Current Date

Search
Close this search box.
Search
Close this search box.

‘ഫിഖ്ഹ്’ എന്നതിന്റെ ശരിയായ ഉദ്ദേശം

ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ ‘ഇഹ്‌യാ ഉലൂമുദ്ധീന്‍’ എന്ന ഗ്രന്ഥത്തില്‍ പദപ്രയോഗത്തില്‍ വന്ന മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഉദ്ദേശിക്കപ്പെട്ടിരുന്ന അര്‍ഥതലങ്ങളില്‍ നിന്ന് മാറി പുതിയ അര്‍ഥതലങ്ങള്‍ പദങ്ങള്‍ക്ക് കൈവന്നിരിക്കുന്നു. നല്ല അര്‍ഥങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന പദങ്ങള്‍ പില്‍ക്കാലത്ത് സംഗതമല്ലാത്ത രീതിയില്‍ പ്രയോഗിക്കുകയാണെന്ന് ഇമാം ഗസ്സാലി തന്റെ ‘ഇഹ്‌യാ ഉലൂമുദ്ധീനി’ല്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. ഫിഖ്ഹ്, ഇല്‍മ്, തൗഹീദ്, തദ്കീര്‍, ഹിക്മത് തുടങ്ങിയ പദങ്ങള്‍ അത്തരത്തില്‍ പ്രയോഗിക്കപ്പെട്ടതായി അദ്ദേഹം ഉദാഹരണങ്ങളായി നിരത്തുന്നു. ഇമാം ഗസ്സാലി പറയുന്നു: ‘ഈ പദങ്ങള്‍ ദീനില്‍ നല്ല അര്‍ഥങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അര്‍ഥങ്ങള്‍ക്ക് അര്‍ഥവ്യതിയാനം സംഭവിക്കുകയും, ആ അര്‍ഥങ്ങളില്‍ തന്നെ ധാരാളമായി ഉപയോഗിക്കപ്പെടുകയും ചെയ്തതിനാല്‍ അതില്‍ ആര്‍ക്കും അലോസരം അനുഭവപ്പെട്ടില്ല’.

ഇമാം ഗസ്സാലി ഫിഖ്ഹ് എന്ന പദത്തെ കൈകാര്യം ചെയ്ത് പറയുന്നു, ശാഖാപരമായ വിഷയങ്ങളില്‍ നല്‍കുന്ന ഫത്‌വകളിലേക്ക് മാത്രമായി അവ ചുരുങ്ങിയിരിക്കുന്നു. ഇത്തരത്തിലുളള(കര്‍മപരമായ) വിഷയങ്ങളില്‍ സുക്ഷമ പഠനം നടത്തുകയും അതില്‍ ധാരാളമായി അഭിപ്രായം രേഖപ്പെടുത്തുകയും വിഷയാസ്പദമായവ ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന വ്യക്തി ‘അഫ്ഖഹ’് എന്ന് അറിയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഒന്നാം നൂറ്റാണ്ടില്‍ ഫിഖ്ഹിന്റെ അര്‍ഥം പരിശോധിക്കുമ്പോള്‍, പരലോകത്തേക്കുളള മാര്‍ഗം തിരച്ചറിയുക, മാനസിക പ്രശ്‌നങ്ങളെ സൂക്ഷമമായി പഠിക്കുക, കര്‍മങ്ങളില്‍ സംഭവിക്കുന്ന ഭംഗങ്ങള്‍ മനസ്സിലാക്കുക, ദുനിയാവിന്റെ നൈമിഷികത ഉള്‍കൊള്ളുക, പരലോക അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുക, മനസ്സില്‍ ഭയമുണ്ടാവുക തുടങ്ങിയ അര്‍ഥങ്ങളിലാണ് ഉപയോഗിച്ചിരുന്നതെന്ന് മനസ്സിലാകുന്നു. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് തൗബയിലൂടെ അത് വ്യക്തമാക്കുന്നു. താക്കീത് നല്‍കുകുയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതാണ് ‘ഫിഖ്ഹ്’. മറിച്ച് ത്വലാഖ്, ഇത്വാഖ്, ലിആന്‍, സലം, ഇജാറ തുടങ്ങിയ പദങ്ങളുടെ നിര്‍വചനങ്ങളില്‍ മാത്രം പരിമിതപ്പെടുന്ന അര്‍ഥമല്ല ഫിഖ്ഹിനുളളത്. ഫിഖ്ഹ് എന്ന പദത്തിനുളള പ്രാധാന്യമിവിടെ നിര്‍വചനങ്ങളിള്‍ പരിമിതപ്പെട്ട് അപ്രസക്തമാവുകയാണ്. അതാണ് നാമിന്ന് ഫിഖ്ഹിനെ സംബന്ധിച്ച് കാണുന്നത്.

കൂടാതെ, ഇമാം ഗസ്സാലി ഫിഖ്ഹിന് നല്‍കപ്പെട്ടിരുന്ന അര്‍ഥതലങ്ങള്‍ തെളിവുകള്‍ നിരത്തി വിശദമാക്കുന്നുണ്ട്. ഹസനുല്‍ ബസ്വരിയുടെ വാചകം അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നു; ‘ഫഖീഹെന്നാല്‍ ദുനിയാവിനോട് വിരക്തിയും, പരലോകത്തോട് അടങ്ങാത്ത ആഗ്രഹവും, ദീനില്‍ അവഗാഹവും, നിരന്തരമായി രക്ഷിതാവിന് ഇബാദത്തെടുക്കുകയും, പൂര്‍ണമായ സൂക്ഷമതയും, സാമ്പത്തികമായ പരിശുദ്ധിയും, സാമുഹിക ഗുണകാംഷ വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ്’. തുടര്‍ന്ന് ഇമാം ഗസ്സാലി പറയുന്നു: ഹസനുല്‍ ബസ്വരി ഇതില്‍ (ഫഖീഹിന് നല്‍കിയ വിശദീകരണത്തില്‍) ശാഖാപരമായ വിഷയങ്ങളിലുളള ഫത്‌വകള്‍ ഹൃദിസ്ഥമാക്കിയവനാണ് ഫഖീഹ് എന്ന നിര്‍വചിക്കുന്നില്ല. ഇമാം ഗസ്സാലി ഫിഖ്ഹ് എന്ന പദത്തെ സാങ്കേതികമായി പ്രയോഗിക്കുമ്പോഴുളള അര്‍ഥവ്യതിയാനം ചൂണ്ടികാണിക്കുകയും, ഫിഖ്ഹിന് നല്‍കപ്പെട്ട അര്‍ഥത്തെ ശരിപ്പെടുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ശാഖാപരവും കര്‍മപരവുമായ വിഷയങ്ങളാണ് നിലവില്‍ ഫിഖ്ഹ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് തുടക്ക കാലത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അര്‍ഥമല്ല, മറിച്ച് അതില്‍ തന്നെ വരുന്ന അര്‍ഥമാണ്. എന്നാല്‍, കര്‍മശാസ്ത്രങ്ങളില്‍ മാത്രമായി ഫിഖ്ഹ് സാങ്കേതികമായി പ്രയോഗിക്കപ്പെടുന്നത് ശരിയല്ല. ഇമാം ഗസ്സാലി പറയുന്നു: കര്‍മശാസ്ത്ര വിഷയങ്ങള്‍ നല്‍കുന്ന ഫത്‌വകള്‍ക്ക് ഫിഖ്ഹ് എന്ന് പ്രയോഗിക്കുന്നത് ശരിയല്ല എന്നല്ല, വിശാലമായ അര്‍ഥത്തില്‍ ഫിഖ്ഹ് എന്ന പദം മനസ്സിലാക്കപ്പെടണം എന്നാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്.

ഭാഷാപരമായി ഉപയോഗിക്കുന്ന അതേ ഉദ്ദേശത്തില്‍ തന്നെയാണ് വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ഫിഖ്ഹിനെ പരിചയപ്പെടുത്തുന്നത്. ഗ്രഹിക്കുക, മനസ്സിലാക്കുക എന്നതാണ് ഫിഖ്ഹിന്റെ ഭാഷാപരമായ അര്‍ഥം. എന്നാല്‍, കര്‍മശാസത്രപരമായ അര്‍ഥത്തില്‍ പരിമിതപ്പെട്ടതിനാല്‍ ഈ അര്‍ഥതലങ്ങള്‍ തിരസ്‌കൃതമാകുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ഉപയോഗിച്ച അര്‍ഥങ്ങള്‍ അതിലൂടെ മനസ്സിലാക്കപ്പെടുന്നില്ല. സങ്കടകരമെന്ന പറയട്ടെ, ‘ഒരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനില്‍ അവഗാഹമുളളവനാകുന്നു’ എന്ന പ്രവാചക വചനം കര്‍മശാസ്ത്പരമായ അര്‍ഥത്തില്‍ മാത്രമായാണ് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, ഇവിടെ ഭാഷാപരമായ വശാല അര്‍ഥത്തിലാണ് ഫിഖ്ഹില്‍ നിന്ന് നിഷ്പന്നമായ ‘യുഫഖ്വിഹ്’ എന്ന പദം ഉപയോഗിപ്പെട്ടിരിക്കുന്നത്. അഥവാ കര്‍മശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമുണ്ടാകുമെന്ന് മാത്രമല്ല, ദീനില്‍ അവഗാഹമുണ്ടാകുമെന്നാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അദ്ദേഹത്തിന്റെ ‘അല്‍ഫതാവ’യില്‍ ഫിഖ്ഹിനെ സംബന്ധിച്ച് പറയുന്നു; ദീന്‍ ശരിയായ വിധത്തില്‍ അറിയുന്നതിന് അല്ലാഹുവിന്റെ കല്‍പന-വിരോധങ്ങളുടെ ഉദ്ദേശം ഗ്രഹിക്കുക എന്നതാണ് ദീനില്‍ ‘ഫിഖ്ഹ’് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് തൗബയിലെ സൂക്തത്തില്‍ ‘ഇന്‍ദാര്‍'(താക്കീത്) എന്ന പദം ‘ഫിഖ്ഹി’നോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. നിഷിദ്ധമാക്കിയതില്‍ നിന്ന് അകന്ന് നില്‍ക്കുകയും, നിര്‍ബന്ധമാക്കിയ കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും, നിഷിദ്ധ ചെയ്തികള്‍ സംഭവിക്കാതിരിക്കുന്നതിന് വേണ്ടി മനസ്സുകളെ ഭയപ്പെടുത്തുകയുമാണ് അത്തരം പ്രയോഗത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. ഇബ്‌നു ഫാരിസിന്റെ ‘മഖായിസുല്‍ ലുഗ’യിലും ജുര്‍ജാനിയുടെ ‘തഅ്‌രീഫാത്തി’ലും ഗ്രഹിക്കുക, മനസ്സിലാക്കുക തുടങ്ങിയ അര്‍ഥമാണ് ‘ഫിഖ്ഹി’ന് നല്‍കിയിട്ടുളളത്.
വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും വിശദമാക്കിയ അര്‍ഥതലങ്ങള്‍ ഫിഖ്ഹ് എന്ന പദത്തില്‍ കണ്ടെത്തന്‍ കഴിയണം. അറിവ് പുരോഗമിക്കുന്നതിന് അനുസരിച്ച്, തുടക്കകാലത്ത് അറിയപ്പെട്ടരുന്നില്ലാത്ത ഉദ്ദേശങ്ങളില്‍ നിന്ന് മാറി പ്രത്യക അര്‍ഥത്തിലുളള പദപ്രയോഗമായി അവതരിപ്പേക്കണ്ടത് അനിവാര്യമാണ്. വിഷയാസ്പദമായ പഠനങ്ങള്‍ നടക്കുമ്പോള്‍ അവക്ക് പ്രത്യേകമായ പ്രയോഗങ്ങള്‍ അത്യാവശ്യമാണന്നെരിക്കെ, പദത്തിന്റെ യഥാര്‍ഥ ഉദ്ദേശങ്ങളില്‍ നിന്ന് അവ വ്യതിചലിക്കുവാന്‍ പാടില്ല. വിശാലമായ അര്‍ഥങ്ങളില്‍ തന്നെ പദങ്ങള്‍ മനസ്സലാക്കപ്പെടണം.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്‌

Related Articles