Politics

കശ്മീര്‍: സ്വര്‍ഗം വില്‍പനയ്ക്ക്!

ജമ്മുകശ്മീരിന്‍റെ പ്രത്യേക സ്വയംഭരണപദവി റദ്ദാക്കിയതിനു പിന്നിലെ ബി.ജെ.പി സര്‍ക്കാറിന്‍റെ താല്‍പര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന ഈ വേളയില്‍, ആരുടെ താല്‍പര്യങ്ങളാണ് യഥാര്‍ഥത്തില്‍ നടപ്പിലാക്കപ്പെടുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ജമ്മുകശ്മീരിന്‍റെ സ്വയംഭരണപദവി റദ്ദു ചെയ്ത നടപടിയുടെ നൈതികതയെ സംബന്ധിച്ച ലോകത്തുടനീളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരുവശത്ത് മേഖലയിലെ ജനങ്ങള്‍ തികച്ചും മനുഷ്യത്വവിരുദ്ധവും സംഭീതവുമായ അനുഭവങ്ങളിലൂടെ കടന്നുപോവുകയും അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരാതികള്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, മറുവശത്ത് കോര്‍പറേറ്റുകള്‍ കശ്മീരിന് അനുയോജ്യമായ ബിസിനസ് മാതൃക ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടെ മറ്റൊരു സുപ്രധാന സംഭവം അരങ്ങേറുകയുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനി ഒരു പ്രഖ്യാപനം നടത്തി. കശ്മീരില്‍ തന്‍റെ കമ്പനി നിക്ഷേപം ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. ട്രിഡന്‍റ് ഗ്രൂപ്പ്, വേദാന്ത ഗ്രൂപ്, ക്യുര്‍ ഫിറ്റ്, പോളിസി ബസാര്‍ തുടങ്ങിയ വലതും ചെറുതുമായ കമ്പനികള്‍ നിക്ഷേപകരായി എത്തുന്നുണ്ട്.

തന്‍റെ ‘കാപിറ്റലിസം: എ ഗോസ്റ്റ് സ്റ്റോറി’ എന്ന കൃതിയില്‍, എങ്ങനെ ഇന്ത്യയിലെ 100 സമ്പന്നവ്യക്തികള്‍ രാജ്യത്തിന്‍റെ ജി.ഡി.പിയുടെ നാലിലൊരു ഭാഗം നിയന്ത്രിക്കുന്നവരായി മാറിയതെന്ന് അനുന്ധതി റോയ് വിശദീകരിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥയില്‍ ജനാധിപത്യത്തിന്‍റെ സാധുത അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയിലെ മുതലാളിത്തം എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച രണ്ടിനും സാധ്യതയുണ്ടെന്ന് പറഞ്ഞുവെച്ചാണ് അവസാനിക്കുന്നത്. മുതലാളിത്തം ജനാധിപത്യത്തിന്‍റെ ഒരു അനിവാര്യ ഉപോല്‍പ്പന്നമാണെന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നുണ്ടെന്നതാണ് വസ്തുത.

കോര്‍പറേറ്റ് വര്‍ഗത്തിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സംബന്ധിച്ച സംശയങ്ങളില്‍ കാര്യമുണ്ടെന്ന് കാണാം. 2016 സെപ്റ്റംബറില്‍ ജിയോ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ മുഖം പ്രത്യക്ഷപ്പെട്ടത് ഓര്‍ക്കുന്നുണ്ടാവും. പ്രതിപക്ഷം അദ്ദേഹത്തെ അപലപിക്കുക മാത്രമല്ല, കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹമെന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. അനുവാദമില്ലാതെയാണ് തന്‍റെ മുഖം പരസ്യത്തില്‍ ഉപയോഗിച്ചതെന്ന വാദവുമായി പ്രധാനമന്ത്രിരംഗത്തുവന്നെങ്കിലും, അദ്ദേഹം കമ്പനിക്കെതിരെ കേസിനൊന്നും പോയില്ല.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം യഥാര്‍ഥത്തില്‍ ജമ്മുകശ്മീര്‍ ജനതയുടെ പുരോഗതിക്കും വികസനത്തിനും വേണ്ടിയാണോ എന്നു പരിശോധിച്ചാല്‍, തീര്‍ച്ചയായും അല്ല എന്നാണ് ഉത്തരം ലഭിക്കുക. കാരണം, കേവലം 4 ശതമാനം ആളുകള്‍ മാത്രമാണ് സംസ്ഥാനത്ത് ദാരിദ്ര്യത്തില്‍ കഴിയുന്നതെന്ന് ഔദ്യോഗിക പോര്‍ട്ടല്‍ സാക്ഷ്യപ്പെടുത്തുന്നു, ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കശ്മീരെന്ന് അര്‍ഥം. സംസ്ഥാനത്തിന്‍റെ പ്രധാന സാമ്പത്തികസ്രോതസ്സായ ടൂറിസം മേഖലയെ കൂടാതെ, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയും സാമ്പത്തികരംഗത്തെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. 300 കോടി രൂപയാണ് അതില്‍നിന്നുള്ള വാര്‍ഷികവരുമാനം. വന്‍വ്യവസായങ്ങള്‍ക്കു ശക്തമായ അടിത്തറപാകാന്‍ അതിനു കഴിയും. മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളെയും വെച്ചുനോക്കുമ്പോള്‍ ജമ്മുകശ്മീരില്‍ വികസനത്തിന്‍റെകുറവ് ഇല്ലെന്ന് കാണാന്‍ കഴിയും. ഇപ്പോള്‍ നടക്കുന്ന ആസൂത്രണങ്ങള്‍ മറ്റെന്തോ വലിയ ലക്ഷ്യത്തിനു വേണ്ടിയാണ്.

അമേരിക്കയിലെ റോക്ക്ഫെല്ലര്‍, ഫോര്‍ഡ് ഫൗണ്ടേഷനുകളെ പോലെ, റിലയന്‍സ്, ടാറ്റ, എസ്സാര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ എങ്ങനെയാണ് ഗവണ്‍മെന്‍റിന്‍റെ തീരുമാനങ്ങളില്‍ ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നതെന്ന് തന്‍റെ പുസ്തരചയുടെ ഭാഗമായുള്ള ഗവേഷണത്തിനിടെ മനസ്സിലാക്കാന്‍ സാധിച്ചതായി അരുന്ധതി റോയ് ഒരു കനേഡിയന്‍ മാധ്യമത്തോട് പറയുകയുണ്ടായി. ജനാധിപത്യ തീരുമാനങ്ങളില്‍ ബിസിനസ് വര്‍ഗം വലിയതോതില്‍ സ്വാധീനം ചെലുത്തുന്നതിനെ സംബന്ധിച്ച് അവര്‍ ആശങ്കരേഖപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ പൗരസമൂഹത്തെ സംബന്ധിച്ച അധ്യായത്തില്‍, 2011-12 കാലയളവില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ തുറന്നുകാട്ടുന്നുണ്ട്. പ്രസ്തുത പ്രസ്ഥാനത്തിന്‍റെ യഥാര്‍ഥവും ഗൂഢവുമായ ഉദ്ദേശ്യങ്ങളിലേക്ക് അവര്‍ കടന്നുചെല്ലുന്നു. മഗ്സസെ അവാര്‍ഡ് ജേതാക്കളായ മൂന്നുപേര്‍- അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ വ്യവസ്ഥയ്ക്കകത്തു നിന്നും അഴിമതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി തങ്ങളോടൊപ്പം അണിച്ചേരാന്‍ അന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കോര്‍പറേറ്റുകളുടെ ചൂഷണത്തിനെതിരെ ഈ പ്രസ്ഥാനം ഒരു വാക്കു പോലും ഉരിയാടിയിട്ടില്ലെന്നു കാണാം. കാരണം ഒന്നേയുള്ളു, രാഷ്ട്രീയക്കാരെ മാത്രമായിരുന്നു അവര്‍ ലക്ഷ്യംവെച്ചത്, അതിനു വേണ്ട സൗകര്യമൊരുക്കിയത് കോര്‍പറേറ്റ് മാധ്യമങ്ങളും. നമ്മുക്കു വേണ്ടി മാത്രം എഴുതപ്പെട്ട തിരക്കഥയാണ്അന്ന് നമ്മള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നത്.

മേഖലയില്‍ ചൈനയുടെ പ്രധാനതാല്‍പര്യങ്ങളില്‍ ഒന്നായ Belt and Road Initiative (BRI) പദ്ധതിയാണ് ജമ്മുകശ്മീരിന്‍റെ സ്വയംഭരണപദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതും മറഞ്ഞിരിക്കുന്നതുമായ ഒരു കാര്യം. ലോകത്തിലെ 152 രാജ്യങ്ങളില്‍ ചൈനയുടെ കീഴില്‍ അടിസ്ഥാന വികസന പദ്ധതികളും നിക്ഷേപസംരഭങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ ഏതു കോര്‍പറേറ്റ് ഭീമന്‍മാരെയും ചൈനക്ക് തങ്ങളുടെ താല്‍പര്യങ്ങളിലേക്ക് എളുപ്പം ആകര്‍ഷിക്കാന്‍ കഴിയും.

സമ്പദ് വ്യവസ്ഥയുടെ ഈ കാലഘട്ടത്തില്‍ കച്ചവട ഉടമ്പടികളുടെ നിഴലില്‍ രാഷ്ട്രീയ നൈതികത ഒതുങ്ങിപോവുകയാണ് പതിവ്. BRICS പോലെയുള്ള പ്രാദേശിക സംഘടനകളില്‍ ഇന്ത്യയും ചൈനയും പങ്കാളികളാകുമെന്നോ, ഭാവിയില്‍ ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ പരസ്പരം സ്വാഗതം ചെയ്യുമെന്നോ1962-ലെ ഇന്തോ-ചൈന യുദ്ധത്തിനു ശേഷം ആരെങ്കിലും കരുതിയിരുന്നോ? നമ്മുടെ ‘ആജീവനാന്ത ശത്രുവായ’ പാകിസ്ഥാനോടുള്ള ചൈനയുടെ ചായ് വും, നമ്മുക്കു തന്നെ ചൈനയോടുള്ള ശത്രുതയും ഒരുഭാഗത്തു നിലനില്‍ക്കെ തന്നെ, ചൈന നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ 16 ശതമാനം ചൈനയില്‍ നിന്നാണ്, അതായത് 61.50 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപര ബന്ധം. കഴിഞ്ഞ വര്‍ഷം 95.54 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഭാവിയില്‍ 100 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാഷ്ട്രങ്ങളും പ്രതീക്ഷിക്കുന്നത്.

ചൈനയും പാകിസ്ഥാനും ഇന്ത്യയുടെ ആജന്മശത്രുക്കളാണ് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരുപാട് ഇന്ത്യക്കാരെ ഒരുപക്ഷേ ഈ കണക്കുകളും വസ്തുതകളും വേദനിപ്പിച്ചേക്കാം. എന്നാല്‍ ജനാധിപത്യരാഷ്ട്രങ്ങളിലെ ജനങ്ങളുടെ അധികാരം ഇന്നത്തെ മാറിയ ആഗോള സമ്പദ് വ്യവസ്ഥ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. വമ്പന്‍ ബിസിനസ് തമ്പുരാക്കന്‍മാരുടെ പിന്നില്‍ മാത്രം ഭരണകൂടത്തിന് സ്ഥാനമുള്ള ഒരു ലോകത്തേക്കാണ്നാം ആനയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

അവലംബം: countercurrents
മൊഴിമാറ്റം: ഇര്‍ഷാദ്

Facebook Comments
Related Articles
Show More
Close
Close