Current Date

Search
Close this search box.
Search
Close this search box.

ചരിത്ര,പൈതൃകങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് മിഡിൽ ഈസ്റ്റേൺ പതാകകൾ

നൂറ്റാണ്ടുകളായി ദേശീയതയുടെയും പരമാധികാരത്തിന്റെയും പ്രതീകമാണ് പതാകകൾ. വൈവിധ്യങ്ങളായ പ്രത്യേക ചിഹ്നങ്ങൾ ഈ പതാകകളിൽ പ്രാധാന്യം നേടിയതിന് ചരിത്ര, സാംസ്‌കാരികപരമായ നിരവധി കാരണങ്ങളുണ്ട്.

പതാകകൾക്ക് സന്ദർഭത്തിനനുസരിച്ച് ശാന്തവും എന്നാൽ വൈകാരികമായി ഉണർത്തുന്നതുമായ ഇരട്ട ഗുണങ്ങളുണ്ട്. ഒരു ഫുട്ബോൾ മത്സരത്തിൽ ആരാധകർക്ക്, ദേശീയ പതാക വീശുന്നത് ഒരു യുദ്ധമുഖത്തുള്ളതു പോലെയുള്ള വികാരങ്ങൾ കൊണ്ടുവരും, അതേസമയം ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറിയിപ്പുകൾ നൽകുന്നതിന് പിന്നിലുള്ള അതേ പതാക ശാന്തമായ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. പതാകകളുടെ ഉപയോഗം ഇപ്പോൾ സാർവത്രികമാണ്, എന്നാൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ദേശീയതയുടെ ഉയർച്ചയോടെയാണ് അവർ പ്രതിനിധീകരിക്കുന്ന പതാകകൾക്ക് ഏതാണ്ട് പവിത്രമായ പ്രതീകാത്മകത കൈവരിക്കുന്നത്. ആ പതാകകൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തിന്റെയോ ഒരു സംഘത്തിന്റെയോ വിവരണങ്ങൾ കാരണമാണ് ഈ പവിത്രത കൽപ്പികുന്നത്.ആളുകൾ അവരുടെ പതാകയോട് ബന്ധപ്പെടുന്നതിന്റെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുന്ന തരത്തിൽ ഈ വിവരണങ്ങൾക്ക് പലപ്പോഴും മതപരമായ പിന്തുണകളുമുണ്ടാവാറുണ്ട് . അൾജീരിയയിലേത് പോലെ വലിയ ത്യാഗം ഉൾപ്പെടുന്ന ഒരു സമരവുമായി ബന്ധപെട്ടു കിടക്കുന്ന പതാകകളുമുണ്ടാവും .ഒരു ഭൂവിഭാഗത്തിൽ പതാകകൾക്കിടയിൽ സമാനമായ ചില തീമുകളും നിറങ്ങളും ഉണ്ടെങ്കിലും,തങ്ങളുടെ ദേശീയതയെ മറ്റുള്ളവയിൽ നിന്ന് അടയാളപ്പെടുത്താൻ സൂക്ഷ്മമായ വ്യത്യാസങ്ങൾ പോലും മതിയാകും. ഇവിടെ ഏഴ് മിഡിൽഈസ്റ്റേൺ, നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളുടെ പതാകകളിലേക്കും അവ പ്രതിനിധീകരിക്കുന്ന ചരിത്രങ്ങളിലേക്കും ഒരെത്തിനോട്ടം നടത്തുകയാണ്.

ലെബനാൻ

രണ്ട് ചുവപ്പ് ഭാഗങ്ങളെ വേർതിരിക്കുന്ന ഒരു വെളുത്ത പശ്ചാത്തലത്തിന്റെ മധ്യത്തിലായി പച്ച ദേവദാരു വൃക്ഷം ആലേഖനം ചെയ്തതാണ് ലെബനീസ് പതാക.

പുരാതനകാലം മുതൽ ദേവദാരു മരങ്ങൾക്ക് പേരുകേട്ട ഇടമാണ് ലബനാൻ. ബാങ്ക്നോട്ടുകളിലും ദേശീയഗാനത്തിലും പരാമർശിക്കപ്പെടുന്ന തരത്തിൽ രാജ്യത്തിൻറെ പ്രതീകമായി ദേവദാരു വൃക്ഷം മാറിയിട്ടുണ്ട്.

ലെബനാൻ ഒരുകാലത്ത് ദേവദാരു മരങ്ങളാൽ സമ്പുഷ്ടമായിരുന്നു. എന്നാൽ കാലങ്ങളായുള്ള ചൂഷണങ്ങളാലും വനനശീകരണത്താലും അവയുടെ ഏറിയപങ്കും നഷ്ടപ്പെട്ടു.ഇപ്പോൾ അവയുടെ കുറഞ്ഞ ഭാഗങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. സോളമന്റെ ദേവാലയം നിർമ്മിച്ചിരിക്കുന്നത് ഉത്തര ലബനാനിൽ നിന്നുള്ള ദേവദാരു മരങ്ങൾ കൊണ്ടാണെന്ന് ഒരു വിശ്വാസമുണ്ട്. അതുപോലെതന്നെ ഫിലീഷ്യൻമാർ തങ്ങളുടെ കോളനികളിൽ എത്താൻ വേണ്ടി ബോട്ട് നിർമ്മാണത്തിനായി ഉപയോഗിച്ചതും ദേവദാരു വൃക്ഷങ്ങൾ ആണെന്ന് പറയപ്പെടുന്നു. പഴയനിയമത്തിൽ ദേവതാരു വൃക്ഷങ്ങൾ പരാമർശിക്കുന്നതിനാൽ ക്രൈസ്തവ വിശ്വാസികൾക്കിടയിലും ദേവദാരു വൃക്ഷത്തിന് മതപരമായ പ്രാധാന്യമേറെയാണ്.ലബനാനിലെ ദേവദാരു വൃക്ഷങ്ങളുടെ ഒരു വനമേഖലയായ ‘സെഡാർസ് ഓഫ് ഗോഡ്‌’ യുനെസ്കോ സംരക്ഷിച്ചുപോരുന്നു. ധ്യാനത്തിന്റെയും അഭയത്തിന്റെയും പ്രത്യേക സ്ഥലമായി അടയാളപ്പെടുത്തുന്നതിനാൽ ആത്മീയ പ്രാധാന്യം ഏറെയുള്ള ഈ സ്ഥലം പ്രകൃതിദത്തമായ ഗുഹകളുടെയും ആശ്രമങ്ങളുടെയും ആസ്ഥാനം കൂടിയാണ്.

1943 ഡിസംബറിൽ ലബനാൻ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ മുതലാണ് ലെബനാന്റെ നിലവിലുള്ള പതാക ഉപയോഗിച്ചു പോരുന്നത്.ഫ്രാൻസ് സംരക്ഷണ കാലഘട്ടത്തിൽ ഫ്രഞ്ച് സംസ്കാരത്താൽ ലെബനാൻ ജനത വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലത്ത് നീല വെള്ള ചുവപ്പ് നിറങ്ങൾ അടങ്ങിയ ത്രിവർണ്ണ പതാകയായിരുന്നു ഔദ്യോഗിക പതാകയായി അംഗീകരിച്ചിരുന്നതെങ്കിലും ഫ്രാൻസിന്റെ പിൻവാങ്ങലോടെ ദേവദാരു വൃക്ഷത്തിന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് ഭേദഗതി ചെയ്ത പതാക ഔദ്യോഗിക പതാകയായി ഉപയോഗിക്കുകയായിരുന്നു.

ഇപ്പോഴത്തെ ആധുനിക ലബനാൻ പതാകയിലെ വെളുത്ത ഭാഗം വിശുദ്ധിയെയും രാജ്യത്തെ മഞ്ഞുമൂടിയ മലനിരകളെയും സൂചിപ്പിക്കുന്നു. ഇതിന് മുകളിലും താഴെയുമായി കാണപ്പെടുന്ന ചുവപ്പ് നിറങ്ങൾ ലെബനാൻ ജനതയുടെ പ്രതിരോധശേഷിയുടെയും വൈദേശിക ശക്തികളിൽ നിന്ന് തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാൻ പോരാളികൾ ഒഴുകിയ രക്തത്തിന്റെയും ഓർമ്മപ്പെടുത്തലുകളാണ്.

ഇറാൻ

പച്ച – വെള്ള- ചുവപ്പ് ത്രിവർണ്ണങ്ങളുടെ വകഭേദങ്ങൾ പതിനെട്ടാം നൂറ്റാണ്ടുമുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇറാന്റെ ഇപ്പോഴത്തെ പതാക 1979ലെ വിപ്ലവത്തിനുശേഷം 1980 ജൂലൈയിൽ അംഗീകരിക്കപ്പെട്ടതാണ്.വിപ്ലവാനന്തരമുള്ള ഇറാൻ പതാകയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇരുപത്തിരണ്ട് കൂഫി സ്ക്രിപ്റ്റ്കളിലുള്ള അല്ലാഹു അക്ബർ എന്നടയാളപെടുത്തിയതും മധ്യഭാഗത്തായുള്ള അള്ളാഹു എന്ന എംബ്ലവുമാണ്. നടുവിലായി ഒരു സിംഹവും സൂര്യനും ഉൾക്കൊള്ളുന്ന ഷാ-ഭരണ കാലഘട്ടത്തിലെ പതാകയെ മാറ്റി സ്ഥാപിച്ചു കൊണ്ട് വിപ്ലവാനന്തര ഇറാന്റെ ഇസ്ലാമിക് സ്വഭാവത്തെ പ്രതിഫലിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇറാന്റെ ഇന്നത്തെ പതാക. വിപ്ലവാനന്തരം ഇറാന്റെ പരമോന്നത നേതാവായി മാറിയ ആയത്തുള്ള ഖൊമേനി അംഗീകരിച്ച ഈ പതാക രൂപകൽപന ചെയ്തത് ഹമീദ് നദിമി എന്ന ആർക്കിടെക്റ്റാണ്.പതാകയുടെ മധ്യഭാഗത്തുള്ള അള്ളാഹു എന്ന എംബ്ലത്തിന്റെ ടൈപ്പോഗ്രാഫി വാളുകളുടെ രൂപത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ശക്തിയെയും രാജ്യസ്നേഹത്തെയും പ്രതിനിധീകരിക്കുന്നു.എന്നാൽ എംബ്ലത്തിലെ അഞ്ച് വരകൾ ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളെ സൂചിപ്പിക്കുന്നവയാണെന്നും പുഷ്പത്തെ പോലെയുള്ളതിനാൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ഓർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന തുലിപ്പ് പുഷ്പങ്ങൾ സൂചിപ്പിക്കുന്നവയാണ് എന്ന തരത്തിലുള്ള വായനകളും വിശ്വാസങ്ങളുമുണ്ട്. ഇസ്‌ലാമുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യേഷ്യയിലെ പല രാജ്യങ്ങളിലേയും പോലെ തന്നെ പച്ചനിറത്തിലുള്ള ഒരു ഭാഗം ഇറാൻ പതാകയിലും കാണാം.ഖുർആനിൽ പരാമർശമുള്ളതും പ്രവാചകൻ മുഹമ്മദ് നബിയുടെ ഇഷ്ടനിറമായും വിശ്വസിക്കപ്പെടുന്ന പച്ച നിറം ഇറാൻ പതാകയിൽ പ്രകൃതിയേയും ചൈതന്യത്തേയും പ്രതിനിധീകരിക്കുന്നു. പതാകയുടെ മധ്യഭാഗത്തുള്ള വെളുത്ത ഭാഗം സമാധാനത്തെയും സ്വാതന്ത്ര്യത്തെയും ചുവപ്പ് നിറം രക്തസാക്ഷിത്വത്തെയും ധൈര്യത്തേയും പ്രതിനിധീകരിക്കുന്നു.

തുർക്കി

പുരാതന തുർക്കി സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന തുർക്കി പതാകയിലെ ചന്ദ്രക്കലയും നക്ഷത്രവും ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതീകങ്ങളാണ്. മധ്യേഷ്യയിലെ നാടോടികളായ തുർക്കിക്ക് ഗോത്രങ്ങൾ ചന്ദ്രക്കല നക്ഷത്രചിഹ്നം പൊതുവേ ഇസ്ലാം മതത്തിൻറെ പ്രതീകമായി വ്യാപകമായി ഉപയോഗിച്ചിരുന്നു.ഓട്ടോമൻമാരുടെ ഉദയത്തിനും അവരുടെ ഖിലാഫത്ത് സംസ്ഥാപനത്തിനു ശേഷവും ഇത് നിർബാധം തുടർന്നു.സാമ്രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന എട്ട് പോയിന്റുകളും ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത ചന്ദ്രക്കലയുംനക്ഷത്രവും അടങ്ങിയതായിരുന്നു ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതാക. 1936ൽ അംഗീകരിച്ച തുർക്കിയുടെ പതാക ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതാകയുടെ ഒരു പരിഷ്കരിച്ച പതിപ്പാണ്.ഈ പതാകയുടെ ഉത്ഭവം വിശദീകരിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്.അവയിലൊന്ന് ഓട്ടോമൻ സാമ്രാജ്യസ്ഥാപകനായ സുൽത്താൻ ഉസ്മാൻ ഒന്നാമൻ തൻറെ പ്രതിശ്രുത വധുവിന്റെ പിതാവായ ജ്ഞാനിയുടെ നെഞ്ചിൽനിന്ന് ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉയരുന്നത് കണ്ടു എന്നതാണ്.മറ്റൊന്ന് ഓട്ടോമൻ സാമ്രാജ്യവും ക്രൈസ്തവ മുന്നണിയും തമ്മിൽ 1498 നടന്ന കൊസോവ യുദ്ധത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും രക്തത്തിൽ കുളിച്ചതായി കാണപ്പെട്ടു എന്നാണ്. ആധുനിക വിശദീകരണങ്ങൾ പ്രകാരം തുർക്കി പതാകയിലെ ചുവപ്പ് നിറം ഒന്നാം ലോകയുദ്ധത്തിനു ശേഷം തുർക്കിയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരദേശാഭിമാനികളുടെ രക്തത്തെ പ്രതിനിധീകരിക്കുന്നതാണെന്നതാണ്.

അൾജീരിയ

അൾജീരിയൻ പതാക മറ്റ് മുസ്ലീം രാജ്യങ്ങളിലെ പതാകകൾക്ക് സമാനമായ പച്ച-വെള്ള-ചുവപ്പ് വർണ്ണ സ്കീം പിന്തുടരുന്നുണ്ടെങ്കിലും, അതിന് ചരിത്രപരമായ സവിശേഷതകളേറെയുണ്ട്. പ്രദേശത്തെ മറ്റ് പതാകകളെപ്പോലെ തന്നെ പച്ച ഇസ്ലാമിന്റെ പ്രതിനിധാനവും വെള്ള സമാധാനത്തിന്റെ പ്രതീകവുമാണ്. എന്നാൽ അൾജീരിയൻ പതാകയിലെ ചുവന്ന ചന്ദ്രക്കലയും നക്ഷത്രവും ഫ്രഞ്ച് അധിനിവേശത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ രക്തം ചൊരിഞ്ഞ സൈനികരെയും പോരാളികളെയും പ്രതിനിധീകരിക്കുന്നതാണ്. 1830-ൽ ഫ്രാൻസ് അൾജീരിയ ആക്രമിക്കുകയും രാജ്യത്തെ ഭൂരിപക്ഷ മുസ്ലീം ജനസംഖ്യയിൽ നിന്ന് അവകാശങ്ങൾ തടയുകയും വടക്കേ ആഫ്രിക്കൻ പ്രദേശം ഫ്രാൻസിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊളോണിയൽ ഭരണത്തിലുടനീളം, പ്രാദേശിക അൾജീരിയക്കാർ ഫ്രഞ്ചുകാർക്കെതിരെ അക്രമാസക്തവും അഹിംസാത്മകവുമായ ചെറുത്തുനിൽപ്പിൽ ഏർപ്പെട്ടിരുന്നു. അധിനിവേശക്കാർക്കെതിരായ ധിക്കാരത്തിന്റെ പ്രതീകങ്ങളായി അവർ പതാകകൾ ഉപയോഗിച്ചു.പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച്കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ അമീർ അബ്ദുൾ-ഖാദിർ അൽ-ജസാഇരി ഉപയോഗിച്ച പച്ച -വെളുപ്പ് -പച്ച കോഡിൽ മധ്യഭാഗത്ത് അമീറിന്റെ ഒപ്പും ” വിജയം ദൈവത്തിൽ നിന്നാണ്,വരാനിരിക്കുന്ന വിജയവും ” എന്ന അറബി വാക്യങ്ങൾ ചേർത്ത പതാകയുടെ ഒരു പുതുരൂപമായാണ് നിലവിലെ അൾജീരിയൻ പതാകയെ കണക്കാക്കുന്നത്.

ഈജിപ്ത്

തിരശ്ചീനമായി കിടക്കുന്ന മേൽഭാഗത്ത് ചുവപ്പും താഴ്ഭാഗത്ത് കറുപ്പും നിറങ്ങളാൽ വേർതിരിക്കപ്പെട്ട ഒരു വെളുത്ത ഭാഗത്തിന് മധ്യത്തിലായി സ്വർണനിറത്തിലുള്ള കഴുകന്റെ എംബ്ലം അടങ്ങിയതാണ് ഈജിപ്തിന്റെ പതാക. 1984 ഒക്ടോബറിലാണ് ഈ പതാക അംഗീകരിക്കപ്പെടുന്നത്.മാറി മാറി ഭരിച്ച നിരവധി ഭരണാധികാരികൾക്കനുസൃതമായി ഈജിപ്ഷ്യൻ പതാകക്ക് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട്. 1936 മുതൽ 1952 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഫാറൂഖ് രാജാവിൻറെ കാലത്ത് , സമ്പന്നമായിരുന്ന ഈജിപ്ത്യൻ കാർഷിക ഭൂമിയെ സൂചിപ്പിക്കുന്ന പച്ചനിറത്തിനുള്ളിൽ ഈജിപ്ത്,സുഡാൻ,നുബിയ എന്നീ രാജ്യങ്ങളെ സൂചിപ്പിക്കുന്ന മൂന്ന് വെളുത്ത നക്ഷത്രങ്ങളും ചന്ദ്രക്കലയും ഉൾക്കൊള്ളുന്നതായിരുന്നു രാജ്യത്തിൻറെ പതാക.ഈജിപ്തിൽ ഇന്നുപയോഗിക്കുന്ന പതാക രൂപകൽപന ചെയ്തത് 1952ലെ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച പ്രസിഡണ്ട് ജമാൽ അബ്ദുന്നാസർ അംഗീകരിച്ച പതാകയെ അടിസ്ഥാനമാക്കിയാണ്. ഈജിപ്ഷ്യൻ പതാകയിലെ സ്വർണനിറത്തിലുള്ള കഴുകൻ കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി ഈജിപ്ത് കേന്ദ്രമായി സാമ്രാജ്യം ഭരിച്ച മുസ്‌ലിം യോദ്ധാവായ സ്വലാഹുദ്ദീൻ കഴുകൻ എന്നതിൻറെ പ്രതിനിധാനമാണ്. എന്നാൽ ആധുനിക ഉപയോഗത്തിൽ ഈ എംബ്ലം അറബ് ദേശീയതയെയും ഈജിപ്ഷ്യൻ ജനതയുടെ ശക്തിയേയും നിശ്ചയദാർഢ്യത്തേയും ചിത്രീകരിക്കുന്നു.പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിലും കഴുകൻ ചിഹ്നത്തിന് പ്രാധാന്യമേറെയാണ്. അതിനാൽ ഫറോവനിക് ചിഹ്നങ്ങൾ പിൽക്കാലത്ത് മുസ്ലിം ഭരണാധികാരികളെയും സ്വാധീനിച്ചിരിക്കാം.ഈജിപ്ഷ്യൻ പതാകയിലെ ചുവപ്പ് നിറം രാജ്യത്തെ സംരക്ഷിക്കാനായി ജീവത്യാഗം ചെയ്ത വരെയും വെളുപ്പുനിറം സമാധാനത്തെയും കറുപ്പുനിറം രാഷ്ട്രചരിത്രത്തിലെ അടിച്ചമർത്തലുകളെയും ഇരുണ്ട കാലഘട്ടങ്ങളെയും പ്രതിനിധീകരിക്കുന്നവയാണ്.

ഒമാൻ

ഒമാൻ സൽത്തനേറ്റിന്റെ രാജകുടുംബത്തെയും രാജ്യത്തിൻറെ സമ്പന്നമായ ചരിത്രത്തെയും പ്രതിനിധീകരിക്കുന്ന ഒമാന്റെ ദേശീയപതാക 1995 ഏപ്രിലിലാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്. വെളുപ്പ്, ചുവപ്പ്,പച്ച നിറങ്ങൾ അടങ്ങിയ ത്രിവർണ്ണപതാകക്ക് 2020 -ൽ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദാണ് അംഗീകാരം നൽകിയത്.തൻറെ 50 വർഷം നീണ്ട ഭരണകാലത്ത് സുൽത്താൻ ഖാബൂസ് ആരംഭിച്ച ആധുനികവൽക്കരണ ത്തിലൂടെയാണ് തങ്ങളുടെ എണ്ണ സമ്പത്ത് ഉപയോഗിച്ച് ഒമാൻ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളൊന്നിൽനിന്ന് ഏറ്റവും സമ്പന്നമായ ആധുനിക വൽക്കരിക്കപ്പെട്ട രാജ്യമായി മാറുന്നത്.പതാകയിലെ വെള്ള നിറം സമാധാനത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു,ചുവപ്പുനിറം ഒമാന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെയും പച്ചനിറം ഭൂമിയുടെ ഫലഭൂയിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു. പതാകയുടെ ഒരുവശത്തായി പതിനെട്ടാം നൂറ്റാണ്ടിൻറെ മധ്യകാലത്ത് സൈദ് രാജവംശം ഔദ്യോഗികമായി ആയി സ്വീകരിച്ചിരുന്ന വിരുദ്ധാവസ്ഥയിൽ ഉള്ള രണ്ടു കഠാരകളും ഒരു ബെൽറ്റും ചിത്രീകരിക്കുന്നു. മുതിർന്ന ഒമാനി പൗരന്മാർ തങ്ങളുടെ അരയിൽ സൂക്ഷിക്കുന്ന ഖഞ്ചാർ എന്ന് പേരുള്ള വളഞ്ഞ കഠാരകൾ ഒമാനീ പാരമ്പര്യത്തിനുള്ള അംഗീകാരമാണ്. ഇന്ന് ഔപചാരിക അവസരങ്ങളിൽ മാത്രമാണ് കഠാരകൾ ധരിക്കുന്നത്. അയൽരാജ്യമായ യമനും ഇത്തരത്തിലുള്ള ഒരു പാരമ്പര്യം വഹിക്കുന്നുണ്ട്. ഔദ്യോഗിക രേഖകളിലും നോട്ടുകളിലും ഉപയോഗിക്കുന്ന ഈ എംബ്ലം ഒമാനീ സംസ്കാരത്തിൻറെ പ്രധാന ഭാഗങ്ങളിലൊന്നാണ്.

മൊറോക്കോ

1915 മൗല യൂസഫ് ആലോയിയുടെ ഭരണകാലത്ത് സ്വീകരിച്ച ചുവന്ന പശ്ചാത്തലത്തിൽ പച്ച നിറത്തിൽ യോചിപ്പിച്ച അകം പൊള്ളയായ നക്ഷത്രമടങ്ങിയതാണ് മൊറോക്കയുടെ ദേശീയ പതാക. രാജ്യം ഭരിക്കുന്ന അലൗയിറ്റ് രാജവംശം ഒരു ചുവന്ന പതാകയായിരുന്നു ഉപയോഗിച്ചിരുന്നത് അതിൽ ചേർത്തിരിക്കുന്ന നക്ഷത്രം വഴി സമാനമായ പതാകകളിൽ നിന്ന് മൊറോക്കൻ പതാകയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഫ്രഞ്ച് സ്പാനിഷ് കൊളോണിയലിസ്റ്റുകൾ രാജ്യത്തെവിടെയും ഈ പതാക ഉയർത്താൻ അനുവദിച്ചിരുന്നില്ല .1956 ൽ സ്വാതന്ത്ര്യം നേടിയതോടെയാണ് ഈ പതാക മൊറോക്കോയുടെ ഔദ്യോഗിക നയതന്ത്ര പതാകയായി മാറുന്നത് .പതാകയിലെ ചുവപ്പുനിറം രാജ്യത്തിൻറെ ശക്തിയേയും അഞ്ച് പോയിൻറുകളുള്ള പച്ചനിറത്തിലുള്ള നക്ഷത്രം ഇസ്‌ലാമിനെയും അതിൻറെ വിശ്വാസത്തിൻറെ പഞ്ചസ്തംഭങ്ങളെയും പ്രതിനിധീകരിക്കുന്നു.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles