Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് വിപ്ലവം തിരിച്ചുവരുമ്പോള്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ അല്‍ ജസീറയില്‍ എഴുതിയ ലേഖനങ്ങളിലും വിശകലനങ്ങളിലും ഈജിപ്തില്‍ മറ്റൊരു വിപ്ലവം കൂടി പൊട്ടിപ്പുറപ്പെടുമെന്ന് സൂചിപ്പിച്ചിരുന്നു. അത് എപ്പോള്‍ എന്നത് മാത്രമായി ഒരു ചോദ്യമായി അവശേഷിച്ചിരുന്നത്. എന്നാല്‍ ആ ‘എപ്പോള്‍’ എന്നതിനും ഉത്തരം ലഭിച്ചിരിക്കുന്നു.

വെള്ളിയാഴ്‌യാണ് ഈജിപ്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സീസിയുടെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത്. ഈജിപ്തിലെ ഏകാധിപത്യ ഭരണാധികാരിയായ ഹുസ്‌നി മുബാറക്കിനെതിരെ 2011 ഫെബ്രുവരിയില്‍ അരങ്ങേറിയ അറബ് വസന്തത്തില്‍ ഉയര്‍ന്നു വന്ന മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ തെരുവുകളില്‍ നിന്നും വീണ്ടുമുയരുന്നത്. ഭരണകൂടത്തിന്റെ അന്ത്യമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന 2011ലെ പ്രധാന മുദ്രാവാക്യമാണ് വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തിലും കാണാന്‍ സാധിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും സൂയസ്,കെയ്‌റോ,മഹല്ല നഗരങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്.

സമരത്തിന് പ്രേരിപ്പിച്ചയാള്‍

മുഹമ്മദ് അലിയെന്ന സ്‌പെയിനില്‍ പ്രവാസിയായി കഴിയുന്ന മുഹമ്മദ് അലിയെന്നയാളാണ് പുതിയ പ്രക്ഷോഭത്തിന്റെ കാരണക്കാരന്‍. ഈ മാസമാദ്യമാണ് അലി പ്രസിഡന്റ് സീസിയുടെയും കുടുംബത്തിന്റെയും അഴിമതിയെക്കുറിച്ചും ആര്‍ഭാട ജീവിതത്തെക്കുറിച്ചും വിമര്‍ശിച്ച് സ്വയം നിര്‍മിച്ച ഒരു വീഡിയോ പുറത്തിറക്കിയത്. പത്തുവര്‍ഷത്തിലധികം സൈന്യത്തില്‍ ജോലി ചെയ്തയാള്‍ കൂടിയാണ് അലി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യസന്ധവും വിശ്വാസയോഗ്യവുമാണെന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോ മില്യണ്‍ കണക്കിന് ആളുകളാണ് ഇതിനോകം കണ്ടത്. ട്വിറ്ററില്‍ വലിയ ഹാഷ്ടാഗ് ക്യാംപയിനും നടന്നു. തുടര്‍ന്നു ഒരാഴ്ച മുന്‍പാണ് അലി ഈജിപ്ഷ്യന്‍ ജനതയോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയത്.

തുടര്‍ന്ന് അലിയുടെ ആഹ്വാനമനുസിരിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈജിപ്തില്‍ നിരവധി യുവാക്കള്‍ എല്ലാവരെയും ഞെട്ടിച്ച് പ്രതിഷേധ റാലി ആരംഭിച്ചത്. പിന്നാലെ നിരവധി വീഡിയോകള്‍ അലി പുറത്തുവിട്ടു. പ്രതിരോധ മന്ത്രി മുഹമ്മദ് സാകിയോട് സീസിയെ അറസ്റ്റ് ചെയ്യണമെന്നും പട്ടാളം ജനങ്ങളുടെ കൂടെ നില്‍ക്കണമെന്നും ലക്ഷങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

ഭരണകൂടത്തിന്റെ പ്രതികരണം

സെപ്റ്റംബര്‍ 14ഓടെ സീസി അഭൂതപൂര്‍വമായ പ്രതിരോധത്തിലായി. തുടര്‍ന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് അലിയുടെ ആരോപണങ്ങളോട് സീസി പ്രതികരിക്കുകയും ചെയ്തു. ആരോപണങ്ങള്‍ എല്ലാം അദ്ദേഹം തള്ളിക്കളഞ്ഞില്ല. പ്രസിഡന്റിന്റെ കൊട്ടാരം ആര്‍ഭാടപൂര്‍ണമായി നിര്‍മിക്കാന്‍ അദ്ദേഹമാണ് ഉത്തരവിട്ടതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. താനാണ് അത് നിര്‍മിച്ചതെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ അനുഭാവിയായി അലിയെ തരംതാഴ്ത്താന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അലിയുടെ രാഷ്ട്രീയം,ബിസിനസ്,വ്യക്തിഗത ചരിത്രം എന്നിവയുടെയെല്ലാം വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹം ബ്രദര്‍ഹുഡിന്റെ അനുയായിയല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് അലിയെ ദൈവനിഷേധിയും സ്ത്രീവാദിയുമായി അപമാനിക്കാന്‍ ശ്രമിച്ചു. ഈ കുതന്ത്രവും പരാജയപ്പെട്ടു. തുടര്‍ന്ന് വിദേശത്തുള്ള മാധ്യമങ്ങള്‍ അടക്കം അദ്ദേഹത്തിന് ഹീറോ പരിവേഷം നല്‍കുകയും അലിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുളള വിവരങ്ങള്‍ അവഗണിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഈജിപ്ത് ജനത അത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് വെള്ളിയാഴ്ച പ്രക്ഷോഭത്തിനായി തെരുവിലിറങ്ങിയ ജനക്കൂട്ടം.

ഭയത്തിന്റെ അന്തരീക്ഷം

പ്രതീക്ഷിച്ച പോലെ സീസി അനുകൂലികളും ഭരണകൂട അനുകൂല മാധ്യമങ്ങളും പ്രക്ഷോഭത്തെ ചെറുതായും അപ്രസക്തമായ പ്രതിഷേധമായുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ലും ഇതേ സമീപനമായിരുന്നു മുബാറക് അനുകൂലികള്‍ സ്വീകരിച്ചത്. എന്നാല്‍ കൈറോ,തഹ്‌രീര്‍ സ്‌ക്വയര്‍ അടക്കം ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും വിദേശമാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്യുകയായിരുന്നു.

ഈജിപ്ത് രാഷ്ട്രീയത്തിന്റെ വലിയ പശ്ചാത്തലം കണക്കിലെടുത്താല്‍ പ്രതിഷേധങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ്. 2011ലെ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ അത്ര അംഗബലം ഈ സമരത്തിനില്ല എന്നു കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും.

2013 മുതല്‍ ഇവിടെ പ്രതിഷേധ റാലികള്‍ നിരോധിച്ചിട്ടുണ്ട്. സീസി ഭരണകൂടത്തിന്റെ പൊതുസ്വഭാവം കണക്കിലെടുക്കമ്പോള്‍ ആളുകള്‍ക്ക് പ്രതിഷേധ റാലി നടത്താന്‍ പൊതുവേ ഭയമാണ്. കാരണം പ്രതിഷേധക്കാരെ നേരിട്ട മുന്‍ മാതൃകകള്‍ തന്നെ. നിലവിലെ സമരം പിരിച്ചുവിടാന്‍ വളരെ പ്രയാസമാണ്. അത് ചെറുതാണെങ്കിലും അപ്രസക്തമാണെങ്കിലും. മറ്റൊന്നുമില്ലെങ്കിലും ഈജിപ്തുകാരുടെ മനസ്സില്‍ നിലനിന്നിരുന്ന ആ ഭയം മാറിക്കിട്ടി എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്‌

Related Articles