Current Date

Search
Close this search box.
Search
Close this search box.

മുനാഫിഖ്, കാഫിർ എന്നാൽ ?

സത്യം വന്നു കിട്ടിയിട്ടും അതിനെ തിരസ്കരിച്ചവനെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ കാഫിർ എന്ന് വിളിക്കും. ഭാഷയിൽ അതൊരു “സകർമ്മക” ക്രിയയാണ്. അതിനു ഭാഷയിൽ “മറച്ചുവെച്ചു” എന്നും അർത്ഥമുണ്ട്. എന്ത് നിഷേധിച്ചു എന്ത് മറച്ചു വെച്ചു എന്ന ചോദ്യത്തിന് ദൈവത്തെ നിഷേധിച്ചു സത്യം മറച്ചുവെച്ചു എന്നെല്ലാം പറയാം. അതെ സമയം മുനാഫിഖ് എന്നതും ഇസ്ലാമിലെ ഒരു സാങ്കേതിക പദമാണ്‌. ശത്രുത മറച്ചു വെച്ച് സൗഹൃദം വെളിവാക്കുക, നിഷേധം മറച്ചു വെച്ച് വിശ്വാസം പ്രഖ്യാപിക്കുക, അകത്തുള്ളതിനു പകരമായി പുറത്തു മറ്റൊന്ന് കാണിക്കുക എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം.

നഫഖ് എന്ന പദത്തിന് “ തുരങ്കം” എന്നർത്ഥമുണ്ട്. നമ്മുടെ ആധുനിക ഭാഷയിൽ പറഞ്ഞാൽ Tunnel എന്നും പറയാം. അകവും പുറവും വ്യത്യസ്തമാണ് എന്നതാണ് തുരങ്കത്തിന്റെ പ്രത്യേകത. പുറത്തു നിന്നും നോക്കിയാൽ കാണുന്നതല്ല അകത്തു ചെന്നാൽ കാണാൻ സാധിക്കുന്നത്. കപടനും അത് പോലെ തന്നെ. “ അവരുടെ ആകാരം നിങ്ങളെ അത്ഭുതപ്പെടുത്തും അവരുമായി സംസാരിച്ചാൽ കേട്ട് നിന്നുപോകും” എന്നാണു അവരെ കുറിച്ച് ഖുർആൻ പറഞ്ഞത്. അകമേ നിഷേധിയും പുറമേ വിശ്വാസിയും എന്നാണു അവരെ കുറിച്ച് പറയാൻ കഴിയുന്ന നല്ല സമീപനം.

സാങ്കേതികമായി കപടൻ സമുദായത്തിനകത്താണ്. ഭൗതിക ലോകത്ത് മുസ്ലിമിന് ലഭിക്കുന്ന എന്തും അവർക്കും ലഭിക്കും. അത്ര പ്രകടമായ കാപട്യക്കാർക്ക് വേണ്ടി പ്രവാചകൻ നമസ്കരിക്കുന്നത് ഖുർആൻ വിലക്കിയിട്ടുണ്ട്. അതിനു പറഞ്ഞ കാരണം “….അവർ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കുകയും ധിക്കാരികളായി മരണമടയുകയും ചെയ്തിരിക്കുന്നു” എന്നായിരുന്നു. നേർക്ക്‌ നേരെ ഈ വചനത്തിലെ കഥാപാത്രം അബ്ദുല്ലാ ബിന് സുലൂൽ അല്ലാഹുവിലും പ്രവാചകനിലും അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. മരണ സമയത്ത് അദ്ദേഹം മുസ്ലിം സമൂഹത്തിൽ തന്നെയായിരുന്നു. അത് കൊണ്ടാണ് പ്രവാചകനും സഹാബികളും അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചത്. ഉമർ ഫാരൂഖിനെ പോലുള്ളവർ ആദ്യം അതിനെ എതിർത്തിരുന്നു. ആ എതിർപ്പ് വകവെക്കാത പ്രവാചകൻ നമസ്കരിച്ചു. ഇത്തരം ആളുകൾക്ക് വേണ്ടി പ്രവാചകൻ നമസ്കരിക്കുക എന്നത് ഒരു നല്ല സന്ദേശമല്ല നൽകുക. അത് കൊണ്ട് ആ പ്രവണതയെ അല്ലാഹു തടഞ്ഞു, അവർ അവിശ്വാസികൾക്ക്‌ തുല്യം എന്ന അടിവരയോടെ.

മക്കയിൽ പ്രവാചകന് കാര്യമായ ഒരു ശത്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദീനയിൽ ഇസ്ലാമിന് പുതിയ വഴികൾ തുറന്നു കിട്ടി എന്നത് പോലെ പുതിയ ശത്രുക്കളുമുണ്ടായി. മക്കയിൽ ഇല്ലായിരുന്ന ജൂതരും ക്രൈസ്തവർക്കും പുറമേ അകത്തു നിന്നും മറ്റൊരു ശത്രു കൂടി ഉദയം കൊണ്ടു. അവരെ “ മുനാഫിഖ്” എന്ന പേരിൽ അറിയപ്പെടുന്നു. പുറത്തുള്ള ശത്രുക്കളെക്കാൾ ഖുർആൻ ഗൗരവമായി എണ്ണിയത് ആഭ്യന്തര ശത്രുവിനെയായിരുന്നു. അതിനെ കുറിച്ച് ഖുർആൻ പറഞ്ഞത് “ ഹൃദയത്തിന്റെ രോഗം” എന്നായിരുന്നു. പുറത്തുള്ള ശത്രുക്കൾ നമുക്ക് ദൃശ്യമാണ്. പക്ഷെ മനസ്സിൽ കുടിയേറിയ രോഗം അത് അദൃശ്യമാണ്. രോഗിക്ക് പോലും അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയണമെന്നില്ല. ഖുർആൻ കൂടുതൽ ചർച്ച ചെയ്തതും കപടതയെ കുറിച്ച് തന്നെ. കപടന്മാർ എന്നൊരു അദ്ധ്യായം തന്നെ ഖുർആനിലുണ്ട്. “താങ്കൾ അല്ലാഹുവിന്റെ ദൂതനാണ്‌ എന്ന് കപടന്മാർ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുമ്പോൾ അത് സത്യമാണ് എന്നതോടൊപ്പം മറ്റൊന്ന് കൂടി ഖുർആൻ പറയുന്നു. അതായത് കപടന്മാർ കള്ളം പറയുകയാണെന്ന്”. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്‌ എന്ന് കപടന്മാരും പരസ്യമായി സമ്മതിച്ചതാണ്. പക്ഷെ അവരുടെ ജീവിതത്തിലും ഇടപാടുകളിലും ആ സമ്മതം ഉണ്ടായിരുന്നില്ല. അവിടെയാണ് കാഫിറും മുനാഫിഖും ഒത്തു വരുന്നത്. ഒരാൾ നിഷേധത്തോടെ അല്ലാഹുവിനെയും പ്രവാചകനെയും എതിർക്കുമ്പോൾ മറ്റൊരു കൂട്ടർ വിശ്വാസിയായിരിക്കെ തന്നെ ആ എതിർപ്പ് തുടരുന്നു. ഒരാൾ വഞ്ചന കാണിക്കുമ്പോൾ മറ്റൊരാൾ വിശ്വാസവഞ്ചന കാണിക്കുന്നു. കപടൻ സമുദായത്തിന്റെ കുപ്പായം അണിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് പെട്ടെന്നൊരു നടപടി സാധ്യമാകാതെ വരുന്നു. അതിലാണ് പലരും ഈ ലോകത്ത് രക്ഷപ്പെടുന്നതും.

അതെ സമയം മുനാഫിഖ് പരലോകത്ത് എണ്ണപ്പെടുന്നത് കാഫിറിന്റെ ഗണത്തിലാണ്. അല്ലാഹു പറയുന്നു “ അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും നരകത്തിൽ സമ്മേളിപ്പിക്കുന്നവനാണെന്ന് ഉറപ്പിച്ചുകൊള്ളുക”. ശേഷം ഒന്ന് കൂടി പറഞ്ഞു “ ഉറപ്പിച്ചുകൊള്ളുക: കപടവിശ്വാസികൾ നരകത്തിന്റെ ഏറ്റവും അടിത്തട്ടിൽ പോകുന്നവരാകുന്നു. അവർക്കു സഹായിയായി ആരെയും നീ കണ്ടെത്തുകയില്ല” ശിക്ഷയുടെ കാര്യത്തിൽ അവർ കാഫിനെ കവച്ചുവെക്കുന്നു എന്നതാണ് പരലോകത്തെ അവസ്ഥ. കുഫ്ർ ഒരു നിലപാടാണ് അതെ സമയം കപടത ഒരു രോഗവും. ഖുർആൻ തുടർന്നു പറയുന്നു “ ഈ കപടവിശ്വാസികൾ നിങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അല്ലാഹുവിങ്കൽനിന്നു വിജയമുണ്ടാവുകയാണെങ്കിൽ അവർ വന്നുപറയും: ‘ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?’ സത്യനിഷേധികൾക്കാണ് നേട്ടമുണ്ടായതെങ്കിൽ അവരോട് പറയുന്നു: ‘നിങ്ങൾക്കെതിരിൽ യുദ്ധംചെയ്യാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ലേ; എന്നിട്ടും ഞങ്ങൾ നിങ്ങളെ മുസ്‌ലിംകളിൽനിന്നു രക്ഷിച്ചില്ലേ?” ഒരേ സമയം അല്ലാഹുവിനെയും വിശ്വാസികളെയും സ്വന്തതെയും വഞ്ചിക്കുന്നു എന്നത് കൊണ്ടാണ് കപടർക്ക് ശിക്ഷയുടെ കാഠിന്യം വർധിക്കുന്നത്. ചുരുക്കത്തിൽ കുഫ്റും കാപട്യവും ഒന്ന് തന്നെ. പക്ഷെ നാം പല പേരിൽ വിളിക്കുന്നു എന്നുമാത്രം.

Related Articles