Current Date

Search
Close this search box.
Search
Close this search box.

ഹജജ് : അനുഷ്ഠാനങ്ങളിലെ ആന്തരാർത്ഥങ്ങൾ

There is a difference between an objective and actions. Unless you understand your objective, you will be wasting your time in actions. Know your objective first. Swamy Vivekanandan

ഇസ്ലാമിലെ നിർബന്ധ കർമ്മങ്ങളിൽ ഒന്നായ, വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനുള്ള സന്ദർഭം ഒരിക്കൽ കൂടി സമാഗതമാവുകയാണ്. മക്കയിലും പ്രാന്തപ്രദേശങ്ങളിലുമായി തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ നിർവഹിക്കുന്ന നിരവധി ആരാധനകളുടെ സമുച്ചയമാണ് ഹജ്ജ്. ആത്മ സംസ്കരണത്തിനും സ്വയം പരിവർത്തനത്തിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ഹജ്ജ്. ഹജ്ജിന് ശേഷം നവജാത ശിശുവിനെ പോലെ നിഷ്കളങ്കനായി പുനർജനിക്കുന്നു ഓരോ ഹാജിയും. അത്രയും ഫലപ്രദമായ ആരാധനയാണ് ഹജ്ജ്.

ഇബ്റാഹീം നബിയുടേയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും മഹത്തായ ത്യാഗത്തെ അന്സ്മരിപ്പിക്കുന്ന ആരാധനയാണ് ഹജജ്. അല്ലാഹുവിൻറെ കൽപനയുണ്ടായപ്പോൾ സ്വപുത്രനെ ബലി അർപ്പിക്കാൻ സന്നദ്ധനായ പിതാവ് ഇബ്റാഹീം. ദൈവ മാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള പിശാചിൻറെ പ്രലോഭനങ്ങളെ അതിജീവിച്ച പുത്രൻ ഇസ്മായിൽ. ഈ മഹത്തായ ചരിത്രനിർമ്മിതിക്ക് സാക്ഷ്യം വഹിച്ച സഹധർമ്മിണി ഹാജ്റ. അങ്ങനെ ഹജ്ജ് ഇബ്റാഹീം നബിയുടെ കുടുംബവുമായി അനൽപമായ ബന്ധമുള്ള ആരാധനയാണ്.

കുടുംബ സാമിപ്യം, സാമ്പത്തികവും ശാരീരികവുമായ സൗകര്യങ്ങൾ, മറ്റു ദുരിതങ്ങൾ എല്ലാം ത്യജിച്ച്കൊണ്ടാണ് ഹാജി തീർത്ഥാടനത്തിനായി പുറപ്പെടുന്നത്. നിരവധി പ്രവാചകന്മാരുടെ ജീവിതത്തിൽ ഐതിഹാസിക പല സംഭവങ്ങളും നടന്നിരുന്നുവെങ്കിലും, വിശുദ്ധ ഹജ്ജ് കർമ്മത്തിൻറെ മാതൃകയായി അല്ലാഹു നിശ്ചയിച്ചത് ഇബ്റാഹീം നബിയുടെയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും ജീവിതത്തെയായിരുന്നുവെന്നത് യാദൃശ്ചികമല്ല.

പ്രതീകാത്മകമായ അനേകം ആന്തരാർത്ഥങ്ങൾ ഉൾകൊള്ളുന്നതാണ് ഹജജ് കർമ്മത്തിലെ ഓരോ അനുഷ്ടാനങ്ങളും. ആ ആന്തരാർത്ഥങ്ങളുടെ ചൈതന്യം ആവാഹിക്കാതെ കേവലം അനുഷ്ടാനങ്ങളിൽ മാത്രം ഹജ്ജിനെ പരിമിതപ്പെടുത്തുന്നത് ഇബ്റാഹീം നബിയോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന അപരാധമായിരിക്കും. അപ്പോൾ അത് ആത്മാവില്ലാത്ത ജഡിക അനുഷ്ടാനങ്ങൾ മാത്രമാവുന്നത് കൊണ്ടാണ്.

ആന്തരാർത്ഥങ്ങൾ
ഹജ്ജിന് പുറപ്പെടുന്നവർക്കായി നിശ്ചയിക്കപ്പെട്ട വസ്ത്രം നോക്കൂ. ലാളിത്യത്തിൻറെ പ്രകടനവും എല്ലാവരും തുല്യരുമാണെന്നതിൻറെ പ്രതീകവുമാണ് ഹാജി ധരിക്കുന്ന വസ്ത്രം. കഫൻ പുടവയോട് സാദൃശമുള്ള രണ്ട് ശീലകൾ. നാം നമ്മെ കഫൻ ചെയ്യുന്നതിൻറെ ഒർമ്മപ്പെടുത്തലാണ് ഹജ്ജിനായി വെള്ള ഇഹ്റാം വസ്ത്രം ധരിക്കൽ. ഇഹ്റാമിൻറെ വസ്ത്രത്തോടെയാണ് മരണപ്പെടുന്നുവെങ്കിൽ, ഹാജിയെ സംസ്കരിക്കാൻ കുളിപ്പിക്കേണ്ടതില്ല. ഇഹ്റാമിൻറെ വസ്ത്രം മാറ്റേണ്ടതില്ല. ആ വസ്ത്രത്തിൽ തന്നെയാണ് പരലോകത്ത് ഹാജി ഹാജറാവുക.

മക്കയിലത്തെിയ ഹാജി ആദ്യം ചെയ്യുന്ന കർമ്മം കഅ്ബയെ ഏഴ് പ്രാവിശ്യം വലയംവെക്കലാണ്. ജീവിതം അല്ലാഹുവിനെ കുറിച്ച ഒർമ്മയിലാണ് കറങ്ങേണ്ടതെന്നും അവൻ നിശ്ചയിച്ച പഥസഞ്ചയം ലംഘിക്കരുതെന്നുമാണ് തവാഫിൻറെ ആന്തരാർത്ഥമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. തവാഫ് അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. ഹജ്ജിലെ മറ്റൊരു പ്രധാന ചടങ്ങായ സഅ് യ് (സഫാ-മർവ കുന്നുകൾക്കിടയിലെ ഓട്ടം) പ്രയത്നത്തെയാണ് പ്രതീകമാക്കുന്നത്. കേവലം പ്രാർത്ഥന മാത്രമല്ല, പ്രവർത്തനത്തിനും പ്രധാന്യം നൽകേണ്ടതിൻറെ സൂചന അതിലുണ്ട്.

ഒരിറ്റ് ജലത്തിനായി പ്രാർത്ഥിക്കുകയും മലകൾക്കിടയിൽ ഓടുകയും ചെയ്ത ഇബ്റാഹീം നബിയുടെ സഹധർമ്മിണി ഹാജറക്ക് അല്ലാഹു നൽകിയ പ്രതിഫലമാണ് സംസം. പ്രാർത്ഥനക്കും പ്രയത്നത്തിനും ഫലമുണ്ടാകുമെന്നതിൻറെ നേർ സാക്ഷ്യമാണ് മരൂഭൂമിയലെ സംസം ജല പ്രവാഹം. പ്രാർത്ഥനക്കും പരിശ്രമത്തിനുമൊടുവിൽ, തവാഫിനും സഅ് യിനും ശേഷം, ഫലം ലഭിക്കുമെന്നതിൻറെ തെളിവാണ് സംസം കിണർ.

ഹജ്ജുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കർമ്മങ്ങൾ ദുൽഹജ്ജ് എട്ടിന് മീനയിലെ ഇരുത്തവും ഒമ്പതിന് അറഫയിലെ നിർത്തവുമാണ്. മഹത്തായ അനുഷ്ടാനത്തിനുള്ള ഒരുക്കമാണ് മീനയിൽ നടക്കുന്നതെങ്കിൽ, സർവ്വ മനുഷ്യരേയും പരലോക വിചാരണയിൽ ഒരുമിച്ച് കൂട്ടുന്ന ‘മഹ്ശറയെ ‘അനുസ്മരിപ്പിക്കുന്നതാണ് ഹാജിമാരുടെ അറഫയിലെ നിർത്തം. ഹാജിയെ സംബന്ധിച്ചേടുത്തോളം അറഫയിലെ നിറുത്തം എത്രമാത്രം സംഭവ്യമാണൊ, അത്പോലെ പരലോകത്ത് മനുഷ്യ മഹാ സംഗമവും യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്നാണ് അതിലെ സൂചന.

ദുൽഹജ്ജ ഒമ്പതാം ദിവസത്തെ സുര്യാസ്തമയത്തിന് ശേഷം, മുസ്ദലിഫയിൽ രാപാർത്ത്, പൂർണ്ണമായ പ്രാർത്ഥനയിൽ മുഴുകി, പത്തിന് നടക്കുന്ന കല്ലേറിൽ പങ്കെടുക്കുന്നു. അല്ലാഹുവിൻറെ കൽപന ഇബ്റാഹീം നബിയും മകൻ ഇസ്മായീലും ശിരസാവഹിക്കുന്നതിൻറെ പ്രതീകമാണ് ഹജ്ജിലെ ബലകർമ്മം. അല്ലാഹുവിൻറെ കൽപന പ്രകാരം പുത്രൻ ഇസ്മായിലിനെ ബലിയറുക്കാൻ കൊണ്ട്പോവുമ്പോൾ ഇബ്റാഹീം നബിയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിക്കുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് ജംറയിലെ കല്ലെറിയൽ.

ദുൽഹജ്ജ് പത്തിനും പതിനൊന്നിനും പന്ത്രണ്ടിനും നടക്കുന്ന ജംറയിലെ കല്ലെറിയൽ കർമ്മം ജീവിതത്തിൽ പൈശാചികമായ പ്രലോപനങ്ങൾക്ക് വിധേയമാവുകയില്ല എന്നതിൻറെ ശക്തമായ പ്രഖ്യാപനവും പ്രതീകാത്മകമായ തിരസ്കാരവുമാണത്. ഈ ബൃഹ്ത്തായ അനുഷ്ടാനങ്ങൾക്ക് ശേഷം, ഹജ്ജിലെ പ്രധാനമായ കർമ്മമാണ് ശിരോ മുണ്ഡനം ചെയ്യൽ. പുതിയ മനുഷ്യനായി പിറവി എടുക്കുന്നതിൻറെ ശക്തമായ മുന്നൊരുക്കമല്ലാതെ മറ്റൊന്നുമല്ല അത്.

ഹജ്ജിലെ മാനവികത
ഇസ്ലാം ഉദ്ഘോഷിക്കുന്ന മാനവിക ഐക്യമാണ് ഹജ്ജിൻറെ മറ്റൊരു സന്ദേശം. വിത്യസ്തമായ പ്രാദേശിക സംസ്കാരങ്ങളേയും ഭാഷകളേയും ഏകദൈവ വിശ്വാസത്തിൽ സംയോജിപ്പിക്കുന്ന അൽഭുതമാണ് ഹജ്ജിൽ സംഭവിക്കുന്നത്. ലഹളയും കലാപവും കുഴപ്പവുമില്ലാതെ എല്ലാവരും ഏകോതര സഹോദവന്മാരാണെന്ന ഭാവത്തിൽ ഹജ്ജ് കർമ്മങ്ങളിൽ മുഴുകുമ്പോൾ മാനവരാശിയുടെ ഐക്യ സന്ദേശമാണ് വിളംബരപ്പെടുത്തുന്നത്.

ചരിത്രാവബോധം സൃഷ്ടിക്കാനും ചരിത്ര നിർമ്മിതികളെ അനുസ്മരിക്കാനുള്ള ഉൽകൃഷ്ടമായ കർമ്മമാണ് ഹജ്ജ്. മനുഷ്യരാശിയടെ പൂർവ്വകാല അപദാനങ്ങളിലേക്ക് വെളിച്ചം വീശാൻ അത് സഹായകമാണ്. മക്കയിലേയും മീനായിലേയും അറഫയിലേയും ചരിത്രഭൂമിയിൽ സംഗമിക്കുമ്പോൾ ആ ചരിത്ര സംഭവങ്ങളോരോന്നും നാം അയവിറക്കേണ്ടതുണ്ട്. ഇസ്ലാം പ്രഘോഷിക്കുന്ന സാർവ്വലൗകികതയാണ് ഹജ്ജ് നൽകുന്ന മറ്റൊരു ഗുണപാഠം.

അല്ലാഹുവോടും പ്രവാചകനോടുമുള്ള അനുസരണത്തിൻറെ മഹത്തായ പ്രതീകമാണ് ഹജ്ജ് കർമ്മങ്ങൾ. സമ്പൂർണ്ണമായ അനുസരണമാണ്, അതിലെ ഓരോ ചുവട് വപ്പുകളും. അല്ലാഹുവിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഹാജി ചരിക്കുന്നത്. ഓരോ നിമിഷവും എന്ത് ചെയ്യണം, ഏത് ദിശയിലേക്ക് പോവണം, എപ്പോൾ പോവണം എല്ലാം അല്ലാഹുവിൻറെ ആജ്ഞക്കനുസരിച്ചാണ്.

ഇങ്ങനെ എത്ര എത്ര പ്രതീകാത്മകമായ ആന്തരികാർത്ഥങ്ങളാണ് ഹജ്ജ് കർമ്മത്തിൽ അന്തർലീമനമായിട്ടുള്ളതെന്ന് അറിയുമ്പോൾ ആ കർമ്മങ്ങളുടെ മഹത്വമാണ് വെളിപ്പെടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഖുർആൻ പറയുന്നത്: ജനങ്ങൾ ഹജ്ജിനായി വരട്ടെ; വിവിധ നേട്ടങ്ങൾ കൈവരുത്തികൊടുക്കുന്ന രംഗങ്ങളിൽ അവർ സന്നിഹിതരാകാനും നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിനെ അനുസ്മരിക്കാനും വേണ്ടി. (ഹജ്ജ് 27,28)

ലോക ജനതക്ക് സമർപ്പണത്തിൻറെയും ത്യാഗത്തിൻറെയും മാതൃക സമർപ്പിക്കുവാനായിരുന്നു, ഈ കാര്യങ്ങളെല്ലാം, ഇബ്റാഹീം നബിയെയും അദ്ദേഹത്തിൻറെ കുടുംബത്തേയും ചെയ്യിപ്പിച്ചത്. വിശ്വാസികൾ, ഇസ്ലാമിക പ്രബോധന ദൗത്യം നിർവ്വഹിക്കുമ്പോൾ, പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. അതിനുള്ള മാതൃക പറഞ്ഞ് തരുക മാത്രമല്ല, സ്വജീവിതത്തിലൂടെ പരിശീലിപ്പിക്കുക കൂടിയാണ് ഹജ്ജിലൂടെ നാം ചെയ്യുന്നത്.

Related Articles