Current Date

Search
Close this search box.
Search
Close this search box.

യൂസുഫുല്‍ ഖറദാവി: സമകാലിക ഇസ്ലാമിലെ ഒരു യുഗത്തിന് അന്ത്യമാകുമ്പോള്‍

തിങ്കളാഴ്ച ഖത്തറില്‍ വെച്ച് അന്തരിച്ച യൂസുഫുല്‍ ഖറദാവിയുടെ വിയോഗം സമകാലിക ഇസ്ലാമിലെ ഒരു യുഗത്തിനാണ് അന്ത്യം കുറിച്ചത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അല്‍ ഖറദാവി. ഫലസ്തീന്‍ വിമോചനത്തിനും 2011ലെ അറബ് ജനകീയ വിപ്ലവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

96ാം വയസ്സിലെ അദ്ദേഹത്തിന്റെ വിയോഗം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം പണ്ഡിതന്മാരില്‍ ഒരാളുടെ ജീവിതത്തിനാണ് അന്ത്യമായത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള ഈജിപ്തിലെ നൈല്‍ നദീ തീരത്തെ ഒരു ഗ്രാമത്തില്‍ 1926ലായിരുന്നു ജനനം.

കൈറോ ആസ്ഥാനമായുള്ള പ്രശസ്തമായ അല്‍-അസ്ഹര്‍ സര്‍വകലാശാലയിലായിരുന്നു പഠനം. കൗമാരപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് മുസ്ലീം ബ്രദര്‍ഹുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പണ്ഡിതനെന്ന നിലയിലും മുസ്ലീം രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹത്തിന്റെ ജീവിത രൂപീകരണത്തില്‍ ഈ രണ്ട് സ്ഥാപനങ്ങളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഖറദാവി തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വളരെ അഭിമാനത്തോടെ ഈ സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1973ല്‍ പിഎച്ച്ഡി നേടുന്നതിന് മുമ്പ് അദ്ദേഹം തന്റെ ഉന്നത ബിരുവും അവിടെ നിന്നാണ് കരസ്ഥമാക്കിയത്. അതേസമയം, മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ഹസനുല്‍ ബന്നയെയാണ് അദ്ദേഹം തന്റെ ആത്മീയ വഴികാട്ടിയായി കണ്ടിരുന്നത്.

വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന ഇസ്ലാമിനെക്കുറിച്ചുള്ള സമഗ്രമായ (ഷുമൂലി) സങ്കല്‍പ്പമാണ് പൊതുജീവിതത്തില്‍ ഇസ്ലാമിന്റെ പങ്കിനെ കുറിച്ചുള്ള ഖറദാവിയുടെ ഗ്രാഹ്യത്തിന് പ്രചോദനമായത്.

1940കളിലെ ഈജിപ്തിലെ ഏറ്റവും വലിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലീം ബ്രദര്‍ഹുഡുമായി അദ്ദേഹത്തിന് സജീവ രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. പലപ്പോഴും ഈജിപ്തിലെ ഭരണാധികാരികളുമായി അതിന്റെ നേതൃത്വം വഴക്കിട്ടിരുന്നു, 1940 കളിലും 50 കളിലും അദ്ദേഹം ആവര്‍ത്തിച്ച് തടവിലാക്കപ്പെട്ടു, ജയിലര്‍മാരില്‍ നിന്നും ക്രൂരമായ പീഡനം അദ്ദേഹം അനുഭവിച്ചു. എന്നിട്ടും, തന്റെ ചില സഹതടവുകാരില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ ദൈവീക ചിന്ത കാരണം, മുഖ്യധാര മുസ്ലീം ബ്രദര്‍ഹുഡില്‍ നിന്നുള്ള തീവ്രമായ ശാഖകള്‍ ജയിലില്‍ നിന്ന് ആവിര്‍ഭവിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു.

മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വം 1960കളില്‍ തങ്ങളുടെ സംഘടനയ്ക്കുള്ളിലെ ഈ പ്രവണതയെ ഔപചാരികമായി നിരാകരിച്ചതില്‍ പ്രധാന സംഭാവന നല്‍കിയവരില്‍ ഒരാളായിരിക്കാം ഖറദാവി. തുടര്‍ന്നുള്ള ദശകങ്ങളില്‍ നിയമവിരുദ്ധമായ അക്രമങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം സൂക്ഷ്മവും സ്വാധീനവുമുള്ള നിരവധി വിമര്‍ശനങ്ങള്‍ എഴുതിയിരുന്നു.

അതില്‍ പ്രധാനപ്പെട്ട രചനയാണ് 1982-ലെ Islamic Awakening: Between Rejection and Extremsim. 9/11ല്‍ അല്‍-ഖ്വയ്ദയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ISIL (ISIS) പോലുള്ള സായുധ ഗ്രൂപ്പുകളും നടത്തിയ അക്രമങ്ങളെ അദ്ദേഹം അസന്ദിഗ്ധമായി അപലപിച്ചിട്ടുണ്ട്. അത്തരം സംഘങ്ങളെ മുഖ്യധാരാ മുസ്ലീങ്ങള്‍ അകറ്റിനിര്‍ത്തുന്നതിന്റെ ഒരു പ്രധാന ശബ്ദമായി നിന്നത് അദ്ദേഹമാണ്.

ഖത്തറിലേക്ക്

ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 1961-ല്‍ ഖറദാവി ഒരു അധ്യാപന ജോലിയുമായി ഖത്തറിലേക്ക് പോയി. 1977ല്‍ അന്തരിച്ച അന്നത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ അലി അല്‍താനിയുമായി അദ്ദേഹം ഉടന്‍ തന്നെ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. അമീര്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും പിന്നീട് ഖത്തര്‍ പൗരത്വം നല്‍കുകയും ചെയ്തു. ഈ കാലയളവില്‍, വിശാലമായ മുസ്ലീം വായനക്കാര്‍ക്കായി അദ്ദേഹം പതിവായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

1960ല്‍ അദ്ദേഹം തന്റെ ആദ്യ പ്രധാന കൃതി എഴുതി, പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലിംകള്‍ക്കുള്ള വഴികാട്ടിയായി അല്‍-അസ്ഹര്‍ അതിനെ കണക്കാക്കി. ഇസ്ലാമില്‍ അനുവദനീയവും നിഷിദ്ധവും എന്തെന്നുള്ള കൃതിയായിരുന്നു അത്.

ഖറദാവിയുടെ രചനാശൈലി എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തിലുള്ളതായിരുന്നു. മുന്‍-ആധുനിക ഇസ്ലാമിക നിയമ ഗ്രന്ഥങ്ങളിലെ താരതമ്യേന അവ്യക്തമായ ഭാഷയില്‍ നിന്ന് അദ്ദേഹം മാറി നടന്നു. സാധാരണ വായനക്കാര്‍ക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു പുസ്തകം എഴുതാനാണ് അദ്ദഹം ഊന്നല്‍ നല്‍കിയത്. തന്റെ സുവ്യക്തമായ ഗദ്യത്തിനു പുറമേ, ഖറദാവി തന്റെ ജീവിതത്തില്‍ 100-ലധികം കൃതികള്‍ രചിക്കുകയും ഇതില്‍ അസാധാരണമാംവിധം സമൃദ്ധി കാണിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെയും സ്വാധീനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ്, അല്‍ ജസീറ അറബിക് അദ്ദേഹത്തിനായി ഒരു പ്രതിവാര പരിപാടി ആരംഭിച്ചു. 1996-ല്‍ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച അതേ ആഴ്ചയില്‍ തന്നെ ഖറദാവിയും പരിപാടിയുമായി പങ്കെടുക്കാന്‍ തുടങ്ങി. ഖറദാവിയുടെ പ്രതിവാര പ്രൈം-ടൈം ഷോയായ അല്‍-ശരിഅ വല്‍-ഹയ (ശരീഅയും ജീവിതവും), ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള വിശാല അറബിക് ചാനലുകളിലെ തന്നെ ഏറ്റവും ജനപ്രിയ ഷോകളിലൊന്നായിരുന്നു.

ആഗോള മുഫ്തി

അപ്പോഴേക്കും, ഖറദാവി തന്റെ 70കളില്‍ എത്തിയിരുന്നു. കൂടാതെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പണ്ഡിതനായി മാറുകയും ചെയ്തിരുന്നു. ഇസ്ലാമിക പണ്ഡിത ശ്രേണിയില്‍ ഒരു മത വിദഗ്ദ്ധനായി സ്വയം സ്ഥാപിക്കുന്ന ഡസന്‍ കണക്കിന് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലീം ബ്രദര്‍ഹുഡിലെ അദ്ദേഹത്തിന്റെ അംഗത്വത്തിന്റെ പാരമ്പര്യം വലുതായി തന്നെ തുടര്‍ന്നു പോന്നു.

ഈജിപ്തുമായി അകലം ഉണ്ടായിരുന്നിട്ടും, ഈജിപ്തില്‍ വലിയ സ്വാധീനമുള്ള സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് രണ്ടു തവണ ആവശ്യപ്പെട്ടിരുന്നു, എന്നിരുന്നാലും പണ്ഡിത മേഖലയിലെ ജീവിതത്തിന് താന്‍ കൂടുതല്‍ അനുയോജ്യനെന്ന് കണ്ട് രണ്ട് തവണയും അദ്ദേഹം ആവശ്യം നിരസിച്ചു.

ഒരു ഏകാന്തമായ പണ്ഡിതനില്‍ നിന്ന് വ്യത്യസ്തമായി, ലോകത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന അറബിക് ന്യൂസ് നെറ്റ്വര്‍ക്കില്‍ സ്വന്തം ടിവി ഷോയിലൂടെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു മത അധികാരിയായിരുന്നു ഖറദാവി. തന്റെ പല രചനകളിലും ചര്‍ച്ച ചെയ്ത ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. ഈ ഷോയ്ക്കൊപ്പം യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സ് എന്നീ രണ്ട് രാജ്യാന്തര ഇസ്ലാമിക പണ്ഡിത സംഘടനകള്‍ സ്ഥാപിക്കുകയും അതിന്റെ അധ്യക്ഷനാകുകയും ചെയ്തു. ഇത് ‘ആഗോള മുഫ്തി’ എന്ന പ്രശസ്തി നേടുന്നതിന് സഹായിച്ചു.

ഇസ്ലാമിനെക്കുറിച്ചുള്ള സമഗ്രമായ ധാരണയ്ക്ക് അനുസൃതമായി, മുസ്ലീം വീക്ഷണകോണില്‍ നിന്ന് ദൈവശാസ്ത്രം, മതപരമായ ആചാരങ്ങള്‍ മുതല്‍ ജനാധിപത്യം, ഫലസ്തീന്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങി എല്ലാ കാര്യങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുകയും സംസാരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ മുസ്ലീം ലോകത്തും പാശ്ചാത്യ രാജ്യങ്ങളിലും ഇടയ്ക്കിടെ വിവാദങ്ങളും സൃഷ്ടിച്ചു. 9/11 ആക്രമണത്തിന് ശേഷം, അദ്ദേഹം ശക്തമായി അപലപിച്ചു. യു.എസ് സൈന്യത്തിലെ മുസ്ലീം സൈനികരെയും സ്ത്രീകളെയും അഫ്ഗാനിസ്ഥാനില്‍ സേവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംയുക്ത മത നിയമം അദ്ദേഹം പുറപ്പെടുവിച്ചു. പിന്നീട് അദ്ദേഹം അത് പിന്‍വലിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന് മാപ്പ് പറയുകയും ചെയ്തു. പിന്നീട് പാശ്ചാത്യ രാജ്യങ്ങളില്‍, ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കുന്നതിന് ‘ആത്മഹത്യ ബോംബിംഗ്’ അല്ലെങ്കില്‍ ‘രക്തസാക്ഷിത്വ പ്രവര്‍ത്തനങ്ങള്‍’ ഉപയോഗിക്കുന്നതിനെ പിന്തുണച്ചതിന് അദ്ദേഹം വീണ്ടും വിവാദത്തില്‍ അകപ്പെടുകയും യാത്രാ നിരോധനം നേരിടുകയും ചെയ്തു. പിന്നീട് മാറിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്നീട് തന്റെ നിലപാട് തിരുത്തുകയും ചെയ്തു.

അറബ് വിപ്ലവങ്ങള്‍

2011ലെ അറബ് കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകള്‍ നടന്നത്. പശ്ചിമേഷ്യയിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായ 2011ലെ ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മുസ്ലീം പണ്ഡിതനായി ഖറദാവി മാറി. സമാധാനപരമായ വിപ്ലവത്തിന് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് അന്ത്യം കുറിക്കാമെന്നും താന്‍ ദീര്‍ഘകാലം വാദിച്ച മുസ്ലീം ജനാധിപത്യത്തിന്റെ രൂപം കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വാദിച്ചു. ദശാബ്ദങ്ങള്‍ പഴക്കമുള്ള അദ്ദേഹത്തിന്റെ രചനകളെ അദ്ദേഹം ഇതിനായി ചൂണ്ടിക്കാട്ടി.

അത്തരം വാദങ്ങള്‍ ഉന്നയിക്കുമ്പോഴും, ഈ മേഖലയിലെ വിവിധ അടിച്ചമര്‍ത്തല്‍ സര്‍ക്കാരുകളില്‍ നിന്ന് മാത്രമല്ല; സാമൂഹിക തകര്‍ച്ചയെക്കുറിച്ച് ആശങ്കയുള്ള ചില മതസ്വരങ്ങളും അദ്ദേഹത്തെ എതിര്‍ത്തിരുന്നു. ഒന്നുകില്‍ സാമൂഹിക തകര്‍ച്ചയെക്കുറിച്ച് ആശങ്കാകുലരായിരുന്ന അല്ലെങ്കില്‍ അത്തരം സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചില മതസ്വരങ്ങള്‍ അദ്ദേഹത്തെ എതിര്‍ത്തിരുന്നു. അതിനാല്‍ തന്നെ ജനാധിപത്യ വിപ്ലവത്തിനുള്ള ഖറദാവിയുടെ പിന്തുണക്ക് അതിന്റേതായ പരിമിതികളുണ്ടായിരുന്നു.

ഇറാനിയന്‍ സ്വാധീനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭയം, ബഹ്റൈനിലെ പ്രാരംഭ വിപ്ലവത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിലേക്ക് നയിച്ചു, ഇത് 2011 മാര്‍ച്ചില്‍ സൗദി അറേബ്യയുടെയും മറ്റ് പ്രാദേശിക ശക്തികളുടെയും പിന്തുണയോടെ പരാജയപ്പെട്ടു.

2013ല്‍ ഈജിപ്ഷ്യന്‍ അട്ടിമറിക്ക് ശേഷമുള്ള കൂട്ടക്കൊലകളിലൂടെ അടിച്ചമര്‍ത്തല്‍ നടപടികളുമായി ഭരണകൂടം വീണ്ടും ശക്തി പ്രാപിച്ചപ്പോള്‍
ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സിറിയന്‍ രാസായുധ ആക്രമണങ്ങളും ഈ മേഖലയെക്കുറിച്ചുള്ള തന്റെ അഭിലാഷങ്ങള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടതായി ഖറദാവി മനസ്സിലാക്കി.

17 വര്‍ഷത്തെ തുടര്‍ച്ചയായ സംപ്രേക്ഷണത്തിന് ശേഷം 2013 സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ അല്‍ ജസീറയിലെ ഷോ അവസാനിച്ചു.
ഒടുവില്‍ 2018-ല്‍ അദ്ദേഹം പൊതുജീവിതത്തില്‍ നിന്ന് വിരമിക്കുകയും, തന്റെ ശേഷിക്കുന്ന വര്‍ഷങ്ങള്‍ തന്റെ സമാഹരിച്ച കൃതികള്‍ 50 വാള്യങ്ങളുള്ള ഒരു വിജ്ഞാനകോശമാക്കി മാറ്റുന്നതിനായി സമര്‍പ്പിക്കുകയും ചെയ്തു.

പൊതുരംഗത്തുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല ജീവിതം കണക്കിലെടുക്കുമ്പോള്‍, ഫലസ്തീന്‍ ലക്ഷ്യത്തിന് വേണ്ടി പോരാടിയതിനും പശ്ചിമേഷ്യയില്‍ ഇസ്ലാമികമായി പരിഷ്‌കരിച്ച ജനാധിപത്യ പരിഷ്‌കാരത്തിനായി പ്രക്ഷോഭം നയിച്ചതിനുമാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുക. ആ ലക്ഷ്യങ്ങളൊന്നും നിറവേറയില്ലെങ്കിലും, അദ്ദേഹത്തിന്റെ മാതൃക വരും വര്‍ഷങ്ങളില്‍ മുസ്ലീം സമൂഹത്തിനും പണ്ഡിതന്മാര്‍ക്കും ഭാവി തലമുറയെ പ്രചോദനമാകും എന്നതില്‍ സംശയമില്ല.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles