വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ വധു തൻറെ ഭർതൃഹൃഹത്തിലേക്ക് കൊണ്ട് പോകുന്ന തൻറേതായ വസ്തുക്കളിൽ ഏറ്റവും പ്രാധാന്യത്തോടെ കണ്ടിരുന്ന ഒന്നായിരുന്നു വധുവിനായി മാത്രം ഒരുക്കി കൊടുക്കുന്ന ആമാടപ്പെട്ടി സമ്പ്രദായം (Dowry Chest). ഇസ്ലാമിക ലോകത്തും പുറത്തും നാട്ടാചാരങ്ങളുടെ ഭാഗമായി വർഷങ്ങളുടെ പാരമ്പര്യവുമായി നില നിന്നിരുന്ന രീതിയാണ് ആമാടപ്പെട്ടിയുടേത്. വലിയ ചതുരാകൃതിയിൽ മരത്തടി കൊണ്ട് നിർമ്മിച്ച ഒരു പെട്ടി, അതിൽ ഭർത്താവിൻറെ വീട്ടിലേക്ക് പോകുന്ന വധുവിന് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വിലയേറിയ സമ്മാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കും.
ഓരോ പെട്ടിയുടെയും വലിപ്പത്തിന് പുറമെ, ആമാടപ്പെട്ടിയെ അലങ്കരിച്ചിരുന്ന രീതിക്ക് പോലും പ്രത്യേകം പ്രാധാന്യം അക്കാലത്ത് നൽകപ്പെട്ടിരുന്നു. ആമാടപ്പെട്ടിയുടെ പുറംമോടി തന്നെ വധുവിനെയും അവരുടെ കുടുംബത്തിൻറെയും പദവി അളക്കുവാനുള്ള മാനദണ്ഡമായി പോലും പലപ്പോഴും വിലയിരുത്തപ്പെട്ടു. ലോകത്ത് വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത മതവിഭാഗങ്ങൾ മേൽ പറഞ്ഞ രീതിയിൽ, വ്യത്യസ്ത രൂപങ്ങളിൽ ആമാടപ്പെട്ടികൾ നൽകി വന്നിരുന്നു. എന്നാൽ മുസ്ലിം ലോകത്ത് ആമാടപ്പെട്ടിയുടെ നിർമ്മാണവും അലങ്കാരവും ഒരു നാട്ടാചാരത്തിനപ്പുറം സംസകാരത്തിൻറെ ഭാഗമായി തന്നെ വളർന്നു വരികയുണ്ടായി. എന്ത് കൊണ്ട് ലോകത്ത് എത്രയോ മുൻപ് തന്നെ വ്യത്യസ്ത ജനവിഭാഗങ്ങൾ പിന്തുടരുന്ന പ്രസ്തുത നാട്ടു സമ്പ്രദായം ഇസ്ലാമിക ലോകത്തേക്ക് കടന്നു വന്നപ്പോൾ മാത്രം പ്രത്യേക ശ്രദ്ധയാകർഷിച്ചു?
Also read: പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ
ആമാടപ്പെട്ടി ഇസ്ലാമി ലോകത്ത് വളരെ പെട്ടന്ന് തന്നെ വേരുറച്ചു. അക്കാലത്തെ മുസ്ലിം നാടുകളിലെ സുൽത്താന്മാരുടെ മകളുടെ വിവാഹ ആഘോഷങ്ങൾ ദിവസങ്ങളോളം നീണ്ട് നിൽക്കുന്നതായിരിന്നു. ആഘോഷങ്ങളുടെ ഭാഗമായി തന്നെ നവവധുവിനാവശ്യമായ സമ്മാനങ്ങൾ നിറച്ച ആമാടപ്പെട്ടികൾ വഹിച്ച് വരൻറെ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഒട്ടകങ്ങളുടെ നീണ്ടനിര കച്ചവട സംഘങ്ങളെ അനുസ്മരിപ്പിക്കും. മുസ്ലിം സ്പെയിനിലെ ഭരണാധികാരി സുൽത്താൻ അബ്ദുൾ റഹ്മാൻ തന്നെ മകളുടെ വിവാഹ വേളയിൽ നൽകിയത് ആനക്കൊമ്പിൽ, മനോഹര അറബി കലിഗ്രഫി എഴുത്ത് ശൈലിയിൽ തീർത്ത ആമാടപൊട്ടിയായിരുന്നു. ലോകത്ത് അതി മനോഹരമായി കലിഗ്രഫി ശൈലിയോടെ സംവിധാനിക്കപ്പെട്ട ഒന്നായാണ് പ്രസ്തുത ആമാടപ്പെട്ടി അറിയപ്പെടുന്നത്. അറബി കലിഗ്രഫിക്ക് പുറമെ പേർഷ്യൻ കലിഗ്രഫി ശൈലികളും പ്രസ്തുത സമ്പ്രദായത്തിലൂടെ അഭിവൃന്ദിപ്പെട്ടു. ജ്യാമിതീയ കല (geometry) ആഭരണ നിർമ്മാണ രീതി (ornamentation) കൾ ഏകീകരിച്ചുള്ള ഡിസൈനിംഗ് ശൈലികൾ കലിഗ്രഫിയിൽ സന്നിവേശിപ്പിച്ച് വ്യത്യസ്ത ഭാവങ്ങളിൽ ആമാടപ്പെട്ടികൾ നിർമ്മിക്കപ്പെട്ടു.


പൊതുവായും പെട്ടിക്കകത്തുള്ള മൂല്യവത്തായ സമ്മാനങ്ങളേക്കാൾ ആമാടപ്പെട്ടിയുടെ പുറം ഭാഗങ്ങൾ അലങ്കരിക്കാൻ പ്രഗത്ഭരായ എഴുത്ത് വിദഗ്ധരും ഡിസൈനിംഗിൽ പേരെടുത്തവരും അന്നത്തെ ഇസ്ലാമിക ലോകത്ത് നിറഞ്ഞ് നിന്നിരുന്നു. നിർമ്മിക്കപ്പെട്ട ആമാടപെട്ടികളുടെ പുറം ഭാഗം കലിഗ്രഫിയിൽ സംവിധാനിക്കാൻ പ്രാപ്തരായവർ കൂടുതൽ കാണപ്പെട്ടത് ഇറാഖ്, ഇറാൻ, മൊറോക്കോ, ദമസ്ക്കസ്, കൊർദോവ എന്നിവിടങ്ങളിലായിരുന്നു. മരത്തടികളിൽ (Wood Carving) കലിഗ്രഫി എഴുത്ത് ശൈലികളെ ഇസ്ലാമിക സംസകാരത്തോട് ചേർത്ത് തന്നെ സംവിധാനിക്കാൻ കഴിയുന്ന തനത് പരമ്പരാഗത വാസ്തുവിദ്യാ വിദഗ്ധർ അന്ന് ലോകത്ത് വളർന്ന് വന്നതും മേൽ പറഞ്ഞ പ്രദേശങ്ങളിൽ നിന്ന് തന്നെയായിരുന്നു.
മന്ദൂസ്, സന്ദൂഖ്, സാഫാത്ത് എന്നീ പേരുകളിലും ഒമാനി, കുവൈത്തി, ബഹ്റൈനി സൻസിബാരി തുടങ്ങിയ സ്ഥലപേരുകളിലും ആമാടപ്പെട്ടികൾ നിർമ്മിക്കപ്പെട്ടു. എന്നാൽ ഇന്ത്യയിൽ അക്കാലത്ത് നിർമ്മിക്കപ്പെട്ട പെട്ടികൾക്ക് അറബ് ലോകത്ത് ആവശ്യക്കാർ കൂടുതലായിരുന്നു. തേക്കും, ഈടുള്ള തടികൾ ഉപയോഗിച്ച് ബോംബെ, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇത്തരത്തിലുള്ള പെട്ടികൾ കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്. ചന്ദനവും കർപ്പൂരവും ചേർത്ത് നിർമ്മിക്കപ്പെട്ടവയക്ക് കൂടുതൽ തുക നൽകേണ്ടി വന്നിരുന്നു. പേർഷ്യൻ കലാവൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ പെട്ടികളും വിപണി പിടിക്കുന്നവ തന്നെയായിരുന്നു. പ്രത്യേക അറകളോടെ വ്യത്യസ്ത രൂപ ഭാവങ്ങളിൽ നിർമ്മിക്കപ്പെട്ടവയ്ക്ക് വിലയിലും മാറ്റങ്ങൾ കാണാം. കേരളത്തിൽ മലബാർ ഭാഗത്ത് നിന്നും ആമാടപ്പെടികൾ ( the Malabar Chest) മഹാഗണി, തേക്ക് തുടങ്ങിയ തടികളിൽ നിർമ്മിക്കപ്പെട്ട് പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. തുർക്കി,ദമസ്കസ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണ് ആമാടപ്പെട്ടികൾ അലങ്കരിച്ച് ഭംഗിയാക്കുന്നതിൽ മത്സരിച്ച് വന്നവർ. മരത്തടികളിൽ നിന്ന് പതിയെ ലോഹങ്ങളിലേക്ക് ആമാടപ്പെട്ടികൾ പരിവർത്തനം ചെയ്യപ്പെട്ടു.
Also read: പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക
എഴുത്ത് രീതികൾക്ക് എക്കാലത്തും വമ്പിച്ച പ്രചാരവും പ്രശസ്തിയും നേടിത്തരുന്നതിൽ മുഖ്യ പങ്കു വഹിച്ച ആമാടപ്പെട്ടി സമ്പ്രദായം ഇന്ന് ഏറെക്കുറെ ചരിത്രത്തിൻറെ ഭാഗമായി മാറിക്കഴിഞ്ഞു.