Palestine

ലോക്ക്‌ഡൗണിൽ കഴിയുന്നവരോട് ഫലസ്തീനികൾക്ക്‌ പറയാനുള്ളത്

ലോകം മുഴുവൻ ലോക്ക്‌ഡൗണിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെ ഒരിക്കൽ ഞാനെന്റെ ഉമ്മയെ ഫോണിൽ വിളിച്ചു ചോദിച്ചു: ഉമ്മാ, ഇൻതിഫാദയുടെ കാലത്ത് കർഫ്യു പ്രഖ്യാപിച്ചപ്പോൾ എന്തായിരുന്നു നാം ചെയ്തത്? ഇത് കേട്ട് ഉമ്മ ചിരിച്ച് പറഞ്ഞു: മോളെ, ഞമ്മൾ ഒരുപാട് ചുട്ടെരിക്കപ്പെട്ടു.

വിത്യസ്തങ്ങളായ കേക്കുകളുടെ സുഗന്ധം പരക്കുന്ന റാമല്ലയിലെ ഞങ്ങളുടെ വീട് ഇപ്പോഴും എനിക്ക് നല്ല ഓർമ്മയുണ്ട്. ഇസ്രയേൽ പട്ടാളത്തിന്റെ തെരുവുകളെ അരോചകവും ശബ്ദ മുഖരിതവുമാക്കുന്ന സ്ഥിരമായ പട്രോൾ. “പുറത്തിറങ്ങുന്ന എല്ലാത്തിനെയും വെടിവെച്ചു കൊല്ലും” എന്ന് ഉറക്കെ അലറി കർഫ്യു പ്രഖ്യാപിച്ചത് ജനങ്ങളെ അറിയിക്കുന്ന പച്ച ജീപ്പുകളിൽ നിന്ന് പുറത്ത് വരുന്ന മുറിയൻ അറബി ഭാഷയിലുള്ള ഭയാനകമായ ആർത്തട്ടഹാസങ്ങൾ. എല്ലാം ഇന്നലെയെന്ന പോലെ എനിക്ക് ഓർമ്മയുണ്ട്. ഭീതിജനകമായ ദിവസങ്ങളായിരുന്നു അത്. ഇതെന്ന് അവസാനിക്കുമെന്ന് ഉത്കണ്ഠയോടെ വീട്ടിനകത്ത് കാത്ത് കഴിച്ച് കൂട്ടിയ നാളുകൾ.

നിരന്തരമായ തടവുശിക്ഷകൾ
കൊവിഡ് 19 ലോകത്തെ മുഴുവൻ ലോക്കുഡൗണിലാക്കിക്കൊണ്ടിരിക്കുമ്പോൾ ഫലസ്തീനികൾ, ഗാസ ഉപരോധവും വെസ്റ്റ് ബാങ്കിലെ കർഫ്യുവും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ്. ഫലസ്തീനികൾ അനുഭവിക്കുന്ന കർഫ്യുവിന്റെയും ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ക്വാരന്റൈനിന്റെയും ഇടയിലുളള വിത്യാസം, സൈന്യം അടിച്ചേൽപ്പിക്കുന്ന ലോക്കുഡൗണിൽ നിങ്ങളുടെയൊ നിങ്ങളുടെ അടുത്തവരുടെയോ സുരക്ഷിതത്വം ഒരിക്കലും ഉറപ്പിക്കാനാകില്ല. ഏതു നിമിഷവും സൈന്യം നിങ്ങളുടെ വീട്ടിലേക്ക് ഇരച്ചു കയറിയേക്കാം. സൈന്യമാണെന്ന ഒറ്റ കാരണം മതി അവർക്കതിന്. നിങ്ങളുടെ ഓരോ ചലനവും നിയന്ത്രിക്കുന്നത് തോക്കുകളായിരിക്കും. പുറത്ത് ബോംബ് വർഷിക്കുന്ന ശബ്ദം അകത്തിരുന്ന് ഉൾക്കിടിലത്തോടെ നിങ്ങൾക്ക് കേൾക്കാനാകും. വെടിയുണ്ടകളുടെ ശബ്ദം വലിച്ചു കെട്ടിയ വീണ കമ്പിയിൽ നിന്ന് പുറത്ത് വരുന്ന വിക്രത സ്വരലയമായി അനുഭവപ്പെടും. ഈയടുത്തായി സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വരുന്ന ഞങ്ങളുടെ ചരിത്രവും വർത്തമാനവും ഈ ക്വാരന്റൈൻ സമയത്ത് ഞങ്ങൾക്ക് വലിയ അവസരമാണ് ഉണ്ടാക്കി തന്നിട്ടുള്ളത്. ഗാസയെ സംബന്ധിച്ചെടുത്തോളം ഇത്, നിരന്തരമായ തടവ് ശിക്ഷകളുടെ ദുസ്സഹമായ കാഴ്ചകൾ തുറന്നു കാട്ടാനുള്ള അവസരങ്ങളാണ്.

Also read: വീഡിയോ കോണ്‍ഫറന്‍സിന് ‘ഗൂഗ്ള്‍ ഡുവോ’ ആപ്പ്

ആഗോള തലത്തിൽ രാജ്യങ്ങൾ മുഴുവൻ ക്വാരന്റൈൻ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണെങ്കിലും, ഫലസ്തീനികളെ സംബന്ധിച്ചെടുത്തോളം, അവിരമിതമായി തുടരുന്ന ഈ കർഫ്യൂവും ലോക്കുഡൗണും ഒരിക്കലും ഞങ്ങളുടെ നന്മക്ക് വേണ്ടിയോ ലോകത്തിന്റെ തന്നെ നന്മക്ക് വേണ്ടിയല്ല എന്നുള്ളതാണ് സത്യം. ഇത് ഞങ്ങളെ ഒറ്റപ്പെടുത്താനും നിയന്ത്രിച്ചു നിർത്താനും, അതിനെല്ലാമപ്പുറം ഞങ്ങളിൽ നിന്ന് ഓരോരുത്തരെയും മറ്റൊരാളിൽ നിന്ന് സാമൂഹികമായി അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. ഇപ്പോൾ ലോകമാസകലമുള്ള ലോക്കുഡൗൺ(ഞങ്ങൾ നേരിടുന്നതിൽ നിന്ന് ഏറെ വിത്യസ്തമാണെങ്കിലും) ഞങ്ങൾക്ക് ഞങ്ങളുടെയും മറ്റുള്ളവർക്ക് അവരുടെയും ജീവിതസ്ഥിതി തുറന്നു കാണിക്കാനുള്ള അവസരങ്ങളാണ്.

അഭേദ്യമായ ബന്ധം
ആരോഗ്യ അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ ആഗോള സുരക്ഷിതത്വത്തിന് അവസാന അഭയകേന്ദ്രമെന്ന രീതിയിൽ ക്വാരന്റൈൻ പ്രഖ്യാപിച്ചത് അതെത്രത്തോളം ബുദ്ധിമുട്ടേറിയതും മൂല്യവത്തവുമാണെന്നു മനസ്സിലാക്കിത്തരുന്നുണ്ട്. ലോക സാമ്പത്തിക വ്യവസ്ഥയെത്തന്നെ അത് സാരമായി ബാധിച്ചു. സാമൂഹിക ബന്ധങ്ങൾക്കും ഇടപെടലുകൾക്കും വിഘ്നം വരുത്തി. വ്യക്തികളെയും കുടുംബങ്ങളെയും അധിക ഭാരത്തിലാക്കി. ഇതെല്ലാം മറികടന്ന് ഞങ്ങളിപ്പോൾ ഒരാളെയും മറ്റൊരാളിൽ നിന്ന് വേർപെടുത്താനാകാത്ത വിധം അഭേദ്യമായ ബന്ധത്തിലാണ്.

ദിവസങ്ങളോളമുളള ഏകാന്തതയും ഒറ്റപ്പെടലും മറികടക്കാൻ ലോക രാജ്യങ്ങൾക്കിടയിലും അപരിചിത വ്യക്തികൾക്കിടയിലും വലിയ രീതിയിലുള്ള സാഹോദര്യ ബന്ധവും പരസ്പര പിന്തുണയും വർദ്ധിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാൻ ആകുന്നുണ്ട്. പക്ഷേ, വർഷങ്ങളായി ഏകാന്തതയിൽ കഴിയുന്ന ജനങ്ങളെക്കുറിച്ച് എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല. നിരന്തരമായ അനീതിക്കും ആക്രമണങ്ങൾക്കും ഇടയിൽ മനസ്സ് മരവിപ്പിക്കുന്ന ഏകാന്തതയിൽ കഴിയുന്ന ഒരേയൊരു രാജ്യം ലോകത്ത് ഫലസ്തീൻ മാത്രമാണ്.

ഈ ഐസോലേഷൻ (ഞങ്ങളുടേത് ഇതിനേക്കാൾ പതിന്മടങ്ങ് ദാരുണം തന്നെയാണ്) കാലങ്ങളായി ഫലസ്തീൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഭാഗവും ഭാണ്ടവുമാണ്(സിറിയ മുതൽ ക്യൂബ വരെയുള്ള ജനങ്ങളുടെ ജീവിതം പോലെത്തന്നെ). ജനങ്ങളെ മുഴുവൻ ഏകാന്ത ജീവിതത്തിലേക്ക് വലിച്ചിടുന്നതിന്റെ സങ്കീർണതയെക്കുറിച്ച് ആലോചിച്ചു തീരുമാനം എടുക്കുന്നവരെ ഇനിയുമതിന് സമ്മതിക്കണോ വേണ്ടയോ എന്ന് പുനർവിചിന്തനം നടത്താൻ കാലങ്ങളായുള്ള ഈ ഏകാന്തത ഞങ്ങളെ നിർബന്ധിക്കുന്നുണ്ട്.
ആവശ്യമായ പോഷകാഹാരങ്ങളും ശുചിത്വ ഉല്പന്നങ്ങളും കരുതി വെച്ചു വീടുകളുടെ സുഖ സൗകര്യങ്ങളിൽ അഭിരമിക്കുന്നവർക്ക് പോലും ഇത് അനിർവചനീയമായ സാഹചര്യമാണ്. പക്ഷേ, ഒരേ ജയിലിൽ തന്നെ നിശ്ചിത എണ്ണത്തിനുമപ്പുറം തിങ്ങിപ്പാർക്കുന്ന ഫലസ്തീൻ തടവുകാർ(നൂറു കണക്കിന് കുട്ടികളടക്കം) മതിയായ ഭക്ഷണമോ സൗകര്യമോ ഇസ്രായേൽ ജെയിൽ വാർഡൻമാരുടെ ആക്രോശങ്ങളിൽ നിന്ന് സമാശ്വാസം നേടാനാകുന്ന ഒരു വിനോധോപാധിയോ ഇല്ലാതെ നരഗജീവിതം കഴിച്ച് കൂട്ടുന്നതിനെക്കുറിച്ചാണ് എനിക്കിപ്പോഴും ഓർമ്മ വരുന്നത്. അവരിൽ അധിക പേരും വിചാരണയും കേസ് പോലുമില്ലാതെ തടങ്കലിൽ അടക്കപ്പെട്ടവരാണ്.

Also read: റുഖ്സ്വയും അസീമയും

ഒരു കളിക്കുമപ്പുറം
രണ്ടാം ഇൻതിഫാദയുടെ നാളുകളിൽ കർഫ്യു പ്രഖ്യാപിച്ചപ്പോൾ അവർ വൈദ്യുതിയും വെള്ളവും വിച്ഛേതിച്ചു. അന്ന് ഇന്നത്തെപ്പോലെ സോഷ്യൽ ടെക്നോളജി ഒന്നും ലഭ്യമായിരുന്നില്ല. എന്റെ ഉമ്മ എനിക്കും എന്റെ അനുജനും നിഴൽ പാവകളുടെ കളി കാണിച്ചു തന്നത് ഞാൻ ഓർക്കുന്നുണ്ട്. ഉമ്മ ഞങ്ങളുമൊത്ത് “ബ്ലങ്കറ്റ് കവചം” കളിച്ചത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഞങ്ങളെ രണ്ടു പേരെയും വീട്ടിലെ ഏറ്റവും സുരക്ഷിതമായ റൂമിൽ കൊണ്ട് പോയി ബ്ലാങ്കറ്റ് പല തട്ടുകളാക്കി അതിൽ ഒളിച്ചിരിക്കാൻ ഉമ്മ തമാശയായി ഞങ്ങളെ പഠിപ്പിക്കുമായായിരുന്നു. ഞങ്ങളുടെ തലക്ക് മുകളിൽ ഏതു നിമിഷവും ബോംബുകൾ വന്നു വീഴാമെന്ന ഭീതിതമായ സത്യങ്ങളെ മറച്ചു പിടിച്ചു ഒരു ഭയവും കൂടാതെ ഞങ്ങളെ സുരക്ഷിതരായി വളർത്താനുള്ള മനസ്സ് ഇറുക്കിപ്പിടിച്ച പരിശ്രമങ്ങളായിരുന്നു ഉമ്മയുടെ ഇൗ കളികളെല്ലാം.

മഹാമാരികളുണ്ടാകുന്ന സന്ദർഭങ്ങളിൽ ജനങ്ങളെ ഒതുക്കി നിർത്താൻ ലോകക്രമം തീരുമാനിക്കുന്നത് തങ്ങളാണെന്ന് നടിക്കുന്നവർ ശ്രമിക്കുന്ന സുപ്രധാന വഴിയാണ് ഭീതി പരത്തുകയെന്നത്. ഞങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചു വിടുമ്പോഴും പ്രതികരിക്കാതിരിക്കാൻ ഭയമെന്ന ആയുധമാണ് ഞങ്ങളുടെ മേൽ അവർ പ്രയോഗിച്ചത്. ഞങ്ങൾ രണ്ട് പേരും ഉമ്മയുടെ കൂടെ ഒരുപാട് കളിച്ചു. ഞങ്ങൾക്കറിയാമായിരുന്നു ഇതൊന്നും കേവലം ചില കളികൾ മാത്രമല്ലെന്ന്. എന്റെ തലമുറയിലെ ഒരുപാട് പേർക്ക് പറയാനാകുന്ന കർഫ്യു ഓർമ്മകളിലെ ചെറുത് മാത്രമാണിത്. ഗാസയെ സംബന്ധിച്ചെടുത്തോളം, പതിമൂന്ന് വർഷക്കാലമായി സ്ഥിതി വളരെ മോശമാണ്. ബോംബാക്രമണത്തെ ഭയന്ന് ശരിയായ വൈദ്യ സഹായം പോലുമില്ലാതെ എത്ര കാലം ഒറ്റപ്പെട്ട് കഴിയാനാണ്?

Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

കൂട്ടായ സഹാനുഭാവം
പരിമിതമായ ഉത്പന്നങ്ങൾ കൊണ്ട് പേടിപ്പെടുത്തുന്ന ഏകാന്തതയിൽ കഴിയേണ്ടി വരുന്നവരോട് ഫലസ്തീനികൾക്ക്‌ ചില നിർദ്ദേശങ്ങൾ നൽകാനുണ്ട്. ബോംബുകൾ തകർത്ത വീടുകൾക്കിടയിൽ താൽകാലിക തോട്ടങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചു നമുക്ക് സംസാരിക്കാം. ഉത്പന്നങ്ങളുടെ ദൗർലഭ്യത അതുവഴി നമുക്ക് കുറക്കാനാകും. നമ്മുടെ വീടകങ്ങളിൽ രുചികരമായ വിഭവങ്ങൾക്ക് ചുറ്റും എല്ലാവർക്കും ഒന്നിച്ചിരിക്കാം. നാമിപ്പോഴും മനുഷ്യർ തന്നെയാണെന്ന് അത് നമ്മെ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കും. വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ ഞങ്ങൾ കളിച്ചിരുന്ന ഷാഡോ-പപ്പെറ്റ് കളിക്കുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം.
കൊറോണ നാം മനസ്സിലാക്കിയതിലും എത്രയോ അപ്പുറത്താണ്. ഞങ്ങൾ അനുഭവിച്ച ലോക്കുഡൗൺ മഹാമാരി കാലത്തെ ലോക്കുഡൗണുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കാരണം, സൈനിക നിയന്ത്രണത്തിലുള്ള ലോക്കുഡൗൺ ചില പ്രത്യേക വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ. അതിനെതിരെയുള്ള ചെറുത്ത് നിൽപ്പും പ്രതിരോധവും അവിടം കൊണ്ട് അവസാനിക്കുകയും ചെയ്യും.
നമ്മെ ഭയപ്പെടുത്തുന്ന ഈ മഹാമാരിയെ അഭിമുഖീകരിക്കുകയും പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമ്പോൾ തന്നെ നാം നമ്മെത്തന്നെ നശിപ്പിച്ച് കളയുകയും നമുക്കിടയിൽ സ്നേഹമനോഭാവം തല്ലിത്തകർക്കുകയും ചെയ്യുന്ന മനുഷ്യ നിർമ്മിത യാഥാർഥ്യങ്ങൾക്കെതിരെയും ഒരു കണ്ണ് തുറന്നു പിടിക്കേണ്ടതുണ്ട്.

വിവ. അഹ്‌സൻ പുല്ലൂർ

Facebook Comments

മറിയം ബർഗൂതി

Hailing from Ramallah, Mariam Barghouti is a Palestinian writer and commentator. Her writing has appeared in the New York Times, Al-Jazeera English, Huffington Post, Middle East Monitor, Mondoweiss, International Business Times and more.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker