Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

ചരിത്രത്തിലെ ഒരു ഖലീഫ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 17 ദീനാര്‍ ആയിരുന്നു. അതില്‍ 5 ദീനാര്‍ കഫന്‍ പുടവക്ക്, 2 ദീനാര്‍ ഖബറിന്. ബാക്കിയുളള 10 ദീനാര്‍ 11 മക്കള്‍ക്കും ഇണക്കും വീതിക്കേണ്ടി വന്ന സംഭവം വായന ഓര്‍മ്മയിലുണ്ട്.

ഒരു പക്ഷെ ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസിനോളം ഹൃദയത്തെ തൊട്ട ചരിത്രപുരുഷന്മാര്‍ കുറവായിരിക്കും. അദ്ദേഹത്തിന്റെ സൂക്ഷ്മത നിറഞ്ഞ ജീവിതം വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്. അതിലേറെ ഈ മഹാരഥന്മാര്‍ അടയാളപ്പെടുത്തിയ അളവ് കോലുകള്‍ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട് താനും. ഇങ്ങിനെയൊക്കെ ജീവിച്ചുപോയവരുടെ അന്ത്യഭവനം തന്നെയാണല്ലോ നാമും കൊതിക്കുന്നത്! ഇതൊന്നും എഴുതാന്‍ പോലും അര്‍ഹത ഇല്ലെങ്കിലും പങ്കു വെക്കാതിരിക്കാന്‍ കഴിയുന്നില്ല താനും.

തണുപ്പ് കാലത്ത് തനിക്കു വുളു ചെയ്യാനുള്ള വെള്ളം ചൂടാക്കി കൊണ്ടുവന്ന അനുചരന്‍ മുസാഹിമിനോട് ഒരിക്കല്‍ ഖലീഫ ചോദിക്കുന്നുണ്ട്
‘ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ പൊതു അടുക്കളയില്‍ നിന്നാണോ നീ വെള്ളം ചൂടാകുന്നത്’?
‘അതെ, അല്ലാഹു താങ്കള്‍ക്ക് നന്മ വരുത്തട്ടെ’ ഇത് കേട്ട മാത്രയില്‍ അദ്ദേഹം പറയുന്നത്. ‘ഇത്രയും കാലം ആ വെള്ളം അങ്ങിനെ ചൂടാക്കി എന്റെ കാര്യം നീ നശിപ്പിച്ചുകളഞ്ഞല്ലോ?’ എന്നാണ്.

ആ വെള്ളം ചൂടാവാന്‍ എത്ര വിറകു വേണ്ടി വരുമോ അത്രയും ചൂടാക്കിയ കാല അളവ് നോക്കി പൊതു ഖജനാവില്‍ എത്തിച്ചിട്ടേ ആ സ്വാതികന് സമാധാനം ആയുള്ളൂ. ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നന്മ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ വാരി വിതറിയാണ് വെറും 39 ആം വയസ്സില്‍ അദ്ദേഹം റബ്ബിലേക്ക് തിരിച്ചു പോയത്. ഭരണാധികാരികള്‍ പൊതുമുതല്‍ വെട്ടി വിഴുങ്ങുന്ന സമകാലീന രാഷ്ട്രീയങ്ങള്‍ ജനങ്ങളുടെ മുതുകുകളില്‍ ഭാരം നിറക്കുമ്പോള്‍ എങ്ങിനെ ഇതൊക്കെ ഓര്‍ക്കാതിരിക്കും. അധികാരം ജനങ്ങളില്‍ നീതിയും, സമാധാനവും സ്ഥാപിക്കാന്‍ ഉപയോഗിച്ചപ്പോള്‍ എന്നും ഓര്‍ക്കാനുള്ള ഒരു സല്‍ഭരണം സംഭവിക്കുകയായിരുന്നു.

ഒരിക്കല്‍ യുദ്ധമുതല്‍ വീതം വെക്കുന്ന സന്ദര്‍ഭം. കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍. ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു. കാഴ്ച കണ്ടു ഓടിയെത്തിയ ഖലീഫ നടുങ്ങിപ്പോയി. അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി. കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. നാളുകളായി വല്ല ആവശ്യവും വന്നാല്‍ ഉപയോഗിക്കാം എന്ന് കരുതിയ സൂക്ഷിപ്പ് മുതല്‍ എടുത്ത് അവര്‍ ആപ്പിള്‍ വാങ്ങി കുഞ്ഞുമോന്റെ ആശ തീര്‍ത്തു.

ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം! വേവലാതി പൂണ്ട മഹാന്‍ സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോള്‍ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു. പിതാവിന്റെ മനസ്സ് മക്കള്‍ക്ക് വേണ്ടി അലിവാര്‍ന്നതാകാന്‍ പിന്നെന്തു വേണം. പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍(റ) പറയുന്നതിങ്ങനെ.:
‘അല്ലാഹുവില്‍ സത്യം,ഞാനെന്റെ കുഞ്ഞു മോന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുറത്തെടുക്കുമ്പോ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. പക്ഷെ എന്ത് ചെയ്യാന്‍, പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല !’

ഖലീഫ ആയതിനു ശേഷം അവരുടെ ജീവിതം അത്ര മേല്‍ ദുരിതമയമായിരുന്നു. സമ്പന്നതയുടെ കൊടുമുടിയില്‍ നിന്നാണ് ബോധപ്പൂര്‍വം തിരഞ്ഞെടുത്ത ആ ജീവിതം ഖലീഫക്കും കുടുംബത്തിനും ഉണ്ടായത് എന്നോര്‍ക്കണം. ഖലീഫ തന്നെ ഒരു കുല മുന്തിരി വാങ്ങാന്‍ പ്രിയതമയോട് വല്ലതും ഉണ്ടോ എന്ന് ചോദിക്കുന്നത് കാവ്യ രൂപത്തില്‍ പ്രശസ്തമായ ഈരടികളായിട്ടുണ്ട്.

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്‌നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസിന്റെ മുറിയിലേക്ക് സേവകന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു. ഉടനെ അദ്ദേഹം പറഞ്ഞു:
‘ആ വിളക്ക് അണക്കുക, എന്നിട്ട് കാര്യം പറയുക; ജനങ്ങളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല’..!

സേവകന്‍ വിളക്കണച്ചു, കാര്യം പറഞ്ഞു പോയി. ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു. ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..
നായകന്‍ മുന്നില്‍ നിന്ന് ജീവിതം കൊണ്ട് നയിച്ചപ്പോള്‍ രാജവാഴ്ച്ചയില്‍ നഷ്ടപ്പെട്ടു പോയ ഐശ്വര്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചു. വെറും രണ്ടു വര്‍ഷം കൊണ്ട്. സക്കാത്ത് വാങ്ങാന്‍ ആളില്ലാത്ത രീതിയില്‍ ഖിലാഫത്തിന്റെ പുനര്‍സൃഷ്ടിപ്പിനും ചരിത്രം സാക്ഷിയായി. ബന്ധു നിയമനങ്ങളും സ്വജന പക്ഷപാതിത്വവും തീര്‍ത്തും ഒഴിവാക്കിയപ്പോള്‍ ബന്ധുക്കളില്‍ നിന്ന് തന്നെ ശത്രുക്കള്‍ ഉണ്ടായി. അവര്‍ സേവകര്‍ക്കു കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു ഖലീഫയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതോടെ ആണ് ഉമര്‍ രണ്ടാമന്‍ മരണക്കിടക്കയില്‍ ആയത്
സന്ദര്‍ശകരായ ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ഖലീഫയെ ഒരേ വസ്ത്രത്തില്‍ തന്നെ കണ്ട ഒരാള്‍ അത് സൂചിപ്പിപ്പോള്‍ ഇണയായ ഫാതിമ പറയുന്നത്.

‘അല്ലാഹു സാക്ഷിയായി പറയട്ടെ, മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല, ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ…!’
ആഢംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്ന മാറ്റമാണിത്. 40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന അദ്ദേഹം വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി. അവസാനം രോഗാവസ്ഥയിലുള്ള പിതാവിന്റെ അടുത്ത് കൂടിയിരിക്കുന്ന മക്കളുടെ അവസ്ഥ കണ്ടു ഒരു സുഹൃത്ത് പരിഭവിച്ചു.

‘താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു’
‘എന്റെ മക്കള്‍ ഒന്നുകില്‍ ഭയഭക്തിയുള്ള സദ്‌വൃത്തരായിരിക്കും. എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും, അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കുംഎങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല.’
പരലോകഭവനം കിനാവ് കണ്ടു തുടങ്ങിയ ആ യോഗിവര്യന്‍ സമാധാനത്തിലേക്കു തിരിച്ചു പോയി. അദ്ദേഹത്തിന് പ്രിയപ്പെട്ട ഖുര്‍ആന്‍ വചനം മാത്രമായിരുന്നു ആ നാവില്‍ എപ്പോഴും തത്തി കളിച്ചിരുന്നത്.

‘ആ പരലോകഭവനം നാം ഏര്‍പ്പെടുത്തിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ഒന്നുറപ്പ്; അന്തിമവിജയം സൂക്ഷ്മതയുള്ളവര്‍ക്ക് മാത്രമാണ്.’ വിശുദ്ധ ഖുര്‍ആന്‍ 28 : 83

Related Articles