Current Date

Search
Close this search box.
Search
Close this search box.

‘ഇത് നിങ്ങള്‍ സ്വീകരിക്കണം, നിങ്ങളോട് ഞാന്‍ വാങ്ങിയത് ഭൂമിയാണ് സ്വര്‍ണമല്ല’ 

നബിയുടെ കൂടെ - 7

സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. നബി (സ) പറയുന്നു: ഒരാള്‍ മറ്റൊരാളുടെ അടുക്കല്‍നിന്ന് ഒരു ഭൂമി വാങ്ങുന്നു. ആ ഭൂമിയില്‍നിന്ന് അയാള്‍ക്കൊരു സ്വര്‍ണക്കിഴി ലഭിക്കുകയും ചെയ്യുന്നു. കിഴിയുമായി ഭൂമി വിറ്റ മനുഷ്യന്റെയടുക്കല്‍ ചെന്ന് ‘ഇത് നിങ്ങള്‍ സ്വീകരിക്കണം. നിങ്ങളോട് ഞാന്‍ വാങ്ങിയത് ഭൂമിയാണെന്നും സ്വര്‍ണമല്ലെന്നും’ പറയുന്നു. ‘അങ്ങനെയല്ല, ഞാന്‍ നിങ്ങള്‍ക്ക് വിറ്റത് ഭൂമിയും അതിലുള്ളതെല്ലാമാണെന്നും’ അദ്ദേഹത്തിന്റെ മറുപടി. അവര്‍ രണ്ടുപേരും പ്രശ്‌നപരിഹാരത്തിനായി ഒരു മനുഷ്യനെ കാണുന്നു. ‘നിങ്ങളിരുവര്‍ക്കും മക്കളുണ്ടോ’ എന്നദ്ദേഹത്തിന്റെ ചോദ്യം. എനിക്കൊരു ആണടിമയുണ്ടെന്ന് ഒരാളും എനിക്കൊരു പെണ്ണടിമയുണ്ടെന്ന് മറ്റൊരാളും മറുപടി പറയുന്നു. എങ്കില്‍ നിങ്ങള്‍ അവരെ പരസ്പരം വിവാഹം ചെയ്യിക്കുകയും ഈ സ്വര്‍ണക്കിഴിയില്‍ നിന്ന് അതിനുവേണ്ട ചെലവുകള്‍ കഴിക്കുകയും ബാക്കിവരുന്നത് സ്വദഖ ചെയ്യുകയും ചെയ്‌തോളൂ എന്നയാള്‍ പരിഹാരം നിര്‍ദേശിക്കുന്നു!
ഗുണപാഠം 1
ഈ സംഭവത്തില്‍ ഇരുവരുടെയും സൂക്ഷ്മത അത്ഭുതാവഹമാണ്. ഹറാം സംഭവിക്കുമോ എന്ന ഭയത്താല്‍ അവകാശമുള്ള ഭൂമിയുടെ പത്തില്‍ ഒന്‍പതും വിട്ടുകൊടുത്ത് ഒരോഹരി മാത്രം സ്വീകരിക്കലാണ് സൂക്ഷ്മതയെന്നാണ് മുന്‍ഗാമികള്‍ പറഞ്ഞിട്ടുള്ളത്. ഇപ്പറഞ്ഞതില്‍ അല്‍പം അതിശയോക്തിയുണ്ടെങ്കിലും സൂക്ഷ്മതയെക്കുറിച്ച് മനോഹരമായി ഇബ്‌നു തൈമിയ പറഞ്ഞിട്ടുണ്ട്. ‘ത്യാഗമെന്നാല്‍ ആഖിറത്തില്‍ ഉപകാരമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കലും സൂക്ഷ്മതയെന്നാല്‍ ആഖിറത്തില്‍ ഉപദ്രവം ഭയക്കേണ്ടുന്ന കാര്യങ്ങളെ ഉപേക്ഷിക്കലുമാണെ’ന്നാണ് അദ്ദേഹം പറയുന്നത്. ആയതിനാല്‍ മനുഷ്യന്‍ സൂക്ഷ്മതയുള്ളവനാകാന്‍ ഹലാലായ കാര്യങ്ങളില്‍ ഭൂരിഭാഗവും ഉപേക്ഷിക്കണമെന്നില്ല.
അല്ലാഹു വല്ല കാര്യവും ഹലാലാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുക വഴി ആഖിറത്തില്‍ ഒരിക്കലും ദോഷം ചെയ്യില്ലെന്നുറപ്പാണ്. പക്ഷേ, കാര്യങ്ങള്‍ ചിലപ്പോള്‍ വ്യക്തമാവാതെ വരും. അവിടെയാണ് സൂക്ഷ്മതയുടെ ദൗത്യം കടന്നുവരുന്നത്. ഉപര്യുക്ത സംഭവത്തില്‍ ഭൂമി വാങ്ങിയ മനുഷ്യന്‍ അതെടുക്കാന്‍ വിസമ്മതിച്ചത് തനിക്കര്‍ഹമല്ലാത്ത വല്ലതും താന്‍ എടുത്തുപോകുമോ എന്ന ആശങ്കകൊണ്ടാണ്. വില്‍പന നടത്തിയ മനുഷ്യന്‍ അതിനു വിസമ്മതിച്ചത് താന്‍ വിറ്റത് ഭൂമിയും അതിലുള്ളതെല്ലാമാണ് എന്ന നിലക്കുമാണ്. നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും മുമ്പ് ജനങ്ങള്‍ സ്വഭാവംകൊണ്ടും സൂക്ഷ്മതകൊണ്ടും പരസ്പരം ഇടപാടു നടത്തുന്നത് എത്ര സുന്ദരമാണ്!
നിയമങ്ങളും നീതിപീഠങ്ങളും നമുക്കവകാശമില്ലാത്ത കാര്യങ്ങള്‍ നമുക്ക് ഉടമപ്പെടുത്തി തന്നാല്‍തന്നെയും അത് നമുക്കൊരിക്കലും മതപരമായി അനുവദനീയമാകുന്നില്ലെന്ന് മനസ്സിലാക്കുക! നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ:’ഞാന്‍ വെറുമൊരു മനുഷ്യനാണ്. നിങ്ങളെന്റെയടുക്കല്‍ പ്രശ്‌നപരിഹാരത്തിനു വരുന്നു. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെക്കാള്‍ തെളിവുകള്‍ സമര്‍ഥിക്കാന്‍ മിടുക്കരായിരിക്കും. കേട്ടതനുസരിച്ച് ഞാന്‍ വിധിപറയുകയും ചെയ്യും. ആയതിനാല്‍, ഞാന്‍ മറ്റൊരാളുടെ അവകാശം നിങ്ങളില്‍ വല്ലവര്‍ക്കും പകുത്തുനല്‍കിയിട്ടുണ്ടെങ്കില്‍ അതവന്‍ സ്വീകരിക്കരുത്. നിശ്ചയമത് നരകത്തീയുടെ ഒരു ഭാഗമാണ്!’
ഗുണപാഠം 2
വ്യക്തികള്‍ സ്വത്തു സൂക്ഷിക്കുന്ന പതിവിന് മനുഷ്യനോളം പഴക്കമുണ്ടെന്ന് ഈ സംഭവം പറയുന്നു. പക്ഷേ, വ്യക്തിസ്വത്തുകള്‍ മുന്‍കാലത്തില്ലായിരുന്നുവെന്നും മനുഷ്യന്‍ ആദ്യമായി കണ്ടിട്ടുള്ള സാമ്പത്തിക സംവിധാനം കമ്മ്യൂണിസമാണെന്നുമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ നമ്മെ പറഞ്ഞുപറ്റിക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഭൂമികള്‍ എല്ലാവരുടേതുമായിരുന്നുവെന്നും സ്ത്രീകള്‍ ഏതു പുരുഷന്റേതും അവകാശമായിരുന്നുവെന്നുമാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാത്ത വെറും പൊള്ളവാദം മാത്രമാണിത്.
നേരെമറിച്ച് ഇസ്‌ലാംതന്നെ ഈ വാദങ്ങളെയെല്ലാം തെളിവുസഹിതം തകര്‍ക്കുന്നുണ്ട്. ആദിമ മനുഷ്യന്‍ ആദം നബിയുടെ സന്താനങ്ങളില്‍ ഖാബീല്‍ ഹാബീലിനെ വധിക്കുന്നത് വിവാഹം ചെയ്യാനുള്ള സ്ത്രീയുടെ വിഷയത്തിലായിരുന്നു. ഇവിടെയെവിടെയാണ് കമ്മ്യൂണിസം പറയുന്ന നിയമങ്ങളുള്ളത്? ഇവിടെ ഖാബീല്‍ ഹാബീലിനെ വധിക്കുന്നതിനു മുമ്പായി ഒരു വിധിപറയുന്ന ചടങ്ങുണ്ടായിരുന്നു. രണ്ടുപേരും തങ്ങളുടെ സ്വത്ത് ബലിയായി നല്‍കുകയെന്നതായിരുന്നു നിയമം. ഖാബീല്‍ കര്‍ഷകനും ഹാബീല്‍ ആടുമേയ്ക്കുന്നവരുമായിരുന്നു. കൃഷിഭൂമിയും ആടുമാടുകളും വ്യക്തികളുടേതായിരുന്നു, കൂട്ടുസ്വത്തല്ല എന്ന് ഇതിലൂടെ വ്യക്തം.
കമ്മ്യൂണിസ്റ്റുകള്‍ വാദിക്കുന്നതുപോലെ ചരിത്രത്തിലെ ആദ്യ തൊഴില്‍ വ്യഭിചാരമായിരുന്നില്ല. ജനങ്ങള്‍ കൃഷിചെയ്തും ചരക്കുകള്‍ പരസ്പരം കൈമാറ്റം ചെയ്തും മറ്റും കഴിഞ്ഞവരായിരുന്നു അന്ന്. വ്യക്തിസ്വത്തുകളാണ് ജനങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുടലെടുക്കാന്‍ കാരണമെന്ന വാദവും ശരിയല്ല, ജനങ്ങളുടെ ആര്‍ത്തിയും വിദ്വേഷവുമൊക്കെയാണ് അതിനു കാരണം. ഇതിന്റെ പരിഹാരം സ്വത്തുകള്‍ പൊതുവായി വീതിക്കുന്നതോടെ ഉണ്ടാകുന്നതുമല്ല, മറിച്ച് മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്താല്‍ മാത്രമേ ഉണ്ടാവൂ. ‘പീഡനങ്ങള്‍ നടക്കാതിരിക്കാനുള്ള മാര്‍ഗം സ്ത്രീകളെ എല്ലാവര്‍ക്കും ലഭിക്കുന്നവിധം സുലഭമാക്കുകയാണെന്നു’ പറയുന്ന പോലുള്ള അര്‍ഥ്യശൂന്യമായ വാദമാണിത്.
ഗുണപാഠം 3
അല്ലാഹു തന്റെ അനുഗ്രഹങ്ങളെ വീതിച്ചിരിക്കുന്നത് നീതിയോടെയാണ്, തുല്യമായല്ല. കാരണം, തുല്യതയെക്കാള്‍ ഉന്നതമായ മൂല്യമാണ് നീതി! ചിലര്‍ക്ക് സമ്പത്തു നല്‍കില്ല, ബുദ്ധിനല്‍കും. ലുഖ്മാന്‍ (റ) നൊക്കെ നല്‍കിയതുപോലെ. ചിലര്‍ക്ക് സമ്പത്തു നല്‍കും, ആരോഗ്യം നല്‍കില്ല. ചിലര്‍ക്ക് ഭാര്യയെ നല്‍കും, സന്താനം നല്‍കില്ല. ചിലര്‍ക്ക് ഭര്‍ത്താവിനെ നല്‍കും, സദ്‌സ്വഭാവുമുണ്ടാകില്ല. ഇതെല്ലാം അപൂര്‍വമായി മാത്രമേ അല്ലാഹു ഒരാള്‍ക്ക് ഒരുമിച്ചുനല്‍കൂ! ആവശ്യമുള്ളവന്‍ ആവശ്യമുള്ള സമയത്ത് സമ്പന്നനെ സമീപിക്കുന്നപോലെ തര്‍ക്കമുണ്ടാവുമ്പോള്‍ ജനങ്ങള്‍ ബുദ്ധിയുള്ളവരെ സമീപിക്കണം.
ഉപര്യുക്ത സംഭവത്തിലെ വില്‍പനക്കാരനും വാങ്ങിയവനും തര്‍ക്കിച്ചപ്പോള്‍ വിവേകമുള്ളതെന്ന് അവര്‍ക്ക് തോന്നിയൊരു മനുഷ്യനെ പ്രശ്‌നപരിഹാരത്തിനായി സമീപിക്കുകയായിരുന്നല്ലോ. അവരുടെ സൂക്ഷ്മതക്ക് അല്‍പംപോലും കോട്ടംതട്ടിക്കാതെ അദ്ദേഹം പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. ‘സുറുമയിടാന്‍ വന്ന് അവനവളെ അന്ധയാക്കി’ എന്നു പറയാറുള്ളതുപോലെ ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ മിടുക്കരാവും ചിലര്‍!
ഗുണപാഠം 4
വിവേകമുള്ളവര്‍ക്കിടയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ എത്ര സുന്ദരമാണ്. അത്യാര്‍ത്തിയുള്ളവര്‍ സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും അവകാശങ്ങളില്‍ കണ്ണുള്ളവരാവും. പക്ഷേ, വിവേകികളുടെ കാര്യം വ്യത്യസ്തമാണ്. അവര്‍ക്കിടയില്‍ പ്രശ്‌നപരിഹാരത്തിന് ഒരു മധ്യസ്ഥന്റെ ആവശ്യംപോലുമുണ്ടാവില്ല, ആ ഗ്രാമീണനായ അറബിയുടെ മകന്‍ തന്റെ പിതാവിനോട് പറഞ്ഞതുപോലെ. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുകയും വിധിപറയുകയുമായിരുന്നു പിതാവിന്റെ ജോലി.
പ്രായമായപ്പോള്‍, തന്റെ കാലശേഷം ഈ വീട് ഇതുപോലെ തുടരില്ലല്ലോ എന്നാലോചിച്ച് വിഷമിച്ച പിതാവിനോടായി മകന്‍ പറഞ്ഞു:’നിങ്ങള്‍ക്കു പകരമായി ജനങ്ങള്‍ക്കിടയില്‍ ഇനിമുതല്‍ ഞാന്‍ വിധി പറഞ്ഞോളാം.’ മകനെ പരീക്ഷിക്കാനായി പിതാവ് ചിലതൊക്കെ ചോദിച്ചറിഞ്ഞു. ‘ഒരു പിശുക്കനും മാന്യനും തര്‍ക്കവുമായി വന്നാല്‍ നീയെന്തു ചെയ്യുമെന്ന’ ചോദ്യത്തിന് ‘മാന്യനില്‍ നിന്ന് പിശുക്കനായ മനുഷ്യന് അവകാശം വാങ്ങിക്കൊടുക്കുമെന്ന്’ മകന്‍ മറുപടി പറഞ്ഞു. ‘രണ്ടു പിശുക്കന്മാരാണെങ്കില്‍?’ എന്ന ചോദ്യത്തിന് ‘കൊടുക്കാനുള്ള അവകാശം ഞാന്‍ കൊടുത്ത് രണ്ടുപേര്‍ക്കുമിടയില്‍ സമാധാനം സൃഷ്ടിക്കുമെന്ന്’ മകന്റെ മറുപടി. ‘ഇനി രണ്ടു മാന്യന്മാരാണെങ്കില്‍?’ എന്ന ചോദ്യത്തിന് ‘രണ്ടും മാന്യന്മാരാണെങ്കില്‍ അവര്‍ക്കെന്റെ വിധിയുടെ ആവശ്യമില്ല’ എന്നുമായിരുന്നു മകന്റെ മറുപടി. മകന്റെ വിവേകത്തില്‍ പിതാവ് അത്യധികം സന്തുഷ്ടനായി.
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles