Your Voice

ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി

ഇന്നേക്ക് നാല് വര്ഷം മുമ്പാണ് നജീബിനെ ലോകം അവസാനമായി കണ്ടത്. 2016 ഒക്ടോബര്‍ 14 നു രാത്രി JNU ഹോസ്റല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒമ്പതോളം എ ബി വി പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചതായി പറയപ്പെടുന്നുണ്ട്. ശേഷം നജീബ് സ്വന്തമായി ഒരു ഓട്ടോയിലാണ് കാമ്പസില്‍ നിന്നും പോയത് എന്നതില്‍ പോലീസ് ഉറച്ചു നിന്നിരുന്നു. ഈ കേസില്‍ പോലീസ് കൊണ്ട് വന്ന വലിയ തെളിവും അത് തന്നെയായിരുന്നു. അത് പോലെ നജീബ് ഒരു മാനസിക രോഗിയാണ് എന്നും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. JNU പോലുള്ള ഒരു സ്ഥാപനത്തില്‍ ബയോടെക്നോളജിക്ക് പഠിക്കാന്‍ അര്‍ഹനായ ഒരാള്‍ മാനസിക രോഗിയാണ് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം കാണും. ദല്‍ഹി പോലീസിനു തന്നെ നജീബിന്റെ തിരോധാനവും മാനസിക രോഗവും ഒന്നിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും എടുത്തു പറയണം.

ഒരിക്കല്‍ പോലും അക്രമിച്ചു എന്ന് പറയപ്പെടുന്നവരെ ആരും ചോദ്യം ചെയ്തിട്ടില്ല എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ കാര്യം പൂര്‍ണമാകും. ദല്‍ഹി പോലീസ് മുതല്‍ സി ബി ഐ വരെ കേസില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആര്‍ക്കും ഇന്നുവരെ നജീബിനെ കണ്ടെത്താനോ ഒരു വിവരമെങ്കിലും നല്‍കുവാനോ കഴിഞ്ഞിട്ടില്ല. ആദ്യം മുതല്‍ സംഘ പരിവാര്‍ പറയുന്ന കാരണം നജീബ് ഐ എസ് ഐ എസിലേക്ക് പോയിട്ടുണ്ട് എന്നതാണ്. ഇപ്പോഴും അവര്‍ പറയുന്നത് അത് തന്നെയാണ്. ആ വാര്‍ത്ത കൊടുത്തതിനു നജീബിന്റെ മാതാവ് ഫാത്തിമ ടൈംസ് ഓഫ് ഇന്ത്യ, Times Now, ZEE News എന്നീ ചാനലുകള്‍ക്ക് എതിരെ കേസ് നല്‍കിയിരുന്നു.

Also read: നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

വിഷയത്തില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചതിനു JNU അധികാരികള്‍ക്കും വിമര്‍ശനം കേട്ടിരുന്നു. ഒരു മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്തത്. മകനെ കണ്ടെത്താന്‍ മാതാവ് മുട്ടാത്ത വാതിലുകള്‍ കുറവാണ്. എല്ലായിടത്തു നിന്നും അവര്‍ക്ക് നിരാശ മാത്രമായിരുന്നു ബാക്കി. തന്‍റെ മകനെ കാണാതായി എന്നതിനേക്കാള്‍ ആ മാതാവിനെ വിഷമിപ്പിച്ചത് തന്റെ മകന്‍ ഒരു മാനസിക രോഗിയും തീവ്രവാദിയുമാണ്‌ എന്ന കണ്ടെത്തലാകാം.

JNU അടുത്ത കാലത്തായി സംഘ പരിവാര്‍ നോട്ടമിട്ട സ്ഥലമാണ്‌. 2016 ല്‍ കുപ്രസിദ്ധമായ കനയ്യകുമാര്‍ കേസ് നമുക്ക് സുപരിചിതമാണ്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത രാജദ്രോഹമാണു അന്ന് ദല്‍ഹി പോലീസ് അദ്ദേഹത്തിന്നേരെ പ്രയോഗിച്ചത്. ലോകം മുഴുവന്‍ അപലപിച്ച സംഭവമായി അത് മാറിയിരുന്നു. അടുത്ത കാലത്ത് പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ മുന്‍ JNU വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നജീബ് എവിടെ എന്ന ചോദ്യത്തിനും നാല് വര്ഷം പഴക്കമുണ്ട്. ചോദ്യം കേള്‍ക്കേണ്ട ഭരണകൂടം കേള്‍ക്കാന്‍ കൂട്ടാകുന്നില്ല എന്നതാണ് ഇതിലെ ദുരന്തം. കാണാതായ ആരെയും ബന്ധിപ്പിക്കാനുള്ള വഴിയായി അവര്‍ ഐ എസ് ഐ എസിനെ കാണുന്നു. അതോടെ ആ കേസ് അവസാനിക്കുന്നു. പണ്ട് കേരളത്തില്‍ നിന്നും അങ്ങിനെ പലരെയും കാണാതായിട്ടുണ്ട്. അവരെയും നാം ആ പട്ടികയില്‍ ചേര്‍ത്തിരുന്നു. രണ്ടു കാര്യം അതിലൂടെ സംഘ പരിവാര്‍ സാധിച്ചെടുക്കുന്നു. ഒന്ന് കാണാതായ വ്യക്തി ഒരു ഭീകരനാണ്. മറ്റൊന്ന് ഒരു വിഭാഗത്തിന് ആഗോള ഭീകരരുമായി നല്ല ബന്ധമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ പിന്നെ നടക്കാന്‍ പ്രയാസമാണ്.

Also read: മനുഷ്യപ്രകൃതം വിശ്വാസത്തിൻറെ കൂടെ

ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ നജീബിന്റെ ഉമ്മ പറഞ്ഞത് ഇങ്ങിനെയാണ് “ ഒക്ടോബര്‍ പതിനാലിന് രാത്രി ആരൊക്കെയോ ആക്രമിച്ചു എന്ന് പറഞ്ഞു മകന്റെ ഫോണ്‍ വന്നു. പിറ്റേന്ന് കാലത്ത് അവനെ കാണാന്‍ പോയി. ഏകദേശം എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് കോളെജിലേക്ക്. അവിടെ എത്തുമ്പോള്‍ മകന്‍ ഉണ്ടായിരുന്നില്ല……………” .അന്ന് കേസ് നടക്കുന്ന സമയമായിരുന്നു. കേസ് സി ബി ഐയും അവസാനിപ്പിച്ചു. ഒരു വിവരവുമില്ല എന്ന പേരില്‍. അതെ സമയം തലേ ദിവസത്തെ അക്രമത്തെ ഒരിക്കല്‍ പോലും ഈ കേസുമായി ബന്ധിപ്പിക്കാന്‍ ആരും തയ്യാറായുമില്ല.
ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതിനേക്കാള്‍ ഉചിതം ഇന്ത്യയിലെ പ്രശസ്തമായ കലാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാല് വര്ഷം കഴിഞ്ഞു എന്ന് പറയലാണ്. ഫാസിസ്റ്റ് ഭീകരത നമ്മുടെ കലാലയങ്ങളെ വിഴുങ്ങിയാല്‍ എങ്ങിനെയിരിക്കും എന്നതിന്റെ തെളിവ് കൂടിയാണ് നജീബ്. മറവി ഒരു അനുഗ്രഹം കൂടിയാണ്. നജീബ് എവിടെ എന്ന് ചോദിയ്ക്കാന്‍ പിന്നെ ആളുകള്‍ കുറഞ്ഞു വന്നു. രാജ്യത്തെ വലിയ അന്വേഷണ ഏജന്‍സിയും കേസ് അടച്ചപ്പോള്‍ ആ മാതാവിന്റെ മുന്നില്‍ ശ്യൂനത മാത്രമാകും ബാക്കി. നീതിയും ന്യായവും അവസാനിച്ചാല്‍ അത് ലോകത്തിന്റെ അവസാനമാണ്. അത് കൊണ്ട് തന്നെ നജീബ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായേ പറ്റൂ . അത് ഇന്നല്ലെങ്കില്‍ നാളെ എന്ന വ്യത്യാസം മാത്രം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker