Current Date

Search
Close this search box.
Search
Close this search box.

വേണ്ടതോ വേണ്ട, വേണ്ടാത്തതേ വേണ്ടൂ!

സോഷ്യല്‍ സ്റ്റാറ്റസിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള നമ്മുടെ വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വരുത്തിവെച്ചിരിക്കുന്ന അപകടം ചെറുതല്ല മറിച്ച് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്ന ഒരു അഗ്നിപര്‍വതത്തോളം വിനാശകാരിയാണ് എന്ന് കാണിച്ചു തരുന്നതാണ് തേജസ് ദൈ്വവാരികയില്‍ (2015 ഫെബ്രുവരി 16-28) ‘അപ്പോള്‍, സാമൂഹിക ശാസ്ത്രം ആരു പഠിക്കും?’ എന്ന തലകെട്ടില്‍ പ്രൊഫ. ജമീല്‍ അഹ്മദ് എഴുതിയ കവര്‍‌സ്റ്റേറി.

പത്താം ക്ലാസില്‍ തോറ്റവനെ പള്ളി ദര്‍സിലേക്ക് നേര്‍ച്ച ചെയ്തിരുന്ന കാലത്തിന്റെ ആധുനിക കര്‍മാന്തരമാണ് പത്താം ക്ലാസില്‍ ഡി പ്ലസ് വാങ്ങി കഷ്ടിച്ച് കൈച്ചലാവുന്നവരെ പിടിച്ച് ഹ്യുമാനിറ്റീസ് ക്ലാസില്‍ കൊണ്ടുപോയി ഇരുത്തുന്ന സാക്ഷര സമ്പ്രദായം. ഈ കുറ്റകരമായ സമ്പ്രദായം ഒരു നാട്ടുനടപ്പായി മാറുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയും കൂട്ടുപ്രതികളാണ്. മനുഷ്യവിഭവത്തിന്റെ കര്‍മശേഷിയെ ഓര്‍മശക്തിയുടെ അടിസ്ഥാനത്തില്‍ അളക്കാന്‍ ആരംഭിച്ചപ്പോള്‍ സംഭവിച്ച, സര്‍വ്വാംഗീകൃതമായി ഇന്നും തുടരുന്ന ഒരു ദുരന്തമാണിത്.

മാനവിക വിജ്ഞാനീയങ്ങളുടെ പരിധിയില്‍ വരുന്ന വിജ്ഞാനശാഖകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയാണ് ഫാസിസം നമ്മുടെ ബോധത്തെയും ബോധ്യങ്ങളെയും നിയന്ത്രിക്കുന്നത് എന്ന് എത്രപേര്‍ക്കറിയാം. രാകി മിനുക്കിയ വാളുകള്‍ കൊണ്ട് മാത്രം നിലനില്‍പ്പ് സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഫാസിസം കൃത്യമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ചതും, തങ്ങളുടെ കപടവാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ വിദഗ്ദ്ധമായി വളച്ചൊടിക്കപ്പെട്ടതുമായ വാക്കുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.

സംഘപരിവാര പ്രഭൃതികള്‍ കൂട്ടം ചേര്‍ന്ന് നമ്മുടെ ചരിത്രത്തെ ബലാത്സംഗം ചെയ്ത് പിച്ചിചീന്തി, പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം വികൃതമാക്കിക്കൊണ്ടിരിക്കുമ്പോള്‍, കല്ല്യാണ മാര്‍ക്കറ്റില്‍ വൈദ്യശാസ്ത്രജ്ഞനാണ് മൂല്യമെന്നും, സാമൂഹ്യശാസ്ത്രജ്ഞന്‍ താടിയും തടവി പൊടിപിടിച്ച പുസ്തക കെട്ടിനുള്ളില്‍ കഴിയേണ്ടി വരുമെന്ന മൂഢധാരണയില്‍ തന്നെയാണ് ‘സമൂഹത്തിന് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട സമുദായം’. ‘ ‘ശ്രീരാമന്റെ ശത്രുവായ അസുരരാജാവാണ് രാവണന്‍ എന്ന ‘വിശ്വാസ’ ത്തെ ‘ശ്രീരാമന്റെ പുതിയ കാലത്തെ ശത്രുവായ മുസ്‌ലിം ചക്രവര്‍ത്തിയാണ് ബാബര്‍’ എന്ന ‘ചരിത്രവിജ്ഞാന’മായി മാറ്റിത്തിരുത്തിയാല്‍ കിട്ടുന്ന ലാഭം ചില്ലറയല്ല’ എന്ന് ജമീല്‍ അഹ്മദ് പറഞ്ഞുവെക്കുന്നതില്‍ യാതൊരു താല്‍പര്യവും ഇല്ലാത്തവര്‍ തന്നെയാണ് ഭൂരിഭാഗവും.

അറബിമലയാളം എന്ന കേരളമുസ്‌ലിം ഭാഷയുടെ ആവിര്‍ഭാവത്തെയും നാശത്തെയും കുറിച്ച് ഭൂരിപക്ഷ ജനാധിപത്യത്തിന്റെ ബലത്തില്‍ നമ്മുടെയിടയില്‍ നിലനില്‍ക്കുന്ന ചില ധാരണകളെ തിരുത്താന്‍ മാത്രം ശക്തമല്ലെങ്കില്‍ കൂടി ചില മറുചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കും, പ്രതിപാഠങ്ങളിലേക്കും ഗവേഷണ മനസ്സുകളെ കൊണ്ടുചെന്നിക്കാന്‍ പര്യാപ്തമാണ് ശബാബ് വാരികയില്‍ (2015 ഫെബ്രുവരി 13) ‘അറബിമലയാളത്തെ നിലനിര്‍ത്തണമായിരുന്നോ?’ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് എ.വി ഫിര്‍ദൗസ് എഴുതിയ കവര്‍‌സ്റ്റോറി.

പടച്ചവന്‍ ഇറക്കിയ പരിശുദ്ധ ഖുര്‍ആന്റെ ഭാഷയെ കേവലം ഓത്തില്‍ മാത്രം പരിമിതപ്പെടുത്തിയതിനും, പിന്നീട് പടച്ചുണ്ടാക്കിയ അറബി മലയാളത്തിന് അനവാശ്യമായ പ്രാധാന്യം ലഭിച്ചതിനും പിന്നില്‍ പുരോഹിത വര്‍ഗത്തിന്റെ സ്ഥാനമാന-സാമ്പത്തിക ലാക്കിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് പ്രസ്തുത കവര്‍‌സ്റ്റോറി വായനക്കാരന് നല്‍കുന്ന ഉത്തരം. പടച്ചവന്റെ ഇടയില്‍ ഇടനിലക്കാരന്റെ റോള്‍ വഹിക്കുന്ന പൗരോഹിത്യത്തെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്ന ഖുര്‍ആനിക സൂക്തങ്ങളുടെ അര്‍ത്ഥതലങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും മറച്ചുവെക്കാനും, അതിന് വേണ്ടി അറബി ഭാഷാ പഠനത്തില്‍ നിന്നും സമുദായത്തെ വഴിതിരിച്ച് വിടാനും പൗരോഹിത്യ ദുഷ്ടബുദ്ധിയില്‍ ഉദിച്ച പൈശാചികാശയമായിരുന്നോ അറബി മലയാളം?

ഒരു ഭാഷ കൊണ്ട് മൊത്തം സമുദായത്തിന്റെ തലച്ചോറിലേക്ക് അറിവിന്റെ വെളിച്ചം കടക്കുന്നത് തടഞ്ഞ ചില മതമുതലാളിമാരുടെ ചരിത്രം എന്തു കൊണ്ടും വെളിച്ചത്തു വരേണ്ടത് തന്നെയാണ്. അറബി മലയാളം എന്ന ‘ഭാഷ’ ഇല്ലാതാകുന്നത് മലയാളത്തിനും അറബിക്കും കേരള മുസ്‌ലിംകള്‍ക്കും ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ; ചെയ്യുകയുമുള്ളൂ എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.

Related Articles