Current Date

Search
Close this search box.
Search
Close this search box.

വികാരം വിചാരം വിചാരണ

അതിരുകളുടെ സാന്നിധ്യമില്ലാത്ത ഒന്നും പ്രപഞ്ചത്തില്‍ കാണാന്‍ സാധിക്കില്ല. സമയം, ഭൂമി, പ്രപഞ്ചായുസ്സ്, ആയുസ്സ് എന്നിങ്ങനെ പദാര്‍ത്ഥ ലോകത്തും ഇന്ദ്രിയാതീത ലോകത്തുമുള്ള ദൈവമൊഴികെയുള്ള എല്ലാ അസ്തിത്വങ്ങള്‍ക്കു അതിരുകളും അവധികളും ഉണ്ട്. അതിരുകള്‍ ലംഘിക്കപ്പെടുമ്പോഴാണ് അരാജകത്വം പിറവികൊള്ളുക. അരാജകത്വം സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ച് ജീവത രൂപം നല്‍കിയവരുണ്ട്. അവരാരും തന്നെ കടല്‍ കരയിലേക്ക് കയറുമ്പോള്‍ കടലിന്റെ സ്വാതന്ത്ര്യത്തെ വാഴ്ത്തിയതായി അറിവില്ല. അതിരുകള്‍ ആര് നിര്‍ണയിക്കും എന്ന ചോദ്യം ദൈവാസ്തിക്യ സംവാദത്തിലെ പ്രധാന ചോദ്യമാണ്. ആര് നിര്‍ണയിച്ചാലും അതിരുകളും, അതിര്‍ത്തികളും വേണം എന്നു തന്നെയാണ് നിഷ്ങ്കളങ്ക മനസാക്ഷികളുടെ വാദം. ട്രാഫിക്ക് സിഗ്നലിലെ ചുവപ്പ് നിറം തനിക്ക് ബാധകമല്ലന്ന് വാദിച്ച് മുന്നോട്ട് പോകുന്നവന്‍ തലച്ചോര്‍ ചിതറിത്തെറിച്ച് ചാവുമെന്നതിന് മറുവാദം വല്ലതുമുണ്ടോ എന്നറിയില്ല. ഭരണകൂടത്തിന് സ്വയം വിചാരണ നടത്താമെങ്കിലും ജനകീയ വിചാരണയിലൂടെയാണ് അത് പരിമിതമായ അര്‍ത്ഥത്തിലാണെങ്കിലും പരിപൂര്‍ണ്ണമാവുന്നത്. ജനകീയ വിചാരണകള്‍ക്കും അതിരുകള്‍ പാലിക്കുക എന്ന നിയമം ബാധമാണ്. വികാരങ്ങള്‍ പരിധി ലംഘിക്കുന്നതിനെ സ്വാതന്ത്ര്യം എന്ന് പേരിട്ട് വിളിക്കുമ്പോള്‍, സദാചാരങ്ങള്‍ കൊണ്ട് അതിര്‍ത്തി ചമക്കുന്നതാണ് നീതിയെന്ന് ഉറക്കെ വിളിച്ചു വിളിച്ചു പറയുക.

കോടതികള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍
ഭൂമിയുടെ സന്തുലിതത്വം കാത്തു സൂക്ഷിക്കുന്നതില്‍ പര്‍വ്വതങ്ങളുടെ സ്ഥാനം എവിടെയാണോ അവിടെ തന്നെയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ കോടതികളുടെ സ്ഥാനം. ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ഒരു പ്രതലം നമ്മുടെ ഭരണഘടന ഒരുക്കി കൊടുത്തിട്ടുണ്ട്. എക്‌സിക്യൂട്ടീവിന് യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കാത്ത വിധം സുരക്ഷിതമായ വലയത്തിനുള്ളിലാണ് തത്വത്തില്‍ ജുഡീഷ്യറി നിലകൊള്ളുന്നത്. എന്നാലും മൂലധനാധിപത്യം വിധിന്യായങ്ങളെ സ്വാധീനിക്കുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. അധ്വാനിക്കുന്ന ജനങ്ങള്‍ക്കൊപ്പമല്ല കോടതി പക്ഷം ചേര്‍ന്നിരിക്കുന്നത് എന്ന ധാരണ ശക്തിപെട്ടു. ഏകാധിപതികളും, ഫാസിസ്റ്റുകളും ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ചതായി ഭൂത-വര്‍ത്തമാന ചരിത്രങ്ങള്‍ സാക്ഷി. അവിടെങ്ങളിലാണ് കോടതി വിമര്‍ശനങ്ങള്‍ ജന്മെടുക്കുന്നത്. വിമര്‍ശനങ്ങളെ തീര്‍ച്ചയായും പ്രശ്‌നവത്കരിക്കേണ്ടതുണ്ട്. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് തന്നെ കൊണ്ടു പോകുന്നതിനാണോ, തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനാണോ വിമര്‍ശനായുധം പ്രയോഗിക്കേണ്ടത്. ചിത്രം മോശമായതിന് ചുമര്‍ തകര്‍ത്തിട്ട് കാര്യമുണ്ടോ എന്ന ചോദ്യവുമായാണ് ഈ ലക്കം സത്യധാര (നവം 1-15 2014) വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്. അഡ്വ. സി.കെ ഫൈസല്‍ പുത്തനഴി, ഡോ. സെബാസ്റ്റിയന്‍ പോള്‍, ജംഷീര്‍ പാവണ്ടൂര്‍ എന്നിവര്‍ എഴുതുന്നു.

ഇസ്‌ലാം വിചാരണകളിലെ വിചാര രാഹിത്യം
മനുഷ്യന് ഇഹലോക ജീവിതത്തിന് ശേഷം പരലോക ജീവിതമുണ്ടെന്നും അവിടെ വെച്ച് ഭൂമിയിലെ കര്‍മ്മങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുന്ന അന്തിമ വിചാരണ നടക്കുമെന്നും, ഭൂമിയിലെ സല്‍കര്‍മങ്ങള്‍ക്കും, പാപങ്ങള്‍ക്കും അനുസൃതമായി സ്വര്‍ഗ,നരഗ ശിക്ഷകള്‍ ലഭിക്കുമെന്നും മാനവകുലത്തെ പഠിപ്പിക്കുന്ന ജീവിതരീതിയാണ് ഇസ്‌ലാം. അത് രാഷ്ട്രത്തെയും വ്യക്തിയെയും ഒരേ സമയം അഭിമുഖീകരിച്ച് സംസാരിക്കുന്നു. പക്ഷെ അന്തിമ വിചാരണയെ കുറിച്ച് ബോധനം നല്‍കുന്ന ഇസ്‌ലാം ഇന്ന് അന്തമില്ലാത്തതും, അന്തം കെട്ടതുമായ അബദ്ധ വിചാരണകള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ അസമത്വം, അരക്ഷിതാവസ്ഥ, അസന്തുലിതത്വം എന്നിവക്ക് കാരണമാകുന്നതും സമൂഹം, കുടുംബം,രാഷ്ട്രം, വ്യക്തി എന്നിവയുടെ നാശഹേതുവായ സകല പദാര്‍ത്ഥങ്ങളും, ആശയങ്ങളും വിലക്കിയ ദൈവിക പ്രോക്തമായ സമഗ്രജീവിതപദ്ധതി മൂലധനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെയും, ദൈവനിരാസപ്രസ്ഥാനങ്ങളുടെയും ആക്രമണത്തിന് നിരന്തരം ഇരയാവുന്നതില്‍ അതിശയിക്കാനില്ല. പാശ്ചത്യ ലോകത്ത് ഇസ്‌ലാം വിരുദ്ധമായ എന്തിനും നല്ല മാര്‍ക്കറ്റാണ്. ഇസ്‌ലാമിനെ തെറിവിളിക്കുന്നതിന് പേനയുന്തി സമ്പന്നരായ ബുദ്ധിജീവികള്‍ അനവധി.

അടുത്ത കാലത്ത് എച്ച്.ബി.ഒ ചാനലിലെ റിയല്‍ ടൈം ലൈവ്‌ഷോയില്‍ ആതിഥേയനായ ബില്‍ മഹറും അദ്ദേഹത്തിന്റെ കൂട്ടാളി സാം ഹാരിസും ഇസ്‌ലാമിനെ കുറിച്ച് അങ്ങേയറ്റം മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്വന്തം സാംസ്‌കാരിക വൈകൃതങ്ങള്‍ മറച്ച് വെച്ച്, മുസ്‌ലിംകളെ കുറിച്ച് സാമാന്യവത്കരിച്ച് സംസാരിച്ച ബെന്‍ മഹറിനും, സാം ഹാരിസിനും എതിരെ പ്രശസ്ത നടനും സംവിധായകനുമായ ബെന്‍ അഫ്‌ലെക്ക് അതേ ടെലിവിഷന്‍ ഷോയില്‍ രംഗത്ത് വരികയുണ്ടായി. തുടര്‍ന്നങ്ങോട്ട് ഇസ്‌ലാം വിരുദ്ധതക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്പത്ത് കേന്ദ്രീകൃതമായ ഗൂഢലക്ഷ്യങ്ങള്‍ തുറന്ന് കാട്ടുന്ന സംവാദങ്ങള്‍ക്ക് പാശ്ചാത്യ ലോകം സാക്ഷിയായി. അധികാരം സൃഷ്ടിച്ചിട്ടുള്ള കൂച്ചു വിലങ്ങുകളോട് സമരസപ്പെടാതെ, അവ പൊട്ടിച്ചെറിയുമ്പോഴാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത്. രിസാല വാരികയില്‍ (ഒക്ടോ 29/2014) ശാഹിദ് ഇസ്‌ലാമിനെ കുറിച്ചുള്ള അധീശവായനകളെ ചോദ്യം ചെയ്ത് അവര്‍ നിര്‍ണയിച്ച അതിര്‍ത്തികള്‍ ലംഘിച്ച് ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.

ചുംബനസമര വികാര വിചാരങ്ങള്‍
കേരളത്തിലെ സാംസ്‌കാരികാന്തരീക്ഷത്തെ തൊട്ടാല്‍ പൊള്ളുന്ന വിധം ചൂടുപിടിപ്പിച്ചാണ് കഴിഞ്ഞ വാരം കടന്നു പോയത്. കണ്ട് മടുത്ത സമരമുറകളില്‍ നിന്നും വ്യത്യസ്തമായി നയനാനന്തകരവും, ഇന്ദ്രിയസുഖം പ്രദാനം ചെയ്യുന്നതുമായ അപൂര്‍വ്വമായ ഒരു സമരമുറ കേരളത്തിന് ‘അനുഭവിക്കാന്‍’ കഴിഞ്ഞു. സദാചാരവും, വ്യക്തി സ്വാതന്ത്ര്യവും ഒന്നു കൂടി ഉഷാറായി ചര്‍ച്ചിക്കപ്പെട്ടു. കമിതാക്കളുടെ കാമനകള്‍ സദാചാര ലംഘനമാണോ?, അവരുടെ പ്രണയചേഷ്ടകള്‍ ഒളികാമറയില്‍ പകര്‍ത്തുന്നത് മാധ്യമ ധര്‍മത്തില്‍ ഉള്‍പ്പെടുമോ?, സദാചാരം സംരക്ഷിക്കാന്‍ ആയുധമെടുത്ത യുവമോര്‍ച്ചക്കാരുടെ പ്രവൃത്തിയെ സദാചാരം എന്ന പേരിട്ട് വിളിക്കാമോ?, കമിതാക്കള്‍ ഒന്നു കൊക്കുരുമിയതിന് ഹോട്ടല്‍ തച്ചുതകര്‍ത്ത യുവമോര്‍ച്ചക്കാര്‍, ചുമരില്‍ രതിമൂര്‍ച്ഛയിലാറാടുന്ന ഖജുരാഹോ അമ്പലത്തിലെ ശില്‍പ്പങ്ങള്‍ ബാബരി മസ്ജിദ് ധ്വംസിച്ചത് പോലെ ധ്വംസിക്കുമോ?, ചുംബന സമരത്തെ സാമ്പ്രദായിക സാംസ്‌കാരിക സമര രീതികളിലേക്ക് വരവു വെക്കാമോ?  തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കും, ഉത്തരങ്ങളെ ചുറ്റിപറ്റിയുള്ള കായികവും, ആശയപരവുമായ അടിപിടികള്‍ക്കും നാം സാക്ഷിയായി. ഓരോ ചുംബനവും കവിതയാണെന്ന് സച്ചിദാനന്ദന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ( നവം 16-22/2014) പ്രഖ്യാപിക്കുന്നു.

വികാരങ്ങളുടെ കെട്ടുപ്പൊട്ടിക്കലുകളെ സദ്‌വിചാരം കൊണ്ട് വിചാരണ നടത്തി അതിര്‍ത്തികള്‍ സുഭദ്രമാക്കുന്നതിനെ കുറിച്ച് കാലം വീണ്ടും വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നു.

Related Articles