Current Date

Search
Close this search box.
Search
Close this search box.

മോദി മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നും പട്ടേലിനെ ഒഴിവാക്കിയതെന്തിന് ?

ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ അന്ന് മാധ്യമപ്രവര്‍തത്തകര്‍ പുനര്‍ നിര്‍മിച്ച സ്റ്റേഡിയം ചുറ്റിനടന്ന് കാണുകയായിരുന്നു. സ്റ്റേഡിയത്തെക്കുറിച്ച് തിളക്കമാര്‍ന്ന രീതിയിലാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. 63 ഏക്കറില്‍ പരന്നുകിടക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം.

11 സെന്റര്‍ സ്ട്രിപ്പുകള്‍, ജിംനേഷ്യമടക്കം സൗകര്യമുള്ള നാല് ഡ്രസിങ് റൂമുകള്‍, 50 ഡീലക്‌സ് റൂമുകള്‍ അടങ്ങിയ ക്ലബ് ഹൗസ്, അഞ്ച് സ്യൂട്ട് റൂമുകള്‍, ആറ് ഇന്‍ഡോര്‍ പിച്ചുകള്‍, ബൗളിങ് മെഷീനുകള്‍, പവിലിയന്‍ സൗകര്യമുള്ള രണ്ട് പ്രാക്റ്റീസ് ഗ്രൗണ്ടുകള്‍, പൂര്‍ണമായും എല്‍.ഇ.ഡി ലൈറ്റ് സംവിധാനമൊരുക്കിയ പ്രധാന ഗ്രൗണ്ട് എന്നിവയാണ് കോംപ്ലക്‌സിന്റെ പ്രധാന സവിശേഷതകള്‍. 132,000 പേര്‍ക്ക് ഒരേ സമയം കളി കാണാനാകുമെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത.

1982ലാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം അഹ്മദാബാദില്‍ നിര്‍മിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2006ല്‍ ഇത് പുതുക്കിപണിതു. 1950ല്‍ സര്‍ദാര്‍ പട്ടേല്‍ അന്തരിച്ച് അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന സമയത്ത് അദ്ദേഹത്തിന്റെ സാമൂഹിക നിലവാരം വര്‍ധിക്കുന്ന സമയത്താണ് ഇപ്പോള്‍ വീണ്ടും ഇത് പുതുക്കിപണിതത്.

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ പ്രതിബിംബമായി ബി.ജെ.പി പലപ്പോഴും സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് പ്രതിഷ്ടിച്ചിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ 562 നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ പ്രേരിപ്പിച്ചയാളാണ് പട്ടേലെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകേണ്ടയാളായിരുന്നു അദ്ദേഹമെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

‘സര്‍ദാര്‍ പട്ടേലിന് മേല്‍ ആര്‍ക്കും പകര്‍പ്പവകാശമില്ല. ഞാന്‍ ബി.ജെ.പിക്കാരനാണ്, അദ്ദേഹം കോണ്‍ഗ്രസുകാരനാണ്, എന്നാല്‍ ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വിശ്വാസവും പ്രത്യയശാസ്ത്രവുമാണ് പിന്തുടരുന്നത്. അത് ഒരു പാര്‍ട്ടിയുടേതുമല്ല’- 2016 ഒക്ടോബറില്‍ നരേന്ദ്ര മോദി പ്രസതാവിച്ചു. എന്നാല്‍, 1948ല്‍ രാഷ്ട്രപിതാവായ ഗാന്ധിയെ വധിച്ചതിന് ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിനെ പട്ടേല്‍ നിരോധിച്ചിരുന്നു എന്ന വസ്തുത മനപൂര്‍വം മോദിയുടെ പ്രസ്താവന അവഗണിച്ചു. വര്‍ഷങ്ങളോളം ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ സജീവ പ്രവര്‍ത്തകനായിരുന്നു മോദി.

സമകാലീന ഇന്ത്യന്‍ ജീവിതത്തില്‍ പട്ടേലിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ ഗുജറാത്തില്‍ പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ നിര്‍മിച്ചു. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ട പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായാണ് നിര്‍മിച്ചത്. വലുപ്പത്തിന്റെ കാര്യത്തില്‍ ബി.ജെ.പിക്കുള്ള അഭിനിവേശം വെച്ച് നോക്കുമ്പോള്‍ പുതുക്കിപണിത മൊട്ടേര സ്റ്റേഡിയത്തിന് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന പട്ടേലിന്റെ പേരാണ് നല്‍കേണ്ടിയിരുന്നത്.

കഴിഞ്ഞ ജനുവരി പകുതിയോടെ, ആഭ്യന്തര ടീമുകള്‍ക്കായുള്ള മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റിനുള്ള നോക്കൗട്ട് മത്സരങ്ങള്‍ മോട്ടേരയിലെ നവീകരിച്ച സ്റ്റേഡിയത്തില്‍ നടക്കുമ്പോഴും സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ ബുധനാഴച രാവിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്റ്റേഡിയത്തിന്റെ പേര് പൊടുന്നനെ മാറുകയായിരുന്നു. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുമ്പോള്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നായിരുന്നു പേര്.

ഈ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുത്തു. പേര് മാറ്റത്തെ പരിഹസിച്ചുകൊണ്ടും ട്വീറ്റുകള്‍ വന്നു. അതേസമയം, സ്റ്റേഡിയത്തിന്റെ പേര് മാത്രമാണ് മാറ്റിയതെന്നും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പേര് ഇപ്പോഴും സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവ് തന്നെയാണെന്നും പറഞ്ഞ് ബി.ജെ.പി വൃത്തങ്ങള്‍ രംഗത്തെത്തി. ‘അദ്ദേഹത്തിന്റെ അനുയായികള്‍ മരണശേഷം അദ്ദേഹത്തെ ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ കിടന്ന് കരയുകയാണെന്നും’ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ എന്തിനാണ് ബി.ജെ.പി ഇങ്ങനെ ചെയ്തതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് അഭിമാനമുണ്ടാക്കിയ അത്‌ലറ്റുകളുടെ പേരിലാണ് പുതിയതും നവീകരിച്ചതുമായ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംരഭങ്ങള്‍ അറിയപ്പെടുക എന്ന് കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ കായിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഈ നയം എന്തുകൊണ്ടാണ് മോട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് ബാധകമല്ലാത്തത് ? സറ്റേഡിയതത്തിന് രാജ്യത്തിന് അഭിമാനമായ ഒരു ക്രിക്കറ്റ് കളിക്കാരന്റെ പേരിടാത്തതെന്തുകൊണ്ടാണ് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം കായിക രംഗത്തെയും സംഘടനകളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. അവരുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിന് ഇത് ഇടയാക്കുമെന്നതാണ് കാരണം. പേര് കൊണ്ടാകും ഇത് തിരിച്ചറിയുക എന്ന കണക്കുകൂട്ടലുമാണ് ഇതിന് പിന്നില്‍. എന്നാല്‍ മോദി ഇതിനകം തന്നെ എല്ലായിടത്തും ഉണ്ട്. തുടര്‍ച്ചയായുള്ള ട്വിറ്റര്‍ സന്ദേശം മുതല്‍ മന്‍കി ബാത് റേഡിയോ പരിപാടി വരെ ബി.ജെ.പി ചെയ്യുന്ന എല്ലാത്തിന്റെയും മുന്‍നിരയിലെ ശ്രദ്ധാകേന്ദ്രം അദ്ദേഹമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ വിവിധ കായിക സംരഭങ്ങള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് നല്‍കപ്പെട്ടപ്പോള്‍ എന്ത് കൊണ്ട് മോദിയുടെ പേരില്‍ ഒരു സ്റ്റേഡിയം ഉണ്ടായിക്കൂട എന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്. അതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണവര്‍.

ഇത് വളരെ നല്ല മാര്‍ക്കറ്റിങ് ആണ് എന്നതാണ് ഇതിന്റെ വ്യക്തമായ ഉത്തരം. സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ ധാരാളം ചെറുപ്പക്കാര്‍ സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്റ്റേഡിയം ഉണ്ടായിരിക്കുക എന്നത് മികച്ച ഒരു മോദി ബ്രാന്‍ഡ് ആകും. ഇന്ത്യയിലെ, പ്രത്യേകിച്ചും 35ന് വയസ്സിന് താഴെയുളളവരുടെ സംഭാഷണങ്ങള്‍ക്കിടെ ഇങ്ങിനെ മോദിയുടെ പേര് കടന്നുവരാന്‍ ഇത് സഹായിക്കും.

ഇതിനര്‍ത്ഥം മോദി സ്‌റ്റേഡിയങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യ ഉടന്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്നാണോ ? അധികാരത്തിലിരിക്കുന്ന ഒരാള്‍ക്ക് ഇതിനകം തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നത് ആശങ്കാജനകമാണ്. ചുറ്റുമുള്ളവര്‍ക്ക് ഇങ്ങിനെ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ അനുഭവപ്പെടുന്നതും അതിന് അനുവാദം നല്‍കുന്നതും ഭയപ്പെടുത്തുന്ന ഒന്നാണ്. മോദിയോടുള്ള ആരാധന നമ്മളില്‍ മിക്കവരും വിചാരിച്ചതിലും വേഗത്തിലാണ് ആഴത്തില്‍ വേരൂന്നിയിട്ടുള്ളത്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles