Politics

ഞാന്‍ അബി അഹ്മദിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തത് ?

രണ്ട് പതിറ്റാണ്ടായി അയല്‍രാജ്യമായ എറിത്രിയയുമായി നിലനിനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തുകയും അന്താരാഷ്ട്ര സമാധാനവും സഹകരണവും ഉറപ്പുവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി 100ാമത് സമാധാന നൊബേല്‍ പുരസ്‌കാരത്തിന് എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹ്മദ് അലിയെ തെരഞ്ഞെടുത്തത്.

അബി അഹ്മ്ദിനെ നോമിനേറ്റ് ചെയ്ത വ്യക്തികളില്‍ ഒരാളായിരുന്നു ഞാനും. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് ആഫ്രിക്കയുടെയും അതിനു പുറത്തെയും രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹൃദബന്ധവും നിലനിര്‍ത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കൂടി മുന്‍നിര്‍ത്തിയാണ് നാമനിര്‍ദേശം ചെയ്തത്.

നാമനിര്‍ദേശക കത്തില്‍ ഞാനെഴുതി-”സാമ്പത്തികവും രാഷ്ട്രീയവുമായ പൊട്ടിത്തെറിയുടെ ഗര്‍ത്തത്തില്‍ നിന്ന് 108 മില്യണ്‍ ജനങ്ങളെ രക്ഷിച്ച്‌കൊണ്ട്, സ്വന്തം ജനതയുടെയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളമുള്ള ജനങ്ങളുടെയും മനസ്സും ആഗ്രഹവും നേടിയെടുക്കാന്‍ അബി അഹ്മ്ദിനായി. പ്രത്യാശയുടെ രൂപമായും സമാധാന സന്ദേശമായും സഹിഷ്ണുത കൊണ്ടും സ്‌നേഹം കൊണ്ടും അദ്ദേഹം എത്യോപ്യക്കപ്പുറത്തും പ്രിയങ്കരനായി അനുഭവപ്പെട്ടു.”

2019 ജനുവരിയില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ അബി കേവലം 9 മാസം മാത്രമേ അദ്ദേഹത്തിന്റെ അധികാരപദവിയിലെത്തിയിരുന്നുള്ളൂ. എത്യോപ്യ അപ്പോഴും ‘അബി മാനിയ’ (അബി അഹ്മദ് ഭരണത്തിലെത്തിയതിലുള്ള ഭീതി) പിടിയിലായിരുന്നു. എല്ലാവരും അസാധ്യമെന്ന് ചിന്തിച്ച പലതും സാധ്യമാക്കി അബി അഹ്മദ് എല്ലാവരെയും ഞെട്ടിച്ചു. അദ്ദേഹം തന്റേതായ രാഷ്ട്രീയ ഇടം തുറന്നിട്ടു. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു. മുമ്പ് തീവ്രവാദ സംഘടനകള്‍ എന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ സംഘടനകളിലെ അംഗങ്ങളെ രാജ്യത്തേക്ക് തിരിച്ചുവിളിച്ചു. അടിയന്തരാവസ്ഥ എടുത്തുകളഞ്ഞു. ഓഫീസില്‍ നിന്നും രഹസ്യാന്വേഷണ,സൈനിക വിഭാഗങ്ങളെ നീക്കം ചെയ്തു. എറിത്രിയയുമായുള്ള സമാധാന കരാര്‍ ഒപ്പുവെച്ചു. ലിംഗ സമത്വ മന്ത്രിസഭ രൂപീകരിച്ചു. തുടങ്ങി നിരവധി മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തി. സമാധാനവും സുസ്ഥിരതയും ഇല്ലാത്ത എത്യോപ്യ അചിന്തനീയമാണെന്ന് അബി വാദിച്ചു. വികസനവും സമാധാനവും സുസ്ഥിരതയുമാണ് ആഫ്രിക്കന്‍ മേഖലക്ക് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. അതിനായി അദ്ദേഹവും മന്ത്രിസഭയും പ്രവര്‍ത്തിച്ചു.

പ്രാദേശികമായി അദ്ദേഹം ഒരു സാമ്പത്തിക സംയോജന പദ്ധതിക്ക് തുടക്കം കുറിച്ചു. ആഫ്രിക്കന്‍ മേഖലയുടെ സാമ്പത്തിക സുസ്ഥിരതക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും മേഖലയിലെ രാജ്യങ്ങളുമായും സമൂഹങ്ങളുമായും സംയുക്ത നിക്ഷേപ പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഈ പ്രക്രിയയില്‍ എത്യേപ്യക്കാരുടയും മറ്റു രാജ്യങ്ങളിലെ ജനങ്ങളുടെയും ആശയങ്ങളും അഭിപ്രായങ്ങളും അദ്ദേഹം സ്വരൂപിച്ചു. അദ്ദേഹത്തിന്റെ ആഭ്യന്തര നേട്ടങ്ങളും നൊബേല്‍ കമ്മിറ്റി പരിഗണിച്ചിരുന്നു.

അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ സമാനമായ പ്രതിബദ്ധത പുലര്‍ത്തുകയും അവ പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
അള്‍ജിയേഴ്‌സ് സമാധാന കരാറിന്റെയും എത്യോപ്യ-എറിത്രിയ അതിര്‍ത്തി കമ്മീഷന്റെയും നിബന്ധനകള്‍ നിരുപാധികമായി അംഗീകരിച്ചുകൊണ്ട് ഇത് മികച്ചതാക്കി. 1998-2000 യുദ്ധ സമയത്തെ ശ്രദ്ധാ കേന്ദ്രമായിരുന്ന ബാദ്‌മെ പട്ടണം എറിത്രിയക്ക് കൈമാറി. ആഭ്യന്തര എതിര്‍പ്പിനെ മറികടന്നാണ് അദ്ദേഹം അത് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു,നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കി, ഫോണ്‍ ബന്ധം പുനസ്ഥാപിച്ചു,വിമാന യാത്രയും,റോഡ് മാര്‍ഗമുള്ള അതിര്‍ത്തിയും തുറന്നു, യുദ്ധത്തില്‍ നാടുകടത്തപ്പട്ട പതിനായിരക്കണക്കിന് കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ചു.

കൂടാതെ, എറിത്രിയയുമായുള്ള ‘യുദ്ധമില്ല,സമാധാനമില്ല എന്ന അവസ്ഥ അവസാനിപ്പിക്കുന്നതിനൊപ്പം, എറിത്രിയ-ജിബൂട്ടി, എറിത്രിയ-സൊമാലിയ, സൊമാലിയ-കെനിയ തുടങ്ങി ദക്ഷിണ സുഡാനിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനത്തിന് പ്രേരിപ്പിക്കുകയും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. സുഡാനിലെ ഇരു വിഭാവും തമ്മിലുള്ള അധികാര പങ്കാളിത്തത്തിനും അദ്ദേഹം മധ്യസ്ഥം വഹിച്ചു. അതിനാല്‍ തന്നെ അബിയെ നോമിനേറ്റ് ചെയ്യാന്‍ മറ്റു കാരണങ്ങള്‍ വേണ്ടതില്ല.

സമാധാനം നിര്‍വചിക്കേണ്ടത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സജീവമായ ശത്രുത ഇല്ലാതിരിക്കലിലല്ല, മറിച്ച് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വവും പ്രദേശത്തിന്റെ സുരക്ഷയും ആളുകള്‍ക്ക് എത്രമാത്രം അനുഭവപ്പെടുന്നു എന്നതിലാണ്. ആഫ്രിക്കന്‍ മേഖല ലോകത്ത് വെച്ച് ഇപ്പോഴും അസ്ഥിരമായി കാണപ്പെടുന്ന ഒരു മേഖലയാണ്. അവിടെ സമാധാനം കെട്ടിപ്പടുക്കാന്‍ എല്ലാവിധ സ്ഥാപനങ്ങളിലും സംഘടനകളിലും പ്രാദേശിക നേതാക്കളിലും നയപരമായി ഏകോപനവും സംയുക്ത പങ്കാളിത്തവും ഉറപ്പുവരുത്തണം.

എത്യോപ്യക്ക് യഥാര്‍ത്ഥ സമാധാനം ആവശ്യമാണ്. അതിനായി നിയമവാഴ്ച ശക്തിപ്പെടുത്തുക,സുരക്ഷ, നീതി എന്നീ മേഖലകള്‍ പരിഷ്‌കരിക്കുക,വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുക, ഭാവിയിലേക്കുള്ള ആസൂത്രണം എന്നിവ ആവശ്യമാണ്. പ്രധാനമായും ദേശീയമായ അനുരഞ്ജനവും ആവശ്യമാണ്. അതില്ലാതെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയില്ല. തന്റെ രാജ്യത്തെ വിവിധ സമുദായങ്ങളുടെ മത്സരവും അവരുടെ ആവശ്യങ്ങളെയും എങിനെ അഭിസംബോധന ചെയ്യുന്നു, അതിനനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുക.

ഇതിനെല്ലാം അദ്ദേഹത്തിന് സമയമുണ്ട്. ദേശീയ അന്തര്‍ദേശീയ സൗഹാര്‍ദ്ദം പുതുക്കാന്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അദ്ദേഹത്തിന് ആക്കം കൂട്ടും. എത്യോപ്യയെയും ആഫ്രിക്കന്‍ മേഖലയെയും മുന്നോട്ട് കൊണ്ടുപോകാന്‍ സുഹൃത്തുക്കളുമായും ശത്രുക്കളുമായും ബന്ധപ്പെടാനും അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തണം.

ഈ മേഖലയിലെ ഏറ്റവും ശക്തവും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരവുമായ പ്രാധാന്യമുള്ള രാജ്യമാണ് എത്യോപ്യ, അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അനുയോജ്യമായ ഒരു പങ്ക് വഹിക്കാന്‍ എത്യോപ്യക്കാവുമെന്ന് ഗണ്യമായ പ്രതീക്ഷയുണ്ട്. അതിനാല്‍ തന്നെ അബിയെ സംബന്ധിച്ചിടത്തോളം സമാധാനത്തിനുള്ള നോബല്‍ സമ്മാനം വലിയ ഒരു ഉത്തരവാദിത്തമാണ്. മേഖലയില്‍ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി അദ്ദേഹം ഈ ബഹുമതിയെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(ബ്രിട്ടനിലെ കെയ്‌ലെ സര്‍വകലാശാലയിലെ നിയമവിഭാഗം ലക്ചറര്‍ ആണ് ലേഖകന്‍)

വിവര്‍ത്തനം: സഹീര്‍ വാഴക്കാട്
അവലംബം: aljazeera.com

Facebook Comments
Related Articles
Show More

Check Also

Close
Close
Close