Current Date

Search
Close this search box.
Search
Close this search box.

മതങ്ങളെ ചൂഷണം ചെയ്യുന്ന ഭരണാധികാരികൾ

ട്രംപിന്റെ രണ്ടാം വരവ് ഇപ്പോൾ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയാണ്. അമേരിക്ക ആഭ്യന്തര തകർച്ച നേരിടുമ്പോൾ രണ്ടു ചട്ടങ്ങളാണ് പ്രസിഡന്റ് സ്വയം നിർമ്മിച്ചിട്ടുളളത്. ഒന്ന് : ട്രംപ് എപ്പോഴും ഒരു വിജയി മാത്രമാകും. രണ്ട്: എപ്പോഴെങ്കിലും തോൽവി സംഭവിക്കുമ്പോൾ അദ്ദേഹം ആദ്യത്തേതിലേക്കു മാറും.

ട്രംപിനെ സ്വന്തം പാർട്ടിക്കാരും ജനങ്ങളും കയ്യൊഴിഞ്ഞ പ്രതീതിയാണ് ഇപ്പോഴുള്ളത് എന്നാണു മാധ്യമങ്ങൾ പറയുന്നത്. ജനപ്രീതി വളരെ പിറകോട്ടു പോകുന്നു. അപ്പോഴാണ് മതത്തെ കൂട്ട് പിടിച്ചു രംഗത്തു വരാൻ അദ്ദേഹം തീരുമാനിച്ചത്. ആധുനിക കാലത്തു മതത്തെ കൂട്ട് പിടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭരണാധികാരികളിൽ മുന്നിൽ നിൽക്കുന്നത് ട്രംപും മോഡിയും നിത്യേന്യാഹുവും പുട്ടിനുമാണ്. തങ്ങളുടെ വീഴ്ചകൾ മറച്ചു വെക്കാൻ നല്ലതു മതമാണ് എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികൾ എന്ന കൂട്ടത്തിൽ ഇറാൻ ആത്മീയ നേതാവിനെയും ലോകം എണ്ണുന്നു. ചരിത്രത്തിൽ ഇല്ലാത്ത തൊഴില്ലായ്മയും സാമ്പത്തിക ശോഷണവും ഒരിടത്തു നടക്കുമ്പോൾ ഭരണ കൂടത്തിന്റെ പിടിപ്പു കേടു കൊണ്ട് കൊറോണ വലിയ ഇരയായി എന്നതും ട്രംപിനെ വല്ലാതെ വിഷമിപ്പിക്കുന്നു. ആഫ്രിക്കൻ അമേരിക്കനായ കറുത്ത വർഗക്കാരന്റെ മൃഗീയ കൊലപാതകവും ഭരണ കൂടത്തിന്റെ പ്രതികരണവും ട്രംപ് ഭരണകൂടത്തിന്റെ പ്രതിച്ഛായ പിന്നെയും പിറകോട്ടു കൊണ്ട് പോയി.

ഇതെല്ലം നടക്കുമ്പോഴും അമേരിക്കയെ ഞാൻ വളരെ മുന്നോട്ട് കൊണ്ട് പോയി, അമേരിക്കൻ സാമ്പത്തിക രംഗം വളരെ മെച്ചപ്പെട്ടു എന്ന സ്ഥിരം പല്ലവിയുമായി പ്രസിഡന്റ് രംഗത്തുണ്ട്. ദൈവം നമ്മുടെ കൂടെയാണ്, തന്റെ രണ്ടാം വരവ് ഒരു ദൈവ നിശ്ചയമാണ് എന്ന രീതിയിലും ട്രംപ് പ്രചാരണം നടത്തുന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് ‘ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു’ (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. മതങ്ങളുടെ മൂല്യങ്ങളെയല്ല പകരം മതങ്ങളുടെ വൈകാരിത മാത്രമാണ് ഭരണ കൂടങ്ങൾ സ്വീകരിക്കുക.

Also read: ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യത

അമേരിക്കൻ ജനതയുടെ എഴുപതു ശതമാനവും കൃസ്തു മത വിശ്വാസികളാണ്. കൃസ്ത്യൻ മിഷിനറി പ്രവർത്തനത്തിന് ഊന്നൽ നൽകുന്ന ഇവാഞ്ചലിസ്റ് വിഭാഗത്തിന് ശക്തമായ വളക്കൂറുള്ള മണ്ണാണ് അമേരിക്ക. അമേരിക്കൻ പ്രസിഡന്റുമാരുടെ ഉപദേശകരിൽ ഇവരുടെ ഉന്നത നേതാക്കളും ഉൾപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴായി അമേരിക്കൻ പ്രസിഡന്റുമാർ ദൈവത്തെയും മതത്തെയും തങ്ങളുടെ വരുതിയിൽ നിർത്താൻ ശ്രമം നടത്തിയിരുന്നു. ഇറാഖ് യുദ്ധം നടത്താൻ മുൻ പ്രസിഡന്റ് ബുഷ് വിശ്വാസത്തെ കൂട്ടുപ്പിടിച്ചിരുന്നു, 2016 ൽ ട്രംപിന്റെ ലൈംഗിക സദാചാരവും മത നിന്ദയും മൂന്നു തവണ വിവാഹം കഴിച്ചയാൾ എന്ന് അറിഞ്ഞു കൊണ്ട് തന്നെ conservative ക്രിസ്ത്യൻ സമൂഹം അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തങ്ങൾക്കു ഏതു നിലക്കും അംഗീകരിക്കാൻ കഴിയുന്ന  ടെഡ് ക്രൂസ് (Ted Cruz) എന്ന സ്ഥാനാർഥി ഉണ്ടായിരിക്കെ തന്നെയാണ് അവർ ട്രംപിനെ പിന്തുണച്ചത്. പക്ഷെ ഇന്നവർക്കു ട്രംപ് എന്തിനും മടിക്കാത്ത ഒരു കച്ചവടക്കാരൻ എന്ന തിരിച്ചറിവ് വന്നിരിക്കുന്നു. ട്രംപിന് ആകെക്കൂടി താല്പര്യം തന്നോട് മാത്രം എന്ന പൊതു ബോധവും അമേരിക്കൻ ജനത പങ്കു വെക്കുന്നു.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വംശീയ കലാപ നാളിൽ തൊട്ടടുത്ത പള്ളിയുടെ മുന്നിൽ ബൈബിൾ കയ്യിൽ പിടിച്ചു ഫോട്ടോക്കു പോസ് ചെയ്ത ട്രംപിന്റെ ചിത്രം പുറത്തു വന്നിരുന്നു. അതിനെ പിന്തുണക്കാൻ മത നേതൃത്വം തയ്യാറായില്ല. മഹാമാരിയെയും വംശീയ കലാപത്തെയും നേരിട്ടതിൽ പ്രസിഡന്റ് വൻ പരാജയം എന്ന് തുറന്നു പറയാൻ ആർക്കും ഇന്നൊരു ബുദ്ധിമുട്ടില്ല എന്നാണ് മനസ്സിലാവുന്നത്. ചുരുക്കത്തിൽ മതത്തെ കൂട്ട് പിടിച്ചിട്ടും മത വിശ്വാസികൾ ട്രംപിനെ തീരെ വിശ്വസിക്കാൻ തയ്യാറാവുന്നില്ല. അവർക്കിടയിൽ അടുത്ത് നടത്തിയ സർവേയിൽ ശക്തമായ ഇടിവാണ് ട്രംപിന് അനുഭവിക്കേണ്ടി വന്നത്. ” അദ്ദേഹം ദൈവത്തെ കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ ദൈവം അദ്ദേഹത്തെ കണ്ടില്ലെന്നു തോന്നുന്നു ” എന്നാണ് ഒരു സെനറ്റർ ട്രംപിനെ വിശേഷിപ്പിച്ചത്.

മത മൂല്യങ്ങൾ സമൂഹത്തിന് എന്നും ഗുണകരമാണ്. അതെ സമയം ഭരണാധികാരികൾ അധികവും മതത്തെ കൂട്ട് പിടിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്കു മാത്രമാകും. അക്കാര്യത്തിൽ ട്രംപിനെ പോലെ ലോകം കാണുന്ന ഒരാൾ നമ്മുടെ നാട്ടിലെ പ്രധാനമന്ത്രിയാണ് . രണ്ട് പേരും പലതിലും സാദൃശ്യം പുലർത്തുന്നു എന്നതും കൗതുകം തന്നെയാണ്. അമേരിക്കയിലെ വലിയ മത വിഭാഗമായ കൃസ്ത്യാനികൾ ട്രംപിന്റെ കള്ളക്കളികൾ മനസ്സിലാക്കി തുടങ്ങി എന്നാണു മാധ്യമ സംസാരം.

Related Articles