Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ 1435: ചില നവവത്സര ചിന്തകള്‍

Untitled-1.jpg

ഹിജ്‌റാബ്ദം 1435 പിറന്നു. ഏറെ പ്രത്യേകതകളുള്ളതാണീ കലണ്ടര്‍. 130-കോടിയിലേറെ മുസ്‌ലിംകള്‍ അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും അവലംഭിക്കുന്ന കാലഘണനാക്രമമാണിത്. ഇസ്‌ലാമിക ചരിത്രവും അറബ് ചരിത്രവും രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്.
ലോകത്ത് പല കലണ്ടറുകളുമുണ്ടെങ്കിലും അവക്കിടയിലെ സമാനതകള്‍ മാനവതയുടെ ഏകതയാണ് വിളിച്ചോതുന്നത്. ‘ ആദിയില്‍ ജനങ്ങളെല്ലാം ഒരൊറ്റ സമുദായമായിരുന്നു’ വെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പിന്നീട് പലവിധ വ്യതിയാനങ്ങള്‍ മൂലം സമൂഹം ഭിന്നിച്ചു. വ്യക്തിപൂജ, വീരാരാധന, വിഗ്രഹപൂജ തുടങ്ങിയ മാരകദീനങ്ങള്‍ സമൂഹത്തെ ഗ്രസിക്കുകയും തല്‍ഫലമായി ഒന്നായിരുന്ന സമൂഹം ഭിന്നിച്ച് ശിഥിലമാവുകയും ചെയ്തു. ജീര്‍ണതകള്‍ക്കെതിരെ ജാഗ്രതയില്ലാത്തപ്പോഴെല്ലാം സമൂഹം ഭിന്നിച്ചിട്ടുണ്ട്-അങ്ങനെ ഭിന്നിക്കരുതായിരുന്നു; കാരണം ഏക സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ സന്തതികളും മനുഷ്യകുലം ഒന്നടങ്കം ആശ്രയിക്കുന്നത് പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ ഒരേ വായുവും വെള്ളവും  വെളിച്ചവും തന്നെയാണ്- ഇങ്ങനെ ഒക്കെയാണെങ്കിലും എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുവാന്‍ സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവും ദൃഢരൂഢവുമായ ഏകദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് ചിന്താശീലര്‍ക്ക് ഗ്രഹിക്കാവുന്നതേയുള്ളൂ. കാലക്കറക്കത്തില്‍ മനുഷ്യന്‍ ഭിന്നിച്ചെങ്കിലും പൊതുവായ പലഘടകങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. ഏത് നാഗരികതയിലും ഏതു കലണ്ടറിലും ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയില്‍ സപ്തദിനങ്ങളേയുള്ളൂ. വേറെയും സമാനതകള്‍ കാണാവുന്നതാണ്. ഈ ഏകീഭാവവും മറ്റും സ്രഷ്ടാവിന്റെ ഏകത്വം പ്രഘോഷണം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ വാന ഭൂമികളുടെ സൃഷ്ടിദിനം മുതല്‍ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാണ്. ആകയാല്‍ ആ ചതുര്‍മാസങ്ങളില്‍ നിങ്ങള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അതിക്രമം കാണിക്കാതിരിക്കുക(9: 36). ഈ സൂക്തം നല്‍കുന്ന സന്ദേശം ചിന്തോദ്ധീപകമാണ്. ഇവിടെ ഖുര്‍ആന്‍ ‘ ചൊവ്വായ ദീന്‍’ (ദീനുല്‍ ഖയ്യിം) എന്ന് പ്രയോഗിച്ചത് വിചിന്തനാര്‍ഹമാണ്.

സന്ധ്യയോടെ ദിനാരംഭം കുറിക്കുന്ന ഹിജ്‌റ കലണ്ടറില്‍ വര്‍ഷത്തില്‍ 354 ദിവസങ്ങളാണ്. (ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്) ഹിജ്‌റ കലണ്ടറിലെ മാസങ്ങളുടെയും ദിനങ്ങളുടെയും നാമവും ക്രമവും മിക്കതും പണ്ടുമുതലേ ഉള്ളതാണ്. പ്രാരംഭമാസമായ മുഹര്‍റമും ഏഴാമത്തെ റജബും ഹജ്ജിന്റെ മാസങ്ങള്‍ കൂടിയായ പതിനൊന്നാമത്തെയും പന്ത്രാണ്ടമത്തെയും മാസങ്ങളും (ദുല്‍ഖഅദ്, ദുല്‍ഹജ്ജ്) യുദ്ധനിരോധിത ചതുര്‍മാസങ്ങളാണ്. (അടിയന്തിര പ്രതിരോധം അത്യാവശ്യമെങ്കില്‍ ഒരനിവാര്യതിന്മ എന്ന നിലയില്‍ ഒരല്‍പം ഇളവുണ്ട്). ‘ ഇസ്‌ലാം (ശാന്തി) എന്ന മഹല്‍നാമത്തെ അന്വര്‍ഥമാക്കുന്ന ഒരു ചട്ടമാണിത്. ഒമ്പതാമത്തെ മാസമായ റമദാന്‍ വ്രതാനുഷ്ഠാനമുള്‍പ്പെടേയുള്ള പലവിധ സല്‍കര്‍മ്മങ്ങളില്‍ നിരതമാവേണ്ട സന്ദര്‍ഭവുമാണ്.

മഹാനായ ഉമറിന്റെ കാലത്താണ് ഹിജ്‌റാകലണ്ടര്‍ ഉണ്ടായത്. ഇവ്വിഷയകമായി ആലോചനായോഗം നടന്നപ്പോള്‍ കാലഗണന എവിടെ നിന്നാരംഭിക്കണമെന്ന ചര്‍ച്ച വന്നു. ചിലര്‍ നബി(സ)യുടെ ജനനത്തെയും വേറെ ചിലര്‍ നബി(സ)യുടെ വിയോഗത്തെയും പ്രാരംഭ അടയാളം-തുടക്കം- ആയി നിശ്ചയിക്കണമെന്നഭിപ്രായപ്പെട്ടെങ്കിലും ഉമറിന് അത് സ്വീകാര്യമായില്ല. ഇസ്‌ലാം ഒട്ടും പൊറുപ്പിക്കാത്ത വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് ഇത് വഴിവെക്കുമെന്നായിരുന്നു ഉമറിന്റെ ആശങ്ക. ഒടുവില്‍ അലി(റ) ഹിജ്‌റയെ അടയാളമാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. അത് അംഗീകരിക്കപ്പെട്ടു, അങ്ങിനെയാണ് കലണ്ടറിന്റെ തുടക്കം. ഇസ്‌ലാമിന്റെ ആദ്യമ തലമുറ ആദര്‍ശമാര്‍ഗത്തില്‍ കൂട്ടായി വരിച്ച മഹത്യാഗം ലോകാന്ത്യം വരെ പ്രചോദനമായി ഭവിക്കണമെന്ന ഉദ്ദേശ്യമാണിതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്.
മക്കയില്‍ നിന്ന് യസരിബി(മദീന)ലേക്കുള്ള ഹിജ്‌റ ക്രി: 622 സെപ്തംബറിലാണ്. റബീഉല്‍ അവ്വല്‍ 8 ന് ആണ്. അപ്പോള്‍ പ്രവാചകന് 53 വയസ്സായിരുന്നു. ‘ഹിജ്‌റ’ ഒളിച്ചോട്ടമോ പലായനമോ അല്ല. അതൊരു മഹാ ത്യാഗമാണ്. വികാസത്തിനും വ്യാപനത്തിനുമുള്ള പറിച്ചുനടലാണ്. ഹിജ്‌റ പലപ്പോഴും ആവശ്യമായിവരും. അത് പലവിതാനത്തിലും പല രീതിയിലുമാവാം. ഹിജ്‌റയുടെ പ്രാധാന്യവും ആവശ്യകതയും ഊന്നിക്കൊണ്ട് ഖുര്‍ആന്‍ ഏറെ ഉല്‍ബോധിപ്പിക്കുന്നുണ്ട്. ഹിജ്‌റയും ജിഹാദും ചേര്‍ത്തുപറയുമ്പോഴെല്ലാം ഖുര്‍ആന്‍ ഹിജ്‌റയെയാണ് മുന്തിച്ചു പറഞ്ഞത്(2:218,3: 195,8: 172, 74, 75; 9:20, 16: 110, 22;58). മഹാനായ ഇബ്രാഹീം നബി , മൂസാ നബി തുടങ്ങി പല പ്രവാചകരും ഹിജ്‌റ പോയവരാണ്, മദീനയിലേക്കുള്ള ഹിജ്‌റക്കുമുമ്പ് നബി(സ)യുടെ അനുചരന്മാര്‍ അബ്‌സീനയിലേക്ക് ഹിജ്‌റ പോയിരുന്നു.

ഹിജ്‌റ നടന്നത് അതീവ രഹസ്യമായും തികഞ്ഞ ആസൂത്രണത്തോടെയുമായിരുന്നു. തന്റെ ആത്മ സുഹൃത്ത് അബൂബക്കറിന്റെ കൂടെ യാത്രതിരിക്കുമ്പോഴും അതിനുമുമ്പും വിവിധ തലങ്ങളിലായി നബി(സ) നടത്തിയ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുമെല്ലാം ചിന്താശൂന്യമായി എടുത്തുചാടരുതെന്നും ആസൂത്രിതമായും ഫലപ്രദമായും പ്രവര്‍ത്തിക്കണമെന്നുമുള്ള സന്ദേശം നല്‍കുന്നുണ്ട്. അത്യുല്‍ഭതകരമാം വിധം ഇസ്രാഅ്-മിഅ്‌റാജ് യാത്ര നടത്തിയ തന്റെ ദൂതനെ കൊണ്ട്  അല്ലാഹു ഇവ്വിധം ഹിജ്‌റ നടത്തിച്ചത് ഹിജ്‌റയുടെ ബഹുമുഖമായ ഗുണപാഠങ്ങള്‍ നമുക്കെന്നും വെളിച്ചമാകേണ്ടതിനാണ് . ‘ ഹിജ്‌റ’ യാത്രയില്‍ വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നത് വിശ്വസ്തനും മാന്യനുമായ അമുസ്‌ലിം സഹോദരനായിരുന്നു. (അബ്ദുല്ലാഹി ബ്‌നു ഉറൈക്കിത്വ്). അമുസ്‌ലിമായ അബൂത്വാലിബിന്റെ പിന്തുണ നേരത്തെ സ്വീകരിച്ച നബി സുപ്രധാനമായ ഈ രഹസ്യയാത്രയില്‍ ഒരമുസ്‌ലിമിനെ സഹായിയായി സ്വീകരിച്ചതില്‍ മാതൃകയുണ്ട്. ഇസ്‌ലാമിന്റെ പ്രചാരണ- പ്രയോഗവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നല്ലവരായ അമുസ്‌ലിം സഹോദരങ്ങളുടെ സേവനവും സഹകരണവും ഉപയോഗപ്പെടുത്തണമെന്നാണത്. നബി(സ) ഇഹലോകവാസം വെടിയുമ്പോള്‍ തന്റെ പടയങ്കി അയല്‍വാസിയായ ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നല്ലോ?  പലപ്പോഴും നബി അമുസ്‌ലിം സഹകരണം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശത്രുക്കളുടെ നാനാ മാര്‍ഗേണയുള്ള നിരന്തര ഉപദ്രവങ്ങള്‍ കാരണമായി എല്ലാം ഉപേക്ഷിച്ചും നഷ്ട്‌പ്പെട്ടും സ്വദേശം വെടിയുമ്പോള്‍ പോലും നബിയുടെ പക്കല്‍ ബഹുദൈവ വിശ്വാസികളായ നാട്ടുകാര്‍ ഏല്‍പിച്ച കുറേ സൂക്ഷിപ്പുമുതലുകള്‍ ഉണ്ടായിരുന്നു. അവയെല്ലാം കൃത്യമായി തിരിച്ചേല്‍പിക്കാന്‍ അലി(റ)യെ ചുമതലപ്പെടുത്തിയാണ് ‘അല്‍ അമീന്‍’ എന്നു നാട്ടുകാര്‍ പണ്ടേ വിശേഷിപ്പിച്ച നബി(സ) യാത്ര തിരിക്കുന്നത്. ഈ ഉജ്ജ്വല മാതൃക ഏതവസരത്തിലും നമുക്ക് വെളിച്ചവും പ്രചോദനവുമാകേണ്ടതുണ്ട്.
തികച്ചും നിസ്വരായ ഒരു സമൂഹം വിദൂരമായ ഒരന്യദേശത്തേക്ക് കുടിയേറുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നസങ്കീര്‍ണതകള്‍ നിരവധിയാണ്. ഇന്നും ലോകത്തിന്റെ പലഭാഗത്തുള്ള വംശീയ പ്രശ്‌നങ്ങള്‍ മിക്കതും തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകള്‍ നീങ്ങിയാലും പരിഹരിക്കപ്പെടാതെ സങ്കീര്‍ണമായി തുടരാറുളള ഈ നീറുന്ന പ്രശ്‌നം ദിവസങ്ങള്‍ക്കകം പൂര്‍ണമായും പരിഹൃതമായ ചിന്തനീയവും അത്ഭുതകരവുമായ മധുരാനുഭവമാണ് പതിനാല് ദശകങ്ങള്‍ക്ക് മുമ്പ് മദീനയില്‍ നാം കണ്ടത്. നബിയുടെ നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും അനിതര സാധാരണമായ അത്ഭുതഫലങ്ങളിലൊന്നാണിത്. മക്കയില്‍ നിന്ന് വന്ന മുഹാജിറുകള്‍ (അഭയാര്‍ഥികള്‍)ക്ക് മദീനക്കാര്‍ സഹായികള്‍(അന്‍സ്വാര്‍) ആയി മാറി. അന്‍സ്വാറുകള്‍ തങ്ങളുടെ കൃഷി, കച്ചവടം തുടങ്ങി സകല സംഗതികളിലും തുല്യപങ്കാളിത്തം നല്‍കി. അങ്ങിനെ പഴയ യസരിബ് മദീനത്തുന്നബി( പ്രവാചകന്റെ നഗരം) ആയി മാറി. പൂര്‍ണ്ണ ത്യാഗസന്നദ്ധരായി ഒരു വിഭാഗം രംഗത്തുവരുമ്പോള്‍ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങള്‍ നിര്‍ലോഭം നല്‍കുന്ന മറ്റൊരു കൂട്ടരും ചേര്‍ന്ന് അങ്ങിനെ ഹിജ്‌റയും നുസ്രത്തും പരസ്പര പൂരകമായി ഭവിക്കുമ്പോള്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന് നവവത്സര പുലരിയില്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

ഹിജ്‌റയെ കാലഗണനത്തിന്റെ തുടക്കമായി ഉമര്‍(റ)നിശ്ചയിച്ചപ്പോള്‍ ഉദ്ദേശിച്ച നന്മകള്‍ പുലരണമെങ്കില്‍ ഈ കലണ്ടറിനെ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇത് പരിഷ്‌കരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് ഏറെ സഹായകമാകും. വിശ്വമതമായ ഇസ്‌ലാമിന്റെ അനുയായികള്‍ വിശ്വസമുദായമാണ്. ഒരൊറ്റ ആദര്‍ശ സമൂഹമാണ്. വിശ്വപൗരന്മാരെയാണ് ഇസ്‌ലാം വാര്‍ത്തെടുക്കുന്നത്. വിശ്വാസി സമൂഹത്തെ ലോകാടിസ്ഥാനത്തില്‍ ഏകീകരക്കുന്ന, ആദര്‍ശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന ഒന്നായി ഹിജ്‌റ കലണ്ടര്‍ വികസിപ്പിക്കേണ്ടതുണ്ട്.
 

Related Articles