Current Date

Search
Close this search box.
Search
Close this search box.

അപ്പോൾ അയാൾ പറഞ്ഞുപോയി, ‘അല്ലാഹുവെ നീയെന്റെ അടിമയും ഞാൻ നിന്റെ രക്ഷിതാവുമാണ്’!

നബിയുടെ കൂടെ - 19

ഇമാം മുസ്‍ലിം തന്റെ സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു; തന്റെ യാത്രാ പാഥേയവുമായി ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നൊരു മനുഷ്യൻ, തുറസ്സായൊരു സ്ഥലത്തെത്തിയപ്പോൾ മയക്കം വരികയും വാഹനത്തിൽ നിന്നിറങ്ങി ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങുകയും ശക്തമായ മയക്കത്തിനിടെ അയാളുടെ ഒട്ടകം അയാൾക്ക് നഷ്ടമാവുകയും ചെയ്യുന്നു. എഴുന്നേറ്റ ശേഷം ഒത്തിരി നേരം പലയിടങ്ങളിലായി തെരഞ്ഞെങ്കിലും അയാൾക്കതിനെ കാണാനായില്ല. വിശന്നുവലഞ്ഞ അയാൾ തിരിച്ച് വീണ്ടും വിശ്രമസ്ഥലത്തെത്തി മരിക്കും വരെ ഞാനിനി ഉറങ്ങുമെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്നു. പിന്നെ എഴുന്നേറ്റു നോക്കുമ്പോഴതാ പാഥേയവുമായി ഒട്ടകം അയാളുടെ ചാരെ നിൽക്കുന്നു! ആ വേള സന്തോഷാധിക്യത്താൽ അയാൾ, അല്ലാഹുവേ നീയെന്റെ അടിമയും ഞാൻ നിന്റെ രക്ഷിതാവുമാണെന്നുപോലും പറഞ്ഞുപോയി! ഈ മനുഷ്യനെക്കാൾ അല്ലാഹുവിനിഷ്ടം വിശ്വാസിയായ തന്റെ അടിമയുടെ തൗബയാണ്.

ഗുണപാഠം 1
സൃഷ്ടികൾ മുഴുവൻ സ്രഷ്ടാവായ അവനെ ധിക്കരിച്ചാലും അവന്റെ അധികാരത്തിന് യാതൊരു പോറലോ, എല്ലാവരും ചേർന്ന് അവനെ വഴിപ്പെട്ടാൽ അതുവഴി പ്രത്യേകിച്ച് അവന്റെ അധികാരത്തിന് ശക്തിയോ ലഭിക്കാനില്ല. അടിമകളുടെ അനുസരണം അവന് ഉപകാരമോ അടിമകളുടെ ധിക്കാരം അവന് ഉപദ്രവമോ വരുത്തിവെക്കില്ല. പക്ഷേ, അത്ഭുതപ്പെടുത്തും വിധം കാരുണ്യവാനും മാന്യനുമാണവൻ. പകൽ തിന്മ ചെയ്തവന്റെ തൗബ സ്വീകരിക്കാൻ രാത്രിയിലും രാത്രിയിൽ തിന്മ ചെയ്തവന്റെ തൗബ സ്വീകരിക്കാൻ പകലും കാത്തിരിക്കുന്നവൻ. പർവത സമാനം ദോഷങ്ങളുമായി ചെന്നവനെയും അവൻ നിരാശനാക്കില്ല. ആ വാതിൽ മുട്ടുന്നതാരാണെങ്കിലും തുറക്കുമെന്നത് തീർച്ചയാണ്. അവനിലേക്ക് നടന്ന് ചെന്നാൽ തിരിച്ചവൻ അടിമയുടെ അടുക്കലേക്ക് ഓടിയാണ് ചെല്ലുക. വിട്ടുവീഴ്ചയും മാപ്പും മാത്രം ശീലമുള്ള വലിയൊരു കാരുണ്യലോകമാണവന്റെത്. അടിമ തൗബ ചെയ്ത് മടുത്താലും അവന് മാപ്പു കൊടുത്ത് മടുക്കില്ല.

നീയെത്ര തെറ്റുകൾ ചെയ്തുകൂട്ടിയവനായാലും, പിശാചിന്റെ കെണിയിലകപ്പെട്ടവനായാലും ഓർക്കുക, അവനെ വിളിച്ച് അവന്റെയടുക്കലേക്ക് ചെന്നാൽ എത്രമാത്രം സന്തോഷമാവും അവനുണ്ടാവുകയെന്ന്! എന്റെ റബ്ബേ, ഞാനൊത്തിരി ദോഷങ്ങൾ ചെയ്തു. നിന്റെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ നീ മാത്രമാണ് തുണ. നിനക്ക് അടിമകളായി ഒരുപാട് പേരുണ്ടെങ്കിലും എനിക്ക് രക്ഷിതാവായി നീ മാത്രമാണല്ലോ റബ്ബേ ഉള്ളത് എന്ന ഉള്ളറിഞ്ഞ ദുആ മാത്രം മതി അവന് സംതൃപ്തിയാവാൻ. ഒരു നിമിഷത്തെ തൗബ കൊണ്ട് വർഷങ്ങളോളം നീ ചെയ്തു കൂട്ടിയ ദോഷങ്ങളെല്ലാം പൊറുത്തുതരാൻ അവനൊരുക്കമാണ്.

അവന്റെ കാരുണ്യത്തെത്തൊട്ട് പ്രതീക്ഷയില്ലാതാക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. നീ ഏത് സാഹചര്യത്തിലാണെങ്കിലും അവന്റെ വാതിൽക്കൽ മുട്ടി ചോദിക്കാൻ യാതൊരു മടിയും വേണ്ട. കാരണം, അവൻ അല്ലാഹുവാണെന്നതുതന്നെ! അല്ലാതെ ഒരു വട്ടം ഉപകാരം ചെയ്ത് പിന്നീട് ഉപദ്രവം ചെയ്താൽ നിന്നെ പിടിച്ച് ശിക്ഷിക്കുന്ന ഭൂമിയിലെ മറ്റു രാജാക്കന്മാരെ പോലെയല്ല. അവൻ സർവത്ര മാപ്പുചെയ്യുന്നവനാണ്! ഭൂമിയിലെ രാജാക്കന്മാരുടെ സ്വഭാവങ്ങളെ ആകാശലോകത്തിന്റെ രാജാവിന്റെ സ്വഭാവവുമായി നീ തുലനം ചെയ്യരുത്.

ഒരു രാജാവിനെക്കുറിച്ചുള്ള പ്രസിദ്ധമായൊരു കഥയുണ്ട്. അയാളുടെ അടുക്കൽ കുറച്ച് വേട്ടപ്പട്ടികളുണ്ടായിരുന്നു. തനിക്ക് സേവനം ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവരെയൊക്കെ നിർദയം അയാൾ വേട്ടപ്പട്ടികൾക്ക് മുന്നിൽ ഇട്ടുകൊടുത്തു. അങ്ങനെയരിക്കെ ഒരു ദിവസം, വർഷങ്ങളോളം അയാൾക്ക് സേവനം ചെയ്ത മന്ത്രിയുടെ അടുക്കൽ നിന്ന് അറിയാതെയൊരു വീഴ്ച പറ്റി. മന്ത്രിയെ പട്ടികൾക്കിട്ടു കൊടുക്കാൻ രാജാവ് തീരുമാനിക്കുകയും ചെയ്തു. ശിക്ഷ നടപ്പിലാക്കുംമുമ്പ് തനിക്ക് ഒരാഴ്ചത്തെ കാലാവധി വിട്ടുവീഴ്ച ചെയ്തുതരണമെന്ന് മന്ത്രി അഭ്യർഥിക്കുകയും രാജാവത് സ്വീകരിക്കുകയും ചെയ്തു.

ശേഷം മന്ത്രി നേരെ പട്ടികളുടെ കാവൽക്കാരനെ ചെന്നുകണ്ട് നിങ്ങളിനി വീട്ടിൽ പോയിക്കോളൂ എന്നും ഒരാഴ്ച പട്ടികളെ ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു. പട്ടികൾക്ക് ഭക്ഷണം നൽകുകയും അവയെ സ്നേഹിക്കുകയും ചെയ്ത മന്ത്രിയെ പട്ടികളും തിരിച്ചു സ്നേഹിച്ചു. ഒരാഴ്ച കഴിഞ്ഞ് മന്ത്രിയെ പട്ടികൾക്കു മുന്നിലിട്ടു കൊടുത്തപ്പോൾ അവ അദ്ദേഹത്തെ അൽപം പോലും നോവിച്ചില്ല. അത്ഭുതത്തോടെ രാജാവ് പട്ടികളെയൊക്കെ നിങ്ങൾ മാരണം ചെയ്തോ എന്നു ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇതായിരുന്നു: ഒരിക്കലുമില്ല. പക്ഷേ ഞാനവയെ ഒരാഴ്ച നോക്കിനടത്തുകയും തീറ്റിപ്പോറ്റുകയും ചെയ്തിട്ടുണ്ട്. അതിന്റെ നന്ദിപ്രകടനമാണത് കാണിക്കുന്നത്. പക്ഷേ നീങ്ങൾക്ക് ഇക്കാലമത്രയും ഞാൻ സേവനം ചെയ്തിട്ടും നിങ്ങളാ നന്ദി കാണിച്ചില്ല! ഇതാണ് ഭൂമിയിലെ രാജാക്കന്മാരുടെ സ്വഭാവം. പക്ഷേ, ആകാശലോകത്തെ രാജാവിന്റെ കാര്യം അത്ഭുതമാണ്. ഒരു ജീവിതകാലം മുഴുവൻ അവനെ ധിക്കരിച്ചാലും ഒരു നിമിഷത്തെ പ്രായശ്ചിത്തം കൊണ്ട് എല്ലാം വിട്ടുവീഴ്ച ചെയ്യുമവൻ.

​ഗുണപാഠം 2
ദുനിയാവ് കാരണങ്ങളുടെ ലോകമാണ്. അതിൽ വിശ്വസിക്കുന്നത് അല്ലാഹുവിൽ ഭരമേൽപിക്കുന്നതിനോട് എതിരാവുന്നില്ല. നേരെതിരിച്ച് കാര്യകാരണങ്ങളിൽ വിശ്വസിക്കാൻ തന്നെയാണ് നമ്മോടുള്ള കൽപന. കാരണം, അതും അല്ലാഹുവിന്റെ ഖദ്റിന്റെ ഭാ​ഗമായി സംഭവിക്കുന്നതാണ്. ഈമാനിന്റെ ശക്തി കാരണം കാര്യകാരണങ്ങൾ അവലംബിക്കാതെ ആരെങ്കിലും ജീവിക്കുമായിരുന്നെങ്കിൽ അത് നബി തങ്ങളാകണമായിരുന്നു. ഹിജ്റയുടെ ദിവസം മദീനയിലേക്കുള്ള വഴികാണിക്കാൻ ഒരു വഴികാട്ടിയെ വിളിച്ചവരായിരുന്നു നബി (സ). ഞാൻ നബിയാണ്, എങ്ങനെയും ഞാനവിടെ എത്തിച്ചേരും എന്ന് പറയുകയായിരുന്നില്ല. യുദ്ധങ്ങളിൽ പടയങ്കി ധരിച്ചിരുന്നു നബി (സ). ഞാൻ നബിയാണ്, അല്ലാഹു എന്നെ എങ്ങനെയും സംരക്ഷിക്കും എന്ന് നബി പറഞ്ഞില്ല.

യുദ്ധത്തിനു പോവുമ്പോൾ സാധാരണയല്ലാത്ത വഴികൾ തെരഞ്ഞെടുക്കുമായിരുന്നു, ശത്രുവിനെ പരിഭ്രമത്തിലാഴ്ത്താൻ. അവിടെയും ഞാൻ നബിയാണെന്ന വീരവാദം മുഴക്കി ഒന്നും ചെയ്യാതിരുന്നില്ല നബി (സ). ഒരിക്കൽ ചൊറിപിടിച്ച കഴുതയുള്ള ഒരു ​ഗ്രാമീണവാസിയെ ഉമർ (റ) കണ്ടപ്പോൾ കൈകൾ ആകാശത്തേക്കുയർത്തി രോഗശമനത്തിനായി പ്രാർഥിച്ചു. ശേഷം നിങ്ങൾ ദുആഇന് ശക്തിയായി ചികിത്സയും കൂടെ ചെയ്യൂ എന്ന് പറയുകയും ചെയ്തു. മറ്റൊരവസരം, ശാമിൽ പ്രവേശിക്കാനിരിക്കെ അവിടെ പ്ലേ​ഗ് രോ​ഗം പടർന്നുപിടിച്ച വാർത്തയദ്ദേഹം അറിയുകയുണ്ടായി. ഉടനടി തിരിച്ചുപോരാനുദ്ദേശിച്ചപ്പോൾ അല്ലാഹുവിന്റെ ഖദ്റിൽ നിന്ന് ഓടിയൊളിക്കുകയാണോ അമീർ എന്ന് അബൂ ഉബൈദ (റ) ചോദിച്ചു. അല്ലാഹുവിന്റെ ഒരു ഖദ്റിൽ നിന്ന് മറ്റൊരു ഖദ്റിലേക്ക് ഓടിയൊളിക്കുകയാണ് ഞാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരാൾ, വരണ്ടതും സമൃദ്ധവുമായ രണ്ട് ഭാ​ഗങ്ങളുള്ള ഒരു മലഞ്ചെരുവിലിറങ്ങി അതിൽ ഏതിൽ അയാൽ തന്റെ കാലികളെ മേച്ചാലും അത് അല്ലാഹുവിന്റെ ഖദ്റനുസരിച്ചല്ലേ എന്നദ്ദേഹം തുടർന്നു ചോദിക്കുകയും ചെയ്തു. ശേഷം, ഒരു നാട്ടിൽ പ്ലേ​ഗ് രോ​ഗമുണ്ടെന്ന വാർത്ത കേട്ടാൽ നിങ്ങളവിടേക്ക് പ്രവേശിക്കരുത്, നിങ്ങളുള്ള നാട്ടിൽ ആ രോ​ഗമുണ്ടായാൽ അവിടെ നിന്ന് പ്രാണരക്ഷാർഥം പുറത്തുപോവുകയുമരുത് എന്ന നബി തങ്ങളുടെ ഹദീസ് ഒരാൾ ഖലീഫ ഉമറി (റ) ന് കേൾപ്പിച്ചുകൊടുക്കുകയും അദ്ദേഹം ശുക്റിന്റെ സുജൂദ് ചെയ്യുകയും ചെയ്തു. ഉപര്യുക്ത സംഭവത്തിലെ വ്യക്തി യഥാവിധി അല്ലാഹുവിന്മേൽ തവക്കുൽ ചെയ്തില്ലെന്നതാണ് കാര്യം.

തന്റെ മൃ​ഗത്തെ കെട്ടിയിടാതെ ഉറങ്ങാൻ പാടില്ലായിരുന്നു അയാൾ. അതുകൊണ്ട് കാര്യകാരണങ്ങളെ അ​വ​ഗണിക്കരുത്. അതിന്മേൽ സമ്പൂർണ വിശ്വാസം കൊടുക്കുകയുമരുത്. വാളുകളല്ല യുദ്ധത്തിൽ വിജയം സമ്പൂർണമായി തീരുമാനിക്കുന്നത്, പക്ഷേ യുദ്ധത്തിൽ വാളുകളില്ലാതെ ചെല്ലൽ അതിലും അപകടമാണ്. നമ്മുടെ ജോലി മാത്രമല്ല യഥാർഥത്തിൽ നമ്മുടെ രിസ്ഖ് നിശ്ചയിക്കുന്നത്, പക്ഷേ ജോലി ഉപേക്ഷിക്കൽ വിഡ്ഢിത്തവുമാണ്. രോ​ഗത്തിലും അതുതന്നെ കാര്യം. സഹായിക്കുന്നതും ഭക്ഷണം തരുന്നതും രോ​ഗം ശമിപ്പിക്കുന്നതുമെല്ലാം അല്ലാഹുവാണ്. പക്ഷേ ഇതൊരു കാര്യകാരണങ്ങളുടെ ലോകമായതിനാൽ ഇതൊന്നും ചെയ്യാതിരിക്കുകയുമരുത്.

ഗുണപാഠം 3
ജനങ്ങളിൽ നിന്ന് അറിയാതെ സംഭവിച്ചുപോകുന്ന ഓരോ വാക്കുകളുടെയും അക്ഷരങ്ങളുടെയും പേരിൽ അവരെ നീ വിചാരണ ചെയ്യരുത്. അതിരുകവിഞ്ഞ സന്തോഷവും പിരിധിവിട്ട ദുഃഖവും മനുഷ്യന്റെ ബുദ്ധിയെത്തന്നെ ശൂന്യമാക്കിക്കളയുന്നതാണല്ലോ. അല്ലാഹുവേ, ഞാൻ നിൻ്റെ റബ്ബും നീയെന്റെ അടിമയുമാണെന്ന് പറഞ്ഞ മനുഷ്യനെ നോക്കൂ. മനസ്സറിഞ്ഞ് കൃത്യമായ ബോധ്യത്തോടെയാണ് അയാളങ്ങനെ പറഞ്ഞതെങ്കിൽ വ്യക്തമായ സത്യനിധേഷം തന്നെയാണത്. പക്ഷേ, നബി തങ്ങൾ തന്നെ അയാളുടെ അവസ്ഥയെ ന്യായീകരിച്ച് പറഞ്ഞത് സന്തോഷാധിക്യം കാരണം അയാൾക്കു തെറ്റിപ്പോയി എന്നായിരുന്നുവല്ലോ.

ഒരാളുടെ സാഹചര്യം വിലയിരുത്താതെ അയാളുടെ വാക്കിന്റെ പേരിൽ നീ അന്തിമവിധി പറയരുത്. ചിലപ്പോൾ കാര്യത്തെക്കുറിച്ച് അജ്ഞനോ ചിലപ്പോൾ അതിദുഃഖിതനോ അതിസന്തുഷ്ടനോ ആവാമയാൾ. അത്തരം സമയങ്ങളിലുള്ള എല്ലാ തെറ്റായ വാക്കുകളെയും ന്യായീകരിക്കുകയല്ല, മറിച്ച് മനുഷ്യരായ നമുക്ക് ചിലപ്പോൾ നമ്മുടെ മനസ്സിന്റെയും നാക്കിന്റെയും കടിഞ്ഞാൺ കയ്യിൽ കിട്ടാതെ വരുമെന്ന് സൂചിപ്പിക്കുക മാത്രം. നബി (സ) അക്കാര്യം വളരെ നന്നായി സൂക്ഷിച്ചിരുന്നു. അതിസന്തോഷവാനായിരിക്കുന്ന സമയത്ത് വല്ല വാ​ഗ്ദാനങ്ങളും നൽകരുതെന്നും ദുഃഖവേളയിൽ അനാവശ്യമായ ഭീഷണികൾ നടത്തരുതെന്നുമുള്ള താക്കീതുകൂടി ഈ സംഭവം നമ്മോട് പറയുന്നുണ്ട്.

ഗുണപാഠം 4
സത്യനിഷേധത്തിന്റെ ഒരു വാക്ക് എടുത്തുദ്ധരിക്കൽ സത്യനിഷേധമാവില്ല. പറയുന്ന വ്യക്തി ആ വാക്ക് ഉദ്ധരിക്കുക മാത്രമാണോ അല്ല അത് സ്വാംശീകരിക്കുക കൂടി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉദ്ധരിക്കുന്നവനെയും വിശ്വസിക്കുന്നവനെയും ഒന്നായി കാണരുത്. വിശുദ്ധ ഖുർആനിൽ ജൂതന്മാരുടേതായും മറ്റുമൊക്കെ ഉദ്ധരിക്കപ്പെട്ട അത്തരം ഉദാഹരണങ്ങൾ ഒത്തിരി കാണാമല്ലോ.

വിശ്വാസികളുടെ എല്ലാ വാക്കുകളെയും നല്ല ഉദ്ദേശ്യത്തോടെ മനസ്സിലാക്കുക. നല്ലതിനാണെന്നു കരുതുക. ഒരുപാട് അർഥങ്ങൾക്ക് സാധ്യതയുള്ളവയാണല്ലോ ഓരോ വാക്കുകളും. പൂർവസൂരികളിൽ ഒരാൾ പറഞ്ഞിട്ടുണ്ട്: എന്റെ സഹോദരങ്ങളിൽ ഒരാൾ മലമുകളിൽ കയറി നിന്ന് ഞാനാണ് നിങ്ങളുടെ രക്ഷിതാവ് (അന റബ്ബുകുമുൽ അഅ്ലാ) എന്ന് പറയുന്നത് ഞാൻ കേട്ടാൽ അദ്ദേഹം ഖുർആൻ എടുത്തുദ്ധരിക്കുകയാണ് എന്നേ ഞാൻ പറയൂ. അയാളുടെ താടിയിൽ നിന്ന് മദ്യം ഒലിച്ചിറങ്ങുന്നത് കണ്ടാലും ആരോ അയാളുടെ താടിയിൽ ഒഴിച്ചുകളഞ്ഞതാണ് അതെന്നേ ഞാൻ വിശ്വസിക്കൂ!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

നബിയുടെ കൂടെ – 18 വായിക്കാൻ

Related Articles