവില്ല എന്ന ഇസ്ലാമിന്റെ മഹത്തായ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. ദത്തുപുത്രന്‍ ദത്തുപുത്രന്‍ മാത്രമാണ് എന്നുള്ളത് കൂടി അല്ലാഹുവിന് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു.

ആയിഷ ബീവിയുടെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ലിബറല്‍ വാദികളും യുക്തിവാദികളുമായ ആളുകള്‍ പറയുന്നത് പെണ്ണിന്റെ ആത്മാവിഷ്‌കാരത്തിനും അവളുടെ വിദ്യാഭ്യാസത്തിനും അവളുടെ സ്വാതന്ത്ര്യത്തിനും അവളുടെ വ്യക്തിത്വ രൂപീകരണത്തിനും തടസ്സമാകും എന്നാണ്. എന്നാല്‍ ചരിത്രത്തില്‍ ഏതൊരു നേതാവിന്റെ ഭാര്യമാരെ നിങ്ങള്‍ പഠിച്ചു നോക്കിയാലും ആയിഷ ബീവിയുടെ അത്ര പണ്ഡിതയും കഴിവും ഉള്ളവരായി വേറെയുണ്ടോ എന്നാണ് പഠിക്കേണ്ടത്. ആയിഷ ബീവി ഫിഖ്ഹില്‍ വളരെയധികം അവഗാഹമുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടായിരത്തിലധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആയിഷാബീവി സ്വഹാബാക്കളില്‍ പലരുടെയും ഹദീസുകളില്‍ വന്ന സംശയങ്ങള്‍ ദൂരീകരിച്ച ധാരാളം ചരിത്രം നമുക്ക് കാണാന്‍ സാധിക്കും. അത് അങ്ങനെയല്ല എന്ന് അബൂഹുറൈറയെയും ഇബ്‌നു അബ്ബാസിനെയുമടക്കം പഠിപ്പിച്ച ആയിഷ ബീവിയെ നമുക്ക് കാണാന്‍ സാധിക്കും. വിവാഹത്തിനുശേഷം യഥാര്‍ത്ഥത്തില്‍ ആയിഷയ്ക്ക് എന്താണ് സംഭവിച്ചത്. അവരുടെ പ്രണയ അനുരാഗം കണ്ടാല്‍ ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകും എന്റെ ഇണ അത്തരത്തില്‍ ഒരാള്‍ ആയിരുന്നു എങ്കില്‍ എന്ന്….

കുടുംബജീവിതം എന്ന് പറയുന്നത് വളരെ കെട്ടുറപ്പുള്ള ഒരു സംവിധാനമാണ് ഇസ്ലാമില്‍. കയ്യൂം, ഖവ്വാമൂന്‍ എന്നൊക്കെ പറയുന്നത് മേല്‍നോട്ടം വഹിക്കുന്നവന്‍, ഒരു സ്ഥാപനത്തിന് കൃത്യമായിട്ടുള്ള കാര്യങ്ങള്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടവന്‍, കൈകാര്യ കര്‍ത്താവ് എന്നൊക്കെ ആണ് അര്‍ത്ഥം. പ്രവാചകന്‍ പറയുന്നു നിങ്ങളെല്ലാവരും ഉത്തരവാദിത്വം ഉള്ളവരാണ്, കൈകാര്യകര്‍ത്താക്കള്‍ ആണ്. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് നിങ്ങളോട് അള്ളാഹു ചോദിക്കുക തന്നെ ചെയ്യും. അതോടൊപ്പം തന്നെ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു പെണ്ണ് ഭര്‍ത്താവിന്റെ വീടിന്റെ ഭരണാധികാരിയാണ്. അങ്ങനെയെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടിലെ സകല കാര്യങ്ങളും അവള്‍ ഏറ്റെടുക്കണം, ആരുമായും ഒരു കൂടിയാലോചനയും പാടില്ല, അവള്‍ തന്നെയായിരിക്കണം എല്ലാം എന്നാണോ ആ പറഞ്ഞതിനര്‍ത്ഥം. അല്ല, മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനുള്ള ഭരണാധികാരിയുടെ ഒരു അധികാരം, ഒരു ചുമതല, ഒരു ബാധ്യത….

മറ്റൊന്ന് ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇസ്‌ലാമിലും തൊട്ടു തീണ്ടല്‍ ഉണ്ട്. പെണ്ണിന് ആര്‍ത്തവമുണ്ടായാല്‍ അവളെ ദൂരെ മറ്റൊരു കുടില്‍ കെട്ടി അവിടെ താമസിപ്പിക്കണം എന്ന് പറയുന്ന മറ്റു വിശ്വാസങ്ങളെ പോലെതന്നെയാണ് ഇസ്ലാമിലെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് സങ്കല്പവും എന്നാണിവര്‍ പറയുന്നത്.
وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ
(Sura 2 : Aya 222)
‘താങ്കളോട് അവര്‍ ആര്‍ത്തവത്തെക്കുറിച്ച് ചോദിക്കുന്നു, പ്രവാചകരെ താങ്കള്‍ പറയുക, അത് ഒരു ഉപദ്രവമാണ്, ഒരു മാലിന്യമാണ് അതുകൊണ്ട് ആര്‍ത്തവ സമയത്ത് നിങ്ങള്‍ സ്ത്രീകളെ വിട്ടുനില്‍ക്കുക, ആര്‍ത്തവത്തില്‍ നിന്നും ശുദ്ധിയാകുന്നത് വരെ അവരോട് നിങ്ങള്‍ അടുക്കരുത്.’ ഈ പറഞ്ഞതിന് അര്‍ത്ഥം എന്താണ്? അവളുടെ അടുത്തു പോലും പോകരുത്, അവള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുത്, എന്നാണോ…. ഒരിക്കല്‍ പ്രവാചകന്‍ ആഇഷയുടെ കൂടെ ഒരു കിടപ്പറയില്‍ കിടക്കുകയായിരുന്നു. പെട്ടെന്നാണ് ആയിഷക്ക് ആര്‍ത്തവം ഉണ്ടായത്. അവര്‍ പെട്ടെന്ന് എഴുന്നേറ്റ് പോകവേ പ്രവാചകന്‍ ചോദിച്ചു ‘എന്തേ ആര്‍ത്തവം ഉണ്ടായോ? എങ്കില്‍ നീയത് വൃത്തിയാക്കി തിരിച്ചുവരിക’ അങ്ങനെ ഞാനും പ്രവാചകനും ഒന്നിച്ച് കിടപ്പറയില്‍ കിടന്നു എന്നിട്ട് ആഇഷ ബീവി പറയുന്നു ‘അദ്ദേഹത്തെക്കാള്‍ മനശക്തി ഉള്ള ആളുകളെ നിങ്ങളില്‍ ആരെയാണ് കാണാന്‍ കഴിയുക. മറ്റൊരു ഹദീസില്‍ ആയിഷാ ബീവി പറയുന്നു ‘ഞാന്‍ ആര്‍ത്തവകാരി ആയിരിക്കുമ്പോള്‍ പ്രവാചകന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് എന്റെ മടിയില്‍ തലവച്ചു കിടന്നു’… ഇത് അശുദ്ധമായി മാറ്റി നിര്‍ത്തേണ്ട ഒന്നാണ് എന്നല്ല അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്. മറിച്ച്, നിങ്ങള്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടരുത് എന്നാണ്. അതൊരു രോഗമാണ്, പ്രയാസമാണ്.മാനസികസംഘര്‍ഷവും ചില സ്ത്രീകളില്‍ ഉണ്ടാവുന്ന സമയമാണത്. അങ്ങനെ ആ പറഞ്ഞതിന് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ട് ആ സമയത്ത് പെണ്ണിനെ പ്രയാസപ്പെടുത്തരുത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ചിലപ്പോള്‍ അത് രോഗം ആകാന്‍ സാധ്യതയുണ്ട്, അതൊരു മാലിന്യമാണ് എന്ന് പറയുന്നത് പ്രശ്‌നമാണോ? ആര്‍ത്തവരക്തം മാലിന്യം അല്ലാതെ പിന്നെ എന്താണ്? ആര്‍ത്തവരക്തം മാലിന്യം ആണെന്ന് പറഞ്ഞതാണോ ഇസ്‌ലാം ചെയ്ത തെറ്റ്?

മറ്റൊരു വിമര്‍ശനം പെണ്ണിനെ എന്നും ഒരു വസ്തു ആയിട്ടാണ് ഇസ്‌ലാം കാണുന്നത് എന്നാണ്. അതിനവര്‍ ഉദ്ധരിക്കുന്ന ഉദാഹരണമാണിത് :
نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ
(Sura 2 : Aya 223)
പെണ്ണെന്നു പറഞ്ഞാല്‍ നിങ്ങളുടെ കൃഷിയിടമാണ്. ഒരു ഭൂമിയോട് അഥവാ ഒരു ജംഗമ വസ്തുവിനോട് ആണ് അള്ളാഹു പെണ്ണിനെ ഉപമിച്ചത്. പെണ്ണെന്നു പറഞ്ഞാല്‍ പ്രത്യേക വികാരമോ വിചാരമോ അഭിപ്രായമോ ഒന്നുമില്ലാത്ത ഒരു വസ്തുവാണ്. അതോടൊപ്പം തന്നെ ഒരു ലൈംഗിക വസ്തുവാണ്. അതുകൊണ്ടാണ് തുടര്‍ന്നു പറയുന്നത് ‘സ്ത്രീകള്‍ കൃഷിയിടമാണ് നിങ്ങള്‍ നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവേശിച്ചുകൊള്ളുക’. യുക്തിവാദികള്‍ പറയുന്നു: ഒരു ആണിന് എങ്ങനെ വേണമെങ്കിലും ഏതു സമയത്തു വേണമെങ്കിലും മേഞ്ഞു നടക്കാവുന്ന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന ഒരു വസ്തു ആയിട്ടാണ് പെണ്ണിനെ ഇസ്ലാം കാണുന്നത് എന്നാണ്. പക്ഷേ വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ കൃത്യമായി പഠിക്കുന്ന ഒരു മനുഷ്യന് മനസ്സിലാവും എത്രമാത്രം കാല്പനികമായ ഒരു ഉദാഹരണം ഇതെന്ന്. അല്ലാഹു വളരെ മനോഹരമായിട്ടാണ് ഈയൊരു ഉദാഹരണത്തെ വിശേഷിപ്പിച്ചത്. ഒരു കൃഷിക്കാരന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാവില്ല അത് അദ്ദേഹത്തിന്റെ കൃഷിയിടമാണ്. താനെന്നും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ്. ഒരു മനുഷ്യന്‍ ഒരു കാട്ടാന കയറുന്നത് പോലെ തന്റെ കൃഷിയിടത്തെ നശിപ്പിക്കുകയില്ല. അവിടെയുള്ള ഓരോ കളകളെയും പറിച്ചുമാറ്റി ഏറ്റവും സൂക്ഷ്മതയോടെ അതിനെ താലോലിച്ച് വിത്ത് വിതച്ച് വെള്ളം നല്‍കി സൂക്ഷ്മതയോടെ പരിപാലിച്ച് അതിനെ കുറിച്ച് മാത്രം സ്വപ്നം കണ്ട് കഴിയുന്ന ഒരു കൃഷിയിടം പോലെയാണ് പെണ്ണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അത്രമാത്രം സ്‌നേഹ പരിലാളനത്തോടുകബടി ആയിരിക്കണം നിങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നാണ്. അങ്ങനെയെങ്കില്‍ മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട് നോമ്പുമായി ബന്ധപ്പെട്ടു പറയുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രമാണ് എന്ന്. ആണിനെയും പെണ്ണിനെയും കേവലം കുപ്പായം ആക്കി കളഞ്ഞു എന്ന് പറയാമോ? ഒരു മനുഷ്യന് തന്റെ അഭിമാനം, സ്വത്വബോധം, വൃത്തി മനോഭാവം,
അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ ഉള്ള അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചുള്ള വസ്ത്രമാണ് ഓരോ മനുഷ്യനും സ്വീകരിക്കുക. എന്റെ നാണം മറക്കുന്നതാണ് വസ്ത്രം. അത്രമാത്രം കാല്പനികമായ ഉദാഹരണമാണ് ദമ്പതികള്‍ തമ്മിലുള്ള പ്രണയം. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്, അല്ലാഹുവിനെയാണോ. നോമ്പിന്റെ രാത്രിയില്‍ നിങ്ങള്‍ ബന്ധപ്പെടുകയില്ല എന്ന് തീരുമാനിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു പറയുന്നു ‘നിങ്ങള്‍ പരസ്പരം വസ്ത്രമാണ്’ പരസ്പരം ഇഴുകിച്ചേര്‍ന്നു കഴിയേണ്ടവരാണ്. നിങ്ങള്‍ക്ക് ഇതിനിടയില്‍ മറയില്ല പരസ്പരം നിങ്ങള്‍ അഭിമാനവും ആദരവും സ്‌നേഹവും പരിഗണനയും കരുതലുമാണ് എന്ന് പറയുന്ന ഇസ്ലാം ഇവിടെ വളരെ കാല്‍പ്പനികമായിട്ടാണ് പെണ്ണിനെയും അവളുടെ ഇണയെയുംചിത്രീകരിച്ചിട്ടുള്ളത്….

(തയ്യാറാക്കിയത്: മുനീബ്.എൻ.എ )

പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേള്‍ക്കാന്‍ താഴെ ലിങ്ക് സന്ദര്‍ശിക്കുക:

Related Articles