Politics

ഇന്ത്യയിലെ പാവപ്പെട്ടവരെ യഥാര്‍ത്ഥത്തില്‍ ബി.ജെ.പി പരിഗണിക്കുന്നുണ്ടോ ?

ജനുവരി ഒന്‍പതിന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ഭരണഘടന ഭേദഗതി ബില്‍ പാസാക്കി. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കിടയിലെ പിന്നോക്കക്കാര്‍ക്ക് പഠനത്തിലും ജോലിയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി നിയമഭേദഗതി വരുത്തുന്ന ബില്ലാണ് ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ബില്ലിനെ ജുഡീഷ്യല്‍ സംവിധാനം വഴി എതിര്‍ക്കാനും സൂക്ഷ്മപരിശോധന നടത്താനും സാധ്യതയുണ്ട്.

അതിനാല്‍ തന്നെ ഈ ഭേദഗതി ബില്‍ സുപ്രിംകോടതിയില്‍ തട്ടി താഴെ വീഴാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. സംഭവം ഇതിനോടകം തന്നെ രാജ്യത്ത് ആഴത്തില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെയും നിയമസാധുതയെയും പ്രായോഗികതയെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ത്വാത്വികരും ഈ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

സംവരണം എന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണ്. ഇതില്‍ മാറ്റം വരുത്താന്‍ പാടില്ല. ലളിതമായി പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിശ്ചിത ശതമാനം ദലിതുകള്‍ക്കും മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്യപ്പെട്ടതാണ്. ഈ രീതി ഏറെകാലമായി രാജ്യം പിന്തുടര്‍ന്ന് വരുന്നുണ്ട്. ഇത് ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ നട്ടെല്ലായ ഭരണഘടനയില്‍ എഴുതപ്പെട്ടതുമാണ്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സംവരണം ഏര്‍പ്പെടുത്തിയത്.

സംവരണം ആരംഭത്തില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയതായിരുന്നു. 1990കളുടെ ആദ്യത്തില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണം മറ്റു താഴെക്കിടയിലുള്ള വിഭാഗക്കാര്‍ക്കും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് 1992ല്‍ സുപ്രിം കോടതി സംവരണം 50 ശതമാനമാക്കി ഉയര്‍ത്തി. ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയ സംവരണ ഭേദഗതി ബില്‍ ജാതികളെ വിഭജിക്കുന്നതാണ്. മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതോടെ നിലവിലുള്ള 50 ശതമാനത്തെ എടുത്തുകളയുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. നേരത്തെ പറഞ്ഞ എസ്.സി.,എസ്.ടി,മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരൊന്നും ഈ സംവരണത്തില്‍ വരില്ല. ഇത് പൊതുവായി ജനറല്‍ കാറ്റഗറിയെന്ന് വിളിക്കപ്പെടുന്ന വിഭാഗത്തെ ഉദ്ദേശിച്ചുള്ളതാണ്.

വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയുള്ളവരും രണ്ടു ഹെക്ടറില്‍ കൂടുതല്‍ കൃഷിഭൂമി ഇല്ലാത്തവരും അല്ലെങ്കില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ കവിയാത്തവരുമായവരെയുമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാരായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതു മൂലം ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് മികച്ച ജോലി കരസ്ഥമാക്കാനും മറ്റു ആനുകൂല്യങ്ങളും നേട്ടങ്ങളും സ്വന്തമാക്കാനും അവരെ പ്രാപ്തരാക്കുന്നു. ഇതുകൊണ്ടാണ് മോദിയുടെ ഉയര്‍ന്ന ജാതി സംവരണം വിമര്‍ശിക്കപ്പെടുന്നതും എതിര്‍ക്കപ്പെടുന്നതും. ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെ പരിഹരിക്കുന്നതിനായി സൃഷ്ടിച്ച ഇന്ത്യയിലെ സംവരണ വ്യവസ്ഥയെയാണ് ഇത് ഇല്ലാതാക്കുന്നത്.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന,മധ്യ വര്‍ഗ വിഭാഗത്തിന്റെ വോട്ടുകള്‍ സ്വന്തമാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിത്. ഇത്തരം വിഭാഗക്കാരാണ് ഹിന്ദു ദേശീയതെ പിന്തുണക്കുന്നവര്‍. ദലിതുകളും താഴ്ന്ന ജാതിക്കാരും ബി.ജെ.പിയെ കൈയൊഴിഞ്ഞ അവസ്ഥയാണ്. ദലിതുകളുടെയും കര്‍ഷകരുടെയും ഭാഗത്ത് നിന്നും വ്യാപകമായ പ്രതിഷേധങ്ങളാണ് മോദി സര്‍ക്കാര്‍ നേരിട്ടത്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെ എതിര്‍ത്തും സമ്പത്ത് അടിസ്ഥാനമാക്കിയുള്ള സംവരണത്തെ ഉയര്‍ത്തിക്കാട്ടിയും ഹിന്ദു തീവ്ര ചിന്താഗതിക്കാരെ പ്രീണിപ്പിക്കുയാണ് ഇതിലൂടെ മോദി ചെയ്യുന്നത്.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

Facebook Comments
Show More

Related Articles

Close
Close