Politics

മോദി 1980ല്‍ ഡിജിറ്റല്‍ കാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നോ ? വസ്തുത പരിശോധിക്കാം

മോദി 1980ല്‍ ഡിജിറ്റല്‍ കാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നോ ? വസ്തുത പരിശോധിക്കാം

മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നാഷന്‍ ടെലിവിഷന്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെട്ടതിനു പിന്നാലെ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമായിരുന്നു.

ഇതാണ് ആ അഭിമുഖത്തിന്റെ വീഡിയോ

ഇതില്‍ അദ്ദേഹം പറയുന്നു: 1987-88 കാലഘട്ടത്തിലാണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നത്. ആ സമയത്ത് വളരെ ചുരുക്കം പേര്‍ ഇ മെയിലും ഉപയോഗിച്ചിരുന്നു. അന്ന് താന്‍ പകര്‍ത്തിയ എല്‍.കെ അദ്വാനിയുടെ ഒരു പരിപാടിയുടെ ചിത്രം എടുത്ത് ഡല്‍ഹിയിലേക്ക് അയച്ചു കൊടുത്തിരുന്നു. അടുത്ത ദിവസം കളര്‍ ചിത്രം അച്ചടിച്ചു വരുകയും ചെയ്തു. ഇത് കണ്ട അദ്വാനി വളരെ അത്ഭുതപ്പെട്ടു.

യാഥാര്‍ത്ഥ്യം: ആദ്യത്തെ ഡിജിറ്റല്‍ ക്യാമറയായ കൊഡാക്-100 ആദ്യ വില്‍പ്പന നടന്നത് 1991ല്‍ ആണ്. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചതും ഇമെയില്‍ മുഖേന ടെക്‌സറ്റുകള്‍ അയക്കാന്‍ സാധിച്ചതും 1995 ഓഗസ്റ്റ് 15 മുതലാണ്. സ്വകാര്യ കമ്പനികള്‍ ഈ സേവനങ്ങള്‍ ആരംഭിച്ചത് 1998ലുമാണ്.

‘1987ല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വിപണിയില്‍ ഇറങ്ങിയിരുന്നില്ല’ -ഡിജിറ്റല്‍ മീഡിയ വിദഗ്ധന്‍ പ്രശാന്ത് കുമാര്‍ റോയ് പറഞ്ഞു.

1975ല്‍ സ്റ്റീവന്‍ സാസണ്‍ ആണ് ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ക്യമറയായ കൊഡാക് കണ്ടുപിടിച്ചത്. 0.1 മെഗാപിക്‌സലില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു അന്ന് എടുക്കാന്‍ സാധിച്ചിരുന്നത്. ഇതിനെ ഇലക്ട്രോണിക് സ്റ്റില്‍ ക്യാമറ എന്നാണ് വിളിച്ചിരുന്നത്. 1978ലാണ് ഇതിന് പേറ്റന്റ് ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യം കൊഡാകിന് പുറത്ത് പൊതുജനങ്ങളോട് അറിയിക്കാന്‍ സാസണ്‍ അനുവദിച്ചിരുന്നില്ല.

ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം

1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ ആദ്യമായി വി.എസ്.എന്‍.എല്‍ (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചത്. 2008ല്‍ ഇത് ടാറ്റ ഏറ്റെടുക്കുകയും ടാറ്റ കമ്യൂണിക്കേഷന്‍സ് എന്ന് പുനനാമകരണം ചെയ്യുകയും ചെയ്തു.

1998 നവംബറിലാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങാന്‍ അനുമതി നല്‍കിയത്. എങ്ങിനെയാണ് ഫോട്ടോ ഡല്‍ഹിയിലേക്ക് അയച്ചത് എന്ന് മോദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നില്ല. ഇക്കാര്യമാവശ്യപ്പെട്ട് ഞങ്ങള്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവീയക്ക് മെയില്‍ അയച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും മറുപടി ലഭിച്ചാല്‍ ഈ ആര്‍ട്ടിക്കിളില്‍ അത് ചേര്‍ക്കുന്നതായിരിക്കും.

‘1986ലാണ് ഡയല്‍ അപ് ലിങ്ക് വഴി ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇമെയില്‍ കൈമാറാന്‍ ആരംഭിച്ചത്. നാഷനല്‍ സെന്റര്‍ ഫോര്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി ബോംബെ ഐ.ഐ.ടിയിലേക്ക് ആണ് ഇത്തരത്തില്‍ മെയില്‍ അയച്ചത്.’ ഇന്ത്യന്‍ അക്കാദമിക് നെറ്റ്‌വര്‍ക് സ്ഥാപകാംഗമായ ശ്രീനിവാസന്‍ രമണി പറഞ്ഞു. 1987ലാണ് മദ്രാസ് ഐ.ഐ.ടിയും ഡല്‍ഹി ഐ.ഐ.ടിയും ഡയല്‍ അപ് കണക്ഷന്‍ വഴി ഇമെയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു കംപ്യൂട്ടറില്‍ നിന്നും മോഡം വഴി ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റ് എടുത്തത്. എന്നാല്‍ ഫോട്ടോഗ്രാഫുകള്‍ അയക്കാനുള്ള സംവിധാനങ്ങള്‍ ഇതില്‍ ഇല്ലായിരുന്നു.

അതിന് പിന്നാലെ ഇന്ത്യയിലെ നൂറുകണക്കിന് അക്കാദമിക്‌സ് ഇമെയില്‍ വഴി പരസ്പരം സംസാരിക്കുന്നതിനായി ഉപയോഗിച്ചു. 1988ലാണ് ഇന്ത്യയില്‍ കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നത്. 4800 ബിറ്റ് പെര്‍ സെകന്റ് ആയിരുന്നു അതിന്റെ സ്പീഡ്.

1989ല്‍ 9600 ബിറ്റ് പെര്‍ സെക്കന്റ് സ്പീഡില്‍ ഇവ കോപ്പര്‍ വയറിലൂടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെന്റര്‍ ഫോര്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജിയാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്.

‘1992ല്‍ ഈ ലൈന്‍ USENET വഴി ഡിജിറ്റല്‍ ലിങ്ക് ഓപറേറ്റിങിലേക്ക് കണ്‍വേര്‍ട്ട് ചെയ്തു. 64 കെ.ബി പെര്‍ സെക്കന്റ് സ്പീഡില്‍. ഭീമമായ ചിലവാണ് ഇതിന്റെ വാടക ഇനത്തില്‍ ചിലവായിരുന്നത്. ഒരു വര്‍ഷം 16 ലക്ഷം രൂപ. എന്നാല്‍ ഇത് ഉന്നത നിലവാരത്തിലുള്ള ഐ.പി കണക്ഷനും ഇതു മുഖേന ലോകത്തോട് ബന്ധപ്പെടാനും സാധിച്ചു.’ നെറ്റ് ചക്ര എന്ന പുസ്തകത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ തന്നെ പൊതുവായി 50 എം.ബി പെര്‍ സെക്കന്റ് സ്പീഡ് ആണ് നല്‍കുന്നത്. അതായത് 50000 കെ.ബി.പി.എസ് സപീഡ് അഥവാ 1992നേക്കാളും 780 ഇരട്ടി സ്പീഡ്.

‘1993ന് മുന്‍പ് ആകെ രണ്ട് ഇമെയില്‍ സേവനങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഒന്ന് ERENET,രണ്ടാമത്തേത് Business India Axcess. ഇത് പ്രധാനമായും ബിസിനസ് യൂസേര്‍സ് ആണ് ഉപയോഗിച്ചിരുന്നത്. വലിയ വിലയാണ് ഈ സേവനങ്ങള്‍ക്കുണ്ടായിരുന്നത്. 1996ന് ശേഷമാണ് ഇതിന്റെ ചിലവ് കുറച്ചെങ്കിലും കുറഞ്ഞത്. അതിനു ശേഷമാണ് ഇമേജുകളും അറ്റാച്ച് ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ ഇവ ഡയല്‍ അപ് മോഡം വഴി മാത്രമേ കണക്റ്റ് ആകൂ. അപ്പോള്‍ വലിയ ഇമേജ് ഫയലുകള്‍ ഇത് വഴി അയക്കാന്‍ കഴിയും എന്ന ചോദ്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ല’. പ്രശാന്ത് കുമാര്‍ റോയ് പറഞ്ഞു

അവലംബം: factchecker.in
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്‌

Facebook Comments
Show More

Related Articles

Back to top button
Close
Close