Current Date

Search
Close this search box.
Search
Close this search box.

ഫാത്തിമ അല്‍-ഫിഹ്രിയ്യ തുറന്ന വൈജ്ഞാനിക വഴി

ഇസ്ലാമിക നാഗരികതയെയും അതിന്റെ നവോത്ഥാന യത്‌നങ്ങളെയും വൈജ്ഞാനിക സംഭാവനകള്‍ കൊണ്ട് പുഷ്‌കലമാക്കിയ അതുല്യ പ്രതിഭകളായ മഹിളാ രത്‌നങ്ങള്‍ ചരിത്രത്തിലെമ്പാടും വെളിച്ചം വീശി കടന്നുപോയിട്ടുണ്ട്. ദൈവിക ബോധനം വന്നുകൊണ്ടിരിക്കുന്ന ആദ്യനാളുകളില്‍ തന്നെ തന്റെ സമ്പത്ത് ഉപയോഗിച്ച് പ്രവാചകനെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തിയ നബി പത്‌നി ഖദീജ(റ), ഇസ്ലാമിക നിയമങ്ങളുടെ നാലിലൊന്ന് അടുത്ത തലമുറയെ പഠിപ്പിച്ച ആഇശ(റ)വില്‍ നിന്നും തുടങ്ങുന്നുണ്ട് ആ ചരിത്രം. പ്രസ്തുത പട്ടിക മുഴുവനും ഇവിടെ ഉദ്ധരിക്കല്‍ അപ്രാപ്യമാണ്.

എന്നാല്‍ ആ സംസ്‌കാരം പിന്‍തലമുറകള്‍ക്ക് കൈമാറിയ അനേകം മഹിളാ രത്‌നങ്ങളില്‍ തീര്‍ത്തും വ്യതിരിക്തമായ ചുവട്‌വെപ്പ് കൊണ്ട് ചരിത്രം എക്കാലവും ഓര്‍ക്കുന്ന ഒരു പേരുണ്ട്. ഫാത്തിമ അല്‍ ഫിഹ്രിയ്യ. ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി സ്ഥാപിച്ച ഒരു വനിതയുടെ പേരാണിത്. ഇസ്ലാമിക ശരീഅത്തും അതിന്റെ ശാഖകളിലെ വൈജ്ഞാനിക പര്യവേഷണങ്ങളും പുരുഷ സൃഷ്ടിയാണെന്നും സത്രീകളുടെ പക്ഷത്ത് നിന്നുള്ള സംഭാവനകള്‍ ഉണ്ടായിട്ടില്ലെന്നുമുള്ള തെറ്റിദ്ധാരണകള്‍ സെക്യുലറിസ്റ്റുകള്‍ വല്ലാതെ ഇക്കാലത്ത് പ്രചരിപ്പിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാനോ വിസമ്മതിക്കാനോ ഉള്ള തൊലിക്കട്ടി എന്നേ ഇതിനെ പറയാനാവൂ. അത്തരം ആരോപകര്‍ വായിക്കേണ്ട ചരിത്രമാണ് ഫാത്വിമ അല്‍ ഫിഹ്രിയ്യയുടേത്.

ടുണീഷ്യന്‍ വ്യാപാരിയും സമ്പന്നനുമായ മുഹമ്മദിന്റെ മകളാണ് ‘മക്കളുടെ മാതാവ്’ (ഉമ്മുല്‍ ബനീന്‍) എന്നറി ഫാത്വിമ അല്‍ ഫിഹ്രിയ്യ. ഇവര്‍ സ്ഥാപിച്ച മൊറോക്കോയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന സര്‍വ്വകലാശാലയാണ് ‘അല്‍ഖറാവിയ്യീന്‍’ യൂണിവേഴ്‌സിറ്റി. ക്രിസ്താബ്ദം 859ലാണ് ഇതിന്റെ സംസ്ഥാപനം. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതന സര്‍വ്വകലാശാലയാണ് അല്‍ഖറാവിയ്യീന്‍ എന്നാണ് യുനെസ്‌കോയുടെ രേഖകളിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും ഉള്ളത്. ആഫ്രിക്കന്‍ യൂറോപ്യന്‍ സര്‍വകലാശാലകളെ കുറിച്ച് പഠിച്ച ജാക്കസ് വെര്‍ഗറും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ആധുനിക തുനീഷ്യയിലെ ഖൈറുവാനില്‍ നിന്ന് മൊറോക്കോയിലെ ഫെസ്സിലേക്ക് കുടിയേറിയ സമ്പന്നനായ കച്ചവടക്കാരന്റെ പണ്ഡിത പ്രതിഭയായ മകള്‍ക്ക് അനന്തരാവകാശമായി കിട്ടിയ സ്വത്ത് ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തെ ഒന്നാമത്തെ സര്‍വകലാശാലയാണ് ഇത്.

പിതാവിന് രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. സഹോദരി മറിയവും ദൈവപ്രീതി കാംക്ഷിച്ച് ഓരോ മസ്ജിദുകള്‍ പണിയാന്‍ തീരുമാനിച്ചു. മറിയം പണിത മസ്ജിദ് പിന്നീട് ‘അന്തലൂസ്’ മസ്ജിദ് എന്നറിയപ്പെട്ടു. ഫാത്തിമ ഫിഹ്രിയ്യ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം കൂടി ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടൊപ്പം ഒരു സര്‍വകലാശാല കൂടി പണിതത്. തന്റെ നാടായിരുന്ന ഖൈറുവാന്‍ എന്ന പേര് തന്നെ സര്‍വകലാശാലക്ക് നല്‍കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളായ മത തത്വശാസ്ത്രം,അറബി സാഹിത്യം, മാലികി മദ്ഹബ് പ്രകാരം ഉള്ള കര്‍മ്മ ശാസത്ര കിതാബുകള്‍ തുടങ്ങിയവയോടൊപ്പം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ ആസ്‌ട്രോളജി, ജിയോളജി, കെമിസ്ട്രി, മെഡിസിന്‍ മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടാനായി മത ഭേദമന്യേ എല്ലാവരും അവിടേക്ക് ഒഴുകി.

ഭുവന പ്രശസ്തനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, ഭൂമിശാസ്ത്രകാരനായ മുഹമ്മദ് ഇദ്രീസി, തത്വശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്‌നു റുഷ്ദ്, യഹൂദ ചിന്തകനും ഭിഷഗ്വരനുമായ മൈമോനിഡിസ് തുടങ്ങിയവര്‍ സര്‍വ്വകലാശാലയിലെ വിശ്വപ്രസിദ്ധരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രധാനികളാണ്. വൈജ്ഞാനിക പൈതൃകത്തിന്റെ ഇസ്ലാമിക പാതയില്‍ ജ്വലിച്ചുനിന്ന അനേകം ഫാത്തിമ ഫിഹ്രിമാര്‍ ചരിത്രത്തില്‍ നിറശോഭ പരത്തി കടന്നുപോയിട്ടുണ്ട്. 12 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു സര്‍വകലാശാല വളര്‍ത്തിയെടുത്ത മഹതിയുടെ ജീവിതവും ദീര്‍ഘവീക്ഷണവും ആത്മാര്‍പ്പണവും ആധുനിക തലമുറക്ക് ഏറെ പാഠം നല്‍കുന്നുണ്ട്.

Related Articles