Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഫലസ്തീൻ സംഘടനകൾ ഹമാസിനെ പിന്തുണക്കുന്നു?

1970-കളുടെ അവസാനത്തിൽ, ഇസ്രായേലി അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ ഫലപ്രദമായ ഒരു സംഘമെന്ന നിലയിൽ ഇസ്ലാമിസ്റ്റുകൾ ഉയർന്നുവരാൻ തുടങ്ങി. അവരുടെ വളർച്ച 1980-കളിൽ ഫലസ്തീനിയൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റിന്റെ (ഹമാസ്) രൂപീകരണത്തിലേക്ക് നയിച്ചു. ഫതഹ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) തുടങ്ങിയ മതേതര സംഘടനകളുടെ കൂടെ ഫലപ്രദമായ ഒരു ഫലസ്തീനിയൻ ദേശീയ പ്രസ്ഥാനമായി ഹമാസ് മാറി.

അക്കാദമിക്കുകൾ, വ്യാപാരികൾ, സംഘടനാനേതാക്കൾ, പൗര പ്രമുഖർ, ഫലസ്തീൻ പോരാളികൾ എന്നിവരിൽ നിന്നും ഹമാസിന്റെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിനു പിന്തുണ ലഭിക്കാൻ തുടങ്ങി. 1980-കളുടെ തുടക്കത്തിൽ ഫലസ്തീനിയൻ ഡോക്ടേഴ്സ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹമാസ് വലിയ വിജയം കരസ്ഥമാക്കി. പിന്നീട്, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയനുകൾ അടക്കമുള്ള മറ്റു യൂണിയനുകളും ഹമാസ് തൂത്തുവാരി. ഇസ്ലാമിസ്റ്റുകളെ പിന്തിരിപ്പൻമാരും പ്രാകൃതരായും കണ്ടിരുന്ന മറ്റു ഫലസ്തീൻ സംഘടനകളുടെ നേതാക്കളും അംഗങ്ങളും, ഹമാസിന്റെ തുടർവിജയങ്ങൾ കണ്ട് ഞെട്ടിത്തരിച്ചു.

1987-ലെ പ്രഥമ ഇൻതിഫാദയുടെ തുടക്കത്തിൽ, ഹമാസ് എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ഇസ്ലാമിസ്റ്റുകൾ, ജനകീയ ചെറുത്തുനിൽപ്പിന്റെയും പിന്നീട് സായുധ ചെറുത്തുനിൽപ്പിന്റെയും നേതൃത്വം ഏറ്റെടുത്തു. ഇത് ഫതഹുമായുള്ള ഏറ്റുമുട്ടലുകളിലേക്കു നയിച്ചു. ഓസ്ലോ കരാറിനു ശേഷം, ഫതഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ അതോറിറ്റി (പി.എ) ഹമാസിനെയും അതിന്റെ സാമൂഹിക വൈദ്യസഹായ എൻ.ജി.ഓകളെയും അടിച്ചമർത്തി. പി.എൽ.ഓയുടെ മറ്റെല്ലാം വിഭാഗങ്ങളും ഇതിനോടു മൗനം പാലിക്കുകയാണ് ചെയ്തത്.

അൽഅഖ്സ ഇൻതിഫാദയുടെ ആരംഭത്തോടെ, ഇസ്രായേലി അധിനിവേശത്തിനെതിരെ സായുധ പ്രതിരോധം തീർക്കുന്നതിൽ വിജയം വരിച്ച കാരണത്താൽ ഫലസ്തീനികൾക്കിടയിൽ ഹമാസിന് വമ്പിച്ച ജനസ്വീകാര്യത നേടാൻ കഴിഞ്ഞു. 2006-ൽ, അനിഷേധ്യനേതാവ് ശൈഖ് അഹ്മദ് യാസീൻ രക്തസാക്ഷ്യംവരിച്ച് മൂന്നുവർഷങ്ങൾക്കു ശേഷം, ഫലസ്തീനിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹമാസ് വമ്പിച്ച വിജയം നേടി, പക്ഷേ പി.എൽ.ഓ, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ കൂട്ടുപിടിച്ച ഫതഹ്, ഹമാസിന്റെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ചു.

ഫലസ്തീൻ സംഘടനകൾ ഹമാസിന്റെ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ വിട്ടു, ഹമാസ് സർക്കാർ രൂപീകരിച്ച് മുന്നോട്ടുപോകുന്നതിൽ പരാജയപ്പെടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇസ്രായേലിന്റെയും അറബ് രാഷ്ട്രങ്ങളുടെയും പിന്തുണയുണ്ടായിരുന്ന ഫതഹ്, ഹമാസ് സർക്കാറിനെ തകർക്കാൻ കഠിനമായി പരിശ്രമിച്ചു. പക്ഷേ ഫലസ്തീൻ ജനതക്കിടയിൽ ഹമാസിനു നേടാൻ കഴിഞ്ഞ സ്വീകാര്യത മൂലം അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്.

ഇസ്രായേലിന്റെ പിന്തുണയോടെ, അധിനിവിഷ്ഠ വെസ്റ്റ്ബാങ്കിൽ നിന്നും ഹമാസ് സർക്കാറിനെ പുറത്താക്കുന്നതിൽ ഫതഹ് വിജയിച്ചുവെങ്കിലും, ഗസ്സ മുനമ്പിൽ ഹമാസിനെ പരാജയപ്പെടുത്താൻ ഫതഹിന് സാധിച്ചില്ല. അന്നു മുതൽ, വെസ്റ്റ്ബാങ്കിൽ ഫതഹും, ഗസ്സ മുനമ്പിൽ ഹമാസും ഭരിച്ചുകൊണ്ടിരിക്കുന്നു. ഗസ്സയിലെ ജനങ്ങളെ ഹമാസിനെതിരെ തിരിക്കുന്നതിനു വേണ്ടി, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ, ഇസ്രായേലും ഈജിപ്തും ഗസ്സയെ ഇപ്പോഴും ഉപരോധിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ നടപടികൾ ചിലത് വിജയം കണ്ടുവെങ്കിലും, അതിലുപരി ഉപരോധം സൃഷ്ടിച്ച രോഷം ഫലസ്തീനികളെയും മറ്റു സംഘങ്ങളെയും ഹമാസിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.

ഇന്ന്, ഫലസ്തീനിയൻ അതിർത്തിക്കകത്തെ പ്രമുഖ ഫലസ്തീനിയൻ ദേശീയ സംഘങ്ങളെ ഹമാസാണ് നയിച്ചു കൊണ്ടിരിക്കുന്നത്. മറ്റു സംഘടനകളിൽ നിന്നുള്ള നേതാക്കളെ മുൻനിരയിലേക്കു കൊണ്ടുവന്ന്, പിൻസീറ്റിലിരുന്ന് പ്രവർത്തനങ്ങൾ നടപ്പാക്കുന്ന രീതിയാണ് ഹമാസ് ഇപ്പോൾ അവലംബിക്കുന്നത്. ഒരു ഉദാഹരണത്തിന്, ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ ആൻഡ് ബ്രേക്കിങ് ദി സീജ് എന്ന പരിപാടി എടുക്കാം. ജനകീയ പങ്കാളിത്തത്തോടെ ആരംഭിക്കുകയും ഹമാസിന്റെ സാമ്പത്തിക സഹായത്താൽ തുടരുകയും ചെയ്ത ഈ പരിപാടിയുടെ വക്താവ് പക്ഷേ മുതിർന്ന ഇസ്ലാമിക് ജിഹാദ് നേതാവ് ഖാലിദ് അൽബച്ച് ആണ്. ഫതഹുമായുള്ള ഭിന്നത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ വക്താവ് പി.എഫ്.എൽ.പിയുടെ മുതിർന്ന നേതാവ് ജമീൽ മിസ്ഹിർ ആണ്.

ദേശീയ പദ്ധതിയെ നയിക്കാൻ ഹമാസിനെ എന്തുകൊണ്ട് ഫലസ്തീൻ വിഭാഗങ്ങൾ പിന്തുണയ്ക്കുന്നു എന്ന് അൽസവ്വാഫ് വിശദീകരിക്കുന്നുണ്ട് : “ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് അബ്ബാസ്, പി.എൽ.ഓ ഘടകങ്ങളുടെ എല്ലാ തീരുമാനങ്ങളും അദ്ദേഹം ഒറ്റയ്ക്കാണ് എടുക്കുന്നത്. ഇസ്രായേലുമായി സുരക്ഷാ സഹകരണവും രഹസ്യവും പരസ്യവുമായ ചർച്ചകളും നടത്തുന്ന അദ്ദേഹം പക്ഷേ ഫലസ്തീൻ വിഭാഗങ്ങളുടെ നേർക്ക് കണ്ണടക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.”

പി.എഫ്.എൽ.പിയുടെ മിസ്ഹിർ പറയുന്നു: തങ്ങളുടെ ദേശീയ ലക്ഷ്യങ്ങൾക്ക്- യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഹമാസ് തെളിയിച്ചു. അതായത് ഇസ്രായേലി അധിനിവേശത്തിൽ നിന്നും ജനകീയ സായുധ ചെറുത്തുനിൽപ്പിലൂടെയുള്ള ഫലസ്തീൻ വിമോചനം, എല്ലാ അന്താരാഷ്ട്ര നിയമങ്ങളും അതു ശരിവെക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്.”

മഹ്മൂദ് അബ്ബാസ് നിയന്ത്രിക്കുന്ന പി.എ, പി.എൽ.ഓ, ഫതഹ് എന്നിവരാൽ ഫലസ്തീൻ സംഘടനങ്ങൾ അവഗണിക്കപ്പെടുന്നതായി മനസ്സിലാക്കിയ ഹമാസ്, അവർക്കു മികച്ചൊരു ബദൽ പ്രദാനം ചെയ്തു. അതേസമയം ഫതഹ്, പി.എ, പി.എൽ.ഓ എന്നിവർ സായുധ ചെറുത്തുനിൽപ്പ് പൂർണമായും ഉപേക്ഷിക്കുകയും ഇസ്രായേലുമായി സുരക്ഷാ സഹകരണത്തിനു സമ്മതിക്കുകയും ചെയ്തു. സായുധ ചെറുത്തുനിൽപ്പ് തങ്ങളുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന ഫലസ്തീനികളുടെ വികാരത്തിന് എതിരായിരുന്നു അവരുടെ തീരുമാനം. ഒരു സംഘം പൊതുപ്രവർത്തകർ ‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ എന്ന ജനകീയ പ്രതിരോധ സംരഭം ആരംഭിച്ചപ്പോൾ ഹമാസ് ഈ അവസരം ശരിയായി വിനിയോഗിച്ചു. കൂടാതെ ഇത്തരത്തിലുള്ള ചെറുത്തുനിൽപ്പ് ശൈലി സ്വീകരിച്ച സംഘങ്ങളെ ഹമാസ് ചേർത്തുപിടിക്കുകയും ചെയ്തു.

അതേസമയം തന്നെ, സായുധമായി പ്രതിരോധിക്കനുള്ള അവകാശത്തിൽ വിശ്വസിക്കുന്ന ഫലസ്തീൻ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജോയിന്റ് മിലിറ്ററി റൂമും ഹമാസ് രൂപീകരിച്ചു; ഇത് ഹമാസിന്റെ പിന്തുണ വർധിപ്പിച്ചു. ഫതഹുമായുള്ള ശത്രുത അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഏറ്റവും പുതിയ അനുരജ്ഞന ശ്രമം ഉപാധികളില്ലാതെ സ്വീകരിക്കാൻ സന്നദ്ധരായതിലൂടെ ഹമാസ് വീണ്ടും ജനകീയ പിന്തുണ നേടി. അതേസമയം ഹമാസിനോടു സഹകരിക്കാൻ ഫതഹ് തയ്യാറായില്ല.

“അനുരജ്ഞന ശ്രമം തള്ളിക്കളഞ്ഞതിലൂടെ ഫലസ്തീൻ സംഘടനകളോടു മാത്രമല്ല, ഫലസ്തീൻ ജനതയോടു കൂടിയാണ് ഫതഹ് അനീതി കാണിച്ചിരിക്കുന്നത്. അതേസമയം അനുരജ്ഞന ഉടമ്പടി അംഗീകരിക്കുന്നതിലൂടെ തങ്ങൾ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാണെന്ന് ഹമാസ് തെളിയിച്ചു,” മിസ്ഹിർ പറഞ്ഞു.

അവലംബം: middleeastmonitor.com
വിവ: ഇര്‍ശാദ് കാളാചാല്‍

 

 

Related Articles