Faith

ഭക്ഷ്യ ബാങ്ക്: വിശപ്പില്ലാതാക്കാന്‍ ഒരു കൈത്താങ്ങ്

ഈ അടുത്ത കാലത്തായി നാം കേട്ട് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഭക്ഷ്യ ബാങ്ക്. ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ ഷൈലോകിയന്‍ മന:സ്ഥിതിയുടെ വ്യവസ്ഥാപിത കേന്ദ്രമെന്നാണ് നമ്മുടെ പൊതു ധാരണ എങ്കിലും, ഭക്ഷ്യ ബാങ്ക് എന്ന് പറയുമ്പോള്‍ അത്‌കൊണ്ടുള്ള വിവക്ഷ തീര്‍ത്തും വ്യതിരിക്തവും വ്യത്യസ്തവുമാണ്. ‘വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാനില്ലത്ര’ എന്ന പഴഞ്ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന കാര്യങ്ങളാണ് ഭക്ഷണ സമൃദ്ധിയുടെ കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് ഭക്ഷണ സാധനങ്ങളുടെ ധാരാളിത്തം കണ്ട് അത്ഭുതപ്പെടുമെങ്കില്‍, മറുഭാഗത്ത്, ഒരു നേരം പോലും ഭക്ഷണം ലഭിക്കാതെ വിശപ്പ് സഹിച്ചുകൊണ്ടിരിക്കുന്ന പരശ്ശതം ജനങ്ങളേയും കാണുന്നു.

1967ല്‍ സെന്റ് മേരീസ് ഫുഡ് ബാങ്ക് എന്ന പേരില്‍ അമേരിക്കയിലെ അരിസോണയിലാണ് ഭക്ഷ്യ ബാങ്ക് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് ഇതു സംബന്ധമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യൂറോപ്പില്‍ 2006 ലാണ് ഭക്ഷ്യ ബാങ്കുകള്‍ ആരംഭിച്ചതെങ്കിലും 2008 ലെ സാമ്പത്തിക പ്രതിസന്ധിയോട് കൂടി അതിന് കൂടുതല്‍ പ്രചാരം കിട്ടുകയുണ്ടായി. ഇപ്പോള്‍ ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്ഷ്യ ബാങ്കുകള്‍ പ്രവര്‍ത്തിച്ച് വരുന്നത് വിശപ്പില്ലാതാക്കാന്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നു. ഒരു നഗരത്തില്‍ വ്യവസ്ഥാപിത രൂപത്തില്‍ ഒരു ഫുഡ് ബാങ്കെങ്കിലും സ്ഥാപിക്കാന്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രമിക്കുമെങ്കില്‍ വിശപ്പില്ലാതാക്കാനുള്ള നല്ലൊരു പദ്ധതിയായിരിക്കും അത്.

വിവാഹം, ജന്മദിനാഘോഷങ്ങള്‍, മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍ തുടങ്ങി പല സാമൂഹ്യ സംഗമങ്ങള്‍ക്കും ഭക്ഷണം ഒരു പ്രധാന ഘടകം തന്നെ. പലപ്പോഴും എത്ര പേരാണ് ഇത്തരം സംഗമങ്ങളില്‍ പങ്കെടുക്കുക എന്ന് തിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍, ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാവാന്‍ പാടില്ലല്ലോ? വീട്ടുകാര്‍ക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്നത് നാട്ടിലാകെ അപമാനവുമായിത്തീരുന്ന ഒരു കാര്യമാണ് പരിപാടിയില്‍ ഭക്ഷണം അല്‍പം കുറഞ്ഞ് പോവല്‍. അങ്ങനെ ബാക്കിയാവുന്ന അധിക ഭക്ഷണം വലിയൊരു കുഴി കുഴിച്ച് അതില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണല്ലോ?

ഇത്തരമൊരു സമകാലീന പ്രശ്‌നത്തെ ക്രയാത്മകമായി അഭിമുഖീകരിക്കുകയാണ് ഭക്ഷ്യ ബാങ്ക് സംസ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തരം ബാങ്കുകള്‍ സാമൂഹ്യ സേവകരുടെ ശ്രമഫലമായി മഹാ നഗരങ്ങളില്‍ നേരത്തെ തന്നെ പ്രവര്‍ത്തിച്ച് വരുന്നത് അവിടുത്തെ അശണരായ ആളുകള്‍ക്ക് ആശ്വാസമാണെന്ന കാര്യത്തില്‍ സംശയമില്ല. നഗരപ്രദേശങ്ങളില്‍ പ്രതീക്ഷയോടെ അന്തിയുറങ്ങാതെ പാതിരാവ് വരേ ഭക്ഷ്യ ബാങ്കിന്റെ വാഹനം വരുന്നത് കാത്തിരിക്കുന്ന നിരവധി കുടുംബാംഗങ്ങളേയും നമുക്ക് കാണാം. വിശപ്പിന്റെ പൊള്ളലേറ്റവര്‍ക്കേ അതിന്റെ വേദന അറിയൂ.

ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങള്‍ നഗരങ്ങളില്‍ നിന്നും നമ്മുടെ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ അനാവശ്യമായി പാഴാക്കി കളയരുതെന്ന് നമുക്ക് ബന്ധപ്പെട്ടവരെ ഉണര്‍ത്താമെങ്കിലും പലപ്പോഴും മുകളില്‍ സൂചിപ്പിച്ചത് പോലെ ഭക്ഷണ വിഭവങ്ങള്‍ അമിതമാവുകയല്ലാതെ കുറയുന്ന പ്രവണത എത്ര ചെറിയ പരിപാടികളില്‍ പോലും കാണാറില്ല. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായ ഇക്കാലത്ത് വളരെ ചെറിയ മുതല്‍ മുടക്കില്‍ നമ്മുടെ പ്രദേശത്തെല്ലാം സ്ഥാപിക്കാവുന്ന ഒരു മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഭക്ഷ്യ ബാങ്കിന്റെ സ്ഥാപനവും നടത്തിപ്പും.

സന്നദ്ധരായ ഏതാനും പ്രവര്‍ത്തകരും സദാ വിളിച്ചാല്‍ ലഭ്യമാവുന്ന ഒരു ചെറിയ വാഹനവും ഏതാനും പാത്രങ്ങളും ഉണ്ടായാല്‍ സ്ഥാപിക്കാന്‍ കഴിയുന്നതേയുള്ളൂ ഭക്ഷ്യ ബാങ്ക്. വാട്ട്‌സപ്പിലൂടെയും മറ്റും ഇത്തരമൊരു സേവന സന്നദ്ധ ഗ്രൂപ്പ് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുകയും ചെയ്യുക എന്ന സന്ദേശം പ്രചരിക്കുന്നതോടെ ഭക്ഷ്യ ബാങ്കുമായി ജാതി മത ഭേദമന്യേ എല്ലാ വിഭാഗക്കാരും സഹകരിക്കാന്‍ മുന്നോട്ട് വരുന്നതായിരിക്കും. മറ്റൊരു രീതി ഭക്ഷണം ശേഖരിക്കാനും അത് വിതരണം ചെയ്യാനും ഒരു കേന്ദ്രം ഉണ്ടാവുക എന്നതാണ്.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ധാര്‍മ്മിക ഗുണങ്ങളിലൂടെ മാത്രമേ അല്ലാഹുവിന്റെ പ്രീതി ആര്‍ജ്ജിക്കുവാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണം നല്‍കുക എന്നത് ഏറ്റവും നല്ല ധാര്‍മ്മിക ഗുണങ്ങളില്‍ ഒന്നാണ്. ഖുര്‍ആനിലും തിരുവചനങ്ങളിലും ഇത് സംബന്ധമായ നിരവധി വചനങ്ങള്‍ കാണാം. പുണ്യം ചെയ്യുന്നവരുടെ ഗുണമായി ഖുര്‍ആന്‍ പറയുന്നു: ‘ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു. അവര്‍ പറയും: ‘അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍ നിന്ന് എന്തങ്കെിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല’ (76:8,9)

ഒരു ചീള് ഈത്തപ്പഴം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്ന നബി വചനം പ്രസിദ്ധമാണ്. അബ്ദുല്ലാഹിബ്‌ന് അംറില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു നബി വചനം ഇങ്ങനെ: ‘നിങ്ങള്‍ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചാര്‍ത്തുക, ജനങ്ങള്‍ നിദ്രയിലായിരിക്കെ നിങ്ങള്‍ നമസ്‌കരിക്കുകയും ചെയ്യുക. എങ്കില്‍ സമാധാനത്തോടെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും’. നിങ്ങളുടെ പ്രദേശത്ത് ഒരു ഭക്ഷ്യ ബാങ്ക് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്നതിലൂടെ ദരിദ്രരുടെ വിശപ്പകറ്റുക മാത്രമല്ല, സമാധാനത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള വഴി കൂടി തുറക്കുകയാണ് ചെയ്യുന്നത്.

Facebook Comments
Related Articles
Show More
Close
Close